ബി. എസ്
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഒരു ബുദ്ധ പ്രതിമയുണ്ട്. കോളേജിലെ ചെറിയ ഉരുളന്‍ കല്ലുകള്‍ പെറുക്കിയെടുത്ത് തീര്‍ത്ത പ്രതിമ. കുന്നിന്‍ മുകളില്‍ പ്രകൃതി തന്നെ തീര്‍ത്ത കലയാണ് ഗുരുവായൂരപ്പന്‍ ക്യാമ്പസ്. അവിടം ബുദ്ധതരംഗങ്ങള്‍ കൂടിയാവുമ്പോള്‍ ആ കല ആത്മീയമുഖരിതമാവുന്നു. അല്ലെങ്കിലും, ബുദ്ധനോളം നമ്മളെ സ്വാധീനിക്കാന്‍ മറ്റാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ആ ഊര്‍ജ്ജത്തില്‍ നിന്നാണ് ‘ബോധി ചാരിറ്റബിള്‍ സൊസൈറ്റി’ ജന്മമെടുക്കുന്നതും അഭിലാഷ് തിരുവോത്തിന്റെ ബുദ്ധ ചിത്ര പ്രദര്‍ശനം ബോധിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതും. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ്വ വിദ്യാർത്ഥി- അധ്യാപക – അനധ്യാപക കൂട്ടായ്മയാണ് ബോധി ചാരിറ്റബിള്‍ സൊസൈറ്റി. അവരാണ് പ്രമുഖ ചിത്രകാരനും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ അഭിലാഷ് തിരുവോത്തിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ബുദ്ധന്റെ ജീവിതയാത്രകളെ മുന്‍നിര്‍ത്തിയുള്ള എണ്‍പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പുതിയ കാലത്തിന്റെ ‘വികസന’ കുതിപ്പുകൾക്കിടയിൽ മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിക്കുന്ന ബുദ്ധൻ, ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീല തിമിംഗലത്തോട് സംവദിക്കുന്ന ബുദ്ധൻ , കാരുണ്യവും ശാന്തതയും അഹിംസയും തുടങ്ങിയ ജീവിതത്തിന്റെ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബുദ്ധൻ എന്നിവയാണ് ബുദ്ധ പരമ്പരയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബുദ്ധന്റെ പുനര്‍വായനകളും ചിത്രങ്ങള്‍ നടത്തുന്നു. ചരിത്ര പുസ്തകങ്ങള്‍ക്ക് അപ്പുറമുള്ള ബുദ്ധനും അവിടെ പ്രദര്‍ശനഹാളില്‍ ഉണ്ടായിരുന്നു.
ഗുരുവായൂരപ്പന്‍ കോളേജിലെ 1997 – 2000 ബാച്ചിലെ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിലാഷ്. കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റില്‍ വലിയ ക്യാന്‍വാസില്‍ അഭിലാഷ് വരച്ച ചിത്രം ‘ഇന്ത്യന്‍ രസതന്ത്രത്തിന്റെ ചരിത്ര’മാണ് പറയുന്നത്. അദ്ദേഹത്തിന്റെ ബാച്ചിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് അത് സ്പോണ്‍സര്‍ ചെയ്ത് കലാലയത്തിന് സമ്മാനിച്ചത്.
മടപ്പള്ളി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അഭിലാഷ്, ഈ രണ്ട് കലാലയങ്ങളുമാണ് തന്നെയേറെ സ്വാധീനച്ചത് എന്ന് അഭിമാനത്തോടെ പറയുന്നു. ചെറുപ്പം മുതലേ തുടങ്ങിയതാണ് വര. പക്ഷെ ഗൗരവമായി കണ്ടു തുടങ്ങിയത് കലാലയ കാലഘട്ടത്തിലാണ്. സോണല്‍ – യൂണിവേര്‍സിറ്റി തല മത്സരങ്ങളില്‍ തിളങ്ങിയിരുന്ന അഭിലാഷ് തിരുവോത്ത്, ദേശീയ തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയാണ്. നിലവില്‍, പയ്യോളി ജി. വി. എച്ച്. എച്ച്. എസ്സില്‍ അധ്യാപകനാണ് അദ്ദേഹം.
കഴിഞ്ഞ ജൂലൈയില്‍ കൊല്‍ക്കത്തയില്‍ നടത്തിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൊല്‍ക്കത്തയിലേക്ക് വേണ്ടിയാണ് അദ്ദേഹം ബുദ്ധനുമായി ഇത്രമേല്‍ സൗഹൃദത്തിലായത്. ആ ബന്ധമാണിപ്പോള്‍ കാരുണ്യത്തിന്റെ തണലൊരുക്കാന്‍ നിമിത്തമാവുന്നത്. സെപ്റ്റംബര്‍ 24, 25 തീയ്യതികളിലായി നടന്ന പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിനിയോഗിക്കുക. വയനാട്ടില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ചിത്രകാരനും ശിൽപ്പിയുമായ ജോൺസ് മാത്യുവിന് ചിത്രം നൽകിയായിരുന്നു പ്രദര്‍ശനോദ്ഘാടനം. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. രാമചന്ദ്രൻ മാസ്റ്റർ, ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് സന്ദീപ് പാമ്പള്ളി, ബോധി പ്രസിഡന്റ് ടി. നിഷാദ് എന്നിവര്‍ സംബന്ധിച്ചു.
THANK U ATHMA ONLINE…