ബർദുബൈ കഥകളെക്കുറിച്ച് ചിലത്…

0
567

പോൾ സെബാസ്റ്റ്യൻ

ജീവിതത്തിന്റെ നല്ല പകുതി പ്രവാസത്തിലായിരിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവാസം ജീവിതം തന്നെയാണ്. ഓർത്തെടുക്കാൻ അനുഭവങ്ങളില്ലാത്ത ജീവിതം ജീവിക്കാത്ത ഒന്ന് മാത്രമാണ്. തന്റെ ഇരുപത്തിയഞ്ചു വർഷത്തിലധികമായുള്ള ദുബായ് ജീവിതത്തിൽ നിന്ന് ഓർത്തെടുത്തെഴുതിയ എളുപ്പത്തിൽ വായിക്കാനാവുന്നതും താദാന്മ്യം പ്രാപിക്കാവുന്നതുമായ 25 കുറിപ്പുകളാണ് രമേശ് പെരുമ്പിലാവിന്റെ ബർദുബൈ കഥകൾ എന്ന പുസ്തകത്തിലുള്ളത്. കഥയും കാര്യങ്ങളുമുള്ള 25 കഥകൾ.

ചരിത്രത്തിന്റെ കണ്ണിലൂടെ മരുഭൂമിയെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളെ വ്യക്തമാക്കിത്തരാൻ ശ്രമിക്കുന്ന പൊതുവായ എഴുത്താണ് പതിനാറു പേജുകളിലായി അറബിക്കഥകൾ, പേർഷ്യ എന്നീ ആദ്യത്തെ രണ്ടധ്യായങ്ങളിൽ കാണാൻ സാധിക്കുക. ഒരു പക്ഷെ പുസ്തകത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്ന വായനക്കാരന്റെ കാഴ്ചപ്പാടിൽ ആശങ്കയുണ്ടാക്കും വിധം ആധികാരികമായുള്ള എഴുത്താണ് ഈ അധ്യായങ്ങളിലുള്ളത്. അന്വേഷിച്ചും പഠനം നടത്തിയും ഉള്ള കുറിപ്പുകളായതിനാൽ അറിവിന്റെ ഭണ്ഡാരത്തിലേക്ക് ഈ അധ്യായങ്ങൾ കുറച്ചൊക്കെ മുതൽക്കൂട്ടാവുന്നുണ്ട്.

തുടർന്നുള്ള അധ്യായങ്ങളിൽ പ്രവാസത്തേക്കുള്ള യാത്രയും ഇവിടെ ആയിരിക്കുമ്പോഴുള്ള അനുഭവങ്ങളുമാണ് ചേർത്തിരിക്കുന്നത്. ആദ്യ രണ്ട് അധ്യായങ്ങളിൽ നിന്ന് വിഭിന്നമായി തീർത്തും ലളിതമായ അവതരണമാണ് കാണാൻ സാധിക്കുക. പലപ്പോഴും വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങളുടെ ഒടുവിൽ വലിയ ഒരു സസ്പെൻസ് ഒളിച്ചു വെച്ച് കൊണ്ടുള്ള എഴുത്താണ് രമേഷ് സ്വീകരിച്ചിരിക്കുന്നത്. ഈ സസ്പെൻസ് നില നിർത്തുന്നത് ഒരു അധ്യായത്തിൽ മാത്രമല്ല, പുസ്തകത്തിന്റെ അവസാനത്തിൽ മാത്രം പുറത്തു വിടുന്ന ചില വെളിപ്പെടുത്തലുകളും ഉണ്ട്. അതിനാൽ തന്നെ വായനയിൽ ഒരു തുടർച്ചയും കഥകൾക്ക് തമ്മിൽ പരസ്പര ബന്ധവും എല്ലാം ഉണ്ടാവുന്നുണ്ട്. ബർദുബൈ കഥകളിലെ പ്രധാന സഹകഥാപാത്രങ്ങളായ ഉസ്താദ്‌ജി ആയാലും ഷാജി ആയാലും സ്ഥലങ്ങളായാലും എല്ലാം പലപ്പോഴായി വന്നു പോകുന്നതിനാൽ ഒരു നോവൽ വായിക്കുന്നത് പോലെ ഉള്ള ഒരു തുടർച്ച നമുക്ക് ലഭിക്കുന്നുണ്ട്.

യു എ ഇ യിലെ ബാച്‌ലർ ജീവിതം എന്നാൽ നാട്ടിലേത് പോലെ അവിവാഹിതന്റെ എന്ന അർത്ഥത്തിലല്ല, കുടുംബം ഇവിടെ ഇല്ലാത്തവർ എന്ന അർത്ഥത്തിലാണ് നിർവചിക്കുന്നത്. ദുരിതങ്ങൾക്കിടയിലും കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ ദുഖങ്ങളും പങ്കിടുന്ന ആത്മാർത്ഥ സൗഹൃദങ്ങൾ മൂട്ട കടിക്കുന്ന ഈ ഷെയറിങ് അക്കമഡേഷനുകളിൽ ഉണ്ടാവും. തൊഴിൽ പരിസരങ്ങളിലെ ബുദ്ധിമുട്ടുകളും, വിരഹത്തിന്റെ വേദനകളും, ഗൃഹാതുരത്വവും പങ്കു വെയ്ക്കപ്പെടുന്ന ഇവിടങ്ങളിൽ നല്ല സൗഹൃദങ്ങൾ മാത്രമല്ല മുഖംമൂടി വെച്ച കപട സൗഹൃദങ്ങളും ഉണ്ടാവും. നാടിൻറെ പച്ചപ്പും നാട്ടു പെണ്ണിന്റെ സ്നേഹവും ഇട്ട് പോരുന്നവർ കാണുന്ന ഏത് പച്ചത്തുരുത്തിലും അല്പം തണലിനായി പ്രതീക്ഷ വെക്കും. പക്ഷെ, മരുഭൂമികളിൽ പ്രതീക്ഷകളിൽ ഭൂരിഭാഗവും മരീചികകളാവുകയാണ് പതിവ്. ഇത്തരം മരീചികകളും അതെ സമയം തന്നെ ചില സമയത്തു ലഭിക്കുന്ന കുളിർകാറ്റും ഈ കഥകളിൽ കാണാൻ സാധിക്കും. സൗഹൃദത്തിന്റെ മുഖംമൂടിയിൽ വരുന്ന വ്യാളീമുഖങ്ങളും പ്രതീക്ഷയുടെ അറ്റത്തു കാത്തിരിക്കുന്ന നിരാശയും എല്ലാം വായനക്കാരെ ഹൃദയസ്പർശിയായി അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകം.

രമേഷ് പെരുമ്പിലാവ് എഴുതിയ ബർദുബൈ കഥകൾ രണ്ടു മൂന്ന് കാര്യങ്ങൾ സംശയമേതുമില്ലാതെ വെളിവാക്കുന്നുണ്ട്.

ഒന്ന്, രമേഷിന് നല്ലൊരു യാത്രാവിവരണം എഴുതുന്ന ആളാവാൻ കഴിയും. ഒരു ദേശത്തെയും സ്ഥലത്തെയും മാത്രമല്ല, പരിചയപ്പെടുന്ന ആളുകളെപ്പോലും അവരുടെ നാടിൻറെ ചരിത്രവും ഭൂമിശാസ്ത്രവുമായി ചേർത്ത് വായിക്കുക്കാനും അത് ലളിതമായും വ്യക്തമായും എഴുതി അവതരിപ്പിക്കാനും കഴിയുന്ന സവിശേഷ സിദ്ധി ഈ പുസ്തകത്തിൽ ഉടനീളം കാണാം. ഒരു ഇൻഡോനേഷ്യൻ വീട്ടുവേലക്കാരിയെ പരിചയപ്പെട്ട രമേഷ് അവരുടെ രാജ്യത്തിൻറെ പ്രത്യേകതയെപ്പറ്റി എഴുതുന്നത് ശ്രദ്ധിക്കുക. “വലുപ്പത്തിൽ ലോകത്തിലെ ആറാമത്തെ ദ്വീപാണ് സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു പ്രാചീന പേര്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാര മാർഗ്ഗത്തിൽ കിടക്കുന്നത് കൊണ്ട് പുരാതനകാലത്ത് തന്നെ ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനമുണ്ടായിരുന്നു. ആച്ചേ കേന്ദ്രമായുള്ള സമുദ്ര എന്ന ഹിന്ദു രാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്വീകരിച്ചു. ആദിമ സഞ്ചാരിയായ ഇബനു ബത്തൂത്ത ഇവിടം സന്ദർശിച്ചപ്പോൾ സമുദ്രയെ സുമതയെന്ന് തെറ്റായി ഉച്ചരിച്ചാണ് സുമാത്രയെന്ന് പേരുണ്ടായത്. ഭൂമധ്യരേഖ സുമത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ പെട്രോളിയം നിക്ഷേപമുള്ള സുമാത്ര പനയെണ്ണയ്ക്കും പ്രസിദ്ധമാണ്. മഴക്കാടുകളാണ് ദ്വീപിന്റെ പ്രത്യേകത.” ഈ ദ്വീപിന്റെ വിവരണം എന്ത് കൊണ്ട് പ്രസക്തമാകുന്നു എന്നത് ആ കഥ വായിച്ചു കഴിയുമ്പോൾ നമുക്ക് ബോധ്യമാകുമെങ്കിലും കൃത്യമായും സൂക്ഷ്മമായും ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന രചനാപാടവം ഈ പുസ്തകത്തിന്റെ വായനയെ സമൃദ്ധമാക്കുകയും നല്ല ഒരു യാത്രാവിവരണമെഴുതാൻ കഴിവുള്ള ഒരാളുടെ പ്രതീക്ഷ പങ്കു വെയ്ക്കുകയും ചെയ്യുന്നു.

രണ്ടാമതായി, നല്ല കഥകൾ എഴുതാൻ കഴിവുള്ള ഒരു എഴുത്തുകാരനിലുള്ള പ്രതീക്ഷ കൂടെ ഈ പുസ്തകം പങ്കു വെക്കുന്നുണ്ട്. നല്ല പ്രമേയങ്ങൾ തിരഞ്ഞെടുക്കുക, വ്യക്തവും ലളിതവും അതെ സമയം ശക്തവുമായ ഭാഷയിൽ അതെഴുതുക, പരിണാമഗുപ്തി സശ്രദ്ധം കൈകാര്യം ചെയ്ത് വായനക്കാരുടെ ജിജ്ഞാസ നില നിർത്തുകയും വർധിപ്പിക്കുകയും ചെയ്യുക, കഥകളിൽ നിന്നുള്ള സന്ദേശങ്ങൾ വേറിട്ട് നിൽക്കാതെ നൽകുക തുടങ്ങി നല്ല കഥാകാരന് വേണ്ട ഒട്ടേറെ ഗുണങ്ങൾക്ക് ഈ പുസ്തകം തെളിവ് നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഷാജി എന്ന സുഹൃത്ത് ജയിലിലാവുന്നതും ബുർഖയിട്ട ഒരു സ്ത്രീ പെട്ടിയുമായി വരുന്നതുമൊക്കെ ആ ജിജ്ഞാസയിൽ നിർത്തിക്കൊണ്ട് തന്നെ പറഞ്ഞവസാനിപ്പിച്ചതും അവരാരാണെന്നും അവരുടെ ജീവിതം എന്താണെന്നും മറ്റധ്യായങ്ങളിലേക്ക് നീക്കി വെച്ചതും ഒരുദാഹരണമായി പറയാം. ഉസ്താദ്‌ജിയുടെ കുടുംബം, മതം എന്നിവയുടെ കാര്യത്തിലും സൂക്ഷിച്ച ഈ ഗോപ്യത വളരെ നന്നായി കൈകാര്യം ചെയ്യാൻ രമേശിനാവുന്നുണ്ട്. അനുഭവിപ്പിച്ചു കൊണ്ടുള്ള എഴുത്തിന്റെ തെളിവായി താക്കോൽ ഇല്ലാത്ത കടയുടെ ഉള്ളിൽ ഒറ്റയ്ക്കിരിക്കേണ്ടി വന്ന എഴുത്തുകാരന്റെ അനുഭവങ്ങളുടെ വിവരണം ഒന്ന് മതി. ശബ്ദം ഒരു രാജ്യമാണ് എന്ന മട്ടിൽ റേഡിയോയെയെപ്പറ്റി എഴുതുന്നതും നല്ല ഒരു കഥാകാരന്റെ കൈത്തഴക്കത്തോടെയാണ്. അതുമല്ലെങ്കിൽ ഇത് വായിക്കുക. “അച്ഛൻ മരിച്ചു കിടക്കുന്ന വീട്. അമ്മയുടെയും ചേച്ചിയുടെയും എടത്തിമാരുടെയും അനിയത്തിമാരുടേയുമൊക്കെ നിലവിളികളിലേക്ക് കയറിച്ചെല്ലുക. അവിടെ കരച്ചിലല്ലാതെ മറ്റൊന്നുമില്ല. നമ്മളെയും കരച്ചിൽ വന്നു മൂടും. കുറെ കരയുമ്പോൾ… പോലെ…പിന്നെ മരം പെയ്യുന്നത് പോലെ….തുള്ളിതുള്ളിയായി പെയ്തു തീരും. ഒരു മരണം അങ്ങനെയൊക്കെയാണ് മണ്ണിലേക്കലിഞ്ഞ് ചേരുന്നത്.”

മൂന്നാമതായി, ജീവിതാനുഭവങ്ങളിൽ നിന്ന് ജീവിതപാഠങ്ങൾ സ്വരൂപിക്കുന്നതിനും വ്യക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നതിനു രമേഷ് പെരുമ്പിലാവിനുള്ള കഴിവാണ്. ഇത്തരം ചില എഴുത്തു ശ്രദ്ധിക്കുക. “മകനെ, നിനക്ക് സുഖമല്ലേയെന്നാണ് അവർ ചോദിച്ചതെന്ന് ലത്തീഫ് പറഞ്ഞു. അവരങ്ങനെ ചോദിച്ച ആ നിമിഷത്തില് അവരുടെ മുഖഭാവത്തിൽ നിന്നും പെരുമ്പിലാവിലെയും പെഷവാറിലെയും അമ്മമാർക്ക് ഒരേ സ്നേഹവും വാത്സല്യവുമാണെന്ന് ഞാനറിഞ്ഞു. എനിക്കപ്പോൾ അമ്മയെ ഓർമ്മ വന്നു.” മറ്റൊരിടത്ത് രമേഷ് എഴുതുന്നു. “മദ്യവും മയക്കുമരുന്നും പോലെ പ്രവാസവുമൊരു ലഹരിയാണ്. തുടങ്ങിക്കിട്ടിയാൽ മതി. പിന്നെ നമ്മളിലത്തൊരു ആസക്തിയായിത്തീരും. വീണ്ടും ആ ലഹരിയിലെത്തിപ്പെടാനുള്ള വഴികളെക്കുറിച്ചാവും ചിന്തകൾ.”

മരണം ഈ കഥകളുടെ ശക്തമായ ഒരു അടിയൊഴുക്കാണ്. കടം കൊടുക്കാനുള്ളവനും തരാനുള്ളവനും മരിക്കുന്ന ദിവസങ്ങളിൽ ജീവിതം എന്ന യാഥാർഥ്യത്തിന്റെ കട്ടിലിൽ കിടന്ന് വായനക്കാരനെക്കൊണ്ട് എഴുത്തുകാരൻ ചിന്തിപ്പിക്കുന്നത് നോക്കുക! “മരണമെന്ന ചിന്തയൊരു വലിയ ശൂന്യതയായി എന്നിലേക്ക് വന്നു നിറഞ്ഞു. മറ്റേതെങ്കിലും സങ്കല്പത്തെപ്പോലെയല്ല മരണം. സാധാരണ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിന്റെ രൂപം അല്ലെങ്കിൽ ആശയം മനസ്സിൽ വരും. നാമൊരു പൂമ്പാറ്റയെ, പുഴയെ, കാടിനെ സങ്കല്പിക്കുക. മനസ്സില്ലാത്ത രൂപപ്പെട്ട് വരും. എന്നാൽ മരണമെന്ന ചിന്ത തികച്ചും ശൂന്യമായൊരു പ്രതീതിയുണ്ടാക്കുന്നു. നമ്മുടെ അജ്ഞതയെക്കുറിച്ചുള്ള നിരന്തരമായ ധ്യാനത്തിലൂടെ മരണത്തെക്കുറിച്ചും ശൂന്യതയെക്കുറിച്ചും നാം ചിന്തിച്ചുകൊണ്ടിരിക്കുന്നു. മരണം ജീവിതത്തിൽ ആർക്കും അനുഭവിക്കാനാവില്ല. അത് ജീവിച്ചിരിക്കുന്നവനിൽ ഉണ്ടാക്കുന്ന ശൂന്യത മാത്രമാണ്.”

പ്രവാസത്തിന്റെ ഭൂമിയിൽ ആദ്യകാലത്തു തന്നെ നേരിടുന്ന ചില അതിഭീകരമായ ജീവിതമുഹൂർത്തങ്ങൾ രമേഷ് പങ്കു വെയ്ക്കുമ്പോൾ പീഡനമെന്നത് ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്നെത്തിച്ചേരാവുന്ന ഒരു യാഥാർഥ്യമാണെന്ന് ബോധ്യമാവും. ഒരു നാൽക്കവലയിൽ നിന്ന് തെറ്റുന്ന വഴി നിങ്ങളെ എവിടെയെല്ലാം കൊണ്ട് ചെന്നെത്തിക്കാം എന്ന് നാം അതിശയപ്പെടും. കുബ്ബൂസ് വാങ്ങാൻ മാത്രമായി മാത്രം പുറത്തിറങ്ങാൻ പറ്റുന്ന ഗദ്ദാമകളുടെ ജീവിതം നമ്മെ ചിന്തിപ്പിക്കും. അപ്പോഴും തിരിച്ചു പോക്കിന് ഒരു ബാഗ് മണൽ തിരികെപ്പോകുന്ന കുട്ടിയേട്ടൻ പറയുന്ന വാചകങ്ങൾ നമ്മെ പൊള്ളിക്കും. “ഈ മണലിൽ കാൽ കുത്താനാണ് ഞാനിവിടെ വന്നത്. ഞാൻ മരിക്കുമ്പോൾ കുഴിയിലിട്ട് മൂടാണെനിക്ക് ഈ മണൽത്തരികൾ സൂക്ഷിക്കേണ്ടതുണ്ട്.”

എഴുത്തുവഴിയിൽ അനുഭവക്കുറിപ്പുകളുടെ രൂപത്തിലല്ലാതെ തന്നെ രമേഷ് പെരുമ്പിലാവ് എന്ന എഴുത്തുകാരൻ അടയാളപ്പെടുത്തപ്പെടും എന്നത് ഈ പുസ്തകം നൽകുന്ന പ്രത്യാശയാണ്. ഈ പുസ്തകത്തെ പ്രവാസിയല്ലാത്ത ഒരാൾ എങ്ങനെയാണ് സ്വീകരിക്കുക എന്നെനിക്ക് ഉറപ്പ് പറയാനാവില്ല. നല്ല ഒരു വായനാനുഭവം അവർക്ക് ലഭിക്കും എന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ, പ്രവാസിയായിരിക്കുന്ന എനിക്ക് ഇത് ഏറെ ഗൃഹാതുരത്വം നൽകിയ പുസ്തകമായതിനാൽ തന്നെ പ്രവാസികൾക്കും പ്രവാസത്തെ മനസ്സിലാവുന്നവർക്കും ഉറപ്പോടെ നിർദ്ദേശിക്കാവുന്ന ഒന്നാവുന്നുണ്ട്.

https://athmaonline.in/product/burdubai-kathakal/

LEAVE A REPLY

Please enter your comment!
Please enter your name here