ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശമായി

0
185
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും. എൻ.ഐ.സിയുടെ  attendance.gov.in എന്ന വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള  UIDAI യുടെ അംഗീകാരമുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക്ക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കുകയും ഇതിനുള്ള സോഫ്റ്റ്‌വെയർ ലിങ്ക് എൻ.ഐ.സി ലഭ്യമാക്കുകയും ചെയ്യും. വകുപ്പുകൾക്ക്/സ്ഥാപനങ്ങൾക്ക് മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങാം.

പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് സോഫ്റ്റ്‌വെയർ പരിശീലനം നൽകുന്നതിന് ഓരോ ജില്ലയിലെയും കെൽട്രോണിന്റെ ഓരോ ഉദ്യോഗസ്ഥരെ ട്രെയിനർമാരായി കെൽട്രോൺ മാനേജിംഗ് ഡയറക്ടർ നിയമിക്കും. എല്ലാ ജില്ലകളിലും രണ്ടു പേരെ മാസ്റ്റർ ട്രെയിനർമാരായി ജില്ലാ കളക്ടർമാർ നിയമിക്കണം. പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ ചെലവ് വകുപ്പുകൾ നിലവിലെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും വിനിയോഗിക്കണം. സംസ്ഥാന വ്യാപകമായി പഞ്ചിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐ.റ്റി മിഷൻ നിരീക്ഷിക്കും. മെഷീനുകൾക്ക് ആവശ്യമായ ആപ്ലിക്കേഷൻ, ട്രെയിനിംഗ് എന്നിവ എൻ.ഐ.സി നൽകും. മെഷീനുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് സ്പാർക്കിൽ ലീവ്, ഒ.ഡി തുടങ്ങിയവ സംബന്ധിച്ച ക്രമീകരണങ്ങൾ എൻ.ഐ.സി വരുത്തും. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം. സ്പാർക്ക് സംവിധാനം നിലവിലില്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി  GEM വഴി ബയോമെട്രിക്ക് മെഷീനുകൾ വാങ്ങി അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുകയും മേലധികാരികൾ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കേണ്ടതുമാണ്. ഓരോ വകുപ്പിലും പഞ്ചിംഗ് സംവിധാനം കൃത്യമായി നടപ്പിലാക്കേണ്ട പൂർണ്ണ ചുമതല അതാത് വകുപ്പു സെക്രട്ടറിമാർക്കും, വകുപ്പ് മേധാവിക്കുമാണ്. ബയോമെട്രിക്ക് സംവിധാനത്തിൽ എല്ലാ സ്ഥിരം ജീവനക്കാരേയും നിർബന്ധമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സംശയങ്ങൾക്കും സഹായങ്ങൾക്കും എൻ.ഐ.സി, സ്പാർക്ക് എന്നിവരുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here