ഹിലാല്‍ അഹമ്മദ്
കോക്ക് സ്റ്റുഡിയോ അതിന്റെ പതിനൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിങ്ങൾ ‘കോക്ക് സ്റ്റുഡിയോ’ കേൾക്കുന്നില്ല എന്നതിനർത്ഥം ലോകത്ത് നിലവിൽ നിർമ്മിക്കപ്പെടുന്ന മികച്ച സംഗീത പരിപാടികളിലൊന്ന് നിങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നാണ്. പാക്കിസ്ഥാനിൽ നിർമ്മിക്കപ്പെടുന്ന ഈ പരിപാടിക്ക് ആഗോളതലത്തിൽ മികച്ച ഫാൻ ബൈസ് ഉണ്ട്.
മികച്ച വിജയമായിരുന്ന 7, 8, 9 ,10 സീസണുകൾക്ക് ശേഷം സ്ട്രിങ്സ് നിർമ്മാണം ഒഴിയുകയും സോഹൈബ് ഖാസിയും അലി ഹംസയും നിർമ്മാണം ഏറ്റെടുക്കുകയും ചെയ്ത് One Nation, One Spirit, One Sound എന്ന ആപ്തവാക്യത്തില്‍ ആഗസ്റ്റ് 10 മുതൽ കോക്ക് സ്റ്റുഡിയോ എത്തുന്നത്.
ആപ്തവാക്യത്തിന് വിരുദ്ധമായി പത്തു വർഷത്തോളം കോക്ക് സ്റ്റുഡിയോ എത്തിനോക്കാത്ത പാക്കിസ്ഥാന്റെ ട്രൈബൽ, മൈനോറിറ്റി ഭാഷകളിലെ സംഗീതത്തെ തേടിച്ചെന്ന കോക്ക് സ്റ്റുഡിയോ എക്‌സ്‌പ്ലോറർ ഇതിനോടകം ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. ചിത്രാളിലെ ഖലാശാ ഭാഷയിൽ അറിയാനായും അംറിനെയും പാടിയ പാരീഖ്, സിന്ധിൽ നിന്ന് ശമ്മുവും വിഷ്ണുവും പാടിയ ഫഖീറ, കാഷ്‌മീരിലെ നാടോടി ഗായകനായ അൽത്താഫ് മീറും സംഘവും പാടിയ ഹാ ഗുലോയുമെല്ലാം ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഹം ദേക്കേങ്കെ ആണ് ഇത്തവണ സീസൺ ഇട്രോഡക്ഷൻ സോങ്. കോക്ക് സ്റ്റുഡിയോയിൽ ഇത്തവണ പെർഫോം ചെയ്യുന്ന എല്ലാ കലാകാരന്മാരും അണി നിരക്കുന്നതാണ് ഈ ഗാനം. പഴയ പല മുഖങ്ങളും കൊഴിഞ്ഞു പോവുകയും പലരും നിലനിൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന രാഹത്ത് ഫത്താഹ് അലി ഖാൻ, ഖുറാത്തുൽ ഐൻ ബലൂഷ്, ശഫാക്കത്ത് അമാനത്ത് അലി എന്നിവർ ഇത്തവണ ഇല്ല എന്നത് നിരാശാജനകമാണ്. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട സീസൺ 9 ലെ ഷാനി അർഷാദ്, സെബുന്നിസ ബഗ്ദാഷ്, മീശ ഷാഫി, അലി അലി സഫർ എന്നിവരെ കാണാത്തത് നിരാശപ്പെടുത്തി. (അംജദ് സബ്‌രി സാബ്, താങ്കളെ ആർക്കും തിരികെ തരാൻ കഴിയില്ലല്ലോ.) പ്രത്യേകിച്ച് രാഹത്ത് ഫത്താഹ് അലി ഖാൻ. താങ്കളുടെ മാസ്മരികത വല്ലാത്ത നഷ്ട്മാവും. ഹിന നസ്രുള്ളക്കും, മുഹ്‌സിൻ അബ്ബാസ് ഹൈദരിനും ഒക്കെ ഒരവസരം കൂടെ നല്കാമായിരുന്നു.
അബിദ പർവീൻ തിരികെ എത്തുന്നു എന്നതാണ് ഏറ്റവും നല്ല വാർത്ത. കോക്ക് സ്റ്റുഡിയോയിൽ ഞാൻ ആദ്യമായി കേട്ട ശബ്ദമായിരുന്നു അത്. (കേട്ടപാടെ പ്രണയത്തിലായിപ്പോയി, ആ ശബ്ദവുമായി). അലി സേഥി (രഞ്ജിഷ് ഹി സഹി ഇപ്പോഴും എപ്പോഴും പ്രിയപ്പെട്ടതാണ്.) അത്തഉല്ല ഖാൻ ഇസക്കൽവി (മകൻ വന്നത് ഇഷ്ടമായില്ല ആമിയ ബൈഗ് (കഴിഞ്ഞ തവണത്തേക്കാൾ സ്പേസ് കിട്ടട്ടെ) എന്നിവരെ തിരികെ കണ്ടതിൽ സന്തോഷം. അബ്റാറുൽ ഹഖിനെ സത്യം പറഞ്ഞാൽ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് . മോമിന മുഹതസിയാൻ കഴിഞ്ഞ സീസണിലെ മോശം പെർഫോമൻസ് തുടരരുത് എന്നാണ് അപേക്ഷിക്കാനുള്ളത്. ഷഹീർ അലി ഭാഗയെ കണ്ടത് ഇഷ്ടമായില്ല.
പുതിയ ശബ്ദങ്ങളിൽ ഫരീദ് അയസ്, അബു മുഹമ്മദ് എന്നിവരെ കേൾക്കാനാണ് കാത്തിരിക്കുന്നത്. അസിം അസ്ഹർ പ്രതീക്ഷ നൽകുന്നു. എല്ലാ തവണയും പോലെ ഇൻസ്ട്രുമെന്റ്സിൽ മാരക പെര്‍ഫോമര്‍മാരെ കാത്തിരിക്കുന്നു. ബാബർ ഖന്ന, തബാലയോ, ഡോലക്കോ, എന്തെങ്കിലും മുട്ടാൻ ഇങ്ങള് അവിടെ ഉണ്ടായാൽ മതി
പ്രിയപ്പെട്ട ഹംനവയെ കണ്ടില്ല. റേച്ചൽ വിക്കജി കൊറസ് പാടിപ്പാടി മുഖ്യധാരാ പാട്ടുകാരി ആയിരിക്കുന്നു. അത് വേറൊരു സന്തോഷം.
ഇതിലൊക്കെ വലിയ സന്തോഷം ഒരു ട്രാൻസ്ജണ്ടറിന് ഇത്തവണ കോക്ക് സ്റ്റുഡിയോ അവകാശം (അവസരമല്ല) നൽകുന്നു എന്നതാണ്. ലക്കി, ലുക്കിങ് ഫോർവെഡ് റ്റു യു.
ഹം ദേക്കെങ്കെ….