ദേശസേവാ സംഘം ഗ്രന്ഥശാല മുപ്പതാം വാർഷികാഘോഷവും ചേമഞ്ചേരി ഫെസ്റ്റും

0
561

ചേമഞ്ചേരി ദേശസേവാ സംഘം ഗ്രന്ഥശാലയുടെ മുപ്പതാം വാർഷികാഘോഷവും ചേമഞ്ചേരി ഫെസ്റ്റും ഏപ്രിൽ 30 മെയ് 1 തിയ്യതികളിൽ നടക്കും. അതിന് മുന്നോടിയായി ചരിത്രപ്രദർശനം, ഫോട്ടോ പ്രദർശനം, കാവ്യ സായാഹ്നം എന്നിവ സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് ഞായറാഴ്ച രാവിലെ 10.30 ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളിൽ . ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അശോകൻ കോട്ട് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. സബിത മേലത്തൂർ അധ്യക്ഷത വഹിക്കും.

കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 1850 മുതലുള്ള അപൂർവ്വ പുസ്തകങ്ങളുടെ പ്രദർശനം പരിപാടിയോട് അനുബന്ധിച്ച് നടക്കും. മലയാളത്തിൽ അച്ചടിച്ച ആദ്യ ഫിസിക്സ് ഗ്രന്ഥം, ആദ്യ കോളേജ് മാഗസിൻ, ഹെർമൻ ഗുണ്ടർട്ട്, കേരള വർമ്മ വലിയകോയി തമ്പുരാൻ, ചിദംബര വാധ്യാർ മുതലായവർ തയ്യാറാക്കിയ പഴയകാല പാഠപുസ്തകങ്ങൾ, ആദ്യ ഇക്കണോമിക്സ് – ഭൂമിശാസ്ത്ര ഗ്രന്ഥങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിവിധ പാഠപുസ്തകങ്ങൾ എന്നിവ ചരിത്ര പ്രദർശനത്തിൽ ഉണ്ടായിരിക്കും.

ജാലിയൻ വാലാബാഗ് സംഭവത്തിന്റെയും അനുബന്ധ പോരാട്ടങ്ങളുടെയും സ്മരണയുണർത്തുന്ന സ്റ്റാമ്പുകളുടെ പ്രദർശനം ചേവായൂർ സബ് ജില്ലാ റിട്ട : എഇഒ കെപി സത്യൻ മാസ്റ്ററുടെ സഹകരണത്തോടെയും, ചരിത്ര സംഭവ വാർത്തകൾ നമ്മളിലേക്ക് എത്തിച്ച അപൂർവ്വ പത്രങ്ങളുടെ പ്രദർശനം മാതൃഭൂമി ദിനപത്രത്തിന്റെ സഹകരണത്തോടെയും, പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ശ്രീ മധുരാജിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഫോട്ടോകൾ പ്രദർശനത്തെ വ്യത്യസ്തമാക്കും.

വൈകിട്ട് നാല് മണിക്ക് പ്രതിഭാധനരായ കവികൾ പങ്കെടുക്കുന്ന ‘കവിയര’ങ്ങോട് കൂടി വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കലാ-സാഹിത്യ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രശസ്തർ പങ്കെടുക്കുന്ന വിപുലമായ പരിപാടികൾ ആണ് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here