രമേഷ് പെരുമ്പിലാവ്
ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി എന്ന് പൊതുവെ പറയുന്നത്. ഗ്രീക്ക് പദങ്ങളായ ടൈപ്പോസ് (രൂപം), ഗ്രാഫെ (എഴുത്ത്), എന്നീ വാക്കുകളിൽ നിന്നാണ് ഈ പദം ഉണ്ടായത്. അച്ചടിരൂപം, പോയിന്റ് വലിപ്പം, വരിയുടെ നീളം, ലീഡിംഗ് (വരികൾക്കിടയിലെ അകലം) അക്ഷരക്കൂട്ടങ്ങൾക്കിടയിലെ അകലം (ട്രാക്കിംഗ്) രണ്ടക്ഷരങ്ങൾക്കിടയിലെ അകലം (കേണിംഗ് ) എന്നിവ തിരഞ്ഞെടുക്കുന്നത് അച്ചടിവേലയുടെ ഭാഗമാണ്.
അച്ചിന്റെ രൂപകല്പന അച്ചടിവേലയുടെ ഭാഗമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. മിക്ക അച്ചടിക്കാരും അച്ചിന്റെ രൂപകല്പന നടത്താറില്ല. ഇത്തരം അച്ചുകൾ രൂപകൽപ്പന നടത്തുന്ന ചിലർ തങ്ങൾ അച്ചടിവേലക്കാരാണെന്ന് കരുതുന്നുമില്ല. ആശയവിനിമയത്തിന്റെ ഭാഗമായി ആധുനികകാലത്ത് അച്ചടിവേല ടെലിവിഷനിലും ചലച്ചിത്രങ്ങളിലും മറ്റും ഉപയോഗിക്കുന്നുണ്ട്.
ഡിജിറ്റൽ യുഗത്തിന്റെ ആരംഭം വരെ അച്ചടിവേല ഒരു വിദഗ്ദ്ധജോലിയായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഇതിനെ സാധാരണക്കാർക്കും പ്രാപ്യമാക്കി. അച്ചടിവേല ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്.
സാധാരണ അക്ഷരരൂപങ്ങളെ കാർട്ടൂൺ ശൈലിയിൽ അഥവാ ഹാസ്യരസം ജനിപ്പിക്കുന്ന രീതിയിൽ എഴുതിയുണ്ടാക്കുന്നവയാണ് കാർട്ടൂൺ ലെറ്ററുകൾ. ഇതിനായി ചിത്രകാരന് നർമ്മബോധമുണ്ടായിരിക്കണം. പ്രശസ്ത കാർട്ടൂണിസ്റ്റായ ഗോവൻ സ്വദേശി മരിയോ മിരാണ്ടയുടെ ഇത്തരം കാർട്ടൂൺ അക്ഷരങ്ങൾ പ്രസിദ്ധമാണ്. സാധാരണ അക്ഷരങ്ങളെ അപേക്ഷിച്ച് ഇത്തരം കാർട്ടൂൺ അക്ഷരങ്ങൾക്ക് ദൃഷ്ടാക്കളെ ആകർഷിക്കാനുള്ള കഴിവ് കൂടുതലാണ്.
അക്ഷരം അഗ്നിയാണന്ന് ആലങ്കാരികമായി പറയാറുണ്ട്. ആശയത്തിൽ നിന്നും ചിത്രലിപിയിലേക്കും ക്രമാനുഗതമായി അക്ഷര ലിപിയിലേക്കുള്ള വികാസപരിണാമം എഴുത്തു വിദ്യയുടെ ചരിത്ര സ്പന്ദനങ്ങളാണ്. എഴുത്തുലിപിയും, അക്ഷരലിപിയും, അക്ഷരങ്ങളിലൂടെ ആശയം സ്വായത്തമാക്കാനുള്ള സൂചക രൂപങ്ങളാണെങ്കിലും എഴുത്തക്ഷരങ്ങളിൽ വ്യക്തിയുടെ കലാബോധത്തിന്റെ ധാരകൾ ഒളിഞ്ഞിരിക്കുന്നു.
ആശയത്തോടൊപ്പം ആലങ്കാരിക ഭംഗിയുള്ള അക്ഷരങ്ങളെ രൂപാന്തരപ്പെടുത്തുമ്പോഴാണ് ടൈപ്പോഗ്രഫി ആർട്ടായി മാറുന്നത്. അത്തരത്തിൽ അക്ഷരങ്ങളിലൂടെ കഥ പറയുന്ന ഒരു കലാകാരനാണ് തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ ഉരുളുമ്മൽ സ്വദേശിയായ ദുൽക്കത്ത് മുഹമ്മദലി. ദുൽക്കത്തിന്റെ നിരവധി ടൈപ്പോഗ്രഫികൾ വിശേഷ സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വഴി നാം ഫോർവേഡ് ചെയ്യാറുണ്ടെങ്കിലും അതൊന്നും ദുൽക്കത്ത് ചെയ്തതാണെന്ന് നാം അറിഞ്ഞു കാണില്ല.
ഓണത്തിനും വിഷുവിനും ബക്രീദിനും ദിപാവലിയ്ക്കും ക്രിസ്തുമസിനും ആശംസകൾ അയക്കുന്ന കാർഡുകളിൽ ഉൾപ്പെടുന്ന ടൈപ്പോഗ്രഫി മിക്കതും ഈ അറിയപ്പെടാത്ത കലാകാരന്റേതാണ്.
2013-ൽ ദുൽക്കത്ത് ഡിസൈൻ ചെയ്ത തൃശൂർ പൂരത്തിന്റെ ടൈപ്പോഗ്രഫി അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. ഏഷ്യാനെറ്റ്, റിപ്പോർട്ടർ തുടങ്ങിയ മുൻ നിര ചാനലുകളിലെല്ലാം ലൈവ് പൂരം റിപ്പോർട്ടിന്റെ ഭാഗമായി കാണിക്കാറുണ്ടായിരുന്നെങ്കിലും അതിനു പിന്നിലെ കലാപ്രതിഭയെ ആരും പരിചയപ്പെടുത്തി കണ്ടിരുന്നില്ല. അത്തരത്തിൽ നിരവധി ചിത്ര എഴുത്തുകൾ ദുൽക്കത്തിന്റേതായി ഉണ്ട്. ലോഹം എന്ന് കൊമ്പൻ മീശ പോലെ എഴുതിയ മോഹൻലാലും, ‘ച’ എന്ന ആദ്യ അക്ഷരത്തിൽ വരച്ച ചാർലി ചാപ്ലിനും, ‘ണ്ട’ എന്ന അക്ഷര കൊണ്ട് വരച്ച ചെണ്ടയും, ‘ല’ കൊണ്ട് വരച്ച ലോറിയും, ‘ആ’ കൊണ്ട് വരച്ച പടക്കം പൊട്ടി ചെരിഞ്ഞ ആനയും കുഞ്ഞും, എ പി ജെ എന്നെഴുതിയപ്പോൾ ഉണ്ടായ അബ്ദുൾ കലാമും, 25 എന്നെഴുതിയപ്പോൾ രൂപം കൊണ്ട ക്രിസ്തുമസ് സാൻറയും ‘മ’ കൊണ്ട് വരച്ച മമ്മുക്കയും, ‘എം’ കൊണ്ട് പണിത മസ്ജിത്തും കേരളം ഒരു ഭ്രാന്താലയമെന്ന് എഴുതിയപ്പോൾ നാം കാണുന്ന സ്വാമി വിവേകാനന്ദനും കവിത എന്നെഴുതിയതിൽ ഒളിഞ്ഞിരിക്കുന്ന ഒ എൻ വിയും തൃക്കു കയറിനു കീഴിൽ തടിച്ചു വിർത്ത ഗോവിന്ദച്ചാമിയും, പുലിവാൽ കൊണ്ട് തീർത്ത പുലിക്കളിയുമൊക്കെ അവയിൽ ചിലതു മാത്രം.
വർത്തമാന കാല സംഭവങ്ങളിൽ ഒരു കലാകാരന്റെ പ്രതിബദ്ധത സൂചിപ്പിക്കുന്ന, പ്രതിഷേധം രേഖപ്പെടുത്തുന്ന, ആശംസകൾ അറിയിക്കുന്ന നിരവധി വരവാക്കുകൾ ഇത്തരത്തിൽ ദുൽക്കത്തിന്റേതായി വന്നു ചേരാറുണ്ട് സോഷ്യൽ മീഡിയകളിൽ. ഏറ്റവും പുതിയതായി വാരിയംകുന്നൻ എന്നെഴുതി വരച്ച പൃഥ്വിരാജിന്റെ ചിത്രത്തിൽ എത്തി നിൽക്കുന്നു ഈ കലാകാരന്റെ ടൈപ്പോഗ്രഫിയുടെ വർത്തമാന കാലം.
2007 മുതൽ അബുദാബിയിൽ പല കമ്പനികളിലായി ഡിസൈനറായി ജോലി ചെയ്തു വരികയാണ് ദുൽക്കത്ത്. ഇപ്പോൾ ദുബായിൽ Black pebbles advertising agency എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അക്ഷരങ്ങളിലൂടെ തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ശക്തമായി അടയാളപ്പെടുത്തുന്ന ഈ ടൈപ്പോഗ്രഫി കലാകാരന് അഭിനന്ദനങ്ങൾ!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.