നിധിന്‍ വി.എന്‍
ചില ജീവിതങ്ങളെ ചിലരിലൂടെ അറിയുമ്പോള്‍ നാമാകെ ഞെട്ടി പോകും. അതുവരെ നാം ശ്രദ്ധിക്കാതിരുന്ന വേദനകളെ ചാരെ നിര്‍ത്തും. നാട്ടില്‍ ഒരിക്കല്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ താമസിച്ചിട്ടുണ്ട്. ഒരു മാസം തികയും മുമ്പ് അവരെ തല്ലി ഓടിക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള ശബ്ദങ്ങളെ ഒരു നാടിന്‍റെ മൊത്തം അലര്‍ച്ച വിഴുങ്ങി കളഞ്ഞു. അവരാരും മനുഷ്യരല്ല എന്ന രീതിയിലായിരുന്നു മൊത്തം നാടിന്റെയും പ്രതികരണം. അവരിവിടെ താമസിച്ചാല്‍ എന്തെങ്കിലും അസുഖം വരുമെന്ന് കരുതുന്നവരും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അതേ അവര്‍ അടുത്തിരുന്നാല്‍, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാല്‍ എന്തെങ്കിലും അസുഖം വരും എന്ന ചിന്ത പലര്‍ക്കും ഉണ്ട്. അത്രമേല്‍ തോട്ടിപ്പണിയെ പൊതുസമൂഹം ഭയപ്പെടുന്നുണ്ട്, മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അതേ സമയം, തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. ജാതിയുടെ പേരില്‍ മറ്റൊരാളുടെ മലം ചുമക്കേണ്ടി വരുന്ന ഒരു നാട്ടില്‍ തോട്ടിപ്പണി ചെയ്യേണ്ടി വരുന്ന ഒരു ജനതയുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് വിരുതന്‍ നഗര്‍ ജില്ലയിലെ അറപ്പുകോട്ടെ സ്വദേശിയായ ദിവ്യ. 2015-ല്‍ രണ്ട് തോട്ടിപ്പണിക്കാര്‍ സെപ്റ്റിക് ടാങ്കില്‍ വച്ച് വിഷവാതകം ശ്വസിച്ച് മരണമടഞ്ഞ സംഭവമാണ് ഇത്തരമൊരു ചിത്രമൊരുക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
“കക്കൂസ്” എന്ന ഡോക്യുമെന്ററിയിലൂടെ മനുഷ്യരുടെ മലവും, മൂത്രവും, നാപ്കിനുമെല്ലാം ചുമക്കേണ്ടി വരുന്ന കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്തിയ ദിവ്യ ഭാരതിക്ക്, അതിന് പ്രതിഫലമായി കിട്ടിയത് നൂറായിരം വധഭീഷണികളും, ബലാത്സംഗഭീഷണികളുമാണ്. പുലർച്ചയെന്നോ, കോരിച്ചൊരിയുന്ന മഴയെന്നോ, കത്തുന്ന വെയിലെന്നോ, അർദ്ധരാത്രിയെന്നോ വ്യത്യാസമില്ലാതെ തോട്ടിപ്പണി ചെയ്യാൻ നിർബന്ധിതരാകുന്ന ജനതയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച് ജാതി വിവേചനത്തെ ചോദ്യം ചെയ്യുകയായിരുന്നു ദിവ്യ. ഇത് ഉന്നത ജാതിക്കാരെന്ന് സ്വയം അവകാശപ്പെടുന്ന, മനുഷ്യനെന്ന നിർവചനങ്ങൾക്ക് പുറത്ത് നിൽക്കുന്നവരെ ചൊടിപ്പിച്ചു. അവരടക്കമുള്ളവർ, കക്കൂസിന്റെ പ്രദർശനം തടയാൻ ശ്രമിച്ചെങ്കിലും കക്കൂസ് ഒരു സമരമായി മാറുകയാണുണ്ടായത്. ജൂൺ 28-ന് “ഒരുത്തരും വരലേ” എന്ന ദിവ്യ ഭാരതിയുടെ പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നു. ഓഖിയുടെ നാശനഷ്ടങ്ങൾ പറഞ്ഞ് സഹതാപം സൃഷ്ടിക്കാനല്ല അവർ ശ്രമിക്കുന്നത്. മറിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഗവൺമെന്റിനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്.
സ്വാതന്ത്ര്യസമരകാലം മുതൽ തുടങ്ങിയതാണ് തോട്ടിപ്പണി അവസാനിപ്പിക്കാനുള്ള സമരം. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു മാറ്റം ഉണ്ടായില്ല. വിദേശരാജ്യങ്ങള്‍ മിഷിനറികള്‍ ഉപയോഗിക്കുന്ന സ്ഥാനത്താണ് ഇന്ത്യ മനുഷ്യരെ ഉപയോഗിക്കുന്നത്. ഒരു ജനതയെ ഇത്തരം ജോലിചെയ്യാന്‍ നിര്‍ബ്ബന്ധിപ്പിക്കുന്നത്. തോട്ടിപ്പണിയുള്ള നാട് മനുഷ്യാവകാശങ്ങളെ മാനിക്കുന്നില്ല എന്നതാണ് സത്യം.
ഇനി നിങ്ങള്‍ കാണൂ….