‘ആത്മ’ സംതൃപ്തിയുടെ നാല് വര്‍ഷങ്ങള്‍

1
732

ഇന്ന് ആത്മയ്ക്ക് നാല് വയസ്സ് തികയുന്നു. ‘ആത്മ’യെന്ന ആശയത്തിന് പക്ഷെ, അതിലേറെ വയസ്സുണ്ട്. കോഴിക്കോട് ആനി ഹാള്‍ റോഡിലെ ഒരു ചെറിയ ഓഫീസില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് ആത്മ ആരംഭിക്കുമ്പോള്‍ ആള്‍ബലം ആയിരുന്നില്ല, കനമുള്ള സ്വപ്‌നങ്ങളായിരുന്നു ഞങ്ങളുടെ കരുത്ത്.

ആത്മയെന്താണെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം ഇല്ലായിരുന്നു. അന്നും ഇന്നും. കലയും ആത്മാവും ജീവിതവും ആയിരുന്നു ആത്മ. ട്രെയിനിംഗ്, മീഡിയ, ബ്രാന്റിംഗ്‌ & ഡിസൈന്‍സ്, ആര്‍ട്ട്‌ വര്‍ക്സ്‌ എന്നിവയാണ് ആത്മയുടെ നാല് ശിഖരങ്ങള്‍.

അഡോബിന്റെ കേരളത്തിലെ അറിയപ്പെടുന്ന അംഗീകൃത പരിശീലന സ്ഥാപനമാണ് ആത്മ. ആത്മയുടെ ഡയറക്ടറും സ്ഥാപകനുമായ സുജീഷ് സുരേന്ദ്രന്‍ അംഗീകൃത അഡോബ് പരിശീലകനാണ്. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഞങ്ങളിലൂടെ പരിശീലനം നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍, ഡിസൈനിംഗ് സ്ഥാപനങ്ങള്‍, സ്വദേശത്തും വിദേശത്തും ഡിസൈനിംഗ് മേഖലയില്‍ തിളങ്ങുന്നവര്‍ തുടങ്ങി നിരവധി പേര്‍ ആ നിരയില്‍ മുന്നില്‍ നില്‍ക്കുന്നു.

വിവിധയിനം പരിശീലന പദ്ധതികള്‍, ശില്‍പശാലകള്‍, കലാ ക്ലാസുകള്‍ എന്നിവയും സമാന്തരമായി ഇവിടെ നടക്കുന്നു. വിവിധ മേഖലകളിലെ തൊഴില്‍ രംഗത്തേക്ക് അവരെ പറഞ്ഞയക്കാനും ആത്മക്ക് സാധിച്ചിട്ടുണ്ട്. ഒരേ സമയം ഒരു ട്രെയിനിംഗ് ഏജന്‍സിയായും റിക്രൂട്ട്മെന്റ് ഏജന്‍സിയായും ആത്മ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്റീരിയര്‍ ആര്‍ട്ട്‌ വര്‍ക്കുകള്‍, പരസ്യം, ബ്രാന്റിംഗ്, വെബ് ഡെവലപ്പ്മെന്റ് എന്നിവയും ആ സമയത്ത് തന്നെ ചെയ്ത് തുടങ്ങിയിരുന്നു. ആനിഹാള്‍ റോഡില്‍ നിന്ന് പിന്നീട് ജാഫര്‍ ഖാന്‍ കോളനി റോഡിലേക്ക് മാറി. ഷൗക്കത്ത്, ബിജു ഇബ്രാഹിം, ഷഹബാസ് അമന്‍, ഷര്‍ഹാദ് ഹനീഫ്, സന്തോഷ്‌ രാമന്‍, ഡോ: കൃഷ്ണകുമാര്‍, അബൂ നിസാര്‍ മാളിയേക്കല്‍, രഞ്ജിത്ത് എം. നാരായണന്‍, അജിത്ത് പ്രാണ്‍ തുടങ്ങിയ പേരുകള്‍ ഓര്‍ക്കാതെ ആത്മയുടെ യാത്രാവിവരണം പൂര്‍ത്തിയാവില്ല.

ഒരു ഏട്ടന്റെ സ്വപ്‌നങ്ങള്‍ ചെറുപ്പം മുതലേ കേട്ടിരിക്കുന്ന അനിയന്‍. സുജീഷ് സുരേന്ദ്രന്‍, സുര്‍ജിത്ത് സുരേന്ദ്രന്‍ എന്നിവര്‍. സുബേഷ് പത്മനാഭന്‍, അമൃതേഷ് പൂന്തുരുത്തി, സൂര്യ സുകൃതം എന്നിവര്‍ കൂടെ ചേര്‍ന്നു. സ്വപ്‌നങ്ങളവരൊന്നിച്ചുകണ്ടു.

മുഖ്യാധാരാ ഇടങ്ങളില്‍ അര്‍ഹമായ രേഖപ്പെടുത്തലുകള്‍ ലഭിക്കാതെ പോവുന്ന കേരളത്തിലെ എല്ലാ കലാകാരെയും എഴുത്തുകാരെയും അവരുടെ സൃഷ്ടിളെയും രചനകളെയും എല്ലാവരിലേക്കും എത്തിക്കുക എന്നത് ഒരു ദൗത്യമായി സ്വയം ഏറ്റെടുക്കുകയായിരുന്നു. അവിടെയാണ് ഒരു ‘മാധ്യമം’ ആവശ്യമായി വന്നത്. അങ്ങനെയാണ് ‘ആത്മ ഓണ്‍ലൈന്‍’ ജനിക്കുന്നത്. ആത്മ ഒരു പ്രസിദ്ധീകരണവും മാധ്യമവും കൂടിയായി മാറുന്നത്.

ആത്മയുടെ വൃത്തത്തിന്റെ ചുറ്റളവ് വലുതായി. എഡിറ്ററായി ബിലാല്‍ ശിബിലി വന്നു. സീനിയര്‍ ഡിസൈനറായി നിഖില്‍ ചന്ദ്രന്‍ എത്തി. കലാസാഹിത്യ രംഗത്തെ വാർത്തകളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന സാംസ്‌കാരിക പത്രമാണ് ‘ആത്മ ഓൺലൈൻ’. ഇടപെടുന്ന മേഖല കല, സാഹിത്യം, നാടകം, സിനിമ, സംഗീതം, നൃത്തം, ഫോട്ടോഗ്രാഫി തുടങ്ങിയവയാണ്.

ഇതേ രീതിയുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇടം കായിക മലയാളത്തിലും ഒഴിഞ്ഞു കിടന്നിരുന്നു. അജ്മല്‍ എന്‍. കെ അങ്ങനെയൊരു ആശയവുമായി ഞങ്ങളിലേക്ക് വന്നപ്പോള്‍, സ്പോര്‍ട്സും ആത്മയുടെ ഭാഗമായി. അവിടെയാണ് ആത്മസ്പോര്‍ട്സ്ന്റെ ആരംഭം. അജ്മല്‍ തന്നെ അതിന്റെ എഡിറ്ററുമായി.

അനഘ സുരേഷ്, നിധിന്‍ വി. എന്‍ എന്നിവര്‍ സബ് എഡിറ്റര്‍മാരായി. വീഡിയോ എഡിറ്ററായി ചിഞ്ചു തോമസ്‌ വന്നു. വെബ്‌ ഡിസൈനറായി മറ്റൊരു അമൃതേഷും ആത്മ കുടുംബത്തിലേക്കെത്തി. മിഥുന്‍ ശ്യാം ക്യാമറ ചലിപ്പിക്കാനെത്തി. ഫര്‍സീന്‍ അലി, അശ്വനി ആര്‍. ജീവന്‍ എന്നിവര്‍ റിപ്പോര്‍ട്ടിംഗ് നിര്‍വഹിച്ചു.

കയറി ഇറങ്ങിയവര്‍ ഒരുപാടുണ്ട്. ചിലര്‍ മറ്റു സാധ്യതകള്‍ തേടി വേറെ ഇടങ്ങളിലേക്ക് പോയി. പുതിയ ചിലര്‍ വീണ്ടും വന്നു. അതിനിടയില്‍ ആത്മ ഹെല്‍ത്തും ആരംഭിച്ചു.

കണ്ണൂരില്‍ നിന്ന് ഷമല്‍ ഷുക്കൂര്‍ വന്നത് മറ്റൊരു സ്വപ്നത്തിന് ചിറകുകള്‍ വിടര്‍ത്താനായിരുന്നു. പിന്നാലെ, അദ്ദേഹം അശ്വനി കുമാറിനെയും കൊണ്ട് വന്നു. യാത്ര – ഫുഡ് മാഗസിനായ ട്രിപ്പീറ്റ് അതിന്റെ പണിപ്പുരയിലാണ്. കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.

ശ്രീജിത്ത് കാഞ്ഞിലശ്ശേരി, അജയ് ജിഷ്ണു സുദേയന്‍, ശ്രീലക്ഷ്മി, മിഥുലേഷ്, സച്ചിന്‍ എസ് എല്‍, അജിത്ത്, ജാസിര്‍. കെ തുടങ്ങിയവര്‍ ഈ അടുത്ത് ഞങ്ങളുടെ കൂടെ കൂടി.

യാത്ര തുടരുകയാണ്. ചെയ്തതിനേക്കാള്‍ ചെയ്യാനുണ്ട്. നടന്നതിലേറെ ഇനിയും നടന്നു തീര്‍ക്കാനുണ്ട്. പക്ഷെ, ഓടാനില്ല. ജീവിതം അതിന്റെ സ്വതസിദ്ധമായ ശൈലിയില്‍ യാത്ര തുടരുമ്പോള്‍ അതിന്റെ ആത്മാവായി ആത്മയും കൂടെയുണ്ടാവും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here