2017 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണിക്ക് (ദൈവത്തിന്റെ പുസ്തകം) കോഴിക്കോടിന്റെ ആദരം. മാര്‍ച്ച് 23 വെള്ളിയാഴ്ച കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കാനിരിക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയ്ക്ക് രാവിലെ കൃത്യം 10 മണിക്ക് ബി. രാജീവൻ തുടക്കം കുറിക്കും.
‘ദൈവത്തിന്റെ പുസ്തകം’ അതിന്റെ ആനുകാലിക രാഷ്ട്രീയപ്രസക്തികൊണ്ട് ഇതിനോടകം തന്നെ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട് കഴിഞ്ഞ രചനയാണ്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റേയും മിശ്രജീവിതത്തിന്റേയും സാധ്യതകളെ കണ്ടെടുക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാലത്തിന്റെ സന്നിഗ്ധതകളിലേക്ക് പ്രതീക്ഷയുടെ യാനപാത്രത്തെ ഇറക്കികൊണ്ടുവരുന്നുണ്ട്.
വര്‍ഗീയതയ്‌ക്കെതിരെയുള്ള പ്രതിചിന്തയുടെ രാഷ്ട്രീയ മുഖമാണ് ‘ദൈവത്തിന്റെ പുസ്തക’ത്തിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. വർഗ്ഗീയത ഇത്രമേൽ ആഴത്തിൽ വേരുകളാഴ്ത്തിയ ഈ കാലത്തിൽ ഇത്തരം ഓരോ രചനയും പ്രത്യേകം ശ്രദ്ധയും അംഗീകാരവും അർഹിക്കുന്നു.
എഴുത്തിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും ലോകത്തിന് മാതൃകയാവാം എന്ന് തെളിയിക്കുകയാണ് കെ പി കേശവനുണ്ണി, അത് കൊണ്ട് തന്നെയാണ് ഒരു എഴുത്തുകാരന്‍ എത്രമേല്‍ രാഷ്ട്രീയമായി ചിന്തിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തനിക്ക് ലഭിച്ച അവാര്‍ഡ് തുക വര്‍ഗീയ ഭ്രാന്തന്മാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മയ്ക്ക് നല്‍കിയത്. അത്തരം ഒരു വ്യക്തിക്ക് വായനാലോകം നൽകുന്ന ആദരമായി അംഗീകാരങ്ങളെ കാണാം.
വൈകുന്നേരം 5 ന് കവിയും പരിസ്ഥിതി പ്രവർത്തകനുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്ന ആദരസമ്മേളനത്തോട് കൂടി പരിപാടി അവസാനിക്കും.