നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു

0
58

നടനും സംവിധാധയകനുമായ ജി മാരിമുത്തു(58) അന്തരിച്ചു. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞൂവീണ മാരിമുത്തുവിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്ത് നായകനായ ജയിലറാണ് മാരിമുത്തുവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

തമിഴ് സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞുനിന്ന വ്യക്തിയാണ് മാരിമുത്തു. 1967ല്‍ തമിഴ്‌നാട്ടിലെ തേനിയില്‍ ജനിച്ച മാരിമുത്തു സിനിമാ സ്വപ്‌നവുമായി 1990ലാണ് ചെന്നൈയിലെത്തിയത്. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്യുന്നതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടതോടെയാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്.

രാജ്കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി(1993), എല്ലാമേ എന്‍ രാസത്തന്‍(1995) തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ മണിരത്‌നം, വസന്ത്, സീമന്‍, എസ്.ജെ. സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം. 2004ല്‍ ഉദയ എന്ന ചിത്രത്തില്‍ വേഷമിട്ടു. മാരിമുത്തു സംവിധായകനായി അരങ്ങേറ്റം കുറിച്ച കണ്ണും കണ്ണും(2008) ആണ് പിന്നീട് അഭിനയിച്ച ചിത്രം.

2014ല്‍ പുലിവാല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത യുദ്ധം സെയ് എന്ന ചിത്രത്തിലെ അഴിമിതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മാരിമുത്തുവിന്റെ അഭിനയ ജീവിത്തില്‍ വഴിത്തിരിവായത്. പിന്നീട് ആരോഹമം, നിമിന്‍ന്തുനില്‍, കൊമ്പന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു.

2020ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്കിലൂടെ മാരിമുത്തു മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 2021ല്‍ ധനുഷിനും അക്ഷയ്കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗിരേയിലും അഭിനയിച്ചു. കൊടി, ഭൈരവ, മഗളിര്‍ മട്ടും, സണ്ടക്കോഴി 2, പരിയേറും പെരുമാള്‍, ഗോഡ് ഫാദര്‍, ഭൂമി, സുല്‍ത്താന്‍, ലാഭം, രിദ്ര താണ്ഡം, കാര്‍ബണ്‍, ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ശങ്കര്‍ – കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2, സൂര്യയുടെ കുങ്കുവ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു.

ഭാര്യ: ഭാഗ്യ ലക്ഷ്മി. രണ്ട് മക്കളുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here