വലിയൊരു ഇടവേളയ്ക്കുശേഷം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രമാണ് ദർബാർ. 1992-ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പോലീസ് വേഷത്തിലെത്തിയത്.
പാണ്ഡ്യനില്‍ പാണ്ഡ്യൻ ഐപിഎസ് എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് അഭിനയിച്ചത്. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പാണ്ഡ്യൻ. കൊലപാതകസംഘത്തില്‍ പാണ്ഡ്യനും ചേരുന്നു. ചിത്രം പുരോഗമിക്കുമ്പോള്‍ കൊലപാതകസംഘം തിരിച്ചറിയുന്നു, പാണ്ഡ്യൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന്. കൊലപാതകം ചെയ്‍തവരെ പാണ്ഡ്യൻ ഒടുവില്‍ കുടുക്കുന്നതുമാണ് സിനിമ. എസ് പി മുത്തുരാമൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്.
സൂപ്പര്‍ ഹിറ്റ് സംവിധായകനായ എ ആര്‍ മുരുഗദോസ് ആദ്യമായിട്ടാണ് രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു. ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍. ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.