അലിംഗം കാലഘട്ടത്തിന്റെ സ്പന്ദനം

0
527

എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ ‘അലിംഗം’ എന്ന നോവലിന്റെ ആസ്വാദനം

ഡോ. ദിവ്യധര്‍മ്മദത്തന്‍

മലയാളനാടകചരിത്രത്തിലെ അനശ്വരനായ നായികാനടന്‍ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ നോവലാണ് ‘അലിംഗം’. നോവലിസ്റ്റ്തന്നെ പറയുംപോലെ പൂര്‍ണമായി ഒരു ജീവചരിത്ര നോവലല്ല ഇത്. ലഭ്യമായ ജീവചരിത്രവും, തിരുവിതാംകൂറിലെ വാമൊഴികളും, പഴയകാല നാടകപ്രവര്‍ത്തകരുടെ സ്മരണകളും നോവലിന് ഉപാദാനങ്ങളായി സ്വീകരിച്ചിട്ടുണ്ട്. വിടവുകളെ ഭാവനയിലൂടെ പുനഃസൃഷ്ടിക്കുകയാണ് നോവലില്‍ ചെയ്തിട്ടുള്ളത്. ഓച്ചിറ വേലുക്കുട്ടിയുടെ അതിസങ്കീര്‍ണമായ വ്യക്തിത്വം അനാവരണം ചെയ്യുന്നു എന്നതിനു പുറമെ ഈ നോവലിന് മറ്റു ചില സവിശേഷതകളുമുണ്ട്. മലയാള സംഗീതനാടക ചരിത്രം, ദേശസംസ്‌കാരത്തിന്റെ മുദ്രകള്‍, നാടകീയത കലര്‍ന്ന ആഖ്യാനം എന്നിവയൊക്കെ ഈ നോവലിന്റെ സവിശേഷതകളാണ്.

മലയാളത്തിലെ ആദ്യകാല നാടകങ്ങള്‍ സംസ്‌കൃത നാടകങ്ങളുടെ തര്‍ജ്ജമകള്‍ ആയിരുന്നു. മലയാളികളുടെ നാടോടിയും ക്ലാസ്സിക്കലും ആയ രംഗകലാപാരമ്പര്യങ്ങള്‍ കുറഞ്ഞ ദൃശ്യരൂപങ്ങളായിരുന്നു സംസ്‌കൃതനാടക തര്‍ജ്ജമകള്‍ വഴിയും തമിഴ് നാടക സംഘങ്ങള്‍ വഴിയും നമുക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. ബബ്ബലന്‍ കുട്ടീശ്വരന്‍ എന്ന തമിഴ് നാടക സെറ്റിന്റെ കാലം തൊട്ട് നോവലില്‍ കേരളീയ നാടകചരിത്രം പരാമര്‍ശിക്കുന്നുണ്ട്. കടയ്ക്കാവൂരിലെ ബാലനടനസഭ ആദ്യകാലത്ത് അമച്വര്‍ നാടകരംഗത്ത് കുട്ടികള്‍ക്ക് ഗുരുകുല രീതിയില്‍ പരിശീലനം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു. വേലുക്കുട്ടിയുടെ അമ്മാവനായിരുന്ന കുട്ടീശ്വരന്‍ ഈ സഭയില്‍ വേലുക്കുട്ടിയെ നാടകപരിശീലനത്തിനു ചേര്‍ക്കുന്നതും അവിടുത്തെ ജീവിതരീതികളും നോവലിലുണ്ട്. ‘ഹരിശ്ചന്ദ്രചരിതം’ നാടകത്തില്‍ പകരക്കാരനായി ചന്ദ്രമതിയുടെ വേഷത്തില്‍ വേലുക്കുട്ടിക്ക് അരങ്ങേറേണ്ടി വന്നു. അവിടം തൊട്ടുള്ള ഓച്ചിറ വേലുക്കുട്ടിയുടെ നാടകജീവിതം നോവലില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വേലുവിന്റെ കൂടെ നാടകത്തില്‍ സഹകരിച്ചിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍, ആദ്യകാല നാടക പ്രവര്‍ത്തകരായിരുന്ന കെ.എസ്. ആന്റണി, വി.എസ്. ആന്‍ഡ്രൂസ് തുടങ്ങിയവരും നോവലിലെ കഥാപാത്രങ്ങളാണ്. റോയല്‍ സിനിമാറ്റിക് ആന്റ് ഡ്രമാറ്റിക് കമ്പനി, ഓച്ചിറ പരബ്രഹ്മോദയം സഭ, ബ്രഹ്മവിലാസം നടന സഭ, വാണീവിലാസം തുടങ്ങിയ നാടകസമിതികളെക്കുറിച്ചും അക്കാലത്തെ പ്രശസ്ത നാടകങ്ങളായിരുന്ന പറുദീസാ നഷ്ടം, നല്ല തങ്ക, സത്യവാന്‍ സാവിത്രി, ജ്ഞാനസുന്ദരീചരിതം, ഗുലെബക്കാവലി എന്നീ നാടകങ്ങളുടെ അവതരണത്തെക്കുറിച്ചുമെല്ലാം നോവലില്‍ പരാമര്‍ശിക്കുന്നത് ആഖ്യാനത്തില്‍ വേറിട്ട പരീക്ഷണമാവുന്നു. സ്വാമി ബ്രഹ്മവ്രതന്‍ രചിച്ച ‘കരുണ’ നാടകത്തിന്റെ ഉത്ഭവവും ജൈത്രയാത്രയുമെല്ലാം അര്‍ഹിക്കുന്ന ചരിത്രപ്രാധാന്യത്തോടെ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. ”മലയാള നാടകത്തിന്റെ ഒരു വഴിത്തിരിവിനെയാണ് ആ നാടകം കുറിക്കുന്നത്” എന്ന് ജി. ശങ്കരപ്പിള്ള മലയാള നാടകസാഹിത്യ ചരിത്രത്തില്‍ പറഞ്ഞിട്ടുള്ളത്(പു.64) ഇവിടെ ഓര്‍ക്കാവുന്നതാണ്. കരുണ നാടകം കേരളത്തിലെ നാടകാസ്വാദകരില്‍ ഉണ്ടാക്കിയിട്ടുള്ള വിപ്ലവകരമായ പരിവര്‍ത്തനവും നോവലില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ”അതിമാനുഷരായ പുരാണ ചരിത്ര നായകന്മാരും വില കുറഞ്ഞ ബഫൂണുകളും ആടിപ്പാടി കരണം മറിഞ്ഞ അരങ്ങില്‍, ഉപഗുപ്തനെപ്പോലെ ഭാവഗാംഭീര്യം ഉള്ള ഒരു കഥാപാത്രവും ശ്മശാനരംഗം പോലെ തീവ്രാനുഭവം പങ്കിടുന്ന ഒരു നാടകീയ മുഹൂര്‍ത്തവും കരുണയ്ക്ക് മുമ്പേ മലയാളിക്ക് സ്വപ്നം കാണാന്‍ കഴിഞ്ഞിരുന്നില്ല” എന്ന വയലാ വാസുദേവന്‍ പിള്ളയുടെ അഭിപ്രായം ശരി വയ്ക്കുന്ന തരത്തിലാണ് നോവലിസ്റ്റിന്റെയും സമീപനം. അതിഭാവുകത്വം ഏറി നിന്നിരുന്നുവെങ്കിലും പിന്നീടു വന്ന നാടകത്തിന്റെ പശ്ചാത്തലമാവുകയും നാടകസാഹിത്യവും രംഗാവതരണവും തമ്മിലുള്ള ബന്ധം കുറെക്കൂടി മെച്ചപ്പെട്ടു വരുന്നതും കരുണയിലാണെന്ന നാടകസാഹിത്യചരിത്രകാരന്മാരുടെ നിരീക്ഷണം അതേപടി പിന്തുടരുക വഴി കലാചരിത്രത്തോടു നീതി പുലര്‍ത്താന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തിലെ നായികയായ വാസവദത്ത ഓച്ചിറ വേലുക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു.

‘കരുണ’യിലെ അന്ത്യരംഗങ്ങളെയും, ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതത്തിലെ അവസാന കാലത്തെയും ഇണക്കിച്ചേര്‍ത്ത് അവതരിപ്പിച്ചു എന്നതിലാണ് ഈ നോവലിന്റെ ആഖ്യാനപരമായ മികവ്. ഫ്‌ളാഷ് ബാക്ക് സങ്കേതത്തില്‍ നാടകീയതയോടെയാണ് ആഖ്യാനം മുന്നോട്ടു പോകുന്നത്. കരചരണാദികള്‍ അറ്റ വാസവദത്ത ഉപഗുപ്തന്റെ വരവു പ്രതീക്ഷിച്ചു കിടക്കുന്നതു പോലെയാണ് രോഗാതുരനായ വേലുക്കുട്ടി നാടകത്തില്‍ തന്റെ നായകനായിരുന്ന കുഞ്ഞ് കുഞ്ഞ് ഭാഗവതരെ പ്രതീക്ഷിച്ചു കിടക്കുന്നത്. വേലുക്കുട്ടിയുമായി തെറ്റിയിരുന്ന ഭാഗവതര്‍ കാണാന്‍ വരുമെന്നോ ഇല്ലെന്നോ ഒന്നും വ്യക്തമായി സൂചിപ്പിക്കാതെ സ്വപ്നസദൃശ്യമായ രീതിയില്‍ അവസാനിക്കുന്നത് ‘അലിംഗ’ത്തിന്റെ സൗന്ദര്യാനുഭൂതി വര്‍ദ്ധിപ്പിക്കുന്നു. വാസവദത്ത ഉപഗുപ്തനുവേണ്ടി കാത്തിരുന്നതുപോലെ വേലുക്കുട്ടി കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍ക്കുവേണ്ടി കാത്തിരിക്കുന്നു. എന്നാല്‍ വേലുക്കുട്ടിയുമായി വഴക്കിട്ട സന്ദര്‍ഭത്തില്‍ നാടകത്തില്‍പ്പോലും വാസവദത്ത വീണു കിടക്കുന്നിടത്തു ചെല്ലാന്‍ താനാഗ്രഹിക്കുന്നില്ലെന്ന് കുഞ്ഞ് കുഞ്ഞ് ഭാഗവതര്‍ പറയുന്നുണ്ട്. കാത്തിരിപ്പിലൂടെയുള്ള അന്ത്യരംഗം നോവലിനു ദാര്‍ശനികമാനവും നല്‍കുന്നു.

ജാതിപരമായ ഉച്ചനിചത്വങ്ങള്‍ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു വേലുക്കുട്ടിയുടെ ജനനം. പപ്പടം ഉണ്ടാക്കി വിറ്റും ഭജനപ്പാട്ടുകള്‍ പാടിയും ജീവിച്ചിരുന്ന വീരശൈവ സമുദായത്തിലാണ് ഈ കലാകാരന്‍ ജനിച്ചത്. കുമാരനാശാന്റെ ‘ദുരവസ്ഥ’യിലെ വരികള്‍ ചൊല്ലി കേട്ടപ്പോള്‍ തന്നെ സംബന്ധിച്ചും അത് യോജിക്കുന്നതായി നോവലില്‍ ഒരിടത്ത് വേലുക്കുട്ടി ഓര്‍ക്കുന്നുണ്ട്. പണ്ടാരമായി ജനിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ അവസരവും അംഗീകാരവും ലഭിച്ചേനെ എന്ന് വേലുക്കുട്ടി ചിന്തിക്കുന്നുണ്ട്. അരങ്ങില്‍ എത്ര നന്നായി തിളങ്ങിയാലും അരങ്ങിനു പുറത്ത് സമൂഹം പണ്ടാരം ചാമിയുടെ മകനായിട്ട് മാത്രമാണ് തന്നെ കാണുന്നതെന്ന് വേലുക്കുട്ടി തിരിച്ചറിയുന്നത് ജാതീയമായ വിമര്‍ശനമെന്ന നിലയില്‍ ഇന്നും പ്രസക്തമാണ്.

അരങ്ങിനെക്കുറിച്ച് ധാരാളം ദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന നോവല്‍ കൂടിയാണ് ‘അലിംഗം’. ”അരങ്ങില്‍ നില്‍ക്കുമ്പോള്‍ നടന്‍ പ്രാരാബ്ധങ്ങള്‍ മറക്കണം. മനം മുഴുവനായി കഥാപാത്രത്തിനു നല്‍കണം. സ്വന്തം ഉടലിനെക്കുറിച്ചും പിന്നീട് ചിന്തയുണ്ടാവരുത്” (പു.71). ”അരങ്ങില്‍ നമ്മോടൊപ്പം നില്‍ക്കുന്ന നടന്‍ നാമറിയാതെ നമ്മിലേക്കൊരു ശക്തി തരുമെന്ന് എന്നെ പഠിപ്പിച്ചത് ശങ്കരന്റെ ഹരിശ്ചന്ദ്രനാണ്. പിന്നീട് അരങ്ങില്‍ കയറിയപ്പോഴൊക്കെ എന്നിലെ ശക്തിയുടെ ഒരംശം കൂടെ നില്‍ക്കുന്നവരിലേക്ക് ചൊരിയാന്‍ എന്നെ പ്രേരിപ്പിച്ചതും ആ അറിവായിരുന്നു” (പു.73). ”കഥാപാത്രമായി കഴിഞ്ഞാല്‍ സ്വയം മറക്കണം. മനസ്സും ശരീരവും കഥാപാത്രത്തിനു സമര്‍പ്പിക്കണം” (പു.93). ”കഥാപാത്രമായി കഴിഞ്ഞാല്‍ നടന്റെ വികാരങ്ങള്‍ക്ക് സ്ഥാനമില്ല. കഥാപാത്രത്തിന്റെ വികാരങ്ങള്‍ക്കാണ് പ്രാധാന്യം” (പു. 104). ”വീണു പോയാല്‍ ഒരിക്കലും മോചനമില്ലാത്ത തടവറയാണ് നാടകം. എത്ര ആത്മാര്‍ത്ഥമാകുന്നുവോ അത്രത്തോളം വേദനയാണ് നാടകം എല്ലായ്‌പ്പോഴും നാടകക്കാരന് നല്‍കുന്നത്” (പു.171) എന്നിങ്ങനെ നാടകത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചുകൊണ്ട് രൂപപ്പെടുന്ന വേലുക്കുട്ടിയെന്ന നടനെ നോവലില്‍ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങള്‍ ഇനിയും ഉദാഹരിക്കാം. ഒരു ഉത്തമ നടന്‍ എങ്ങനെ ആയിരിക്കണമെന്നും, തന്റെകൂടെ അഭിനയിക്കുന്നവര്‍ക്ക് എപ്രകാരമാണ് ഊര്‍ജ്ജം പകര്‍ന്നു നല്‍കേണ്ടത് എന്നുമൊക്കെയാണ് അഭിനയ കലയുടെ ചക്രവര്‍ത്തി ആയിരുന്ന ഓച്ചിറ വേലുക്കുട്ടിയിലൂടെ നോവലിസ്റ്റ് വായനക്കാരോട് സംവദിക്കുന്നത്.

ഈ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് ‘അലിംഗം’ എന്ന ശീര്‍ഷകം തന്നെയാണ്. നോവലിന്റെ ആന്തര സത്തയിലേക്കുള്ള താക്കോല്‍ വാക്യമാണ് ഈ ശീര്‍ഷകം. ഓച്ചിറ വേലുക്കുട്ടി കേവലം ഒരു നടന്‍ ആയിരുന്നില്ല. അക്കാലത്തെ ഏറ്റവും പ്രശസ്തനായ നായികാനടന്‍ ആയിരുന്നു എന്നതാണ് പ്രത്യേകത.
പറുദീസാ നഷ്ടത്തിലെ ഹവ്വയെ കാണാന്‍, കരുണയിലെ വാസവദത്തയെ കാണാന്‍ ജനം തിക്കിത്തിരക്കിയിരുന്നു. വേലുക്കുട്ടിയുടെ അഭിനയത്തികവുകൊണ്ടു മാത്രമാണോ ആ സ്ത്രീ വേഷങ്ങള്‍ സ്വീകരിക്കപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരമാണ് ‘അലിംഗം’ എന്ന നോവല്‍.
മൂന്നാം ലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹത്തില്‍ ഈ നോവലിന് സാമൂഹ്യമായൊരു പ്രസക്തി കൂടിയുണ്ട്. പുരുഷന്റെയും സ്ത്രീയുടെയും ദ്വന്ദ്വവ്യക്തിത്വമുള്ള ആളായിരുന്നു വേലുക്കുട്ടിയെന്ന് നോവല്‍ വ്യക്തമാക്കുന്നുണ്ട്. നാടകത്തില്‍ സ്ത്രീപാര്‍ട്ട് വേലുക്കുട്ടിക്ക് ഇണങ്ങുമെന്ന് അക്കാലത്തെ മഹാനടനായിരുന്ന ബബ്ബലഭട്ടര്‍ പ്രവചിച്ചത് വേലുക്കുട്ടിയിലെ സ്‌ത്രൈണത തിരിച്ചറിഞ്ഞതു കൊണ്ടാവാമെന്ന സൂചന നോവലില്‍നിന്നു ലഭിക്കുന്നു. എന്നാല്‍ വേലുക്കുട്ടി കുടഞ്ഞു കളയാന്‍ ശ്രമിച്ച പെണ്ണത്തം അവയവചലനമായും മഖലാവണ്യമായും അയാളെ പിന്തുടര്‍ന്നു. അതേസമയം ചില നേരങ്ങളില്‍ തന്റെ സ്‌ത്രൈണ സൗന്ദര്യം കണ്ണാടി നോക്കി ആസ്വദിക്കുന്ന വേലുക്കുട്ടിയെയും നോവലില്‍ കാണാം. വേലുക്കുട്ടി ആണാണോ പെണ്ണാണോ എന്ന് പലരും സംശയിക്കുന്ന രംഗങ്ങള്‍ ‘അലിംഗ’ത്തിലുണ്ട്. ഒരിക്കല്‍ ഒരു നാടകാവതരണത്തിനുശേഷം രണ്ടു ചെറുപ്പക്കാര്‍ വേലുക്കുട്ടി പെണ്ണാണോ എന്നറിയാന്‍ അണിയറയിലെത്തി. താന്‍ സ്വയം ചോദിക്കുന്ന ചോദ്യം ചെറുപ്പക്കാര്‍ ചോദിച്ചതറിഞ്ഞ വേലുക്കുട്ടി പ്രതിസന്ധിയിലായി. ”നിര്‍ഭാഗ്യവശാല്‍ ഞാന്‍ പുരുഷനായി ജനിച്ച സ്ത്രീയായിപ്പോയി” (പു. 160) എന്ന മറുപടിയാണ് ഫലിതമെന്ന മട്ടില്‍ വേലുക്കുട്ടി നല്‍കിയത്. മറ്റുള്ളവര്‍ ഫലിതമായി കേട്ടു ചിരിച്ച ആ മറുപടി സത്യമായിരുന്നുവെന്ന് വേലുക്കുട്ടി പറയുന്നുണ്ട്. നാടകമില്ലാതെ പാട്ടുപാടി നടന്നിരുന്ന കാലഘട്ടത്തില്‍ ശബ്ദമാധുരികൊണ്ട് ഒരു പെണ്‍കിടാവിനെപ്പോലെ എന്നു പറഞ്ഞ് നാടകകൃത്തായ ആന്‍ഡ്രൂസ് മാസ്റ്റര്‍ കാലണ പിച്ച കൊടുക്കുന്നതും വേലുക്കുട്ടി മുഖം കൊടുക്കാതെ അതു വാങ്ങുന്നതും നോവലിലുണ്ട്. ചായപ്പീടികയിലിരുന്നവര്‍ പെണ്ണാണെന്നു പറഞ്ഞു പരിഹസിക്കുമ്പോള്‍ അതുകേട്ട് മുഖം താഴ്ത്തി കരയുന്നതുമെല്ലാം കൂട്ടി വായിച്ചാല്‍ വേലുക്കുട്ടിയുടെ ജീവിതത്തിലെ ആന്തരികസംഘര്‍ഷം സ്പഷ്ടമാകും. മറ്റൊരിക്കല്‍ പാട്ടുപാടി പിച്ചയെടുത്തു നടന്നിരുന്ന വേലുക്കുട്ടിയെ പെണ്‍ശബ്ദവും അതിനൊത്ത ചലനങ്ങളും കണ്ടതോടെ ആണോ, പെണ്ണോ എന്നു ചിലര്‍ക്ക് സംശയം തോന്നുകയും ഉടുമുണ്ടഴിച്ച് പരിശോധിക്കാന്‍ ഒരുങ്ങുമ്പോള്‍ വേലുക്കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തു. ”പശിയാണ് സത്യം. പള്ള കോച്ചി വലിക്കുന്ന പശിക്ക് മറ്റെന്തിനെക്കാളും വിലയുണ്ട്” (പു. 132) എന്നിങ്ങനെ അഭിമാനത്തെക്കാള്‍ വിശപ്പാണ് സത്യമെന്ന തിരിച്ചറിവില്‍ വേലുക്കുട്ടി എത്തുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. ഇതേ തിരിച്ചറിവിലാണ് നാടകമില്ലാതിരുന്ന കാലത്ത് ഭജനപാടി പിച്ചയെടുക്കാന്‍ അദ്ദേഹം തയ്യാറായതും. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള വേലുക്കുട്ടിയുടെ വിവാഹവും ഭാര്യയോടുള്ള സ്‌നേഹത്താല്‍ അവളെ ഒഴിവാക്കിയതുമെല്ലാം വേലുക്കുട്ടിയുടെ ദ്വന്ദ്വവ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു. ഇത്തരത്തില്‍ നോവലിലെ പല രംഗങ്ങളും ഓച്ചിറ വേലുക്കുട്ടിയുടെ സങ്കീര്‍ണവ്യക്തിത്വത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
മികച്ച നോവലുകള്‍ പലതും കാലഘട്ടത്തിന്റെ കണ്ണാടി കൂടിയാണ്. വേലുക്കുട്ടി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ പരിച്ഛേദം ‘അലിംഗ’ത്തില്‍ കാണാം. ജന്മിത്തവ്യവസ്ഥ ഉച്ചസ്ഥായിലായിരുന്ന കാലമായിരുന്നു അത്. കൊടുക്കുന്നതിന്റെ അളവും കൂലിയും കൂട്ടണമെന്ന് ആവശ്യപ്പെട്ട കുറവരെ അവരുടെ കൂരകളില്‍നിന്ന് തമ്പ്രാക്കള്‍ അടിച്ചോടിച്ചതായി അമ്പൂട്ടിയെന്ന കഥാപാത്രം പറയുന്നുണ്ട്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ പ്രദേശത്ത് ചളിക്കട്ട ഉയര്‍ത്തി മുളങ്കോല് നാട്ടിയാണ് കുറവര്‍ കൂരകെട്ടി പാര്‍ത്തിരുന്നത്. തുന്നല്‍ക്കാരന്‍ അമ്പൂട്ടി ചൂട്ടുകറ്റ ഉയര്‍ത്തിവീശി കുറവര്‍ കേള്‍ക്കാന്‍ ഉച്ചത്തില്‍ സംഗീതനൈഷധത്തിലെ വരികള്‍ ചൊല്ലിയിരുന്നു. ഈഴവനായ അമ്പൂട്ടിയും കുറവരും തമ്മില്‍ വാക്കുകള്‍ക്കതീതമായി കൂക്കലിലൂടെയും പാട്ടിലൂടെയും ഉരിയാടുന്നതായി വേലുക്കുട്ടിക്ക് തോന്നുന്നുണ്ട്. അധഃകൃതരായ കുറവരുടെ പിന്നോക്കാവസ്ഥയോടൊപ്പം വേലുക്കുട്ടി ഉള്‍പ്പെടുന്ന വീരശൈവരുടെ പിന്നോക്കാവസ്ഥയും നോവലില്‍ സൂചിപ്പിക്കുന്നുണ്ട്. പണ്ടാരങ്ങടെ കൂടെ കളിച്ചു നടക്കരുതെന്ന് വേലുവിന്റെ കൂട്ടുകാരന്റെ അച്ഛന്‍ രാഘവന്‍ നായര്‍ മകനെ വിലക്കുന്നതായി നോവലില്‍ പറയുന്നുണ്ട്. പപ്പടം ഉണ്ടാക്കി വിറ്റും, ഭജന പാടിയും ജീവിച്ചിരുന്ന വീരശൈവസമുദായക്കാര്‍ക്ക് തീണ്ടലും തൊടീലുമൊന്നും ബാധകമല്ലായിരുന്നുവെങ്കിലും അവരെ പുച്ഛത്തോടെയാണ് സവര്‍ണര്‍ കണ്ടിരുന്നത്. കാര്‍ത്തികപ്പള്ളിയില്‍ ശ്രീനാരായണ ഗുരു വന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോയ കാര്യം വേലുക്കുട്ടി പറയുന്നുണ്ട്. ഗുരുദേവന്‍ ശാന്തനായി പറയുന്നതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് വേലുക്കുട്ടിക്കു താല്പര്യം തോന്നുണ്ട്. കൂടാതെ മഹാകവി കുമാരനാശാന്റെ ദേഹവിയോഗം വിശദമായി നോവലില്‍ പ്രതിപാദിക്കുന്നു. ഗുരുദേവനിലൂടെയും ആശാനിലൂടെയും ഈഴവസമുദായത്തിനുണ്ടാവുന്ന പരിവര്‍ത്തനത്തെക്കുറിച്ചും നോവലില്‍ സൂചനയുണ്ട്. ആശാന്റെ ദുരവസ്ഥയിലെ വരികള്‍ കേട്ട് അതു നാടകമാക്കണമെന്നു വേലുക്കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വാമി ബ്രഹ്മവ്രതന്റെ നിര്‍ദ്ദേശപ്രകാരം ‘കരുണ’യാണ് പിന്നീട് നാടകമാക്കപ്പെട്ടത്. ഇത്തരത്തില്‍ മാറുന്ന കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ കലാചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ‘അലിംഗ’ത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു.

2018-ലെ ഡി. സി. സാഹിത്യപുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട ‘അലിംഗം’ അവസാനംവരെ ഉദ്വേഗം നിലനിര്‍ത്തി വായനക്കാരെ ആകര്‍ഷിക്കുന്ന നോവലാണ്. ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതവും നാടകവും ഇട കലര്‍ത്തിയ ആഖ്യാനവും നാടകീയമായ ചില സന്ദര്‍ഭങ്ങളുമെല്ലാം ഒറ്റയിരുപ്പിന് നോവല്‍ വായിച്ചു തീര്‍ക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നു. മലയാളത്തിലെ ഒന്നാംകിട നായികാനടന്റെ സ്വത്വസംഘര്‍ഷം ആവിഷ്‌കരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. മലയാള സംഗീതനാടകത്തിന്റെ ചരിത്രവും ആ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ഉള്‍ക്കൊള്ളുന്ന ‘അലിംഗം’പ്രമേയത്തിന്റെ സവിശേഷതകൊണ്ടുതന്നെ നോവല്‍ സാഹിത്യചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here