മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്ന സന്ദേശവുമായി കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, കേരള സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നമ്മൊളൊന്ന് 30 മണിക്കൂര്‍ നീണ്ടു നിന്ന ദുരിതാശ്വാസ ബോധവത്കരണ സന്ദേശ സംഗീതിക പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സമാപിച്ചു. ചൊവ്വാഴ്ച (13/08/2019) രാവിലെ ആരംഭിച്ച സംഗീതിക പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീറാം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ബോധവത്കരണ സംഗീത കൂട്ടായ്മ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്‍റെ അധ്യക്ഷതയില്‍ കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രമുഖ വെന്‍റിലോക്കിസ്റ്റും മജീഷ്യനുമായ വിനോദ് നരനാട് കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചു. കേരള സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി അനു പ്രവീണ്‍ നയിച്ച സംഗീത സായാഹ്നം സദസ്സിനു വേറിട്ട അനുഭവം പകര്‍ന്നു. സംഗീത പ്രേമികളുടെയും പൊതുജനങ്ങളുടെയും നിറഞ്ഞ പങ്കാളിത്തത്തോടെ 30 മണിക്കൂര്‍ നീണ്ടു നിന്ന ബോധവത്കരണ സംഗീതിക ഇന്നലെ (14/08/2019) വൈകുന്നേരം 5 മണിക്ക് സമാപിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ , സാഹിത്യ പ്രതിഭകള്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന സന്ദേശ സംഗീതികയുടെ കലാപരിപാടികളില്‍ വിവിധ സന്ദര്‍ഭങ്ങളിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. ചലച്ചിത്ര, പ്രൊഫഷണല്‍ ഗായക പ്രതിഭകളായ ഡോ .രാധാകൃഷ്ണന്‍, വാഴമുട്ടം, ചന്ദ്രബാബു, പ്രാര്‍ഥന, ജോസ് സാഗര, രാജീവ് രംഗന്‍ , റോബിന്‍ സേവ്യര്‍, സാ യുടെ പ്രസിഡന്‍റ് സുരേഷ് വാസുദേവ് എന്നിവരും ചടങ്ങില്‍ ഉടനീളം സംബന്ധിച്ചു. നന്മയുടെയും കാരുണ്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ഗാനങ്ങളിലൂടെ ദുരിതാശ്വാസങ്ങള്‍ക്കായി ജന്മനസ്സ് ഉണര്‍ത്തുക എന്ന ലക്ഷ്യം നമ്മളൊന്ന് സംഗീത യജ്ഞം നിറവേറ്റി.