നിധിന്‍ വി.എന്‍.
‘80- കളുടെ ആരംഭത്തില്‍ ആദ്യമായൊരു അറേബ്യന്‍ കപ്പല്‍ സ്വര്‍ണ്ണവും, മറ്റുചില വിദേശ ഉല്പനങ്ങളും ബേപ്പൂര്‍ ഹാര്‍ബറില്‍ ഇറക്കാന്‍ മുമ്പോട്ടുവന്നു. ഹാര്‍ബറിലെ ചില ചെറുപ്പക്കാരില്‍ ചിലര്‍ അത് ഏറ്റെടുക്കാനും. എന്നാല്‍ അവരില്‍ മറ്റാര്‍ക്കും വരാത്ത ധൈര്യത്തോടെ ഇരുപത്തെട്ടുകാരന്‍ ഹമീദ് മരക്കാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് നേരെ ആദ്യ നിറയൊഴിച്ചു. പിന്നീടങ്ങോട്ട് മരക്കാരുടെ വാക്കിനും നോക്കിനും പുറകില്‍ ബേപ്പൂര്‍ ഹാര്‍ബര്‍ സഞ്ചരിക്കാന്‍ തുടങ്ങി. മടിച്ചു നിന്നിരുന്നതിലേറെ കപ്പലും ബേപ്പൂരില്‍ നങ്കൂരമിട്ടു. അവിടെ തുടങ്ങി ഇന്ന് കേരളം അറിഞ്ഞുകൊണ്ട് കണ്ണടക്കുന്ന ബ്ലാക്ക് മാര്‍ക്കറ്റിന് നീണ്ട പതിനാറു വര്‍ഷത്തെ അമരക്കാരനായി മരക്കാര്‍. തന്റെ തമിഴന്‍ ഡ്രൈവറിന്റെ കഠാര നെഞ്ചില്‍ ആഴ്ന്നിറങ്ങും വരെ. അന്നുതൊട്ട് ബ്ലാക്ക് മാര്‍ക്കറ്റിന്റെ പുതിയ പിതാവായി അവന്‍ വാഴ്ത്തപ്പെട്ടു. ദുരെ…’ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത Gangsta എന്ന ചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന നായകനോ നായികയോ ഈ കഥയില്‍ ഇല്ല. ഇവിടെ പണം തന്നെയാണ് വിഷയം. ദുരെയുടെ സംഘത്തില്‍ നിന്നുകൊണ്ട് അയാള്‍ക്ക് നേരെ തിരയുന്ന മൂന്നു പേര്‍. അവര്‍ തുടങ്ങി വെക്കുന്ന കളി അതിന്റെ രസകരമായ ആഖ്യാനവുമാണ് ഈ ചിത്രം. 36 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒട്ടും ബോറടിപ്പിക്കുന്നേയില്ല.
അധോലോക കഥകള്‍ ഒരുപാട് കേട്ടും കണ്ടും വളര്‍ന്ന മലയാളിയുടെ സിനിമാസ്വാദനതലത്തില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ദേവൻ കൊപ്പം നിർമ്മിച്ച Gangsta-യുടെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂരും, എഡിറ്റിംഗ് ആനന്ദ് ബോധും നിര്‍വ്വഹിച്ചിരിക്കുന്നു. നിഖിൽ ശിവനുണ്ണിയുടെ തിരക്കഥക്ക് വളരെ മികച്ച ദൃശ്യ ഭാഷ ചമയ്ക്കാന്‍ റഷീദ് പറമ്പിലിന് സാധിച്ചിട്ടുണ്ട്. സാം സൈമൺ ജോർജ്ജ് പശ്ചാത്തല സംഗീതം ഒരുക്കിയ ചിത്രത്തിൽ വിഷ്ണു ബാലകൃഷ്ണൻ, ആനന്ദ് ബോധ്, അഫ്സൽ കെ അസീസ്, ഭാസ്ക്കർ ഒറ്റപ്പാലം, ദേവൻ കൊപ്പം, മജീദ്, ഷിഹാബ് ഓങ്ങല്ലൂർ, അരുൺ കെ വാണിയംകുളം, നിധീഷ് ഒറ്റപ്പാലം, ചന്ദ്രജ അമ്മു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു