കൊയിലാണ്ടിയിൽ ആരംഭിക്കുന്ന സിവിൽ സർവീസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ വെച്ച് നടക്കുന്ന പരീക്ഷ, രാവിലെ 9 ന് ആരംഭിക്കും. 100 മാർക്കിനുള്ള രണ്ട് മണിക്കൂർ ഒബ്ജക്റ്റീവ് മാതൃകയിലാണ് പരീക്ഷ. എക്സാം ഫീ 50 രൂപ. മറ്റു ഡോക്യുമെന്റുകൾ ആവശ്യമില്ല. ഇന്റർവ്യൂ ആഗസ്റ്റ് 12 ന്.
കൊയിലാണ്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിവിൽ സർവ്വീസ് അക്കാദമി വരുന്നത്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 5 വർഷമായി വിജയകരമായി പ്രവർത്തിച്ചു വരുന്ന, കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല സിവിൽ സർവീസ് പരിശീലന പദ്ധതിയായ സ്റ്റെപ്, കൊയിലാണ്ടി നഗരസഭ എന്നിവർ ചേർന്ന് ‘ഐ ലേൺ സിവിൽ സർവീസ് അക്കാദമിയുടെ അക്കാദമിക് സഹകരണത്തോട് കൂടിയാണ് അക്കാദമി ആരംഭിക്കുന്നത്.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രണ്ടു ബാച്ചുകളിലേക്കാണ് പ്രവേശനം. 8, 9, 10 ക്ലാസ്സ് കുട്ടികളുടെ 80 പേരടങ്ങുന്ന ബാച്ചാണ് ജൂനിയർ ബാച്ച്. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷക്കും വിദഗ്ദ പാനലിന്റെ ഇന്റർവ്യുവിനും ശേഷമായിരിക്കും പ്രവേശനം.
സീനിയർ ബാച്ചിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന +1 , +2, ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. സീനിയർ ബാച്ചിൽ 60 പേർക്കാണ് പ്രവേശനം നൽകുക.
പൊതു വിദ്യാലയത്തിലെ കുട്ടികൾക്കു മാത്രമായിരിക്കും പ്രവേശനം. ഒരു വർഷത്തിൽ 50 ദിവസങ്ങളിലായി 150 മണിക്കൂർ ആണ് ക്ലാസ്സുണ്ടായിരിക്കുക. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തപ്പെടുക.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കും.