കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന
” When it’s in a book I don’t think
it’ll hurt any more …
exist any more.
One of the things writing
does is wipe things out. Replace them.”
Marguerite Duras
എഴുത്തിലെ ആനന്ദത്തെക്കുറിച്ച്ബ്രിട്ടനി എൽ ആദംസിന്റെ ഒരു കവിതയുണ്ട്; Someday I’ll Be Okay എന്ന തലക്കെട്ടോടെ.
ഈ മഷി, അത് സാധ്യമാക്കുന്നു.
ഈ പേപ്പർ
കറപിടിച്ചതാണ്
കണ്ണുനീർ സ്വതന്ത്രമായി ഒഴുകുന്നു
ഞാൻ മയക്കത്തിൽ
കുടുങ്ങികിടക്കുന്നു.
ഞാൻ
ഈ പേന കടലാസിലേക്കിട്ടു, വാക്കുകൾ എഴുതാൻ
ഈ ശബ്ദം
നൽകാനാവില്ല.
എന്റെ ഹൃദയം ഭാരമാകുന്നു വേദനയോടെയും നിരാശയോടെയും.
ഇങ്ങനെ തുടങ്ങുന്ന കവിത മഷിയിൽനിന്ന് എഴുത്തിലെ അതിജീവനത്തിലേക്ക് കടക്കുകയാണ്.കടലാസ് താളും മഷിയും പേനയും കവിതന്നെ ആവുകയാണ്. കവിതയ്ക്ക് പിന്നാലെ ലോകം നടന്നുതുടങ്ങുകയാണ്.
ലിംഗവിശപ്പ്എന്ന ഒറ്റക്കവിതയിലൂടെ ആത്മവിമർശനത്തിന്റെ ഏറെ ആഴമുള്ള, തീവ്രമായ കണ്ടെടുപ്പുകൾ മലയാള കവിതയിൽ നാം വായിച്ചു
..
“”മനസ്സില്‍ കിടത്തിയും
ഇരുത്തിയും നിര്‍ത്തിയും
കാമശാസ്ത്രത്തിലെ മുഴുവന്‍ മുറകളും
അഭ്യസിച്ചതാണ്…
എന്നാലും
ഒരിക്കല്‍പ്പോലും ചോദിച്ചില്ല.
ലിംഗത്തിന്റെ വിശപ്പോളം
ഒന്നുമുണ്ടായിട്ടില്ല,
എന്നിട്ടും…
വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താല്‍
സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിന്‍വലിച്ച്
അങ്ങനെയൊരു ജീവി
ഇവിടെ പാര്‍ക്കുന്നില്ലെന്ന്
എല്ലാവരേയും പോലെ
ഞാനും ഒരു ബോര്‍ഡ് വെക്കുന്നു.
കടുകിട തെറ്റിയാല്‍
ബലാല്‍സംഗം ചെയ്തുപോവുന്ന
ആ കുറ്റവാളി ഞാന്‍ തന്നെയാണ്.
കൂട്ടുകാരാ,
ശുക്ലം വീണ് കീറിപ്പോവുന്ന
നമ്മുടെ അടിവസ്ത്രങ്ങള്‍
നുണ പറയുന്നില്ല.”
പുരുഷന്റെ ആന്തരികതയിലെ ലൈംഗികതയും കുറ്റവാസനയും. ഏറെ ചർച്ചചെയ്യുന്ന ഏത് കാലത്തും ഈ കവിത പ്രസക്തമാണല്ലോ!
“നമുക്കുള്ളിലാണ് നമ്മള്‍ ആദ്യം കൊല്ലപ്പെടുന്നത്.”
എന്ന് കവി തന്നെ ഒരിക്കൽ എഴുതിയിട്ടുണ്ടല്ലോ!
ഒഴിഞ്ഞ പേജിനെ ഉച്ചരിക്കാൻ കാത്തുനിൽക്കുന്ന ഒരാൾക്കൂട്ടം ജനിയ്ക്കുകയാണ് വിഷ്ണുവിന്റെ കവിതയിൽ. അത് ഗ്രാമത്തില്‍ നിന്നു വന്ന കവിതയാണ്.
നാണിച്ച് നാണിച്ച്
പത്രാധിപരുടെ മുന്നിലെത്തിയ
അതിന് കോസ്മെറ്റിക്കുകളുടെ
റെക്കമെന്‍ഡേഷന്‍ ഉണ്ടായിരുന്നില്ല.
തിരുമ്മാനോ വീശാനോ
അതിന് വശമില്ല.
അത് കയര്‍ക്കുകയോ
കോര്‍ക്കുകയോ ചെയ്തില്ല.
എന്തിന്,
താനിവിടെയുണ്ടെന്ന്
അറിയിക്കാന്‍,
ഒന്നു ചുമയ്ക്കാനോ
മുരടനക്കാനോ
അതിനായില്ല.
പത്രാധിപര്‍ അതിനൊരു പുതിയ ഉടുപ്പ്
തുന്നിയിട്ട് തിരിച്ചയച്ചു.
ഗ്രാമത്തില്‍ തിരിച്ചെത്തിയ കവിത
സ്കൂള്‍ വിട്ട ഒരു കുസൃതിക്കുട്ടിയെപ്പോലെ
കൂക്കി വിളിച്ചുകൊണ്ട്
ഓടിച്ചെന്ന് അതിന്റെ കവിയെ
വട്ടം പിടിച്ചു.
അവഗണനയുടെ ഉടുപ്പ്
അത് ഊരിക്കളഞ്ഞിരുന്നു.”
ഗ്രാമത്തിൽ നിന്ന് വന്ന കവിത എന്ന ആദ്യകാല കവിതയിൽത്തന്നെ വിഷ്ണു പ്രസാദ് പാരമ്പര്യത്തിന്റെ ഉടുപ്പ് വലിച്ചെറിഞ്ഞിരുന്നു..
സൈബർ ഇടങ്ങളുടെ ഭാഷയുടെ പരിണതിയിൽ വിഷ്ണുവിന്റെ കവിതകൾ ചെറുതല്ലാത്ത ഇടം കൊത്തിയുണ്ടാക്കിയിട്ടുണ്ട്
,അങ്ങനെ ഉള്ളിത്തോലു പോലെ
അടുക്കടുക്കായി വെച്ചിരിക്കുന്ന
പേറ്റുമുറികളില്‍ നിന്ന്,
അടുക്കടുക്കായി വെച്ചിരിക്കുന്ന
ഗര്‍ഭപാത്രങ്ങളില്‍ നിന്ന്
അടുക്കടുക്കായി വെച്ചിരിക്കുന്ന
വലിഞ്ഞുവലിഞ്ഞുനിന്ന യോനികളെ
ഒന്നൊന്നായിപ്പിളര്‍ന്ന്
ഒരു ശരമുന പോലെ വിക്ഷേപിക്കപ്പെട്ട്
ഈ നൂറ്റാണ്ടിന്റെ വാതിലില്‍
വീണുകരയുന്ന മനുഷ്യാത്മാവാണു ഞാന്‍ എന്ന് വിഷ്ണുവിന്റെ കവിത
മനുഷ്യരെ അഭിസംബോധന ചെയ്യുന്നുണ്ട് .
“ദുരിതങ്ങളുടെയും വിലാപങ്ങളുടെയും
അംബരചുംബികളായ എടുപ്പുകള്‍ക്കിടയിലൂടെ
നഗരപഥങ്ങള്‍ക്കു മീതെ
ഞാനൊഴുകുന്നു”
എന്ന ആത്മബോധമാണ് ഈ കവിതകളെ നയിക്കുന്നത്
“ഇന്നലെ ഞാൻ കൗശലക്കാരനായിരുന്നു
അതിനാൽ എനിക്കീ ലോകം മാറ്റിഎടുക്കണം
ഇന്ന് ഞാൻ നീതിമാനാണ്
അതിനാൽ
ഞാൻ എന്നെത്തന്നെ മാറ്റുന്നു
എന്ന് റൂമി പറയും പോലെയോ
.Many a book is like a key to unknown chambers within the castle of one’s own self.
എന്ന് Franz കാഫ്ക്ക കരുതും പോലെയോ
my past is everything I failed to be.
എന്ന് Fernando Pessoa,എഴുതിയത് പോലെയോ ഒക്കെ മറ്റൊരു കണ്ടെത്തൽ
വിഷ്ണു പ്രസാദിൽ കാണാം
“തുമ്പയായും
തൊട്ടാവാടിയായും
മുക്കുറ്റിയായും
പൂവാംകുരുന്നിലയായും
തകരയായും
കാക്കപ്പൂവായും
ഞാന്‍
ഭൂമി കാണാന്‍ പുറപ്പെട്ടു.(ഹരിതബലി)
പെട്ടെന്ന് ഉണ്ടായിവരുന്ന ഒരു പെരുമഴത്തോട്ടമാണ് ചിലപ്പോൾ കവിക്ക് ജീവിതം /കവിത. മറ്റു
ചിലപ്പോൾ
‘’മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം.
വയല്‍വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുമ്പോഴും
അടുത്തായിട്ടും അകലെയാവുമ്പോഴും
കവിത ആളിക്കത്തുന്നു.
കെട്ടിയിട്ട പശുക്കളും കരച്ചിലുകളും
അവയുടെ പുള്ളികളും… എല്ലാം
ഒരു മഴവില്ലായി കാണായേക്കും എന്ന പ്രതീക്ഷ കവിയിലുണ്ട്
പക്ഷെ കാഴ്ചകളുടെ അവ്യവസ്ഥിതത്വങ്ങൾ കവിയിലേക്ക് അദൃശ്യത
പടർത്തുന്നു പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു എന്നാണ് എഴുതുന്നത്
അത്ര ദൂരമാണ് അവന് ജീവിതം എന്ന ഏറ്റു പറച്ചിൽ….
ഓരോ ദിവസവും എഴുനേൽക്കുമ്പോൾ ഓരോ സൂര്യനെ കിട്ടുന്നുണ്ട് കവിക്ക്.ആ സൂര്യനിൽ നിന്ന് വേഗത്തിൽ ഓടിപ്പോകുകയാണ് ജീവിതം.ഒടുവിൽ എല്ലാ ദിവസവും എഴുനേൽക്കുക എന്നതാണ് പ്രശ്ന കാരണം എന്നറിഞ്ഞു കൊണ്ടു ഒരു ദിവസം എഴുനേൽക്കുകയില്ല എന്നാണ് കവി തീരുമാനിക്കുന്നത്. സാമ്പ്രദായികതയെ സ്വന്തം ആസാന്നിധ്യം കൊണ്ടു
നിരാകരിക്കുകയാണ് കവി.
എല്ലാ ദിശകളിലേക്കുമുള്ള ഉടലുകളുടെ ത്രിമാന സഞ്ചാരമാണ് ചിലപ്പോൾ കവിക്ക് കവിത..വിഭിന്ന കർത്തൃത്വങ്ങളുടെ പരക്കലാണ് അതിന്റെ ഉടൽസഞ്ചാരങ്ങൾ.നടത്തം, വിരേചനം, ഇണ ചേരൽ, ജനനം, നൃത്തം, രോഗം, ഹിംസ, പറക്കൽ, നീന്തൽ, ഓട്ടം, വീഴ്ച, മരണം കാത്തുള്ള കിടപ്പ്…. അങ്ങനെ പടർന്ന് പടർന്ന്
ഉടൽ അങ്ങനെ വിരാചിക്കുമ്പോൾ,
“”ഈ കൂട്ടച്ചിത്രം വരയിൽ എന്തിനാണെന്റെ
ഉടൽച്ചേർപ്പ്?””(ഉടലെഴുത്ത് )
എന്നതാണ് കവിയുടെ പ്രശ്നം. ഈ പ്രശ്നത്തെ ഉരുക്കഴിക്കുകയാണ് വിഷ്ണുപ്രസാദ് .
നവ കവിത അന്വേഷിക്കുന്ന മറ്റൊരുടൽ, മറ്റൊരു ദേശം, കാലം,ഭാഷ എന്നിവയിലൊക്കെത്തന്നെ ആഘോലകേന്ദ്രീകൃതമായ ഒരു വേവലാതി ഉണ്ട്. നവ കവിത എന്ന് പറയുമ്പോൾ തന്നെ അതിൽ പുതിയ സാങ്കേതികത,അവതരണ ഇടങ്ങൾ,സംവേദന ശീലങ്ങളിലെ പുതു മാതൃകബോധങ്ങൾ,ബോധനങ്ങൾ എന്നിവ ചർച്ചകൾക്ക് തയ്യാറാവുന്നുണ്ട്.
തിന്നും വിളമ്പിയും എന്ന കവിതയിൽ., രണ്ട് വിരലുകൾ ഈമ്പുന്ന കുഞ്ഞിനെ
അടിസ്ഥാനമാക്കി കവി നിർമിക്കുന്ന ഒരു നീതി ബോധമുണ്ട്.
“”ഇങ്ങനെയാവും
അവനവനെത്തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വക്കുന്നത്.
പിന്നെപ്പിന്നെ ഇഷ്ട ഭോജ്യമാകും ഒരാൾക്ക് അയാൾ
മറ്റുള്ളവർക്കും വിളമ്പിത്തുടങ്ങും ”
എന്ന് ജീവിതത്തെയും മനുഷ്യനെയും ഹിംസയേയും എത്ര എളുപ്പത്തിലാണ്
കോർത്തു വക്കുന്നത്!
“- എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത് ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്…”
അവ്യവസ്തിതമായ സ്ഥലങ്ങളെക്കുറിച്ചും അതിന്റെ സ്ഥിരതയെക്കുറിച്ചുമുള്ള ആശങ്കകൾ നവ മാധ്യമകാലത്ത് കവിതയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.കാണാനാവുന്ന കേൾക്കാനാവുന്ന, സ്പർശിക്കാനാവുന്ന ഭാഷ, ഇടം, ഉടൽ എന്നിവക്കപ്പുറം പ്രതീതി യാഥാർഥ്യവുമായി ചേർത്ത് വച്ചു നോക്കുമ്പോൾ, ആശയതലത്തിലും ആവിഷ്കാര തലത്തിലും പലതരത്തിലുള്ള അഴിച്ചു
പണികൾ നടക്കുന്നുണ്ട്.പ്രത്യക്ഷതക്കപ്പുറം അപ്രത്യക്ഷത ദൃശ്യതക്കപ്പുറം അദൃശ്യത എന്നിങ്ങനെ ആ ചർച്ചകൾ പടരുന്നു.സ്വന്തം ദേശം പുതുക്കി നിർമ്മിക്കപ്പെടുകയും ആവിഷ്കാരങ്ങളിൽ ഈ ദേശം പല അടരുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു..
വിഷ്ണു പ്രസാദിന്റെ കവിതകളിൽ ഈ ദേശങ്ങൾക്കുമേൽ അടയാളപ്പെടുത്തപ്പെടുന്ന ഭാഷയുടെ പല കേന്ദ്രങ്ങൾ പലപ്പോഴും. മറ്റൊരു ദേശ നിർമ്മിതി ആയി മാറുകയും ചെയ്യുന്നുണ്ട്.
“ഒന്നും എണ്ണാൻ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്കു വേണ്ട.
എണ്ണുന്നതെന്തിന് എന്നാവും,
ഭ്രാന്തിന് എത്ര വാതിലുകൾ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരേയും
വിരൽ ചൂണ്ടി എണ്ണിത്തുടങ്ങി;
പ്രണയം, മരണം, പ്രസവം, മർദ്ദനം, ഭയം…
എത്ര ഗോപുരദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകൾ
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികൾ ചെയ്തത്.
ഒന്ന് പിടിയതിനാലാവണം ഓരോ വാതിലും”(ഗോപുരം )
എന്ന് ലോകക്രമത്തെ നിശ്ശിതമായി വിമർശിക്കുകയും
“വ്യക്തമാക്കാൻ ശ്രമിക്കുന്തോറും
അത് അതല്ലാതാവുന്നതിനാൽ
അവ്യക്തതയെ അവ്യക്തത എന്ന നിലയിൽ
എങ്ങനെ ആവിഷ്കരിക്കുമെന്ന്
ഞാൻ ഭയപ്പെട്ടു തുടങ്ങി.”
(അവ്യക്തത )
എന്ന് ആശങ്കകളെ ആവിഷ്കാരവുമായി ചേർത്ത് വച്ചു ചർച്ച ചെയ്യുകയും.
“അരക്ഷിതമായ ഒരു ലോകത്തിന്റെ
നിഗൂഡതകൾ അങ്ങനെ തന്നെയിരിക്കട്ടെ “(പൊന്ത )
എന്ന് വിട്ട് കൊടുത്തും,
ഈ കേന്ദ്രങ്ങളെ ശിതിലീകരിക്കുകയാണ്.
ആത്മകേന്ദ്രിതമായ അഭിരമിക്കലയിൽ മതിമറക്കുന്ന കവിയല്ല വിഷ്ണുവിൽ
“ഞാൻ ഉറക്കത്തിൽ കവിതയെഴുതുകയാണ്”
എന്നയാൾ ഈ കേന്ദ്രങ്ങളെ ഒറ്റയടിക്ക് നിരാകരിക്കുന്നു.
“ഞാൻ എന്റെ രണ്ട് ജനാലകളും അടച്ച് എന്നിലേക്ക് തിരിഞ്ഞു നടന്നു
“(കെട്ടിപ്പിടുത്തം )
എന്ന് നിസ്സാരാനാകുകയാണ് കവി കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും രാഷ്ട്രീയം വിമർശന വിധേയമാകുന്നു ചാതുര്യം എന്ന കവിതയിൽ
“”
സൂര്യവെളിച്ചത്തെ ചതുരങ്ങളായി
മുറിച്ച്,
നിലത്തിട്ട ജനാല
ചോരക്കറ വീണ നിഴൽക്കളങ്ങളിൽ,
ചൂണ്ടി പറയുകയാണ്.
“സൂര്യൻ ചതുരാകൃതിയിലാണ്”
എന്ന് സൂര്യന്റെ ആകൃതിയെയല്ല, സൂര്യനെ അപനിർമ്മിക്കുന്നതിന്റെ ആനന്ദമാണ് ഇത്.
അതാകട്ടെ ആഗോളജീവിതത്തിന്റെ ചതുര വടിവുകളിൽ നിന്ന് വഴുതി കവിയെത്തന്നെ
ആകൃതിമാറ്റത്തിനു വിധേയക്കിക്കളയുമോ എന്ന. ആശങ്കയും പങ്കുവക്കുന്നുണ്ട്.
ആഗോള ജീവിതം സൃഷ്ടിക്കുന്ന പകർപ്പ് ജീവിതങ്ങളെയും വികേന്ദ്രീകരണങ്ങളെയും അധിനിവേശങ്ങളെയും സ്ഥല കാല ദേശ വിസ്‌മൃതികളെയും കവിതയെന്ന ലോകാനുഭവത്തോട് ചേർത്തനുഭവിപ്പിക്കുകയാണ് കവി
”
എന്റേത്
ഒറ്റമുറിയിൽ വാടകപ്പാർപ്പ്.
ഒറ്റവാതിലിൽ ലോകം ത്യജിക്കാം,
അതേ വാതിലിൽ ലോകമൊന്നായ് കടക്കാം,
ഒറ്റയാവാം, ചെറ്റയാവാം.
ഒറ്റ ചെറ്റയായി വിരിഞ്ഞു ഞാൻ.”(ദൈവ വിചാരം ).
വൈയക്തികാനുഭവത്തെ ലോകാനുഭവം തന്നെയാക്കി കവിതയിൽ സാധ്യമാക്കുന്നു കവി.
അവഗണനയ്ക്കും
കുറ്റപ്പെടുത്തിലിനുമിടയിലുള്ള ദൂരത്തില്‍
ഒരുവളുടെ ജീവിതം ശ്വാസം മുട്ടലിന്റെ വള്ളിച്ചെടിയാകുന്നു എന്ന്
ആസ്ത്മാലത എന്ന കവിതയിൽ പറയുന്നുണ്ട്.. കവി എപ്പോഴും അവളോട്
ചോദിക്കുന്നു
.””അല്ലെങ്കിൽ ചോദിക്കാൻ മറക്കുന്നു.
“എപ്പോഴും ഞാൻ ചോദിക്കാൻ മറക്കും
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളിൽ
നട്ടു വളർത്തുന്നതെന്ന് “!
വീടില്ലാത്തവന്റെ, ഉപേക്ഷിക്കപ്പെട്ടവന്റെ, ജയിക്കാനോ തോൽക്കാനോ
പറ്റാത്തവർക്കുള്ളതാണ് സമനില എന്ന തോന്നലുള്ളവന്റെ ഉള്ളിൽ നിന്നാണ്
“”എനിക്ക് നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.”(രക്തം )
എന്ന വാക്കുകൾ വരിക.
പുതിയ സംവേദന ഇടങ്ങൾ സാധ്യമായതോടെ,അവിടെ പലതരത്തിലുള്ള കേന്ദ്ര നിരാകരണങ്ങളും വ്യക്തിബോധങ്ങളും കാവ്യ നീതികളും അബോധങ്ങളും രൂപപ്പെടുന്നുണ്ട്.
പ്രാദേശിക ഭാഷയിൽ ആവിഷ്കാരങ്ങൾ കടന്നു വരുന്നു. ചെറുതുകളുടെ വലിപ്പവും ചെറുത്ത് നിൽപ്പുകളും ആവിഷ്കരിക്കപ്പെട്ടു.കേന്ദ്രീകൃതമായ അറിവും ഭാഷാ ബോധവും തനത് എന്ന് വിളിക്കാവുന്ന ആശയധാരകളെ മുഖ്യ വഴിയിലേക്ക് നീക്കി നിർത്തി.പ്രാദേശികഭാഷയുടെ ജ്ഞാന നിർമ്മിതികളും ഇരുൾച്ചകളും സംവേദനത്തിന്റെ എല്ലാ രൂപങ്ങളിലും ഇടങ്ങളിലും സ്ഥാനമുറപ്പിച്ചു.വികേന്ദ്രീകരണമെന്നത് പരക്കെ സ്ഥാനപ്പെട്ടു.
“”മൂപ്പർ.
എല്ലാ ഉന്നങ്ങളും ശരിയാണെങ്കിൽ
ഏറുകൾക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.
ഉന്നം തെറ്റിക്കുന്ന ഒരുവൻ
ഇപ്പോഴും എന്റെ ഉള്ളിൽ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ… തെറ്റിച്ചിരിക്കുന്നു.””
(ഉന്നങ്ങൾ )
എന്ന് എല്ലാം ഏറുകളെയും വിഷ്ണു പ്രസാദ് മാറ്റി എറിഞ്ഞു. ഉന്നങ്ങൾ തെറ്റിക്കുന്നവന്റെ ഉന്നമെന്തെന്നു പുന:നിർണ്ണയിച്ചു
“ഉന്നം നോക്കി എറിയുമ്പോൾ
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.”
എന്ന് മുന്നറിയിപ്പ് തന്നു.
”
ചിരിക്കാൻ തുനിയുമ്പോൾ
എന്റെ മുഖപേശികൾക്കിടയിലൂടെ
അവന്റെ പേശികൾ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.
കരയാൻ തുനിയുമ്പോൾ
മറിച്ചാവും അവന്റെ ഏർപ്പാട്,”
എന്ന് വസ്തുതകളെ നീയാമാകമായ പതിവുകളിൽ നിന്ന് തെറ്റിച്ചു വരച്ചു.
“എന്നാൽ പിന്നെ,
ചിരിക്കേണ്ടിവരുമ്പോൾ
കരയാൻ ശ്രമിച്ചാൽ മതിയല്ലോ,
അപ്പോൾ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ…’ എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോൾ
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറിൽ
നിന്ന് മുന്നോട്ട് തുറിച്ചു വരും,”
എന്ന അനുഭവത്തെ ഉന്നം തെറ്റലിന്റെ ഏറ്റവും പുതിയ ആവിഷ്കാരപരതയോട്
ചേർത്ത് വായിച്ചു.
ബ്ലോഗുകൾ, virtual world എന്ന സങ്കൽപ്പങ്ങൾ ലോകക്രമത്തെ സംവേദനത്തിന്റെയും ആസ്വാദനത്തിന്റെയും ഏകരേഖീയതകളിലേക്ക് കലയെ, കവിതയെ ചേർത്ത് വച്ചതിന്റെ
ആസ്വാദന ലോകത്തെ ഒട്ടൊക്കെ തിരുത്തി വരുതിയിലാക്കിയ എഴുത്തുകാലമുണ്ട് വിഷ്ണുപ്രസാദിന്. ദേശം എന്ന സങ്കൽപ്പത്തിന്റെ അതിരുകളാണ് മാഞ്ഞത്. അല്ലെങ്കിൽ പടർന്നത്, വിടർന്നത്
സ്ഥലഭൂപടങ്ങളിൽ നിന്ന് വേറിട്ട് ദേശം മനസുകളിലും ആവിഷ്കാരങ്ങളിലും അതിരില്ലാതെ പടർന്നു.ഒരു പക്ഷെ കവിതയിലായിരിക്കാം ഇതിന്റെ പടർപ്പുകൾ ഏറെ പടന്നത്.
അനിശ്ചിതത്വങ്ങളുടെ ലോകത്ത് ഒളിച്ചിരിക്കുകയാണ് എന്നും നമ്മുടെ ഈ ഒളിച്ചിരുപ്പിനു മാത്രമാണ് ഇവിടെ നിശ്ചിതത്വമെന്നും കവി തിരിച്ചറിയുന്നു. ഈ സൈബർ ലോകത്ത് എത്രയൊളിച്ചിരുന്നാലും, ഒളിവുകൾ പിടിക്കപ്പെടുകതന്നെ ചെയ്യുമല്ലോ.അപ്പോൾ പരസ്പരം വെളിപ്പെടുകയാണ്.
“വെളിച്ചത്തിന്റെ കടല്‍ തിളച്ചൊഴുകുന്ന
റോഡരികില്‍
കൂട്ടിയിട്ട ടാര്‍വീപ്പകള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്ന രണ്ടുപേരാണ് നാം.
ആക്രോശങ്ങള്‍ ഉയരുന്നുണ്ട്.
ആയുധങ്ങളോ അഗ്നിയോ
ഓടിയടുക്കുന്നുണ്ട്.
ഭയത്തിന്റെ പൂപ്പല്‍ പിടിച്ച
നമ്മുടെ കണ്ണുകള്‍ക്ക്
നമ്മെ കാണാതാവുന്നുണ്ട്.”
എന്നതാണ് ആ വെളിപ്പെടലിന്റെ യാഥാർഥ്യം.
അപ്പോഴാണ്
എന്തായാലും ലോകത്തിനു പറ്റാത്ത രണ്ടുപേരാണ് നമ്മള്‍
എന്ന വെളിപാട് കിട്ടുന്നത്..
നമ്മെ അവര്‍ പിടിക്കും.
അടുത്ത നിമിഷത്തിലോ
അതിന്റടുത്ത നിമിഷത്തിലോ
എന്നൊരു സംശയമേയുള്ളൂ.
മരണത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളില്‍
ഏതാണ് നമുക്ക് ലഭിക്കുക എന്ന
അനിശ്ചിതത്വത്തിന്റെ ഘനമുണ്ട്
നമ്മുടെ നെഞ്ചുകള്‍ക്ക്.
നമ്മുടെ മിടിപ്പുകള്‍ ,
നമ്മുടെ അകത്ത് നിന്ന്
ആരോ പുറത്തേക്കെറിയുന്ന,
നമ്മുടെ തന്നെ നെഞ്ചില്‍ തട്ടി വീഴുന്ന കല്ലുകള്‍ .
ഒരു കമ്പോ കല്ലോ കത്തിയോ പന്തമോ
നമുക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞുപോവുന്നു.
ഇരയുടെ ഗന്ധമറിഞ്ഞുറപ്പിച്ച ഹിംസ്രജന്തുക്കളെപ്പോലെ
നമ്മെ തിരഞ്ഞുവന്നവര്‍
ടാര്‍വീപ്പകള്‍ക്കരികില്‍
അവരുടെ ഓട്ടം നിര്‍ത്തിയിട്ടുണ്ട്.
നമുക്കവരുടെ കാലുകള്‍ മാത്രം കാണാം.
അവ പലദിശകളില്‍ സമാധാനമില്ലാതെ ചലിക്കുന്നു.
അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം…
തല്ലിച്ചതച്ച് ,
അതുമല്ലെങ്കില്‍ ഒറ്റക്കുത്തിന് നെഞ്ചോ വയറോ പിളര്‍ത്തി,
അതുമല്ലെങ്കില്‍ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിച്ച് ,
അതുമല്ലെങ്കില്‍ തലയറുത്ത് ചോര ചീറ്റിച്ച് ,
അതുമല്ലെങ്കില്‍ …..
(മരണം എത്രയേറെ സാധ്യതകളുള്ള
ഒരു ആവിഷ്കാര മാധ്യമമാണ് !)
അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം…
എന്ന് എത്ര ലാഘവത്തോടെ, ജീവിതത്തെ കാണാൻ കഴിയുന്നു.
മരണത്തെ സങ്കൽപ്പിക്കാൻ കഴിയുന്നു!!
ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കിൽ
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു…. (പശു )
ഭാഷയിൽ നമ്മൾ കണ്ടെടുക്കുന്നത്
അതിന്റെ എഴുത്തു രീതിയെയും പറച്ചിൽ രീതിയെയും മുൻനിർത്തിയുള്ള
പ്രത്യേകതകൾ ആണല്ലോ..
പറച്ചിൽ എന്നാൽ മനുഷ്യന്റെ എന്നും ശബ്ദം എന്നാൽ ഭാഷയുടെ എന്നും
ചിന്ത എന്നാൽ മനുഷ്യന്റേത് മാത്രം എന്ന ആലോചനയെയും തിരുത്തി എഴുതുന്നു
പശു പോലുള്ള വിഷ്ണു പ്രസാദിന്റെ കവിതകൾ.
“കയറു പൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു
പിന്നീടെപ്പോഴും
അയവിറക്കുന്നത് ”
കോഴിയമ്മ എന്ന കവിതയിലും ഈ ജീവി ലോകമുണ്ട്..
ഒരു മുട്ടയിട്ടതിന് ഇത്രയധികം നിലവിളിക്കേണ്ടതുണ്ടോ എന്ന് ആശങ്കപ്പെടുന്ന നായ ആണീ കവിതയിൽ.
‘വിഷ്ണുവിന്റെ കവിത, ഭാഷയിലെ ജീവിലോകത്തെക്കൂടി പരിഗണിക്കുന്നു.
“എല്ലാ ഉന്നങ്ങളും ശരിയാണെങ്കിൽ
ഏറുകൾക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.
ഉന്നം തെറ്റിക്കുന്ന ഒരുവൻ
ഇപ്പോഴും എന്റെ ഉള്ളിൽ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ… തെറ്റിച്ചിരിക്കുന്നു.”
എന്ന് സ്വന്തം കവിതയെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും. ചെയ്യുന്നു കവി അത് പലപ്പോഴും എല്ലാ പ്രതിനിത്യങ്ങളെയും ഉൾക്കൊള്ളുകയും സ്വയം ഒരുസൗന്ദര്യശാസ്ത്രമായി നിലനിൽക്കുകയും ചെയ്യുന്നു.കവിതയ്ക്ക് വിഷയമാകുന്ന ആശയത്തിന്റെയോ വസ്തുതകളുടെയൊ ഇടമല്ല ഇവിടെ സാധ്യമാകുന്നത്.മറിച്ച് അത് സംവേദിക്കുന്ന ഇടമാണ്.
ഒറ്റ നിമിഷം കൊണ്ടു ഇടിമിന്നൽ പോലെ മിന്നി മറയുന്ന ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളാണ് ചില കവിതകൾ. പ്രകൃതിയും മണ്ണും ജീവനും അതി ജീവനങ്ങളും ഒരുമിച്ചു നിലനിൽക്കുന്നതിന്റെ പാഠങ്ങൾ ആകുന്നുണ്ട് ചിലപ്പോൾ ഈ കവിതകൾ. അവയുടെ കണ്ടെടുപ്പുകൾ ചിലപ്പോൾ
“ശരീരത്തെ ശരീരം കൊണ്ടു
ഇല്ലാതാക്കാനാണ്….”(കഴപ്പ് )
കുടത്തിൽ കുടുങ്ങിയ
തലക്ക്
അതിന്റെ കാലുകളെ
അന്ധമായി
വിശ്വസിക്കാനെ പറ്റൂ
(കുടത്തിൽ കുടുങ്ങിയ കവിത )
എന്ന പോലെയാണ് ഈ കവിതകൾ കുത്തുന്നത്.
അനുഭവങ്ങളെ അത്രയേറെ വിശദമാക്കിയല്ല ഈ കവി അവതരിപ്പിക്കുന്നത്.. മറിച്ച് അതി സൂക്ഷ്മമായ കാഴ്ചകളിലൂടെയും വിശദാoശങ്ങളിലൂടെയുമാണ്. അതിനാൽത്തന്നെ അത്ര ചെറുതല്ല ഈ കവിതകളുടെ ലോകം.
ബസ്സിൽ പോകുന്നവരെ
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കു
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കു
അറിയില്ലെന്നോ
നൂറ്റമ്പതിൽപ്പരം കവിതകൾ
എഴുതിയിട്ടുണ്ട്
ചത്തിട്ടില്ലെങ്കിൽ ഇനിയുംഎഴുതിയേക്കും””
എന്ന് കവിതകൊണ്ട് നശ്വരനാകുമെന്ന് ഉറപ്പുള്ള ഒരു കവി…ഈ വിധത്തിൽ തന്നെയേ വിഷ്ണു പ്രസാദിന്റെ ഓരോ കവിതയും വായിച്ചു തീർക്കാൻ പറ്റു. കാരണം, ഓർമകളുടെയും ഉണ്മയുടെയും അറിയലിന്റെയും പ്രണയത്തിന്റെയും നിലനിൽപ്പിന്റെയും രാഷ്ട്രീയ പാഠങ്ങൾ ആകുന്നുണ്ട് അവ എന്നതിനാലാണ്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നല്ല വായന
????????
നല്ല പഠനം????