നിധിന്‍ വി.എന്‍.
ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം “കെന്നി” എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം.
ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം. കെന്നി എന്ന ചിത്രം പറയുന്നത് അത്തരം ഒരു കഥയാണ്.
ജീവിതത്തിന്റെ ലഹരി ബന്ധങ്ങളിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാന്‍ ഏറെ വൈകിപോകും. ജീവിതത്തെ മയക്കുമരുന്നുകളിലേയ്ക്ക് തര്‍ജ്ജമചെയ്യുന്നവര്‍ക്ക് അതിന്റെ പിടിയില്‍ നിന്നും തിരിച്ചെത്താനാവാറില്ല. അങ്ങനെ തിരിച്ചെത്താനാവാതെ പോയ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് കെന്നി. ആംഗ്ലോ ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഷോര്‍ട് ഫിലിമാണിത്. മയക്കുമരുന്നിന് അടിമയായ കെന്നി സത്യങ്ങളെല്ലാം അറിയുമ്പോഴെക്കും ഇനിയൊരിക്കലും തിരിച്ചുവരാനാകാത്തവിധം പെട്ടുപോയിരുന്നു. ഇവിടെ അയാള്‍ക്ക് നഷ്ടമാകുന്നത് സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അപ്പനെയാണ്.
കെന്നിയുടെ അപ്പനായി വേഷമിട്ടിരിക്കുന്നത് ഇന്ദ്രന്‍സാണ്. കെന്നിയെ അവതരിപ്പിച്ചിരിക്കുന്നത് ആകാശ് ഷീല്‍ ആണ്. ശരീരഭാരം കുറച്ചതിന്റെ പേരില്‍ ആകാശ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. 27 കിലോ ഭാരമാണ് ചിത്രത്തിനുവേണ്ടി ആകാശ് കുറച്ചത്. രാഹുല്‍ കണ്ണന്‍, നിബിന്‍ കാസ്പര്‍, മാര്‍ക്‌സ്, ഫിന്നി ജോര്‍ജ്, അര്‍ജുന്‍ തോമസ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇമ്മാനുവല്‍ എസ്. ഫെര്‍ണാണ്ടസാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ചിക്കുന്ന ചിത്രം സാങ്കേതികതികവിലും അഭിനയമികവിലും മികച്ചുനില്‍ക്കുന്നു. അച്ചുകൃഷ്ണയാണ് ഛായാഗ്രഹണം.