ബാണാസുര പുഷ്പോത്സവത്തിന് തുടക്കം

0
652

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ നടക്കുന്ന പുഷ്‌പോത്സവത്തിനു  തുടക്കമായതായി സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30. ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി  എം.എം. മണി  നിർവ്വഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. കെ.എസ്. ഇ .ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോഹരൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉൾപ്പെടെ നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.

ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്‌സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ മെയ് 31 വരെയാണ് പുഷ്‌പോല്‍സവം.

മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണിത്. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ബാണാസുര ഡാമിന് സ്വന്തം. വീണ്ടും ബാണാസുര അത്ഭുതം തീര്‍ക്കുന്നു. സഞ്ചാരികളുടെ മനസ്സില്‍ കുളിര്‍മഴ ആയി ബാണാസുരയില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവേശനം. ഡാമിന്റെ പരിസരം ഏകദേശം 2.5 ഏക്കര്‍ സ്ഥലം പൂക്കള്‍ വെച്ചു മനോഹരമാക്കി.

ബാണാസുര ഡാം കാണാന്‍ ഉള്ള ടിക്കറ്റ് എടുത്താല്‍ പുഷ്‌പോല്‍സവവും കാണാം. ഇരുന്നൂറില്‍പ്പരം ജറബറ പൂക്കള്‍, വിവിധയിനം ഡാലിയ പൂക്കള്‍, നാനൂറില്‍പ്പരം റോസാപ്പൂക്കള്‍, ജമന്തി, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജീയ പെറ്റോണിയ, ഓര്‍ക്കിഡ് തുടങ്ങി വിവിധയിനം പൂക്കളുടെ ശേഖരമാണ് പൂന്തോട്ടത്തില്‍ ഉള്ളത്. ഒപ്പം ഫുഡ്‌ഫെസ്റ്റിവല്‍, വാണിജ്യ വിപണനമേള, അമ്യൂസ്സ്‌മെന്റ് പാര്‍ക്ക്, ദിവസേന വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും പുഷ്‌പോത്സവത്തില്‍ ഉണ്ടാവും.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് വിത്തുകള്‍ വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനുളളിൽ പതിനായിരത്തിലധികം പേർ പുഷ്പോത്സവം കാണാനെത്തിയെന്നും ഇവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here