ഏദൻ തോട്ടം

2
919

കവിത

ജയശ്രീ പെരിങ്ങോട്

ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്.
തുളച്ച് കയറുന്ന വിടർച്ചയിൽ
അവളുടെ വിയർപ്പു മണം.
വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്.
തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ
നീളൻ വരാന്തയുടെ ചാരുപടി
അതിനടുത്തവസാനിക്കുന്നു.
മഴയുടെ പ്രാന്തൻ പെയ്ത്തുമായി
മറ്റൊരുവൾ നട്ട പാരിജാതം
ആദ്യ പ്രണയം പോലെ
നേർത്ത് വിരിഞ്ഞു.
ഒളിച്ച് നിൽക്കുന്ന ഓർമ്മമണവുമായി
വന്നു കയറിയാൽ
നക്ഷത്രം പോലെ പൂക്കുന്നവൾ
പിച്ചകമാണ് നട്ടത്.
നട്ടപ്പ്രാന്താണ് അതിന്…
കൃഷ്ണ പ്രേമവുമായി വന്നവൾ
തെച്ചിയും മന്ദാരവും തുളസിയും വിടരുന്ന
മുറ്റമാക്കി എന്നെ..



മുല്ലവള്ളി പോലെ ഒരുവൾ
പൊട്ടിത്തരിച്ച് പൂത്തു.
കുടുംബിനി, കുലീന..
അവൾ,ചട്ടിയിൽ ഒരു റോസാത്തയ്യുമായി വന്നു..
ബഡ്ഡു ചെയ്തത്..
മണമില്ലാത്ത മഞ്ഞപ്പൂവ്
പേടിച്ചരണ്ടു വളരുന്നു ..
പുതുതും പഴയതുമായ
ഒട്ടനവധി, പൂക്കുന്ന…
പൂക്കാത്ത ചെടികളാൽ
അങ്ങനെ സുരഭിലമാവും എന്റെ തോട്ടം..
വന്നവരെല്ലാം ഊഴം വെച്ച് നനച്ച്
തഴച്ച പൂന്തോട്ടത്തിലേക്ക്
ഒടുവിൽ അവൾ വരും…
ആഴത്തിൽ പാവുന്ന വിത്ത്
പിന്നീട് ഭ്രാന്ത് പിടിച്ച് ഉലഞ്ഞ് പൂക്കും…
തോട്ടം ഒറ്റക്കാടാവും…
പ്രണയോൻമാദികളുടെ
ഏദൻ തോട്ടം…

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here