മലയാള സിനിമയിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസ്സിൽ സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധികളും, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങൾ സിനിമാ വ്യവസായത്തിന് എങ്ങനെ കൂടുതൽ ഫലവത്താക്കാം എന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തി.
മലയാള സിനിമയുടെ വളർച്ചയ്ക്ക് ചിത്രാഞ്ജലി സ്റ്റുഡിയോ എത്രയും വേഗം നവീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സിനിമാ സംഘടനകൾ നിർദ്ദേശിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി.എൻ.കരുൺ, മുൻ ചെയർമാൻമാരായ പി.വി.ഗംഗാധരൻ, സാബു ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ദീപാ.ഡി.നായർ സിനിമാ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഏകോപിപ്പിച്ച് സിനിമാ മേഖലയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ സർക്കാരിനു സമർപ്പിക്കും.