അലി ഫർസീൻ
” You have friends all over the world, you just haven’t met them yet..”
ലോകത്തെവിടെ ചെന്നാലും നിങ്ങളെ സ്വീകരിക്കാനും താമസ സൗകര്യം നൽകാനും ആളുകളുണ്ടാവുക എന്നത് സ്വപ്നത്തിലെങ്കിലും ആലോചിക്കാൻ കഴിയുമോ? ആംസ്റ്റർഡാമിൽ, കോപ്പൻഹേഗനിൽ, ലണ്ടനിൽ, ന്യൂയോർക്കിൽ, മാഡ്രിഡിൽ, റോമിൽ, സാൻഫ്രാൻസിസ്കോയിൽ, ബ്രസീലിൽ, ബർലിനിൽ, ബാർസിലോണയിൽ, പാരീസിൽ… അങ്ങിനെ ലോകത്ത് ജനവാസമുള്ള പ്രദേശങ്ങളിലൊക്കെയും സുഹൃത്തുക്കളെ കണ്ടെത്താനും സൗജന്യ താമസം ലഭ്യമാക്കാനും നിങ്ങൾക്ക് സഹായകരമാവുന്ന ഒരു വെബ്‌സൈറ്റിനെ കുറിച്ചാവട്ടെ ഇന്നത്തെ കുറിപ്പ്.
ചിലവ് കുറഞ്ഞതും സുരക്ഷിതവുമായ താമസ സൗകര്യം ഏത് സഞ്ചാരിയുടെയും അടിസ്ഥാന ആവശ്യമാണ്. ആഗോള തലത്തിൽ സഞ്ചാരികൾക്ക് സൗജന്യ താമസ-ആതിഥ്യ സേവനങ്ങൾ ലഭ്യമാവാൻ സഹായകരമാവുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് ‘കോച്ച് സർഫിംഗ്’. ബജറ്റ് സഞ്ചാരികളും സാഹസിക സഞ്ചാരികളും ഒരു പോലെ ഉപയോഗിച്ച് വരുന്ന കോച്ച് സർഫിംഗ് ആഗോള സഞ്ചാരസമൂഹവുമായി അംഗങ്ങളെ ബന്ധിപ്പിക്കുന്ന സേവനമാണ്.
സഞ്ചാരികളെ സ്വീകരിക്കാനും താമസ സൗകര്യം നൽകാനും സന്നദ്ധരായ ആളുകളെയും യാത്രകൾക്കിടയിൽ താമസ സൗകര്യം ആവശ്യമുള്ള യാത്രികരെയും പരസ്പരം ബന്ധപ്പെടുത്തുന്ന പ്ലാറ്റ്‌ഫോം ആയിട്ടാണ് ഈ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. കോച്ച് സർഫിംഗ് സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ പ്രൊഫൈൽ നിർമ്മിക്കുക വഴി നിങ്ങൾക്ക് നിങ്ങളുടെ യാത്രകളിൽ വിവിധ ദേശങ്ങളിൽ നിന്നുള്ളവരുടെ ഹോസ്റ്റ് സ്വീകരിക്കുകയും ലോകത്തിന്റെ പല കോണുകളിൽ നിന്ന് നിങ്ങളുടെ നാട്ടിലെത്തുന്ന സഞ്ചാരികളെ നിങ്ങളുടെ വീട്ടിലോ ഫ്ലാറ്റിലോ ഹോസ്റ്റ് ചെയ്യുകയും ചെയ്യാം. താമസം ഒരുക്കുന്നവരെ ഹോസ്റ്റ് (Host) എന്നും താമസം സ്വീകരിക്കുന്നവരെ സർഫർ (Surfer) എന്നുമാണ് വിശേഷിപ്പിക്കുക. നാനൂറായിരം ഹോസ്റ്റുകളും നാലു മില്ല്യൺ സർഫർമാരുമാണ് നിലവിൽ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
യാത്ര പ്ലാൻ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങൾ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലുള്ളവർക്ക് റിക്വസ്റ്റ് അയക്കണം. ഹോസ്റ്റുകളുടെ പ്രൊഫെയിലുകളിൽ മുമ്പ് ഹോസ്റ്റ് സ്വീകരിച്ചവരുടെ ഫീഡ്‌ബാക്കും മറ്റു വിവരങ്ങളും ശ്രദ്ധിച്ച് വളരെ സൂക്ഷമതയോടെ വേണം റിക്വസ്റ്റ് അയക്കാൻ. വിദേശ രാജ്യങ്ങളിലേക്കാണ് യാത്രയെങ്കിൽ റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ നിർദ്ദിഷ്ട വകുപ്പുകളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ കൂടി മനസ്സിലാക്കണം. റിക്വസ്റ്റ് അയച്ചു എന്നത് കൊണ്ട് മാത്രം കാര്യമില്ല, നിങ്ങളുടെ പ്രൊഫൈലിലെ വിവരങ്ങളും ഫീഡ്‌ബാക്കുകളും പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ ഹോസ്റ്റുകൾ റിക്വസ്റ്റ് സ്വീകരിക്കുകയുള്ളൂ. നിശ്ചിത തുക അടച്ച് പ്രൊഫൈൽ വെരിഫൈ ചെയ്യുന്നവർക്ക് മറ്റ് യൂസർമാർക്ക് ലഭിക്കുന്നതിനേക്കാൾ വിശ്വാസ്യത ലഭിച്ച് പോരുന്നുണ്ട്.
പ്രയോജനങ്ങൾ നിരവധി..
ഓരോ നാടിനെയും അവിടുത്തെ പ്രാദേശിക ജനത അറിയുന്നത്ര മറ്റൊരാൾക്കും അറിയാൻ കഴിയില്ല. ഗൂഗിളിനും ട്രാവലിംഗ് സൈറ്റുകൾക്കും നൽകാൻ കഴിയാത്ത പലതും തദ്ദേശീയനായ ഒരു സാധാരണക്കാരന് നൽകാൻ കഴിഞ്ഞേക്കാം. വൈവിധ്യങ്ങൾ തേടിയുള്ള യാത്രകളിൽ ഒരു പക്ഷെ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന മികച്ച അനുഭവങ്ങൾ നൽകുന്നതും അവർ തന്നെയാവും. കോച്ച് സർഫിംഗ് വഴി നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹവും അത് തന്നെയാണ്. യാത്രകളിൽ ലഭിക്കുന്ന ഹോസ്റ്റ് വഴി അതത് പ്രദേശങ്ങളിലെ പരിപൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത് കൊണ്ട് തന്നെ യാത്ര കൂടുതൽ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയും. കൂടാതെ സാധാരണയായി ടൂറിസ്റ്റുകളെ കബളിപ്പിക്കുന്ന വ്യാജ ഗൈഡുമാരിൽ നിന്നും മറ്റും രക്ഷപ്പെടാം എന്നുള്ളതും കോച്ച് സർഫിങ്ങിന്റെ ഗുണമാണ്.
പിറവിക്ക് പിന്നിലും യാത്ര..
കോച്ച് സർഫിംഗ് എന്ന ആശയത്തിന്റെ പിറവിക്ക് പിന്നിലുമൊരു യാത്രയുടെ കഥയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമറായിരുന്ന കെയ്സി ഫെന്റണ് ഒരിക്കൽ ഐസ്‌ലന്റ്‌ലേക്ക് കുറഞ്ഞ തുകയ്ക്ക് വിമാന ടിക്കറ്റ് ലഭിക്കുകയുണ്ടായി. പക്ഷെ ഐസ്‌ലന്റിൽ ഫെന്റണ് ലോഡ്ജിംഗ് സംവിധാനമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് അദ്ധേഹം ഐസ്‌ലന്റ് യൂണിവേർസിറ്റി സൈറ്റിന്റെ ഡാറ്റബെയ്സ് ഹാക്ക് ചെയ്ത് അവിടെ പഠനം നടത്തുന്ന ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഹോംസ്റ്റേ സൗകര്യം അന്യേഷിച്ച് പരക്കെ ഇ-മെയിലുകൾ അയക്കുകയുണ്ടായി. അതിൽ അമ്പതിനും നൂറിനുമിടയിൽ ആളുകളാണ് ഫെന്റണെ അവരവരുടെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചത്. ബോസ്റ്റണിലേക്ക് തിരിച്ചുള്ള യാത്രയിലാണ് ഒരു വെബ്‌സൈറ്റ് തുടങ്ങുന്നതിനെ പറ്റി അദ്ധേഹം ചിന്തിച്ചതും couchsurfing.com എന്ന വെബ്സൈറ്റ് പിറന്നതും.
NB : വളരെ സീരിയസായ ഒരു കാര്യം ഇതോടൊപ്പം കൂട്ടിച്ചേർക്കാനുള്ളത് ഈ പ്ലാറ്റ്ഫോമിലെ ഇടപെടലുകളെ കുറിച്ചാണ്. വളരെ ജെനുവിൻ ആയ സഞ്ചാരികൾക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോം ആയത് കൊണ്ട് തന്നെ മാന്യമായ രീതിയിൽ മാത്രം ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുക. ഫെയ്സ്‌ബുക്ക്, വാട്സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കേണ്ട ഒന്നല്ല കോച്ച്‌സർഫിംഗ്. കുറച്ചധികം സൂക്ഷ്മത ഇതിനാവശ്യമാണ്. മലയാളികൾക്ക് പേരു ദോഷം വരുത്താതിരിക്കുക.
ഹാവ് എ നൈസ് കോച്ച്‌സർഫിംഗ് എക്സിപീരിയൻസ്.
വിവരങ്ങൾക്ക് കടപ്പാട് : കോച്ച്‌സർഫിംഗ് വെബ്‌സൈറ്റ്, വിക്കിപീഡിയ