‘വിരലറ്റം’ പതിച്ച അടയാളങ്ങൾ

0
643

സൈഫു 

ഭാവനകളാവട്ടെ, യാഥാർത്ഥ്യങ്ങളാവട്ടെ എല്ലാത്തിനും എഴുത്ത് രൂപം കൈവരുന്നത് വിരലറ്റം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഒരു മുഴുജീവിതത്തിന്റെയും അർദ്ധകാല ജീവിതത്തിന്റെയും പകർത്തിയെഴുത്തും വിരലറ്റം സാധ്യമാക്കുന്നു. ചിരകാല പ്രതിഷ്ഠയായി എഴുത്ത് സുസ്ഥിരമാകുന്നുണ്ട്. വാമൊഴി പഠിച്ച് പകർന്ന് ദൂരമേറെ താണ്ടാതെ ചേതനയറ്റ് പോകുന്നു.
ഒരു കൃതി വായിച്ച് തീർത്തതിൽ പിന്നെ എഴുത്തുകാരനോട് തോന്നിയ തീരാബഹുമാനത്തിന്റെയും ആദരവിന്റെയും വിവരണമാണിത്.

ഒരു മുപ്പത് വയസ്സുകാരന്റെ ആത്മകഥ അത്ഭുതമാണ്. ആത്മകഥയെഴുത്തിന് സമൂഹം കൽപിച്ച് നൽകിയ കാലം അതല്ല. ജീവിത സായാഹ്നമാണ് സ്വജീവിതം ലിപികളാക്കാൻ ഉചിതം. അപ്പോഴാണ് ഇനിയും കൂട്ടിച്ചേർക്കാനില്ലാത്ത വിധം ജീവിതവും എഴുത്തും പരിപൂർണ്ണത നേടുന്നത്. മുഹമ്മദ് അലി ശിഹാബിന്റെ ”വിരലറ്റം” ജീവിതമെഴുത്ത് എന്നതിലപ്പുറം മൂന്ന് ഭാഗങ്ങളായി തിരിച്ച് വച്ച  ഇൻസ്പിരേഷനൽ സ്റ്റോറിയാണ്, ഒന്നുമാകാനാവില്ലെന്ന് കാലമോ സാഹചര്യങ്ങളോ കൊണ്ട് തീരുമാനിച്ചുറപ്പിച്ചവർക്ക് അരക്കിട്ടുറപ്പിച്ച ചിന്തകളെയും വിചാരങ്ങളെയും തൂത്തു കളഞ്ഞ് ശുഭപ്രതീക്ഷ നിറഞ്ഞ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന മൂന്ന് അനുഭവ കഥനം. അകപ്പെരുളായ വായിച്ചിക്ക് (പിതാവ്) എന്നെഴുതി തുടങ്ങുന്നുണ്ട് കൃതിയിൽ. ജിവിതം മുഴുവൻ സ്നേഹവായ്പോടെ മക്കളുടെ നന്മയാഗ്രഹിക്കുന്ന എല്ലാ പിതാക്കൾക്കുമുള്ള സ്മരണയാണത്.

മുഹമ്മദ് അലി ശിഹാബ് IAS നേടുന്നത് മകൻ പഠിച്ച് വലിയവനാകണമെന്ന പിതാവിന്റെ സ്ഥിരാഗ്രഹത്തിന്റെ തൊട്ടുണർത്തലുകൾ മനസ്സിലോടിയെത്തിയത് കൊണ്ടാണ്. അത്ര തന്നെ സുഗമമല്ലാത്ത വഴികൾ നിശ്ചയദാർഢ്യത്തോടെ കടന്ന് കഴിഞ്ഞ് വിജയ തീരത്തിലെത്തുമ്പോൾ പിതാവിന്റെ ആഗ്രഹം അദ്ദേഹത്തിനും പകർന്ന് കിട്ടുന്നു. തനിക്ക് ചുറ്റിലുമുള്ള പാവപ്പെട്ടവരേയും തന്നോളമോ അതിനപ്പുറമോ അധ്വാനികളും പരിശ്രമശാലികളും ആക്കണമെന്ന തീർച്ചപ്പെടുത്തൽ അദ്ദേഹത്തിനുണ്ടാകുന്നു.

പണക്കാരന്റേത് മാത്രമെന്ന് വായ്ത്താരിയുള്ള ഉദ്യോഗം നേടിയെടുക്കുന്ന പാവപ്പെട്ടവന്റെ ജീവിതവഴികളും വരും കാലങ്ങളിലേക്കുള്ള കഴിവുറ്റ, പണം ഇല്ലാത്തത് കൊണ്ട് മാത്രം മാറി നിൽക്കേണ്ടി വരുന്ന യുവതയുടെ ഉന്നമനത്തിനായുള്ള ചിന്തകളുമാണ് എഴുത്തിന്റെ അതിപ്രധാനമായ ആശയ സംഗ്രഹം. സാഹിത്യ കൃതിയായിട്ടല്ല പ്രത്യുത മാതൃകാപരമായി ജീവിച്ച് കാണിച്ച് തന്ന ഒരു സാധാരണക്കാരന്റെ കുറിമാനങ്ങൾ ആയിട്ടാണ് അനുവാചകൻ “വിരലറ്റത്തെ” വിലയിരുത്തുക. അവകൾക്ക് മറ്റേതിനേക്കാളും മനസ്സിനകത്തേക്ക് കയറിച്ചെല്ലാനും പരിവർത്തനം സൃഷ്ടിക്കാനും കെൽപ്പുണ്ടെന്നതാണ് വായനക്കാരന്‍റെ പക്ഷം. സുലഭമല്ലാത്ത മലബാറിയൻ ഭാഷാപ്രയോഗങ്ങൾ ഒത്തിരിയുണ്ട് കൃതിയിൽ. അവകളെല്ലാം ഒരു തരം കൗതുകവും പഴയ കാലം ഓർമ്മിപ്പിക്കുന്ന മനോഹാരിതയും വായനക്കാരന്‍റെ ചിന്താമണ്ഡലത്തിൽ സ്ഥിരപ്പെടുത്തുന്നു.

ദു:ഖിച്ച് പൊഴിക്കുന്ന കണ്ണീരിനേക്കാൾ എത്രയോ വിലപ്പെട്ടതാണ് ഹർഷാഗ്രിമത്തിൽ പൊഴിയുന്ന കണ്ണീരെന്ന് കൃതിയുടെ ആന്തരികാർത്ഥങ്ങൾ ഇടക്കിടെ ഓർമ്മപ്പെടുത്തുന്നു. എന്തിനുമേതിനും ചുറ്റുപാടുകളെ കുറ്റപ്പെടുത്തരുത്. സാഹചര്യങ്ങളോട് ഇണങ്ങിച്ചേർന്ന് അധ്വാനിക്കണമെന്ന പാഠമാണ് മുക്കം യതീംഖാനയിലെ മുഹമ്മദ് അലി ശിഹാബിന്റെ ജീവിതം പരിചയപ്പെടുത്തിത്തരുന്നത്.

ഏത് തൊഴിലും ചെയ്യാനുള്ള സമർപ്പണമാണ് നന്മയെന്ന് “വിരലറ്റം” വായിച്ച് തീരുന്നതോടെ ബോധ്യപ്പെടും. ഒരു എഴുത്തെന്നതിനേക്കാൾ ഒരു പ്രചോദനമെന്നാണ് ഈ കൃതിയെ ഒറ്റവാക്കിൽ വിലയിരുത്താനാവുക. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം താൻ കാരണം മറ്റൊരാൾ കൂടി സന്തോഷിക്കുന്നു എന്നറിയുന്നതാണെന്ന പരമസത്യം തിരിച്ചറിഞ്ഞ നന്മയുടെ പ്രതിരൂപമാണ് ഗ്രന്ധകാരൻ.

ഇപ്പോൾ നാഗലാന്റിലെ കിഫിരെ ജില്ലാ കളക്ടറാണ് ഈ പരിശ്രമശാലിയെന്ന സ്നേഹത്തോടെയുള്ള ഓർമ്മപ്പെടുത്തലുകൾ..

 

LEAVE A REPLY

Please enter your comment!
Please enter your name here