‘ചോല’ ചോദിച്ചത്

0
758

സൂര്യ സുകൃതം

കാട്ടരുവി, തണൽ, എന്നിങ്ങനെ അർത്ഥം  വരുന്നൊരു വാക്കിനെ ചോര കൊണ്ടെഴുതി വച്ച തരം ഒരു ടൈറ്റിൽ നൽകിയതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തത്തെ കുറിച്ചുള്ള ആദ്യ സൂചന.

യൂനിഫോമും സ്കൂൾബാഗും ധരിച്ച് കാമുകനൊപ്പം ഒരു ദിവസത്തെ ഉല്ലാസയാത്ര പ്രതീക്ഷിച്ചിറങ്ങിയ ജാനകി എന്ന പെൺകുട്ടി, അവളുടെ കാമുകൻ, കാമുകന്റെ ആശാൻ എന്ന് വിളിക്കപ്പെടുന്ന യജമാനൻ എന്നിങ്ങനെ വെറും മൂന്ന് കഥാപാത്രങ്ങളിലൂടെ സനൽകുമാർ ശശിധരൻ പ്രേക്ഷകരോട് ചർച്ച ചെയ്യുന്നത് ഒരു വലിയ രാഷ്ട്രീയമാണ്. ആണധികാര സാമൂഹ്യ വ്യവസ്ഥയും, സ്ത്രീപക്ഷചിന്താധാരകളും വിഷയമാക്കുന്ന ആദ്യത്തെ സിനിമയല്ല ചോല. ചോലയും (തണൽ/ സ്നേഹം / കരുതൽ),ചോരയും (ഹിംസ /പീഡനം) തമ്മിൽ തിരിച്ചറിയാതെ ആശയകുഴപ്പത്തിലാവുന്ന പെൺമാനസികാവസ്ഥ  ചർച്ച ചെയ്യുന്ന സിനിമകൾ വിരളമാണ്.

പെണ്ണ് ആരുടെ വകയാണ് എന്നാണ് ചോല ചോദിക്കുന്നത്. ആരുടെയെങ്കിലും വകയോ, പങ്കോ, സ്വത്തോ ആവാതെ നിലനിൽപ്പില്ലാത്തവരാണ് സ്ത്രീകൾ എന്നുറച്ച് വിശ്വസിക്കുന്നത് പുരുഷൻമാർ മാത്രമല്ല. ഒരു പക്ഷേ പുരുഷൻമാരേക്കാളധികം സ്ത്രീകളിലാണ് ഈ ബോധം ഉറച്ച് പോയിട്ടുള്ളതെന്ന് ചോല പറഞ്ഞ് വയ്ക്കുന്നു.

ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.

എക്കാലവും തന്നെ സംരക്ഷിക്കാൻ ഒരു പുരുഷൻ വേണമെന്നുള്ള തോന്നലിൽ ബന്ധിതയാണ് പല സ്ത്രീകളും. തനിക്കൊറ്റയ്ക്കൊരു നിലനിൽപ്പില്ലെന്ന ഭയത്തിൽ ചൂഷണങ്ങളെല്ലാം വൈമനസ്യത്തോടെ സ്വീകരിക്കാൻ തയ്യാറാവുന്ന ജാനകിയെന്ന പെൺകുട്ടിയെ പോലെ എത്രയോ കുഞ്ഞുങ്ങളുണ്ട് നമുക്കു ചുറ്റും. ആ മാനസികാവസ്ഥകൾ ഒക്കെ ഇനിയെങ്കിലും ഒന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ഈ സിനിമ പറയാതെ പറയുന്നു.

അധികം ഇളക്കങ്ങൾ ഇല്ലാത്തതാണ് സിനിമയുടെ ആദ്യപകുതി. വളരെ സോഫ്റ്റ് ആയി ഒരു യാത്രയുടെ കൗതുകങ്ങൾ മാത്രം നൽകി നീങ്ങുന്ന സിനിമ പക്ഷേ ഇടവേളയ്ക്കു ശേഷം സസ്പൻസ് എലമന്റിന് തിരികൊളുത്തുകയാണ്. സംസ്ഥാന അവാർഡ് നേടിയ അഭിനയങ്ങൾ വിലയിരുത്തുന്നത് ഒരാർഭാടമാവുമെങ്കിലും പറയട്ടെ ,ഒരോ മൂളലും മുരൾച്ചയും ഒരായിരം ഡയലോഗ് പോലെ തോന്നിപ്പിക്കുന്ന അതിശയകരമായ അഭിനയമാണ് നടൻ ജോജു ജോർജ് ഇതിൽ കാഴ്ച്ച വച്ചിട്ടുള്ളത്. കൗമാരക്കാരിയായ ജാനകി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ അഭിനയിക്കാൻ നിമിഷ സജയനല്ലാതെ മറ്റൊരു നടിയെ സങ്കൽപ്പിക്കുക പോലും അസാധ്യം. ജാനകിയുടെ കാമുകനെന്ന കഥാപാത്രമവതരിപ്പിച്ച അഖിൽ വിശ്വനാഥ്‌ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവച്ചു. മഞ്ഞ്മൂടിയ മലനിരകളിൽ തുടങ്ങി നഗരം കറങ്ങി തിരികെ കാട് കയറുന്ന നല്ലൊരു യാത്രാനുഭവം കൂടിയാക്കി സിനിമയെ മാറ്റിയതിൽ സിനിമാറ്റോഗ്രാഫർ അജിത്ത് ആചാര്യ വഹിച്ച പങ്ക് ചെറുതാവാനിടയില്ല. സിനിമയ്ക്ക് കയറും മുമ്പ് ഒരുപാട് തവണ കേട്ട നല്ല രണ്ട് പാട്ടുകൾ അതിന്റെ മാക്സിമം ക്വാളിറ്റിയിൽ കേൾക്കാൻ കഴിയാതെ പോയെങ്കിലും, കഥാസന്ദർഭം ആവശ്യപ്പെടുന്ന തരത്തിൽ അവയെ പ്ലേയ്സ് ചെയ്തത് ഇഷ്ടപ്പെട്ടു.

റൊമാൻറിക് / ആക്ഷൻ ശുഭപര്യവസായിയായ പടങ്ങൾ മാത്രം കണ്ടു ശീലിച്ച പ്രേക്ഷകവൃന്ദത്തോട് സിനിമയ്ക്ക് സംവദിക്കാനാവുമോ എന്ന ആശങ്ക ഒഴിച്ചു നിർത്തിയാൽ ചോല കണ്ടിരിക്കേണ്ട ഒരു പടമാണ്. കമേഷ്യൽ മലയാള സിനിമാചരിത്രത്തിൽ വ്യക്തമായ ഒരിടമുള്ള പടം.

LEAVE A REPLY

Please enter your comment!
Please enter your name here