ഇഹ്സാനുൽഹഖ്
ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത് വീണ മഴത്തുള്ളികള്‍ ഇപ്പോഴും മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയിട്ടില്ല. ഇത് പോലെയാണ് ഇയ്യാസ് എഴുതിയ വാക പൂക്കുന്നിടം എന്ന കവിതാ സമാഹാരം. വായനാനുഭവം മനസില്‍ നിന്നും മാഞ്ഞുപോകാതെ എവിടെയൊക്കെയോ തങ്ങി നില്‍ക്കുന്നു.
മനുഷ്യനും പ്രകൃതിയും, പ്രണയവും, നഷ്ടമാകുന്ന സംസ്കാര മൂല്യങ്ങളും ഒന്നിനൊന്നായി ഇഴപിരിച്ച് നിർമ്മിച്ച സമാഹാരമാണിത്. ലോകത്തോട് തനിക്ക് പറയാനുള്ള തുറന്നുപറച്ചിലിനുള്ള വേദി. അതിന് കവിക്ക് കടിച്ചാൽ പൊട്ടാത്ത പദങ്ങളോ, ആശയപരാക്രമമോ ആവശ്യമായി വരുന്നില്ല. ദാഹിച്ചവന് തെളിനീരാണ് അമൃത്. എന്താണ് കവിയെന്നും എങ്ങനെയാണ് കവിതയെന്നും വാക പൂക്കുന്നിടത്ത് വെച്ച് മനസ്സിലാക്കാം.
കുറച്ച് മാസങ്ങൾക്ക് മുമ്പ് മധുവെന്ന വിശന്നമനുഷ്യനെ തല്ലിക്കൊന്നപ്പോൾ കവിയെഴുതിയ വരികൾ പൊതു സമൂഹം ഏറ്റെടുത്തിരുന്നു.
“എന്തിനാ അവനെ കൊന്നേ…?!
അവൻ കട്ടിട്ടാ…
അതിന് കൊല്ലണോ…?!
അവൻ കറുത്തിട്ടാ… മുഷിഞ്ഞിട്ടാ..!
പിന്നെ, വിശന്നിട്ടും….!”
ലളിതമായി ആശയങ്ങളെ അവതരിപ്പിക്കുന്ന ഈ രീതി തന്നെയാണ് കൃതിയിലും സ്വീകരിച്ചത്.
കവിതകൾ ഭാവനയുടെ ചരടുകളാണ്. ചരടു പൊട്ടാതെ കവിത സൃഷ്ടിക്കുമ്പോൾ ചിന്തിക്കാത്തവർ ചിന്തിക്കുകയും ചിന്തിച്ചവർ കൂടുതൽ ചിന്തിക്കുകയും ചെയ്യും. ഇയ്യാസിന്റെ കവിതകൾ എപ്പോഴും സാമൂഹിക സാഹചര്യങ്ങൾ ഉൾക്കൊണ്ട് സാമൂഹികമാറ്റത്തിന് ഒന്നടങ്കം പ്രേരിപ്പിക്കുന്നവയാണ്.
വാക പൂക്കുന്നിടത്തേക്ക് തുറന്നു വെച്ച വാതിലിലൂടെ കയറിയാൽ ഒരുപാട് കവിതകൾ കാണാം. രണ്ട് ഭാഗങ്ങളായി ക്രമീകരിച്ച കൃതിയുടെ ആദ്യഭാഗം നുറുങ്ങ് കവിതകളും രണ്ടാം ഭാഗം സാക്ഷാൽ കവിതകളുമാണ്. ആധുനികതയുടെയോ, അത്യാധുനികതയുടെയോ അലങ്കാരപ്പണികളോ ജാടയോ ഇല്ലാതെ സാധാരണക്കാരന് വായിച്ചു മനസ്സിലാക്കാനും, ആസ്വദിക്കാനും പറ്റിയ കുറെ കവിതാമുത്തുകൾ. നൂറ്റിപ്പന്ത്രണ്ട് പേജുകളിലായി സാധാരണക്കാരനോട് കവി സമ്മേളിക്കുന്നു. അകത്തേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ തുറന്നു ഇറങ്ങിപ്പോകാൻ നന്നേപ്രയാസം. അകത്തേക്ക് കയറിയ വായനക്കാരനെ നഷ്ടബോധവും, ഗൃഹാതുരത്വവും, കഴിഞ്ഞു പോയ നല്ലനാളുകളുടെ ഓർമ്മകളുമായി ചിന്തയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, വരികൾക്കിടയിലൂടെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപിടി കവിതകൾ.
‘പുകയില ‘ എന്ന കവിതയിൽ തുടങ്ങി ‘വേനലി’ൽ അവസാനിപ്പിക്കുമ്പോഴേക്ക് ഒരു ജന്മം പറയാനുള്ളതൊക്കെ കവി പാടിയും പറഞ്ഞും തീർക്കുന്നുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സ്വാഭാവികതയേയും സാമൂഹ്യ പ്രതിഭാസങ്ങളേയും ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നത് കൃതിയുടെ ഗുണമേന്മയായിക്കാണാം.
‘അഴുക്ക് ചാൽ ‘ മുതൽ ‘പാസ്പോർട്ടും വിസയും’ വരെ കവിതയുടെ പ്രമേയങ്ങളായി വരുന്നു. സ്ത്രീയെക്കുറിച്ചും അവൾക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ചും വാചാലനാകുമ്പോൾ തന്നെ ‘ആൺവേശ്യ’ എന്ന കവിത സാമൂഹിക കാഴ്ചപ്പാടുകളെ പരിഹസിക്കുന്നു.
ചുരുക്കത്തിൽ ഓരോ കവിതകളും ആയിരം പേജുകളിലെ ആശയത്തിന്റെ പ്രതിനിധികളാണ്. സൗദിയിൽ പ്രവാസിയായി ജോലി ചെയ്യുന്ന കവിയുടെ സ്വദേശം നിലമ്പൂരിനടുത്ത് മൂത്തേടം ഗ്രാമപഞ്ചായത്തിലാണ്. 2018 സെപ്തംബറിൽ പ്രകാശനം ചെയ്ത വാക പൂക്കുന്നിടം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. അക്ഷരം പബ്ലിക്കേഷൻ വിതരണം നടത്തുന്ന പുസ്തകത്തിന്റെ പ്രസാധകർ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തിങ്കൾബുക്സ് ആണ്.