വർണ്ണങ്ങളുടെ വരപ്രസാദമാണ് എം സുബ്രഹ്മണ്യന്റെ ചിത്രങ്ങളോരോന്നും. അമ്പതിലേറെ ചിത്രങ്ങളുമായി കോഴിക്കോട് ആർട് ഗാലറിയിൽ ഇന്നലെ മുതൽ ആരംഭിച്ച പ്രദർശനം വ്യത്യസ്തവും മനോഹരവുമായ ഒരുപിടി നല്ല വരകളുടെ നിറഞ്ഞ ലോകമാണ്.
കണ്ടും കേട്ടുമറിഞ്ഞ ജീവിതാനുഭവങ്ങളും ഒരുപിടി നല്ല ഓർമ്മകളുമാണ് അദ്ദേഹത്തിന്റെ വരകളിലെ ആവിഷ്ക്കാരമാത്രയും. രവീന്ദ്ര നാഥ ടാഗോർ, എം എസ് വിശ്വനാഥൻ തുടങ്ങിയ വ്യത്യസ്തമായ ഒരുപാട് മുഖങ്ങൾ പ്രദർശനത്തിൽ കാണാം. ചിത്രകാരന്മാരുടെ കൂട്ടായ്‌മയായ ‘ചാർക്കോളി’ലെ അംഗമാണ് എം സുബ്രഹ്മണ്യൻ.
എണ്ണഛായം, ജലഛായം, കളിമൺ ശില്പ നിർമ്മാണം, പ്രകൃതി ദൃശ്യങ്ങൾ, മോർഡേൺ ആർട്ട് എന്നിവ ചെയ്യുന്ന ഇദ്ദേഹം വിവിധ അമ്പലങ്ങളിലെ ശാന്തിപ്പണിക്കിടയിലെ ഒഴിവ് സമയങ്ങളിലാണ് കലയുടെ ലോകത്തിൽ സജീവമാകുന്നത്. കുട്ടികൾക്കും മറ്റുമായി ചിത്ര രചനാ ക്യാമ്പുകൾ നടത്താറുള്ള ഇദ്ദേഹത്തിന്റെ പ്രദർശനം ശനിയാഴ്ച വരെ തുടരും.