പതിനൊന്നാമത് ബി.സി.വി. കവിതാ പുരസ്കാരം എം ജീവേഷിന്റെ ‘മുക്കുവനെ തിരയുന്ന മീൻക്കുഞ്ഞുങ്ങൾ’ എന്ന കാവ്യസമാഹാരത്തിന്. അയ്യായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് ഡോ. എം. എ. ലാൽ ( ഡയറക്ടർ സീമാറ്റ്) പുരസ്കാര വിതരണം നടത്തും. ശാലിനി വി.നായർ ( ബി. സി.വി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിക്കും.
‘നിരീക്ഷണങ്ങള്‍ സൂക്ഷ്മമാകുമ്പോള്‍ മാത്രം വെളിപ്പെടുന്ന ചിലതുണ്ട്; അതുവരെ അടയിരുന്ന ചിലത്. വികാര രഹിതമായ ഒരവസ്ഥയിലും അതിന് വിരിഞ്ഞിറങ്ങാനാകില്ല. വിശാലമായ ഒരു പശ്ചാത്തലത്തിലും അത് പ്രത്യക്ഷപ്പെടുകയുമില്ല. അനിവാര്യമായ സാന്നിധ്യവും, ചൂരും കാത്ത് അവ അടങ്ങിക്കഴിയും കാലപരിധിയില്ലാതെ. ഒരോ നിമിഷത്തിലും ലക്ഷോപലക്ഷം ജനനനമരണങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജൈവീകമായ ഇടത്തിലാവും അവയുടെ ആ വീര്‍പ്പുകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്.’
അവിടെ സാന്നിധ്യപ്പെട്ട്, ചൂടും ചൂരും നല്‍കി വിരിയിച്ചെടുത്ത ചിലതാണ് എം ജീവേഷിന്റെ `മുക്കുവനെ തിരയുന്ന മീന്‍കുഞ്ഞുങ്ങള്‍’എന്ന സമാഹാരത്തിലുള്ള കവിതകളിലേറെയും. അവയെ പരിപാലിച്ചു പൊലിപ്പിക്കുന്നതിലും ജീവേഷില്‍ തരക്കേടില്ലാത്ത മികവ് ജഡ്‌ജിംഗ് കമ്മിറ്റിയുടെ വായനയില്‍ കാണാന്‍ കഴിഞ്ഞുവെന്ന്‍ എം.ജി രവികുമാർ, അസിം താന്നിമൂട്, പി.എസ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റി വിലയിരുത്തി.