സിനിമ
രമേശ് പെരുമ്പിലാവ്
ഇന്ന് സിനിമയെന്നല്ല ഒരു കാര്യവും നേരെ ചൊവ്വേ ചെയ്യാൻ പറ്റാത്ത ഒരു ജീവിത സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എങ്കിലും പലരും തങ്ങളാലാവുംവിധം ഇടപെടലുകൾ പല മേഖലകളിൽ നടത്തുന്നുണ്ട്. കലയിലും അതിന്റെ അനുരണനങ്ങൾ പലവിധത്തിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാം ഓൺലൈനിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതാണ് വർത്തമാന ജീവിതം.
അത്തരമൊരു ജീവിത സാഹചര്യത്തിൽ ഏറെ വെല്ലുവിളികളോടെ കുറച്ച് കലാകാരന്മാർ ഒരു സിനിമയുമായി നമുക്ക് മുന്നിൽ എത്തിയതിന്റെ സാക്ഷിപത്രമാണ് ‘സീ യു സൂൺ’ എന്ന ചലച്ചിത്രം. അവരുടെ ഇച്ഛാശക്തി എത്ര ആഴത്തിലുള്ളതാണ് എന്ന് കാട്ടിത്തരുന്നു ഈ സിനിമയുടെ പെർഫക്ഷൻ. അങ്ങനെയൊന്നും തോറ്റുകൊടുക്കാൻ ഒരുക്കമല്ലായെന്ന് ഫഹദ് ഫാസിലും കൂട്ടുകാരും സീ യു സൂണിലുടെ പറയുമ്പോൾ മലയാള സിനിമയ്ക്ക് ഒരു ഉണർവ്വും പുത്തനാശയങ്ങളും കൂടിയാണ് സംഭവിക്കുന്നത്. എങ്ങനെ തുടങ്ങണം എന്ന അന്ധാളിപ്പിന് മുന്നിൽ ഒരു വഴിവിളക്കാവും ഈ സിനിമ എന്ന് നിസ്സംശയം പറയാം.
വെർച്ച്വൽ ലോകത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് സീ യു സൂൺ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്.
കമ്പ്യൂട്ടർ സ്ക്രീനും സ്മാർട്ട് ഫോൺ ഡിസ്പ്ലേയും തിരശ്ശീലയാവുന്ന വേറിട്ടൊരു കാഴ്ചയുടെ തിര ലോകം കാണികൾക്ക് മുന്നിൽ തുറന്നിടുന്നു.
വീഡിയോ കോളുകളുടെ ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. എന്നാലതൊരിക്കൽ പോലും കാഴ്ചക്കാരനെ ഇതെന്താ എല്ലാം ഇങ്ങനെയെന്നൊരു ചിന്തയുണ്ടാക്കുന്നില്ല. മറിച്ച് പ്രേക്ഷകനെ ആകർഷിക്കുകയാണ് ചെയ്യുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഓരോ കാണിയും ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ഇന്ന് ജീവിച്ചു പോകുന്നത് എന്നതിനാൽ അതവന്, അവൾക്ക് തന്റെ ജീവിതം കടന്നുപോകുന്നതു പോലെ എന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. സിനിമ അതുകൊണ്ട് കൂടുതൽ പ്രിയങ്കരമാവുന്നു.
വിരൽത്തുമ്പുകൊണ്ട് ഏത് നിമിഷവും ആരും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ‘ഹായ്’ എന്നൊരു വാക്കിലൂടെ പല ബന്ധങ്ങളും വലക്കണ്ണികളിൽ കുടുങ്ങി പോകുന്നുണ്ട്.
സിനിമയിലെ നായകൻ ജിമ്മിയും (റോഷൻ മാത്യു) നായിക അനുവും (ദർശന രാജേന്ദ്രൻ) കണ്ടുമുട്ടുന്നതു ഇതേ യാദൃശ്ചികതയിലൂടെയാണ്.
ദുബായിൽ ജീവിക്കുന്നവരാണ് ജിമ്മിയും അനുവും. പരിചയം, സൗഹൃദം, പ്രണയം എന്നിങ്ങനെ വളരുന്ന അവരുടെ അടുപ്പം, വീട്ടുകാരെ അറിയിച്ച് വിവാഹത്തിലേയ്ക്ക് വളരെ പെട്ടെന്ന് പ്രവേശിക്കുന്ന ഘട്ടത്തിന് തൊട്ടു മുമ്പ് ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിൽ ആകെ തകിടം മറിയുന്നു. അവിടം മുതൽ പ്രേഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു സീ യു സൂൺ. ജിമ്മിയുടെയും അനുവിന്റെയും ബന്ധത്തിന് പിന്നീടെന്താണ് സംഭവിക്കുന്നതെന്നണ് ചിത്രം പറയുന്നത്.
ജിമ്മിയുടെ കസിൻ കെവിൻ (ഫഹദ് ഫാസിൽ) എന്ന ഐടി പ്രഫഷണൽ സിനിമയുടെ ഗതിവിഗതികളിൽ നിർണ്ണായകമായ സാന്നിദ്ധ്യമായ കേന്ദ്ര കഥാപാത്രമാണ്. പതിവു പോലെ തന്റെ അഭിനയ മികവ് ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതാണ് ഫഹദിന്റെ കെവിൻ തോമസ്. ഒരു ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും മാനുഷിക മൂല്യങ്ങൾ ഹൃദയത്തിന്റെ മടിത്തട്ടിൽ കാത്തുസൂക്ഷിക്കുന്ന യഥാർഥ മനുഷ്യനിലേക്കും ഫഹദ് വളരെ ലളിതമായി പരകായപ്രവേശം നടത്തുന്നുണ്ട്. അഭിനയത്തോടൊപ്പം നിർമ്മതാവിന്റെ വേഷവും ഈ കെട്ടകാലത്ത് ഏറ്റെടുത്ത് വിജയിപ്പിച്ച തൂവൽ കൂടി ഫഹദിന്റെ തൊപ്പിയിൽ സ്ഥാനം പിടിക്കും.
മലയാള സിനിമയിൽ തൊട്ടപ്പനിലൂടെയും കപ്പേളയിലൂടെയും മൂത്തോനിലൂടെയും മിന്നുന്ന താരമായി മുന്നോട്ട് സഞ്ചരിക്കുന്ന റോഷൻമാത്യുവിന്റെ ജിമ്മി, ഫഹദിനൊപ്പം മൽസരിച്ചഭിനയിച്ചിരിക്കുന്നു. നായികാവേഷം ദർശന രാജേന്ദ്രൻ മനോഹരമായി അവതരിപ്പിച്ചു.
വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും അഭിനയസാധ്യത ഏറെയുള്ള വേഷത്തെ നടി ഭംഗിയാക്കി. റോഷൻ മാത്യുവിന്റെ അമ്മയായി മാലാ പാർവതിയും, കൂട്ടുകാരനായി സൈജു കുറുപ്പ്, തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
എഴുത്തുകാരനായും എഡിറ്ററായും മികവ് തെളിയിച്ച ബഹുമുഖപ്രതിഭയാണ് മഹേഷ് നാരായണൻ. ടേക്ക് ഓഫ് എന്ന സിനിമ തന്നെ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ മികച്ച ഉദാഹരണം. സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതൽ മനോഹരമാക്കുന്നു. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചും ഇത്രയേറെ മികച്ച ഒരു സിനിമ നിർമ്മിക്കാനായി എന്നത് സീ യു സൂണിനു പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാനാകുന്ന നേട്ടമാണ്. തനിക്ക് ചുറ്റുമുള്ള നിരവധി പേർക്ക് പ്രചോദനവും, പുതിയ തുടക്കവും കൂടിയാവുന്നു ഈ സിനിമ.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.