ബ്ലാക്ക് ഹോള്‍: താരമായി കാറ്റി ബോമന്‍

0
204

ചരിത്ര നിമിഷത്തിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്. ചരിത്രത്തിലാദ്യമായി ബ്ലാക്ക് ഹോളിന്റെ (തമോഗര്‍ത്തം) ചിത്രം പകര്‍ത്തിയിരിക്കുകയാണ്. ഇവന്റ് ഹൊറിസണ്‍ ടെലസ്‌കോപ്പ് കോളാബറേഷനിലൂടെ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ശാസ്ത്രലോകം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ബ്ലാക്ക് ഹോള്‍ ലോകത്ത് ചര്‍ച്ചയാകുമ്പോള്‍, എം ഐ ടി വിദ്യാര്‍ത്ഥിനിയായ ഡോക്ടര്‍ കാറ്റി ബോമനാണ് ഇപ്പോള്‍ താരമായി കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് കാറ്റി. അവര്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമം വിജയിച്ചത്. ഭൂമിയില്‍ നിന്നും 55 മില്യണ്‍ പ്രകാശ വര്‍ഷം അകലെയുള്ള എം87 എന്ന ഗ്യാലക്‌സിയിലെ ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് ശാസ്ത്രജ്ഞന്മാര്‍ പകര്‍ത്തിയത്. ഭൂമിയുടെ മാസിന്റെ 6.5 ബില്യണ്‍ മടങ്ങ് മാസുണ്ട് ഈ ബ്ലാക്ക് ഹോളിന്.

നാല് ഭൂഖണ്ഡങ്ങളിലായി സ്ഥാപിച്ച് എട്ട് ടെലസ്‌കോപ്പുകള്‍ ചേര്‍ന്ന് ഭൂമിയോളം വലുപ്പമുള്ള ടെലസ്‌കോപ്പായി മാറ്റുകയായിരുന്നു. ഇതിലൂടെയാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തിയത്. എട്ട് ടെലസ്‌കോപ്പുകളില്‍ നിന്നും ലഭിച്ച ഡാറ്റയില്‍ നിന്നും, കാറ്റിയുടെ CHIRP എന്ന അല്‍ഗോരിതം ഉപയോഗിച്ചാണ് ബ്ലാക്ക് ഹോളിന്റെ ഇവന്റ് ഹോറിസസോണിന്റെ ചിത്രം വികസിപ്പിച്ചെടുത്തത്.

2016-ല്‍ എം ഐ ടി ന്യൂസ് പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ എങ്ങനെയാണ് ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രം പകര്‍ത്തുക എന്ന് കാറ്റി പറഞ്ഞിരുന്നു. അത്രയും അകലെ വരുന്ന വസ്തുവിന്റെ ചിത്രമെടുക്കാന്‍ 10,000 കിലോമീറ്റര്‍ ഡയമീറ്റര്‍ വരുന്ന ടെലസ്‌കോപ്പിന്റെ ആവശ്യമുണ്ടെന്നും എന്നാല്‍ അത് പ്രാക്ടിക്കലല്ലെന്നും കാറ്റി പറഞ്ഞിരുന്നു. ഭൂമിയുടെ ആകെ ഡയമീറ്റര്‍ തന്നെ 13,000 കിലോമീറ്ററാണെന്നതാണ് അതിന്റെ കാരണമായി കാറ്റി ചൂണ്ടി കാട്ടിയത്.

വളരെ ഉയര്‍ന്ന പിണ്ഡമുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാനാവാത്ത ഗുരുത്വാകര്‍ഷണമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അവയെ കാണാനും സാധിക്കില്ല. തമോഗര്‍ത്തത്തിനുള്ളില്‍ നിന്നും ഒരു നിശ്ചിത അകലെത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും തമോഗര്‍ത്തം അതിനുള്ളിലേക്ക് വലിച്ചുചേര്‍ക്കും. ഇവന്റ് ഹൊറിസോണ്‍ എന്നാണ് ഈ പരിധി അറിയപ്പെടുന്നത്. ഈ പരിധിക്കു പുറത്തുനടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാണ് ടെലസ്‌കോപ്പ് വെച്ച് നിരീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here