ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

0
435

ഡോ. ബി.ആർ. അംബേദ്കറിന്റെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മംഗളം ദിനപത്രത്തിൽ 2017 നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെ പ്രസിദ്ധീകരിച്ച ‘ശ്രീകോവിലിൽ ദളിതർ കടന്നിട്ടും മനസിൽ വെളിച്ചം കടക്കാത്തവർ’ എന്ന കെ. സുജിത്തിന്റെ ലേഖന പരമ്പരയ്ക്കാണ് അച്ചടി മാധ്യമ വിഭാഗം അവാർഡ്. 30,000 രൂപയും ഫലകവുമാണ് അവാർഡ്. വിവിധ തുറകളിൽ പട്ടികജാതിക്കാരോട് സവർണ മേധാവികൾ കാട്ടുന്ന വിവേചനവും അയിത്തവും തുറന്നു കാട്ടുന്നതാണ് പരമ്പര.

മംഗളം ദിനപ്രത്രത്തിൽ 2018 ജൂലൈ 13ന് പ്രസിദ്ധീകരിച്ച വി.പി. നിസാറിന്റെ ഭൂപടത്തിൽ നിന്ന് മായ്ക്കപ്പെടുന്നവർ എന്ന റിപ്പോർട്ടിന് പ്രത്യേക ജൂറി പുരസ്‌കാരം നൽകും. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. പ്രത്യേക ദുർബല ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് റിപ്പോർട്ട്. കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്ത എം.ജി. പ്രദീഷിന്റെ നേർക്കണ്ണ് എന്ന അന്വേഷണാത്മക പരിപാടിക്കാണ് ദൃശ്യമാധ്യമ വിഭാഗം പുരസ്‌കാരം. മലമ്പണ്ടാരത്തിൽപെട്ടവർ അനുഭവിക്കുന്ന ദുരിതങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച പരിപാടിക്കാണ് അവാർഡ്. 30,000 രൂപയും ഫലകവുമാണ് അവാർഡ്. കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്. എമ്മിൽ സരിത ചന്ദ്രൻ തയ്യാറാക്കി അവതരിപ്പിച്ച ഊരുവെട്ടം എന്ന റിപ്പോർട്ടിനാണ് ശ്രവ്യമാധ്യമ വിഭാഗം അവാർഡ്. ആദിവാസി ഭാഷയിൽ തന്നെ അവതരിപ്പിച്ച റിപ്പോർട്ടാണിത്. 15,000 രൂപയും ഫലകവുമാണ് അവാർഡ്.

മാറ്റൊലി 90.4 എഫ്. എമ്മിൽ കെ. ദേവകി അവതരിപ്പിച്ച ആദിവാസി മേഖലയിലെ പിന്നാക്കാവസ്ഥയും പരിഹാരവും എന്ന റിപ്പോർട്ടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.

പി.ആർ.ഡി ഡയറക്ടർ സുഭാഷ് ടിവി,  മീരാ വേലായുധൻ, ആർ.എസ്. ബാബു, ജോണി ലൂക്കോസ്, ജി.പി. രാമചന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. ഡിസംബർ ആറിന് രാവിലെ 11ന് തിരുവനന്തപുരം പ്രസ് ക്‌ള ക്ലബിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here