Homeകഥകൾവിശ്വാസം

വിശ്വാസം

Published on

spot_imgspot_img

കഥ

നവീൻ എസ്

ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന പത്രം മറിച്ചു നോക്കുകയായിരുന്നു ഞാൻ. സ്വാധീനക്കുറവുള്ള ഇടങ്കാലും വലിച്ചു കൊണ്ട് അയാൾ മുന്നിൽ വന്നു നിന്നു. കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഉറ്റ ചങ്ങാതിയോടെന്ന പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അത്രയും ആത്മാർത്ഥമായ ഒരു അഭിവാദനത്തിന് അർഹമായ മറുപടി നൽകാനാവില്ല എന്ന ഉറപ്പുള്ളതിനാൽ ഞാൻ മുഖം പത്രത്താളിന് പുറകിലൊളിപ്പിച്ചു.

“സാറേ…തൃശ്ശൂർക്കുള്ള പാസഞ്ചർ ഇവിടല്ലേ വര്വാ?” സ്ത്രീകളുടേത് പോലെ സൗമ്യമായിരുന്നു അയാളുടെ ശബ്ദം. “ഉം… ” മുഖം കൊടുക്കാതെ മൂളുക മാത്രം ചെയ്തിട്ടും അയാൾ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്.

“വണ്ടി വരാൻ ഇനീമൊരു മണിക്കൂറാവും. കുറച്ചൂടെ മുന്നോട്ട് നടന്നാ വെയറ്റിങ്ങ് റൂമ്ണ്ട്”
അയാൾ പോവും എന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അയാൾക്ക് പോകാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നിയില്ല. ഒറ്റക്കാലിൽ ഊന്നിയുള്ള ആ നിൽപ്പ് കണ്ട് സഹതാപം തോന്നിയിട്ടോ എന്തോ, എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്, ബാഗ് അരികിലേക്ക് നീക്കി വെച്ച് അയാൾക്ക് ഇരിക്കാനുള്ള സ്ഥലം നൽകി. “ഇനിക്കെല്ലാരേം പേട്യാ…”
മുന്നിലെ ഇരുളിലേക്ക് നോക്കിയാണ് അയാൾ സംസാരിക്കുന്നത്.
”ഇരുട്ടത്ത് ഒറ്റക്ക് നടക്കുന്ന കുട്ടീടെ മനസ്സാ സാറേ ഇനിക്ക്. ഒരാക്രമണം ഏതു ഭാഗത്ത് നിന്നുണ്ടായാലും തടയാനുള്ള കെൽപ്പില്ല. കള്ളൻമാർക്ക് പിടിച്ചു പറിക്കാൻ മാത്രമൊന്നും എന്‍റട്ത്തില്ല. പക്ഷേല് ആക്രമിക്കാൻ വരുന്നോർക്ക് അതറീലാല്ലോ. ഒറ്റക്കാലും വെച്ച് ജീവിക്കാൻ പെടുന്ന പാട് ഇനിക്കേ അറിയൂ. ഇതീ കൂടുതലൊന്നും താങ്ങാനുള്ള ശേഷിയില്ല…”

അയാളുടെ ശബ്ദമിടറി. “ഇനിക്കാരേം വിശ്വാസമില്ല സാറേ…”
അയാളുടെ കൈകൾ ബാഗിന് മീതെ മുറുകുന്നത് കണ്ട് എന്‍റെ കണ്ണുകൾ തിളങ്ങി. “എന്നേയും?”
ക്രൂരമായൊരു ആനന്ദത്തോടെയാണ് ഞാനത് ചോദിച്ചത്. “ഇങ്ങളെ എനിക്ക് വിശ്വാസാ… ഇങ്ങടെ കണ്ണ് കണ്ടാലറിയാ ഇങ്ങളൊര് പഞ്ചപ്പാവാന്ന് ”

ശരീരത്തിനും, അതിലേറെ മനസ്സിനും ഒരുപാട് മാറ്റങ്ങൾ വരുത്തി കടന്ന് പോയ കാലം എന്റെ കണ്ണുകളെ മറന്നുവെന്ന് വേണം കരുതാൻ. പിറന്ന് വീണ കുഞ്ഞിന്‍റെയത്രയും നിഷ്കളങ്കത തുളുമ്പുന്ന കണ്ണുകളിൽ ഒരു തവണ നോക്കിയ ആർക്കും എന്നെ അവിശ്വസിക്കാനാകുമായിരുന്നില്ല.
കറ കളഞ്ഞ വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണല്ലോ വീട് പണയപ്പെടുത്തിയും കടം വാങ്ങിയും പെങ്ങളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം അച്ഛനമ്മമാർ എന്നെ സൂക്ഷിക്കാനേൽപ്പിച്ചതും അതുമായി എനിക്ക് നാടു വിടാനായതും. ഒപ്പം ഞാനുമുണ്ടാകും എന്ന അന്ധമായ വിശ്വാസത്തിലാണ് ഗർഭിണിയായ കാമുകി കടലിലേക്കെടുത്തു ചാടിയത്. പോലീസുകാരന് എന്‍റെ മേലുണ്ടായ വിശ്വാസം കാരണമാണ് കോടതിയിലേക്കുള്ള വഴിമധ്യേ എനിക്ക് രക്ഷപ്പെടാനായത്.

പക്ഷെ, ഇപ്പോൾ, അയാളുടെ പുഞ്ചിരി പെയ്യുന്ന കണ്ണുകളെ നേരിടാനാകാതെ എന്‍റെ നിഷ്കളങ്ക മിഴികൾ താഴ്ന്നു പോകുന്നു.
“ഹാ.. ഇത്രയൊക്കെ ആയിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ… ഞാൻ ശിവൻ; ഇവിടെ ആയിലോട് പഞ്ചായത്തിലെ ക്ലാർക്കാ. വീടും അട്ത്തന്നെ.”
അയാളുടെ തണുത്ത കൈപ്പത്തിക്കുള്ളിൽ എന്റെ വിരലുകളമർന്നു.
മറുപടിയായി ഞാൻ വായിൽ തോന്നിയ ഒരു പേര് പറഞ്ഞു. സംസാരം അവിടെ അവസാനിക്കട്ടെ എന്ന് കരുതി കീശയിൽ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ചു.

“മുളങ്കുന്നത്ത്കാവിലെ ‘കില’യില്ലേ. നാളെ അവിടെ ഒറ്റ ദിവസത്തെ ട്രെയിനിങ്ങുണ്ട്. ഒപ്പമുള്ളോരൊക്കെ നാളെ കാലത്തെ വരൂ. ഒറ്റക്കാലും വെച്ച് മഴേത്തൊക്കെ ഇഴഞ്ഞെത്താൻ വല്യ പാടാ. അതാ ഇന്നേയിങ്ങ് പോന്നേ.”

ദു:ഖം കനത്ത് പെയ്യാനൊരുങ്ങുന്ന മുഖത്തിനായി പാളി നോക്കിയ ഞാൻ ഞെട്ടി. അയാൾക്കെങ്ങനെ ഇത്രയും തുറന്ന് ചിരിക്കാനാവുന്നു. എനിക്കയാളോട് ഇർഷ്യ തോന്നി.
“അല്ല… ജോലി എവിടെയാന്ന് പറഞ്ഞില്ലല്ലോ?”
ഒറ്റക്കാലൻ വിടാൻ ഭാവമില്ല.
“വക്കീലാ…”

പറഞ്ഞത് പച്ചക്കള്ളമാണെങ്കിലും പണ്ട് അങ്ങനെയൊരു മോഹം കൊണ്ട് നടന്നിരുന്നു. നിമിഷ നേരം കൊണ്ട് ഒന്നാന്തരം കള്ളക്കഥകൾ ചമയ്ക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള പാടവം കണ്ട് അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച പണിക്കര് മാഷാണ് എന്നിൽ മികച്ചൊരു വക്കീൽ ഭാവി കണ്ടത്. അമ്മയുടെ അലക്കിയലക്കി നിറം മങ്ങിയ കറുത്ത അടിപ്പാവാട സ്കൂൾ യൂണിഫോമിന് മുകളിൽ ഗൗണായി അണിഞ്ഞു നടന്ന, നായക-പ്രതിനായക ഭേദമന്യേ സ്ക്രീനിൽ കണ്ട വക്കീലന്മാർക്ക് കൈയ്യടിച്ച ഒരു ബാല്യം വിദൂര സ്മൃതിയിലുണ്ട്. ആ ആഗ്രഹം എത്ര കാലം കൊണ്ട് നടന്നെന്നോ എപ്പോൾ എവിടെ ഉപേക്ഷിച്ചെന്നോ ഓർക്കുന്നില്ല.

ട്രെയിനിന്‍റെ വരവറിയിച്ചു കൊണ്ടുള്ള അറിയിപ്പ് കേട്ടതും ഞാൻ എണീറ്റ് മുന്നോട്ട് നടന്നു. അപ്പോൾ മാത്രം ചാറിത്തുടങ്ങിയ മഴ വണ്ടി പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും കോരിച്ചൊരിയാൻ തുടങ്ങിയിരുന്നു. ഓടി വണ്ടിയിൽ കയറിയതിനാൽ കാര്യമായി നനഞ്ഞില്ല. വയ്യാത്ത കാലും വലിച്ചെത്തിയപ്പോഴേക്കും അയാൾ മുഴുവനായും നനഞ്ഞൊലിച്ചിരുന്നു. ഏതോ എക്സ്പ്രസ്സിന് പോകാനായി പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്.

“ഞാനീ വേഷമൊന്ന് മാറ്റിയിട്ട് വരാം.” സീറ്റിൽ വെച്ച ബാഗിൽ നിന്നും ഒരു തോർത്തും ഷർട്ടുമായി അയാൾ ടോയ്ലെറ്റിലേക്ക് പോയി.

അകത്ത് കയറി വാതിലടച്ചു എന്നുറപ്പായതോടെ ഞാൻ അയാളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങി. മൊബൈലും വാച്ചുമേ വിലപിടിച്ചതായുള്ളു. പിന്നെ പഴ്സിലും ബാഗിന്‍റെ രഹസ്യ അറയിലും വസ്ത്രങ്ങൾക്കിടയിലുമായി സൂക്ഷിച്ച മൂവായിരത്തിച്ചില്വാനും രൂപയും.

പ്ലാറ്റ്ഫോമിന്‍റെ എതിർവശത്തേക്ക് ചാടിയിറങ്ങി, എതിർദിശയിലേക്ക് കുതിക്കാനായി കൂകിയാർക്കുന്ന വണ്ടിയിൽ വലിഞ്ഞു കയറുമ്പോൾ ഒരു വിശ്വാസ ഗോപുരം കൂടി തച്ചുടച്ചതിന്‍റെ നിർവൃതിയിൽ നിഷ്കളങ്ക മിഴികൾ തിളങ്ങി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...