ചിലപ്പതികാരം

0
1082

ബി.ജി.എന്‍ വര്‍ക്കല

ചരിത്രവും മിത്തുകളും കൂടിക്കലര്‍ന്ന സാഹിത്യമാണ്‌ ആദ്യകാലത്ത് ലോക ക്ലാസ്സിക്കുകളായി കണക്കാക്കിയിരുന്നത്‌. ഇന്ത്യയുടേത് വളരെ പുരാതനമായ ഒരു സംസ്കാരം ആണ്. മഹാഭാരതവും രാമായണവും ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയ രണ്ടു സാഹിത്യ സംഭാവനകള്‍ ആണ് . എഴുതിയവരേക്കുറിച്ചോ അതിലെ നായികാ നായകകഥാപാത്രങ്ങളെക്കുറിച്ചോ അത് വാമൊഴികളില്‍ക്കൂടി പടര്‍ന്നു വന്നതിനാല്‍ അമാനുഷികതയും ദൈവീക സങ്കല്‍പ്പങ്ങളും കൂട്ടിച്ചേർക്കപ്പെട്ടതല്ലാതെ വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ ഈ കഥകള്‍ക്കൊക്കെ, ചിലകോണുകളില്‍ നിന്നും നോക്കിക്കാണുകയാണെങ്കില്‍ മൊസപ്പൊട്ടാമിയൻ ചരിത്രങ്ങളിലെ കഥകളും ആയി സാമ്യം കാണാന്‍ കഴിയുകയും ചെയ്യുന്നു . ഗ്രീക്ക് കഥകളും ദേവതാസങ്കല്‍പ്പങ്ങളും ഒക്കെ പരിഗണിക്കുകയാണെങ്കില്‍ ഇവയുടെ സാമ്യതകള്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് കൗതുകകരമായ ഒരു സംഗതിയാണ് . സൂര്യാരാധനയും ചന്ദ്രാരാധനയും വീരന്മാരുടെ വീരകഥകളും ഒക്കെ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ പങ്കിടുന്നു . കാലില്‍ മാത്രം മുറിവേല്‍പ്പിച്ചു കൊല്ലാന്‍ കഴിയുന്ന അചില്ലിസും കൃഷ്ണനും, ഇന്ദ്രനും സിയൂസും, യമനും ഹദേസും, സീതയും പെര്‍സെഫോണും, കാമദേവനും കുപ്പിഡും, കൈലാസവും ഒളിപിക്സ് പര്‍വ്വത നിരകളും ഒക്കെയും കഥകളിലെ കഥാപാത്രങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും നല്‍കുന്ന സാമ്യത തികച്ചും ചിന്തനീയമാണ് . നാടോടികള്‍ ആയിരുന്ന ആദിമ മനുഷ്യന്‍ പങ്കിട്ട കഥകള്‍ക്ക് പൊടിപ്പും തൊങ്ങലും ചാര്‍ത്തി അതാതു ദേശത്തിന്റെ പരിതസ്ഥികള്‍ക്ക് ചേര്‍ത്തു എഴുതപ്പെടുന്നു എന്നതിനപ്പുറം ഇവയില്‍ വാസ്തവികതകള്‍ തിരയുന്നത് ശൂന്യമായ ഇരുട്ടുമുറിയില്‍ ദൈവത്തെ തിരയുന്നത് പോലെയാണ്. ഇന്ത്യയുടെ കാര്യത്തില്‍ നാടോടികള്‍ ആയ ആര്യന്മാര്‍ക്ക് അവരുടെ പ്രധാന വിനോദമായ കാലികളെ മോഷ്ടിക്കല്‍ ഒരു വലിയ വീരത തന്നെയായിരുന്നു എന്ന് കാണാം. ഇതിനായി അവര്‍ നടത്തുന്ന യുദ്ധങ്ങളും തന്ത്രങ്ങളും വിജയങ്ങളും പരാജയങ്ങളും പാടിപ്പാടി വീരഗാഥകളും ദേവ പരിവേഷങ്ങളും ഉണ്ടായി വരുന്നു . നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലുണ്ട് ‘കറുപ്പ് കാക്കയായി’ എന്ന് അതുപോലെയാണ് ഈ കഥകളുടെ യാഥാർത്ഥ്യങ്ങളും എന്ന് തെളിയിക്കാന്‍ ചരിത്രപരമായ തെളിവുകള്‍ ഇന്ന് ലഭ്യമല്ല. എന്നാല്‍ ഇവ യാഥാര്‍ത്ഥ്യം എന്ന് തെളിയിക്കാനും ആധികാരികമായ തെളിവുകള്‍ ഒന്നും ഇല്ല തന്നെ..

നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ എപ്പോഴോ എഴുതിയതായി വിശ്വസിക്കുന്ന “ചിലപ്പതികാരം” തമിഴിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ഇന്ന് നമുക്ക് കണ്ടെടുക്കാന്‍ കഴിയുന്ന ചരിത്രവും സംഭവങ്ങളും ആയി കൊരുത്തെടുക്കാന്‍ കഴിയുന്നവയാണ്. എങ്കില്‍ പോലും ഇതിന്റെ വാസ്തവികതയിലേക്ക് ചെല്ലുമ്പോള്‍ ആണ് മുന്‍പ് പറഞ്ഞ നാടന്‍ ചൊല്ല് മനസ്സിലേക്ക് കടന്നു വരിക. എന്താണ് ചിലപ്പതികാരത്തിന്റെ ഇതിവൃത്തം എന്ന് നോക്കാം. ചോള രാജ്യത്തിലെ കോവലന്‍ എന്ന വൈശ്യശ്രേഷ്ഠൻ കണ്ണകി എന്ന കുലീനയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ട് വരുന്നതും അവരുടെ മധുവിധു കാലം കഴിയും മുന്നേ തന്നെ മാധവി എന്നൊരു വേശ്യാസ്ത്രീയില്‍ കോവലന്‍ മോഹിതനാകുകയും കണ്ണകിയെ വിട്ടു മാധവിക്കൊപ്പം താമസിക്കുകയും ചെയ്യുന്നു. കൈയ്യിലുള്ള ധനം മുഴുവന്‍ മാധവിയുമായി അടിച്ചുപൊളിച്ചു തീര്‍ക്കുന്ന കോവലന്‍ മാധവിയോടുള്ള തെറ്റിധാരണ മൂലം അവളെ ഉപേക്ഷിച്ചു തിരികെ കണ്ണകിയുടെ അടുത്തു തിരികെ വരുന്നു. ഇവിടെ കുട്ടിക്കാലത്ത് പഠിച്ച കണ്ണകിയുടെ കഥയില്‍ മാധവി വില്ലത്തി ആയി പണം മുഴുവന്‍ പിടിച്ചെടുത്ത് കോവലനെ പുറത്താക്കുന്നത് ആണ് എന്നത് പ്രത്യേകം ഓര്‍മ്മയില്‍ വന്നു. കണ്ണകിയും ഒന്നിച്ചു മധുരയില്‍ പോയി കച്ചവടം ചെയ്തു ദാരിദ്ര്യം അകറ്റാം പണക്കാരനാകാം എന്ന് കരുതി രണ്ടുപേരും മധുരയ്ക്ക് തിരിക്കുന്നു. ഒരുപാട് ദുര്‍ഘടം പിടിച്ച യാത്ര സീതയും ആയി രാമന്‍ കാട്ടിലൂടെ അലഞ്ഞത് പോലെ കലാപരമായി വിശേഷിപ്പിക്കുന്ന പല സന്ദര്‍ഭങ്ങള്‍ യാത്രയില്‍ കാണാം. ഒടുവില്‍ മധുരയില്‍ എത്തിയ കോവലന്‍ കണ്ണകിയെ ഒരു വീട്ടില്‍ പാര്‍പ്പിച്ചുകൊണ്ട് അവളുടെ കാല്‍ ചിലമ്പില്‍ നിന്നൊരെണ്ണം ചോദിച്ചു വാങ്ങി വില്‍ക്കാന്‍ കൊണ്ട് പോകുന്നു. അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് കച്ചവടം തുടങ്ങാന്‍ ഉള്ള കോവലന്റെ ആഗ്രഹത്തിന് കൊട്ടാരം തട്ടാന്‍ പണി കൊടുക്കുന്നു. അയാള്‍ രാജാവിന്റെ പത്നിയുടെ ഇതേ പോലുള്ള ചിലമ്പ് അടിച്ചുമാറ്റിയിരുന്നു. ഇതാരും കണ്ടു പിടിക്കും മുന്നേ കോവലനെ ഒറ്റുകൊടുത്തു രക്ഷപ്പെടാം എന്ന് കരുതി കൊട്ടാരത്തില്‍ ചെന്ന് രാജാവിനോട് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചവനെ ഞാന്‍ തടഞ്ഞു വച്ചിട്ടുണ്ട് എന്ന് പറയുന്നു. രാജ്ഞിയും ആയി സൗന്ദര്യപ്പിണക്കത്തിൽ ഇരിക്കുകയായിരുന്ന രാജാവ് ആ സന്ദര്‍ഭത്തില്‍ പടയാളികളോട്, പോയവന്റെ കഴുത്ത് വെട്ടി ചിലമ്പും കൊണ്ട് വരാന്‍ പറയുന്നു. ഭടന്മാര്‍ പറഞ്ഞത് പോലെ തന്നെ ചെയ്യുന്നു . ഇതറിഞ്ഞ കണ്ണകി ദുഖത്തോടെ ക്രൂദ്ധയായി രാജാവിന്റെ മുന്നിലേക്ക് ശേഷിച്ച ചിലമ്പുമായി എത്തുകയും രാജാവുമായി വാദത്തില്‍ ഏര്‍പ്പെടുകയും രാജാവ് ചിലമ്പ് പരിശോധിച്ചതില്‍ നിന്നും താന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയപ്പോൾ ദുഃഖഭാരത്താൽ അവിടെ വീണു മരിച്ചു. എന്നിട്ടും കോപം തീരാഞ്ഞ കണ്ണകി,”മധുരയെ താന്‍ എരിച്ചു കളയും” എന്ന് പറഞ്ഞുകൊണ്ട് തന്റെ ഇടത്തെ മുല വലിച്ചു പറിച്ചെടുത്തു നിലത്തെറിഞ്ഞു (മുലക്കണ്ണ്‍ എന്നും പറയപ്പെടുന്നു ചില എഴുത്തുകളില്‍) അതില്‍ നിന്നും തീയുണ്ടായി ആ തീയില്‍ മധുര കത്തിയെരിയുന്നു. പാണ്ഡ്യ രാജാവിന് സംഭവിച്ച ഈ സംഭവം കേരളത്തിലെ ഭരണാധികാരിയായ ചേര രാജാവ് അറിയുകയും കണ്ണകിയുടെ പ്രതിമ ഉണ്ടാക്കാന്‍ വേണ്ടി ഹിമാലയത്തില്‍ നിന്നും ദിവ്യശില കൊണ്ട് വരാമെന്നു തീരുമാനിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെ രാജാക്കന്മാരായ വിജയനും കനകനും ചേര രാജാക്കന്മാരെ കളിയാക്കി എന്ന് കേട്ട ചേരരാജാവായ ചെങ്കുട്ടവന്‍ അവരെ കീഴടക്കി ശിലഎടുത്തു അവരെക്കൊണ്ടു ചുമപ്പിച്ചു കൊണ്ടു വരാന്‍ തീർച്ചപ്പെടുത്തി യാത്രചെയ്യുകയും കഠിന യുദ്ധത്തിൽ എല്ലാവരെയും കൊന്നു കനക വിജയത്മാരെക്കൊണ്ട് കണ്ണകിയുടെ വിഗ്രഹവും ചുമപ്പിച്ചു കൊണ്ട് വന്നു പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു. ഈ കഥയ്ക്കൊരു ഉപകഥയായ മണിമേഖല ആണ് ഇതിലും ഉത്തമം ആയത് എന്നൊരു ചര്‍ച്ച സാഹിത്യ ലോകത്ത് നടക്കുന്നുണ്ട്. എങ്കിലും സാഹിത്യപരമായ ശ്രേഷ്ഠത ഉള്ള ഒരു നല്ല കാവ്യം ആണ് ചിലപ്പതികാരം. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ പരാമര്‍ശങ്ങളും കേരളം തമിഴ്നാട്, ശ്രീലങ്ക, ഉത്തരേന്ത്യ തുടങ്ങിയ സ്ഥലങ്ങളുടെ, ഭരണകര്‍ത്താക്കളുടെ പേരുകള്‍ എന്നിവയും സ്ഥല വര്‍ണ്ണനകളും കൊണ്ട് ഇവ എഴുതിയ ഇളങ്കോവടികള്‍ ഒരു എഴുത്തുകാരന്റെ ധര്‍മ്മം നന്നായി നിര്‍വ്വഹിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ തന്നെ ഇതില്‍ പറയുന്ന സ്വാഭാവികമല്ലാത്ത സംഭവങ്ങളെ ഒഴിവാക്കി നിര്‍ത്തി നോക്കുകയാണെങ്കില്‍ ഇതിനെ ചരിത്രവും ആയി ബന്ധപ്പെടുത്തി പഠിക്കുവാനും അറിയുവാനും കഴിയും എന്നത് ഈ എഴുത്തിന്റെ ഒരു മേന്മ ആയി കാണാം. വെറുതെ പറഞ്ഞു പോകുന്നവയല്ല കഥകള്‍ അവയ്ക്ക് സ്ഥലങ്ങളും സന്ദര്‍ഭങ്ങളും വ്യക്തികളും ആയി ബന്ധങ്ങള്‍ ഉണ്ടാകണം. അവയ്ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഇതിനൊരു സാമൂഹ്യ മുഖവും പ്രതിബദ്ധതയും കൈ വരികയുള്ളൂ. ആ ഒരു തലത്തില്‍ നിന്നുകൊണ്ട് ഇതൊരു നല്ല വായന ആണ് എന്ന് പറയാന്‍ കഴിയും. ഒരുകാലത്ത് ഒന്നായിക്കിടന്ന കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം എടുത്തുകാട്ടുന്ന ഒരുപാട് കാര്യങ്ങള്‍ ഈ കാവ്യത്തില്‍ കാണാന്‍ കഴിയും. ചരിത്ര പഠനത്തിനു വളരെ നല്ലൊരു കൈ സൂചിക ആണ് ഈ വായന.

LEAVE A REPLY

Please enter your comment!
Please enter your name here