ചെല്ലാനം

2
454
athmaonline-chellanam-krishna-thumbnail

കവിത

കൃഷ്ണ

കടല് കാണിച്ച് തരുമോ
എന്ന സിനിമാ ഡയലോഗ്
കേട്ടപ്പൊ എനിക്ക് ചിരിയാ വന്നെ,

കടല് ഞങ്ങക്ക് അപ്പനെ പോലാ,
കൊറേ മീനൊക്കെ പിടിച്ച്
വന്ന് കഴിഞ്ഞാ പിന്നെ
പുള്ളി മുറ്റ് കള്ള് കുടിയാ,

അമ്മച്ചി വീട്ടീ കേറ്റത്തില്ല,
5 സെന്റിന്റെ മൂലയ്ക്കെ
പുള്ളിക്കാരന് കള്ളുകുടിച്ച്
പാടാനും വാള് വെക്കാനും
പള്ള് പറയാനും
ഒരു ചെറിയ ഷെഡുണ്ട്.



അവിടാ കിടപ്പ്,
ഒച്ചേം വിളീം എപ്പളും കേക്കാം,
വല്ലപ്പോഴും വിശേഷ ദിവസങ്ങളിൽ
എണ്ണതേച്ച് കുളിച്ച്
മുടിയൊക്കെ വകച്ചിലിട്ട്
ചീകി അപ്പൻ വീട്ടിൽ കാണും.

മെഴുതിരിയൊക്കെ കത്തിച്ച്,
” നന്മ നിറഞ്ഞ മറിയമേ ” ഒക്കെ
വെടിപ്പായിട്ട് ചൊല്ലുന്ന
അപ്പനെ കാണുമ്പം
ഞങ്ങൾ ചിരിക്കും.

പുള്ളി ഒന്ന് കണ്ണിറുക്കി
കാണിക്കും അപ്പൊ.

പിന്നെ ഒരുമിച്ചിരുന്ന്
താറാവ് കറി കൂട്ടി പാലപ്പം തിന്നും.

ഉയ്യൊ ! എല്ല് കടിച്ച് അവശതയാവുമ്പൊ
ഒരു കഷ്ണം പാലപ്പം വായിലോട്ട് വെക്കണം…
അങ്ങനാ കണക്ക്.



പറഞ്ഞ് വന്നത് അപ്പനെ
പോലാ ഞങ്ങക്ക് കടല്,
വീടിന് തൊട്ട് പുറകില് കടലാണ്,
അപ്പനെ പോലെ എപ്പഴും ഒച്ചേം വിളീം കേക്കാം,
ചുറ്റുവട്ടത്തൊക്കെ തന്നെ കാണും,
ഇടയ്ക്ക് പുള്ളിക്കാരൻ പറമ്പ് കടന്ന്
വേലി പൊളിച്ച് ഇങ്ങ് വീട്ടിലോട്ട് കയറും.

സുഖോള്ള വരവല്ല,
പിന്നെ ഞങ്ങളെല്ലാരും കെട്ടി പെറുക്കി
സ്കൂളിൽ പോയിരിക്കും.

മെഴുക് തിരീം, പാട്ടും,
അരി ചാക്കും, കൊതുകുമൊക്കെയായിട്ടങ്ങ് കൂടും.
കടലിറങ്ങുമ്പൊ തിരിച്ച് വീട്ടിൽ കയറും.

ഇനി ഞാൻ മണലേൽ എഴുതുന്നത്
മായ്ക്കാനാണോ കടല് കേറി വരുന്നേ.

തൂറാൻ മുട്ടി സ്ക്കൂള് വിട്ട് ഓടി വരുമ്പൊ,
കക്കൂസില് അമ്മച്ചിയോ ചേട്ടനോ കാണും,
പിന്നെ ഒറ്റ ഓട്ടമാ
കടൽ ഭീത്തിയിലോട്ട് –
പാറയിളകിപോയ സ്ഥലത്തിരുന്ന്
അപ്പിയിടുമ്പൊ വല്ലാത്തൊരു പവറാ….



കടലിന്റെയടുത്താ വീടെന്ന്
ഓർക്കുമ്പൊ വല്ല്യ ഗമ തോന്നും,
എന്റെ വീടിനപ്പുറത്താണ്
സൂര്യൻ താഴുന്നത് എന്നൊക്കെ പറയാലോ,

പക്ഷെ മണലിൽ എഴുതണതൊക്കെ
സന്ധ്യക്ക് മായ്ച്ച് കളയണതും,
ഒരു വരവിൽ അപ്പനെ തിരയെടുത്തതുമൊക്കെ
ഓർക്കുമ്പോ എനിക്ക് കടല് വെറുപ്പാ….

അതോണ്ടാ പറഞ്ഞെ അപ്പനെ പോലാ കടലെന്ന് !
എന്നും പോയി കാല് നനയ്ക്കും,
മഴക്കാലത്ത് വിരലിടുക്കിൽ വരുന്ന
മുറിവിൽ തിര നുരഞ്ഞ് തൊടുമ്പൊ നീറ്റലാ…
അപ്പനെ ഓർക്കും,

ഇന്നലെ രാത്രി കൂടി കാലിൽ വന്ന് തൊട്ടേച്ചും പോയി,
സ്വപ്നമാണെന്ന് കരുതി ഞാൻ എണീച്ചില്ല,

വീട് കടല് കൊണ്ട് പോയി,
ഒറക്കത്തിൽ അപ്പനെന്നെ
എടുത്തോണ്ട് പോയി,
ഇപ്പൊ ഞാൻ അപ്പന്റെ കൂടെയാ..
സ്വപ്നമാണേലും ഞാനിനി എണീക്കത്തില്ലല്ലൊ !

ഈ ആർക്കും വേണ്ടാത്തവരെയാണൊ
അപ്പാ കടലിനും കായലിനുമിടയിൽ
കൊണ്ടേ കളയുന്നെ !
ഈ ഭിത്തിയൊക്കെ പൊളിഞ്ഞിട്ടും
കെട്ടി തരാത്തത് അതോണ്ടാണോ ? പറയപ്പാ !

ചെല്ലാനം – ആരും ചെല്ലാത്ത ഇടം

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here