ആദ്യ ദിനത്തിൽ തന്നെ 28518 അപേക്ഷകളുമായി കാലിക്കറ്റ് സർവ്വകലാശാല ഏകജാലകം. കാലിക്കറ്റ് സർവ്വകലാശാലയുടെ 2018-19 അധ്യയന വർഷത്തെ ഡിഗ്രി പ്രവേശന ഓൺലൈൻ റജിസ്ട്രേഷനിൽ ആദ്യ ദിനം ഫീസടച്ചവർ 33211 പേരും, റജിസ്റ്റർ ചെയ്തവർ 28518 പേരും, കോളേജ് തെരെഞ്ഞെടുത്തവർ 27058 പേരുമാണെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ റജിസ്ട്രേഷനിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്. അലോട്ട്‌മന്റ് സംബന്ധിച്ച വിവരങ്ങൾ റജിസ്ട്രേഷനിൽ സമയത്ത് നൽകുന്ന മൊബെയിൽ നമ്പറുകളിൽ മാത്രമാണ് ലഭ്യമാവുക. മാനേജ്‌മന്റ്, കമ്മ്യൂണിറ്റി, സ്പോർട്ട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ ചെയ്തതിന് ശേഷം അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യണം.
ആകെ 56000 സീറ്റുകളിലേക്കാണ് ഏകജാലകം വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളുടെ ഓൺലൈൻ അലോട്ട്‌മന്റ് ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. പകരം പ്രസ്തുത വിഭാഗത്തിൽ റജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജുകളിലേക്ക് നൽകുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്ന് പ്രവേശനം നടത്തുന്നതുമാണ്.
www.cuonline.ac.in എന്ന വെബ് സൈറ്റ് വഴി മെയ് 30 വരെ ഫീസടച്ച് മെയ് 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.