ശ്രീന ഗോപാൽ
ചീമേനി തുറന്ന ജയിലിൽ കഴിയുന്നത് ഇരുനൂറിൽ പരം അന്തേവാസികളാണ് . രക്തക്കറ പുരണ്ട തെറ്റുകൾക്കും കുറ്റങ്ങൾക്കും അർഹിക്കുന്ന ശിക്ഷകളേറ്റുവാങ്ങി , പൂട്ടിയിട്ട പല തടവറകളിൽ നിന്നും ശിക്ഷാ ജീവിതത്തോട് പൊരുത്തപ്പെട്ടവരിൽ മാനസീകമായും ശാരീരികമായും ആരോഗ്യമുള്ളവരാണ് തുറന്ന ജയിലിലേക്ക് എത്തപ്പെടുന്നത് .
302 ഏക്കറോളം പരന്നു കിടക്കുന്ന ഈ പ്രദേശത്ത് എത്തിപ്പെടുന്നവർ ജയിൽ എന്ന സങ്കൽപത്തിൽ നിന്നും വ്യത്യസ്തമായ സ്വാതന്ത്ര്യമാണ് ഇവിടെ അനുഭവിക്കുന്നത്. ഓരോരുത്തർക്കും അവർക്ക് ഇണങ്ങുന്ന ജോലി ചെയ്യാം. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാം. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം. അതിനോടൊപ്പം നാളെയൊരിക്കൽ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്വയംപര്യാപ്ത കൈവരിക്കാനുള്ള തൊഴിലുകൾ അഭ്യസിക്കാം .
ഇന്നിപ്പോൾ കാലം വ്യത്യസ്തമാണല്ലൊ. പാതി മറച്ച മുഖത്തിനുള്ളിലേക്ക് ഒതുങ്ങേണ്ടി വന്ന ഒരു കോവിഡ് കാലം ഇവിടെയുള്ളവരെയും നന്നായി ബാധിച്ചു. ഒന്നിച്ച് ഉണ്ടും ഉറങ്ങിയും പണിയെടുത്തും നടന്നിരുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് സാമൂഹ്യ അകലം വില്ലനായി വന്ന് മസ്സിൽ വിരിച്ചു നിൽക്കുന്ന കാലഘട്ടം. പലരുടേയും വീട്ടിൽ നിന്ന് എത്തുന്ന ഫോൺ ശബ്ദത്തിന് ഉറ്റവരുടെ, സുഹൃത്തുക്കളുടെ, പരിചയക്കാരുടെ മരണത്തിൻ ഗന്ധം ! അനുവദിക്കപ്പെട്ട സമയത്തിലുള്ള ഫോൺ വിളികളിൽ നിറയെ കോറോണ ആകുലതകളാണ് .. “ശ്രദ്ധിക്കണേ ” എന്ന കരുതലാണ് അങ്ങോട്ടുമിങ്ങോട്ടും കൈമാറാനുള്ളത് . മുഖം പാതി മറയ്ക്കപ്പെടുമ്പോഴും ഓരോരുത്തരുടേയും കണ്ണുകളിലൂടെ നമ്മുക്കീ മഹാമാരിക്കാലത്തെ ആകുലത മനസ്സിലാക്കാനാവുന്നുണ്ട്.
പരോൾ കാലാവധി പൂർണ്ണമാകും മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസൾട്ടുമായി വരുന്നവരെ പ്രത്യേകം ക്വാറന്റെയിൻ സൗകര്യമൊരുക്കി ഏഴുനാൾ കഴിയുമ്പോൾ വീണ്ടും ടെസ്റ്റ് ചെയ്തിട്ട് നെഗറ്റീവായവരെയാണ് ബാരക്കിലേക്ക് വിടുന്നത്. പോസിറ്റീവായവരെ CFLTC യിലേക്ക് പോലീസ് പ്രൊട്ടക്ഷനോടെ. തുറന്ന ജയിലിലെ സ്വാതന്ത്ര്യത്തിൽ നിന്നും വ്യത്യസ്തമായ ഒരു ചുറ്റുപാടാണ് ഈ മഹാമാരിക്കാലത്തെ ക്വാറന്റെയിൻ വാസകാലത്ത് ഇവർ അനുഭവിക്കുന്നത് .
ഇനി അഥവാ പരോൾ കാലാവധിക്ക് മുന്നേ ടെസ്റ്റ് ചെയ്തവർ നെഗറ്റീവ് സർട്ടിഫിക്കറ്റോടെ ഇവിടെ പ്രവേശിക്കപ്പെട്ടാലും വീട്ടിൽ നിന്നോ യാത്രാവേളയിലൊ ഇവിടുത്തെ ക്വാറന്റെയിൻ കാരുടെ അടുക്കൽ നിന്നോ രോഗം കിട്ടിയെന്നും വരാം. അങ്ങനെയുള്ളവർ ക്വാറന്റെയിൻ കാലാവധി കഴിഞ്ഞ് എട്ടാം നാൾ ചെയ്യുന്ന ടെസ്റ്റിൽ eപാസിറ്റീവാകും. അപ്പോൾ അവരനുഭവിക്കുന്ന ഏറ്റവും വലിയ മാനസീക സംഘർഷം വീട്ടിലുള്ളവരെ കുറിച്ചാണ്. പലരും ആധിയോടെ മക്കളേയും ഭാര്യയേയും മാതാപിതാക്കളേയും അന്വേഷിക്കും. അവരും ടെസ്റ്റ് ചെയ്യണമെന്ന് നിർബ്ബന്ധിക്കും. പലരുടേയും ശബ്ദം ഇടറുന്നത് കേൾക്കാറുണ്ട് . എന്തൊരു മഹാദുരിതകാലമാണിത്!
വിശാലമായ കളിസ്ഥലം, ലൈബ്രറി, ടി.വി ഹാൾ, തൊഴിലിടങ്ങൾ – അങ്ങനെ എല്ലായിടത്തും ഒരു കൂടിചേരലിന്റെ മുഖമുണ്ടായിരുന്നിടത്ത് ഈ കാലഘട്ടം സമ്മാനിക്കുന്നത് നോവിപ്പിക്കുന്ന അകൽച്ചയാണ് . സർക്കാരും ആരോഗ്യ പ്രവർത്തകരും മാധ്യമങ്ങളും എല്ലാവരും ഒരുപോലെ നിഷ്കർഷിക്കുന്നത് ഈ അകൽച്ച ഇവിടെ മാത്രമല്ലല്ലോ, ലോകം മുഴുവനിപ്രകാരമല്ലെ. എന്തിനേറെ, സ്വന്തം വീടുകളിൽ പോലും അകൽച്ച പാലിക്കേണ്ടുന്ന ഒരു അവസ്ഥയിലല്ലെ നാമിപ്പോൾ ! ഓരോരുത്തരും സ്വയം അകലം പാലിക്കും, നിനക്ക് എന്നിൽ നിന്നോ എനിക്ക് നിന്നിൽ നിന്നോ പകരാവുന്ന മഹാമാരിയെ ഭയന്ന് !
ഇന്നിവിടെ രോഗം ഇത്രയേറെ അതിതീവ്രമായതിനാൽ പ്രത്യേക ഉത്തരവ് പ്രകാരം ഭൂരിഭാഗം പേരും പരോളിനിറങ്ങിയിട്ടുണ്ട് . പരോൾ അനുവദിക്കപ്പെടാത്ത ഒരു വിഭാഗം ആൾക്കാരും മറ്റു ജയിലിൽ നിന്ന് ട്രാൻസ്ഫറാക്കപ്പെട്ട കുറച്ച് അന്തേവാസികളുമാണ് ഇപ്പോഴിവിടുത്തെ കൃഷിയും ഫാമും പോലുള്ള ദൈനംദിന ജോലികൾ ചെയ്യുന്നത് . പല ജോലികളുടേയും പൂർണ്ണതയ്ക്ക് അന്തേവാസികളുടെ കുറവ് പരിഹരിച്ചു കൊണ്ട് സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുമുണ്ട് .
ലോകത്തുള്ളവരെ മുഴുവൻ തടവറ ജീവിതം എന്താണെന്ന് പഠിപ്പിച്ച ഈ മഹാമാരിക്കാലം എത്രയും പെട്ടെന്ന് പടിയിറങ്ങുമെന്ന് നമ്മുക്കോരുത്തർക്കും പ്രത്യാശിക്കാം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.