അജ്മല്‍ എന്‍. കെ
അനുഗ്രഹീത രചയിതാക്കളാൽ എന്നെന്നും സമ്പന്നമാണ് മലയാള ചലച്ചിത്ര ഗാനരംഗമെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ അനശ്വര പരിവേഷത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുള്ളൂ. ചിലഗാനങ്ങൾ പാടിയവരെക്കാൾ, ഈണമിട്ടവരേക്കാൾ, അതെഴുതിയ തൂലികയാലാണ് ഓർമ്മകളിൽ മായാതെനിൽക്കുന്നത്. നാളികേരത്തിന്റെ നാടിനെ പി ഭാസ്കരനിലൂടെയും, ഹൃദയമുരളിയിലൊഴുകിയ മൃദുലയെ സത്യൻ അന്തിക്കാടിലൂടെയും നാമിന്നുമോർമിക്കാൻ കാരണം വരികളിലവർ നിറച്ച മാധുര്യം തന്നെയാണ്. പാശ്ചാത്യകവിതകളിലെ മെറ്റാഫിസിസ്റ്റുകളെ അനുസ്മരിപ്പിക്കും വിധം അപ്രതീക്ഷിതഉപമകളും അലങ്കാരങ്ങളും കൊണ്ട് വിസ്മയം തീർത്ത മറ്റൊരു രചയിതാവായിരുന്നു യൂസുഫലി കേച്ചേരി.
നിസ്വാർത്ഥപ്രണയമായിരുന്നു യൂസുഫലി കേച്ചേരിയുടെ ഇഷ്ടവിഷയം. കാമുകിക്കണ്ണുകളിൽ വിരുന്നുവന്ന നീലസാഗരവീചികളെ കുറിച്ച് വാചാലനായ കവി തന്നെയാണ് പ്രേമമിത്ര മധുരിക്കുമെന്നും കുളിരേകുമെന്നും ലോകത്തോട് വിളിച്ചുപറഞ്ഞത്. സുറുമയെഴുതിയ മിഴികളെ പ്രണയമധു നിറഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളോട് ഉപമിച്ച അദ്ദേഹം തന്റെ പ്രണയിനിയെ രതിസുഖസാരമാക്കിത്തീർത്ത ദൈവമെന്ന കലാകാരനെ ആവോളം പുകഴ്ത്താനും മറന്നില്ല. ഭക്തിഗാനരംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കവിക്ക് മലയാളത്തേക്കാൾ സ്നേഹം സംസ്‌കൃതഭാഷയോടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള ദേശീയഅവാർഡ് മഴ(2000) എന്ന ചിത്രത്തിലെ സംസ്‌കൃതഗാനത്തിലൂടെ നേടിയ യൂസുഫലി 3 തവണ സംസ്ഥാനതല അവാർഡും നേടിയിട്ടുണ്ട്.
സിനിമാപ്പാട്ടിനൊപ്പം മുഖ്യധാരാകവികളുടെ നിരയിൽ തന്റേതായ സ്ഥാനമുണ്ടായിരുന്ന കവി ആയിരം നാവുള്ള മൗനം, സൈനബ, അഞ്ചുകന്യകകൾ, കേച്ചേരിപ്പുഴ തുടങ്ങി ഒരുപിടി കവിതകളുമെഴുതിയിട്ടുണ്ട്. 1971 ൽ സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിൽ നിർമാതാവും ഗാനരചയിതാവുമായി അരങ്ങേറ്റം കുറിച്ച യൂസുഫലി 1973 ൽ ‘മര’ത്തിലൂടെ സംവിധായകവേഷവുമണിഞ്ഞു. 650 ഓളം ചിത്രങ്ങൾക്കായി ഭാവനവിരിയിച്ച കവിക്ക് മുൻപിൽ കവിയുടെ സ്നേഹസ്വരൂപനെ കാണാനായി കാലം വാതിൽ തുറന്നിട്ട് ഇന്നേക്ക് 3 വർഷം തികയുന്നു. ന്യൂമോണിയ ബാധിച്ച് നമ്മെ വിട്ടകന്ന കവിയെ കണ്ടൊരാക്കാലം, കലാലോലം കടാക്ഷങ്ങൾ മനസ്സിൽ കൊള്ളിച്ച് കവി ജീവിച്ചൊരാക്കാലം മലയാളി മറക്കില്ലെന്ന് കരുതാം. സദാ പൊരിയുന്ന ചിന്തയിൽ കുളിരാർന്ന കുഞ്ഞോളമായി അദ്ദേഹത്തിന്റെ പാട്ടുകൾ നിറയുമെന്ന് നിനക്കാം.