വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം

0
707
athmaonline-book-review-vijesh-edakkunni-thumbnail

വിജേഷ് എടക്കുന്നി

അമ്മയുടെ കണ്ണ്
(കവിതകൾ)
ജയപ്രകാശ് എറവ്
യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ്

ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി അടുപ്പത്തിലായ ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും പുറത്തു വന്നിരുന്ന പിൽക്കാലത്ത് നിന്നു പോയ എക്സ്പ്രസ്സ് ദിനപത്രം എല്ലാ ബുധനാഴ്ച്ചകളിലും അരപേജ് യുവ എഴുത്തുകാർക്കായി മാറ്റി വെച്ചിരുന്നു. നാട്ടിലെ മണിയേട്ടന്റെ ചായക്കടയിലാണ് ആദ്യമായി ഈ പത്രവും അതിലെ പ്രതിഭാ വേദിയെന്ന കഥയും കവിതയും നിറഞ്ഞ ഇടവും ശ്രദ്ധയിൽപ്പെടുന്നത്. ഒരു കവിത അയച്ച് എല്ലാ ബുധനാഴ്ചയും രാവിലെ ചായക്കടയിലെ ഇത്തിരി തിരക്കിനിടയിൽ കവിത വന്നോ എന്ന് ഹൃദയമിടിപ്പോടെ നോക്കുന്ന ഇന്നലേകളെ ഓർമിപ്പിച്ചു ജയന്റെ ‘അമ്മയുടെ കണ്ണ്’ എന്ന ഈ കവിതാ സമാഹാരം. എക്സ്പ്രസ്സിന്റെ ഒരേ താളിൽ എന്റെയും ജയന്റെയും കവിതകൾ പലപ്പോഴായി വന്നു. അപ്പോഴൊന്നും ഞങ്ങൾ പരിചിതരല്ലായിരുന്നു. പിൽക്കാലത്ത് വലിയ ചങ്ങാതിമാരായി മാറിയ പല എഴുത്തുകാരെയും ആദ്യം പരിചയപ്പെടുന്നത് എക്സ്പ്രസ്സ് പത്രത്തിലെ പ്രതിഭാ വേദിയിൽ വച്ചാണ്.

athmaonline-jayaprakash-eravu
ജയപ്രകാശ് എറവ്

കവിതയിൽ വിശുദ്ധനായ ഒരേകാന്ത സഞ്ചാരിയാണ് ജയപ്രകാശ്. അയാൾക്ക് വലിയ അവകാശവാദങ്ങളില്ല. തന്റെ ശബ്ദം മറ്റുള്ളവരിൽ മുഴങ്ങി കേൾക്കണം എന്ന ശാഠ്യമില്ല. കവിത കൊണ്ട് സാധ്യമാക്കുന്ന ഒരിടത്തേക്ക് എത്തിച്ചേരാൻ മറ്റുള്ളവരെ കരുവാക്കിയില്ല. ഒരിക്കലും ഒരിടത്തും തൻപ്രമാണിത്വം കാട്ടിയില്ല. ജയനെപ്പോഴും തന്നിലേക്ക് തന്നെ ഒരു കണ്ണാടി തിരിച്ചുപിടിച്ചു. തന്റെ കവിതയിലെ കുറവുകളെ വെട്ടിയും തിരുത്തിയും കൂടുതൽ മിഴിവിലേക്ക് വഴി നടത്തി. കവിത അമ്മയും അഭയവുമാണെന്ന് കവി ഉറച്ചു വിശ്വസിച്ചു. സ്നേഹമാണ് ജയപ്രകാശിന്റെ കൊടി അടയാളം. മനുഷ്യരിലുള്ള വിശ്വാസമാണ് അയാളുടെ മൂലധനം. തനിക്ക് ചുറ്റുമുള്ള ഇടങ്ങളെ സർഗാത്മകമാക്കാൻ വേണ്ട പൊതുബോധവും ഉയർന്ന രാഷ്ട്രീയ വീക്ഷണവും പ്രകടമാക്കുന്നതാണ് ജയന്റെ സാംസ്കാരിക ജീവിതം.

“ഉണർന്നെഴുന്നേറ്റ
നിമിഷം മുതൽ എന്നെ
അത്ഭുതപ്പെടുത്തിയ
ഒന്നാണ് ഞാനിതുവരെയും
കൊല്ലപ്പെട്ടില്ല
എന്ന സത്യം..!”

‘സത്യം’ എന്ന കവിതയിലെ വരികൾ സമകാലിക ജീവിതത്തിന്റെ നേരെഴുത്താണ്. മനുഷ്യനെത്രമേൽ നിസാരനാണെന്ന തിരിച്ചറിവാണ് ഈ കവിത പകർന്നു തരുന്ന വെളിച്ചം.

ഭയവും കരുണയും ഭൂതകാല സ്മൃതികളും മാനുഷികമായ സാധ്യതകളും ജയന്റെ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഒരു വാക്കും ലളിതമല്ലെന്ന ബദൽ ചിന്തയും നിരന്തരം പുതുക്കി പണിയേണ്ട ഒന്നാണ് കവിതയെന്ന ഉൾബോധവും ഈ കവിയെയും കവിതയെയും വായനക്കാരനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

അമ്മയില്ലാതൊരാൾ അനുഭവിക്കുന്ന ഏകാന്തയും ഭയവും അകമേ തിരിച്ചറിയുന്ന ഒരാളാണ് ജയപ്രകാശിലെ കവി. ഉള്ളിൽ കൊണ്ടു നടക്കുന്ന സംഘർഷങ്ങളെ കവിതയിലേക്ക് വിവർത്തനം ചെയ്യാതെ അയാൾക്ക് മറ്റു മാർഗ്ഗങ്ങളില്ല. ഭൂതകാലത്തെ അത്യന്തം സൂക്ഷ്മതയോടെ വായനക്കാരനിലേക്ക് ചേർത്തുനിർത്തുന്നുണ്ട് ഈ സമാഹരത്തിലെ മിക്ക കവിതകളും. വർണ്ണശഭളമായ ജീവിത സന്ദർഭങ്ങൾക്കപ്പുറം ഇരുട്ടു വീണ ഇന്നലേകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നുണ്ട് കവി.

‘നാട് നഗരമായപ്പോൾ
ഞാൻ നരകത്തിലായി ‘

എന്നെഴുതുന്നതിലൂടെ കവി തന്റെ നാട്ടു സ്വത്വത്തെ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

കവിത ജയപ്രകാശിന് ഒരഭയ കേന്ദ്രമാണ്. മുത്തച്ഛനിലേക്കും മുത്തശ്ശിയിലേക്കും വെച്ചും വിളമ്പിയും എച്ചിൽ കോരിയും കരിവീണ അമ്മയിലേക്കുമുള്ള ഏകാന്ത സഞ്ചാരമാണ്. ഈ യാത്രികനൊപ്പം ചേരുക മാത്രമേ നമുക്കും മാർഗ്ഗമുള്ളൂ.
വരൂ കവിതയുടെ ഈ ഉമ്മറത്ത് കവിക്കൊപ്പം നമുക്കും ഉറക്കമിളക്കാം.

vijesh-edakkunni
വിജേഷ് എടക്കുന്നി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here