“നിർവചനങ്ങളില്ലാത്ത പ്രണയം”, പ്രണയന്വേഷണങ്ങളുടെ പുസ്തകം

0
1440

പോൾ സെബാസ്റ്റ്യൻ

പ്രണയം! പലരും പല തരത്തിൽ നിർവചിച്ചു നിർവചിച്ചു അർത്ഥ വ്യക്തത നഷ്ടപ്പെട്ട വാക്ക്. എന്താണ് പ്രണയം എന്നതിന് കാർത്തിക എന്ന നോവലിസ്റ്റ് നൽകുന്ന ഉത്തരമാണ് “നിർവചനങ്ങളില്ലാത്ത പ്രണയം” എന്ന നോവൽ.

ഗൾഫിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി പെൺകുട്ടിയുടെ നാട്ടിലേക്കുള്ള ഒരു ചെറിയ ഇടവേളയിലാണ് പ്രണയത്തിന്റെ അർത്ഥതലങ്ങൾ തേടുന്ന നോവൽ സംഭവിക്കുന്നത്. കാർത്തിക എന്ന നോവലിസ്റ്റിന്റെ പേര് തന്നെയാണ് പ്രധാന കഥാപാത്രത്തിനും നൽകിയിരിക്കുന്നത്. ഇത് ആത്മകഥാപരമാണോ എന്ന് സംശയിക്കാൻ അവസരമൊരുക്കുമ്പോഴും അതങ്ങനെയല്ല എന്ന വ്യക്തമായ സൂചന നോവലിൽ നൽകുന്നുണ്ട് നോവലിസ്റ്റ്. അവൾ അനാഥയാണെന്നത് അവൾക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴി മാത്രമായിരുന്നു. പക്ഷെ, പ്രണയത്തെയും അവൾ ഒരു വേലിക്കെട്ടിനുള്ളിൽ നിർത്താൻ താല്പര്യപ്പെട്ടില്ല. പകരം, ഒരു വേലിക്കെട്ടിനുള്ളിൽ നിർത്തേണ്ടതാണോ പ്രണയം എന്ന ചോദ്യത്തെ ജീവിക്കുകയായിരുന്നു. “ഈ ലോകത്തിലുള്ള അനശ്വര പ്രണയങ്ങൾ എന്ന് ഈ ലോകം വാഴ്ത്തിപ്പാടുന്ന പ്രണയങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ പൂർണ്ണമായതുകൊണ്ടല്ല അവയെല്ലാം അനശ്വരമെന്ന് പറയുന്നത്, മറിച്ച് ആ പ്രണയങ്ങൾ പൂർണ്ണമാക്കപ്പെട്ടത് അവരുടെ ഹൃദയങ്ങളിലായിരുന്നു. അവരുടെ ആത്മാവിലായിരുന്നു. “കാർത്തികയും കോളേജ് അധ്യാപകൻ കൂടിയായ നോവലിസ്റ്റ് അജയ് കൃഷ്ണയും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പൂർണ്ണതയിലേക്കുള്ള യാത്രയുടെ കഥയാണ്” നിർവചനങ്ങളില്ലാത്ത പ്രണയം”.

നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നു: “പ്രണയമാണ് ഈ നോവലിന്റെ ഇതിവൃത്തമെങ്കിലും പ്രണയത്തെ കാമുകീകാമുക സങ്കൽപ്പത്തിൽ നിന്നും അടർത്തി മാറ്റി സ്വതന്ത്രമായ ചിന്താഗതിയുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദവുമായി അതിനെ കോർത്തിണക്കുന്നു. ആ യാത്രയിൽ പ്രകൃതിയും അതിന്റെ സൗന്ദര്യവും ആ പ്രണയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതും എന്റെ ഭാവനയ്ക്കനുസരിച്ച് വർണ്ണിച്ചിരിക്കുന്നു.”

വല്ലപ്പോഴുമൊക്കെ പ്രണയനോവലുകൾ വായിക്കാറുണ്ടെങ്കിലും ഒരു നോവൽ മുഴുവൻ പ്രണയത്തെ ചർച്ച ചെയ്യുന്നത് വായിക്കുന്നത് ആദ്യമാണ്. ആഴത്തിൽ തന്നെ ആ ചർച്ച പുരോഗമിക്കുന്നുണ്ട്. ഈ ചർച്ചയെ മുന്നോട്ട് കൊണ്ടുപോകാനായി മാത്രമാണ് നോവലിൽ കഥയെ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ നാടകീയമായ അധികം കഥാ സന്ദർഭങ്ങൾ ഇതിൽ കാണാൻ സാധിക്കുകയില്ല. കാമുകീ കാമുകർക്കെതിരെ പടവാളുമായി വരുന്ന ഭീകരരായ ബന്ധുക്കളെയോ വില്ലന്മാരെയോ ഇതിൽ കാണാൻ സാധിക്കുകയില്ല. എങ്കിൽ പോലും ശക്തമായ ഒരു മതിൽ അവരുടെ പ്രണയത്തിന് വിഘാതമായി ഉണ്ട് താനും. തീർത്തും ലളിതമായ ഒരു കഥയെ ആകാംക്ഷ നിറച്ചു കൊണ്ട് അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

അഹങ്കാരവും വാശിയും മനുഷ്യസ്വഭാവത്തിന്റെ ഒഴിവാക്കാനാവാത്ത രണ്ടു ഭാവങ്ങളാണ്. അഹങ്കാരത്തിന്റെ വേലിക്കെട്ട് പൊളിക്കാതെ അവർക്ക് വിനയത്തിന്റെ വഴിയേ യാത്ര തുടങ്ങാനാവുകയില്ല. വിനയത്തിന്റെ വഴിയിലൂടെയല്ലാതെ സത്യവും സ്വാതന്ത്ര്യവും സഞ്ചരിക്കുകയുമില്ല. നോവലിലെ കാർത്തികയിലെ അഹങ്കാരം നേരത്തെ തകർക്കപ്പെടുന്നുണ്ട്. ഇത് അവൾക്ക് നൽകുന്ന സ്വാതന്ത്ര്യം അവളെ കരുത്തയാക്കുന്നുണ്ട്. അതെ സമയം അജയ് ബന്ധനത്തിലാണ്. അഹങ്കാരത്തിന്റെ മാത്രമല്ല, വാശിയുടെയും. “അയാളുടെ വാശി എനിക്കറിയാം. ഒരു കാര്യം വേണമെന്നാഗ്രഹിച്ചാൽ അത് കിട്ടുന്നിടം വരെ ആ വാശി കാണിക്കും”. വാശിയുടെ കാര്യത്തിൽ കാർത്തികയും പിറകിലല്ല. പക്ഷെ, അജയന്റെ ചില പിടിവാശികൾക്ക് മുൻപിൽ ചിലപ്പോഴൊക്കെ വിട്ടു വീഴ്ച വേണമെന്ന് അവൾക്കറിയാം. “പ്രണയാർദ്രമീ യാത്ര” എന്ന നോവൽ എഴുതിയ അജയ് കൃഷ്‌ണ പക്ഷെ ആ എഴുത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നും പഠിക്കുന്നില്ല. അവന് സ്വയം സ്വതന്ത്രനാവാനും സാധിക്കുന്നില്ല. പക്ഷെ, നോവലിനുള്ളിൽ “നിർവചനങ്ങളില്ലാത്ത പ്രണയം” എന്ന നോവൽ എഴുതുന്ന കാർത്തിക പ്രണയത്തെ തിരിച്ചറിയുകയും സ്വയമായി അതിനെ നിർവചിക്കുകയും പ്രണയത്തെയും പ്രണയിയെയും സ്വന്തമാക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നുണ്ട്.

പ്രണയം ഊർജ്ജമാണ്. അത് പലപ്പോഴും മൗനത്തിന്റെ കൂടാരത്തിലൊളിക്കും. ചിലപ്പോൾ ഈ മൗനം കാമത്തിന്റെ ചിറകു വിരിക്കും. ചിന്തയിലേക്കും ശരീരത്തിലേക്കും മാത്രമല്ല, ആത്മാവിലേക്കും പടർന്നു കയറും. പ്രണയിക്കുന്ന ആത്മാക്കളുടെ ചേർച്ചയിൽ മാത്രമാണ് പ്രണയ സായൂജ്യം അനുഭവിക്കാനാവുക. നോവലിലെ വിവിധ ഭാഗങ്ങളിൽ പ്രണയത്തിന്റെ വിവിധങ്ങളായ രൂപങ്ങളെയും ഭാവങ്ങളെയും വിശകലനം ചെയ്ത് എഴുതുന്നുണ്ട് കാർത്തിക. നോവലിലെ ചിന്തകൾ പങ്കു വെയ്ക്കുന്നത് നോവലിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ഏകദേശ രൂപം വായനക്കാർക്ക് കിട്ടുന്നതിന് സഹായിക്കുമെന്ന് കരുതുന്നു.

“പ്രണയം എന്ന വൈകാരികാവസ്ഥയിൽ ഒരു വ്യക്തിയിൽ പ്രകടമാവുന്നത് അവരുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന അനിർവചനീയമായ ഊർജ്ജത്തിന്റെ ഒരു വിസ്ഫോടനമാണ്. അവിടെ വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ്. പ്രണയമുള്ള ഒരു വ്യക്തിയിൽ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് അതിന്റെ സമ്പൂർണ്ണതയ്ക്ക് കാരണമാകുന്നത്. ആ ഊർജ്ജത്തിന് മനുഷ്യമനസ്സുകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള അപാരമായ ശക്തിയുണ്ട്”. “ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിലും പ്രണയത്തെ കണ്ടെത്തുവാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതം തന്നെ പ്രണയാർദ്രമായി മാറുന്നു”. മനുഷ്യനിലെ പ്രണയവും പ്രകൃതിയുടെ പ്രണയവും തമ്മിൽ ഐക്യപ്പെടുന്നുണ്ട് ഈ നോവലിൽ. “പറയാതെ പറഞ്ഞ, അറിയാതെ അറിഞ്ഞ ഞങ്ങളുടെ പ്രണയത്തെ പ്രകൃതിയും ഏറ്റെടുത്ത് പുറത്ത് ഒരു ശക്തമായ മഴയായി പെയ്തിറങ്ങുവാൻ തുടങ്ങി”. മഴയുടെ ഈ പ്രണയപ്പെയ്ത്ത് നോവലിൽ പലയിടത്തും സംഭവിക്കുന്നുണ്ട്.

കാമം പ്രണയത്തിന്റെ പൂർണ്ണതയ്ക്ക് അനിവാര്യമാണോ? “എനിക്ക് വേണ്ടത് കാമത്തിൽ അധിഷ്ഠിതമായ ഒരു പ്രണയമല്ല. പക്ഷെ നമ്മുടെ മനസ്സും ശരീരവും ആ കാമത്തെ പുൽകുവാൻ ആഗ്രഹിക്കുന്നു ഇടയ്ക്ക്. അതുകൊണ്ടാണ് പ്രണയത്താൽ നീ എന്നെയിന്ന് സ്പര്ശിച്ചപ്പോഴും ഞാൻ നിന്നെ എതിർക്കാതിരുന്നത്. പ്രണയത്തെ അന്തരാത്മാവിലൂടെയോ അല്ലെങ്കിൽ ബാഹികമായ ശാരീരിക ഒത്തുചേരലിലൂടെയോ അറിയുകയെന്നത് തെറ്റാണോ?” സൗഹൃദത്തിലധിഷ്ഠിതമായ പ്രണയമാണ് ഈ നോവലിൽ സംഭവിക്കുന്നത്. അജയുടെ ഭാര്യ ചിന്തിക്കുന്നത്, “എനിക്കും ഇത് പോലെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ രണ്ട് ദിവസം എനിക്കും ഇവിടെ നിന്നൊന്ന് മാറിനിൽക്കാമായിരുന്നു” എന്നാണ്. ഇവിടെ ഒരു പരിഭവത്തിന്റെ രൂപത്തിലായാലും സ്വാർത്ഥതയെ വെടിയണമെന്ന ഒരു സന്ദേശം കൈമാറുന്നുണ്ട്. “ഒരു സാധാരണ സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രതിച്ഛായയിൽ നമ്മൾ രണ്ടുപേരും ഇതിനെ കാണാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ഇത്രയും തീവ്രമായ ഈ ബന്ധം എപ്പോഴേ ലൈംഗികമായ ആസക്തികളെ തേടി പോകുമായിരുന്നു. ഇവിടെ ലൈംഗീകതയെക്കാൾ നീ എപ്പോഴും മുൻ‌തൂക്കം കൊടുക്കുന്നത് പ്രണയത്തിൽ അധിഷ്ഠിതമായ ഒരു സൗഹൃദത്തിനാണ്. ഒരു പക്ഷെ, അതുകൊണ്ടായിരിക്കാം ഒമ്പത് വർഷമായിട്ടും നമ്മുടെ ഈ ബന്ധം അതിന്റെ പുതുമയോട് കൂടിത്തന്നെ ഇപ്പോഴും നിലനിൽക്കുന്നത്” എന്ന് പറയുമ്പോഴും ശക്തമായ ലൈംഗികതയുടെ അടിയൊഴുക്ക് നായികാ നായക പ്രണയത്തിലുണ്ട്. പ്രണയം അതിന്റെ അടിസ്ഥാന ആശയത്തിൽ ഒന്നു ചേരലും സ്വന്തമാക്കലുമാണെങ്കിലും സ്വന്തമാക്കുന്നതിനെ അടച്ചിടുന്നതിലല്ല സ്വതന്ത്രമാക്കുന്നതിലാണ് മഹത്വമിരിക്കുന്നതെന്ന് നിർവചനങ്ങളില്ലാത്ത പ്രണയത്തിൽ നോവലിസ്റ്റ് അഭിപ്രായപ്പെടുന്നു. “പ്രണയം എന്ന് പറയുന്നത് രണ്ട് ആത്മാക്കളെ വിവാഹം എന്ന ആചാരത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു ബന്ധനമായിട്ടാണ്. ഈ ലോകം മുഴുവൻ ആ ബന്ധനത്തെ പ്രണയത്തിന്റെ പൂർണ്ണതയായിട്ട് കാണുന്നു. എന്റെ ചോദ്യം, പ്രണയമെങ്ങനെയാണ് ഒരു ബന്ധനമായി മാറുന്നതെന്നാണ്. അത് ഈ ലോകത്തിൽ നിസ്സീമമായി വിരാജിക്കേണ്ട ഒന്നല്ലേ? ബന്ധനങ്ങളിൽ ഒരിക്കലും പ്രണയം ഉണ്ടാകുന്നില്ല!”

പ്രണയം വിതറിയതാണ് ഈ നോവലിലെ വഴിത്താരകൾ. “ഒരു വാഴയിലയിൽ കുറച്ച് മുല്ലപ്പൂക്കൾ. പ്രകൃതിയിൽ അയാൾ ഏറ്റവും ഇഷ്ടപ്പെടുന്ന സുഗന്ധം. എന്നിലെപ്പോഴും പ്രണയം നിറയ്ക്കുന്ന, എനിക്ക് പ്രിയപ്പെട്ട പ്രകൃതിയുടെ സുഗന്ധം. അത് എന്റെ നാസാരന്ധ്രങ്ങളിലൂടെ എന്റെ ശരീരത്തിലാകമാനം പടർത്തി. ഞാനറിഞ്ഞു, എന്റെ ശരീരത്തിലെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന പ്രണയത്തെ അത് തൊട്ടുണർത്തുന്നത്. ഞാനാ മുല്ലപ്പൂക്കൾ അയാളുടെ മേശപ്പുറത്ത് വെച്ചു”. പ്രണയം പെയ്തിറങ്ങുന്നത് കണ്ണുകളിലൂടെയാണ്. നോട്ടത്തിലൂടെയാണ്. “അയാളുടെ ആ നോട്ടം എന്നിലെപ്പോഴും ഒരു അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. കാരണം ആ നോട്ടത്തിൽ അയാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത അറിയുവാൻ പറ്റുമായിരുന്നു”. ആ നായിക തന്നെ അടുത്ത പേജിൽ പറയുന്നു. “അതെ…എനിക്കിഷ്ടമാണ് നീ കുളിക്കുന്നത് കാണാൻ. നീ കുളത്തിൽ മുങ്ങിനിവരുമ്പോൾ നിന്റെ തലമുടിയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളോടും നിന്റെ ശരീരത്തിൽ തട്ടിത്തടഞ്ഞ് തെന്നിപ്പായുന്ന ജാലകണങ്ങളോടും ചിലപ്പോൾ അസൂയ തോന്നാറുണ്ട്.”

“നിന്റെ മൗനമാണ് എന്റെ പ്രണയം.
ആ മൗനത്തിൽ വാചാലതയായി
എന്നന്തരാത്മാവിൽ നിറയുമാ പ്രണയം
പിറക്കുന്നു ഈ ഭൂവിൽ എന്നക്ഷരങ്ങളായി” എന്ന് നോവലിസ്റ്റ് എഴുതുന്നു. ഇവിടെ പ്രണയം നായികയായ എഴുത്തുകാരിയെ തന്റെ എഴുത്തിനുള്ള പ്രേരകശക്തിയായി പ്രതിഷ്ഠിക്കുകയാണ്. ആദിയിൽ വചനമുണ്ടായിരുന്നു, ആ വചനം ദൈവത്തോട് കൂടെയായിരുന്നു, ആ വചനം തന്നെയായിരുന്നു ദൈവം എന്ന ബൈബിൾ വാക്യത്തോട് ചേർത്തു വായിച്ചാൽ. അക്ഷരങ്ങളിലൂടെ വിരിയുന്ന സൃഷ്ടി എന്നതാണ് എഴുത്തുകാരി പ്രണയത്തിന് നൽകുന്ന മാനം. ഇത് ഒരു ഉയർന്ന അർത്ഥതലമാണ്. ഇവിടെ എഴുത്തുകാരി പ്രണയത്തെ ലോകത്തിന്റെ മുഴുവൻ സൃഷ്ടിയുടെ ശക്തിയും കാരണവും ചൈതന്യവുമായി പ്രതിഷ്ഠിക്കുകയാണ്. “നമ്മൾ പരസ്പരം ആദ്യം അറിഞ്ഞത് നമ്മുടെ കണ്ണുകളിലൂടെയാണ്. പക്ഷെ, ഇന്ന് ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു, നിന്റെ അക്ഷരങ്ങളിലൂടെ” എന്ന് എഴുതുന്നിടത്ത് ഈ അക്ഷരപ്രണയം ഒന്നിനൊന്നു ചേർന്ന് നിൽക്കുന്നു.

പ്രവാസത്തിൽ നിന്ന് അവധിക്ക് വന്നതാണ് കഥാനായികയെങ്കിലും പ്രവാസത്തിന് ചുരുങ്ങിയ ഇടമേ നോവലിൽ ലഭിക്കുന്നുള്ളു. ഒരു സമ്പൂർണ്ണ പ്രണയനോവലിൽ പ്രണയത്തിന്റെ ഭൂമിക പ്രവാസമല്ലെന്നിരിക്കെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ പ്രവാസത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ. “ഹേയ്! ഞാനാലോചിക്കുകയായിരുന്നു നമ്മുടെ നാട്ടിലെ നാലുമണിക്കാറ്റിനെക്കുറിച്ച്. ഈ ഗൾഫുകാർക്ക് നാലുമണിക്കാറ്റ് എന്നത് ഒരു ദിവാസ്വപ്നമാണ്. കാരണം മരുഭൂമിയിലെ കാറ്റിന് ചൂടിന്റെ മേലാപ്പാണ്.” “ഞാൻ നാട്ടിൽ നിന്ന് പോയതുകൊണ്ടാ ഇവിടെയുള്ള എല്ലാത്തിനും ഇത്രയും സൗന്ദര്യമുള്ളതായി തോന്നുന്നത്. താനതെന്നോട് പറയുമ്പോഴാണ് ഞാനതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് തന്നെ. ശരിക്കും നമ്മുടെ നാടിന്റെ നന്മയും സൗന്ദര്യവുമൊക്കെ മനസ്സുകൊണ്ട് അറിയണമെങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ഒരു പ്രവാസിയായി ജീവിക്കണം.” എന്നിങ്ങനെ പ്രവാസം സാന്നിധ്യം അറിയിക്കുന്നു.

ആദ്യ എഴുത്തിൽ പലർക്കും സംഭവിക്കുന്നത് പോലെ ആദ്യ അധ്യായങ്ങളിൽ കാഴ്ചപ്പാടുകളുടെ വ്യക്തത അവിടവിടെ പാളിപ്പോകുന്നുണ്ട്. അവസാന അധ്യായങ്ങളാവുമ്പോഴേക്ക് അത് തിരുത്തപ്പെടുന്നുമുണ്ട്. അതുപോലെ, ഒഴിവാക്കാമായിരുന്ന കുറച്ചു ചെറിയ തെറ്റുകൾ ഈ പുസ്തകത്തിൽ കടന്നുകൂടിയിട്ടുണ്ട്. ഒരു എഡിറ്റിംഗിന്റെ അനിവാര്യത ഈ പുസ്തകത്തിനുണ്ട്. പ്രണയനോവലുകൾ വിരളമായ ഇക്കാലത്ത്, നന്നായി ഒന്ന് മിനുക്കിയെടുത്താൽ മികച്ച ഒരു നോവലായി ഇതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. അതിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഇത് പറയുമ്പോൾ തന്നെ, ഇത്തരം ചെറിയ തെറ്റുകളോട് കൂടെ തന്നെ നോവൽ നല്ല ഒരു വായനാനുഭവം തന്നു എന്ന് സാക്ഷ്യപ്പെടുത്തേണ്ടതും കൂടിയുണ്ട്.

“നിന്റെ പ്രണയം നെഞ്ചിലേറ്റി ഞാനെന്റെ ഹൃദയത്തിൽ ഗർഭം ധരിച്ച് എന്റെ തൂലികയിലൂടെ ജന്മം നൽകിയ എന്റെ കുഞ്ഞുങ്ങളാണ് ആ ഡയറിയിലെ ഓരോ അക്ഷരങ്ങളും. നിന്നോടുള്ള പ്രണയത്തിൽ അലിഞ്ഞു ചേർന്ന് ഞാൻ എഴുതിയ എന്റെ പ്രണയകാവ്യം” എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. അതെ, പ്രണയന്വേഷണങ്ങളുടെ പുസ്തകമാണ് ഇത്. ഇത് വായിച്ചു കഴിയുമ്പോൾ പ്രണയത്തിന്റെ നിർവചനം നിങ്ങൾക്ക് കിട്ടുമോ എന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. പക്ഷെ, പ്രണയത്തിന്റെ നിർവചനങ്ങളെ തേടി നിങ്ങളുടെ മനസ്സലയും വിധം പ്രണയാർദ്രമായ ഒരു യാത്ര ഈ പുസ്തകം പ്രധാനം ചെയ്യുമെന്നുറപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here