തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എൻ ആർ മാധവ മേനോൻ (84) അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെ തുടർന്ന‌് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ 12.30 ഓടെയാണ‌് അന്ത്യം. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് 2.30ന് നടക്കും. 1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും ആറ് മക്കളിൽ നാലാമനായാണ‌് ജനനം. നിയമരംഗത്തിന‌് നൽകിയ സംഭാവനയെ മാനിച്ച‌് 2003- ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ബംഗ്ലുരുവിലെ നാഷണൽ സ‌്കൂൾ ഓഫ‌് ഇന്ത്യയുടെ സ്ഥാപക ഡയറക്ടർ, കൊൽക്കത്ത നാഷണൽ യൂണിവേഴ‌്സിറ്റി ഓഫ‌് ജൂഡിഷ്യൽ സയൻസിന്റെ വൈസ‌് ചാൻസലർ, ഭോപ്പാൽ നാഷണൽ ജൂഡിഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചു. നിരവധിനിയമ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട‌്. പഞ്ചവത്സര എൽഎൽബി കോഴ്സെന്ന ആശയം മുന്നോട്ട് വച്ചതും മേനോനാണ്. രമാദേവിയാണ‌് ഭാര്യ.