മനാമ: ബഹറിനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ സംസ്കാര ബഹറിനിൽ തൃശൂർ പൂരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 27ന് ബഹറിൻ കേരളീയ സമാജത്തിലെ ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. യഥാര്‍ത്ഥ തൃശൂർ പൂരത്തിന്റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് സംസ്കാര പൂരം സംഘടിപ്പിക്കുന്നത്.
കൊടിയേറ്റം, പഞ്ചവാദ്യത്തോടെയുളള മഠത്തിൽ വരവ്, നാടൻ കലാരൂപങ്ങൾ അണിനിരക്കുന്ന ചെറു പൂരങ്ങൾ, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടികെട്ട് അങ്ങിനെ തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണങ്ങളായ എല്ലാം കാണികൾക്കായി ഒരുക്കുന്നുണ്ട്.
പാറമേക്കാവ് തിരുവമ്പാടി എന്നീ രണ്ട് വിഭാഗങ്ങളിലായി പത്തോളം ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. ഇരു വിഭാഗങ്ങളിലായി തിടമ്പേറ്റുന്ന രണ്ട് ആനകളേയും യഥാര്‍ത്ഥ ആനകൾക്ക് സമാനമായ രീതിയിലാണ് സംഘാടകർ നിർമ്മിക്കുന്നത്. 10 അടിയിലേറെ ഉയരമുള്ള കോലങ്ങളും കോപ്പുകളും അലങ്കാരങ്ങളുമെല്ലാം യഥാര്‍ത്ഥ തനിമയോടെ തന്നെ ഇവിടെ നിർമ്മിക്കുന്നവയാണ്.
പൂരത്തിന്റെ മുഖ്യ ആകർഷണമായ ഇലഞ്ഞിത്തറമേളത്തിന് ബഹറിൻ സോപാനം വാദ്യകലാ സംഘം ഗുരു സന്തോഷ് കൈലാസ് മേളപ്രമാണം വഹിക്കുന്നു. സോപാനം വാദ്യകലാ സംഘത്തിലെ 101 കലാകാരന്മാരാണ് ഇലഞ്ഞിത്തറ മേളത്തിൽ അണിനിരക്കുന്നത്. മേളത്തിന് പൂരപ്പെരുമ പകരാനായി പ്രശസ്ത ഇലത്താള കലാകാരനും തൃശൂർ പൂരം തിരുവമ്പാടി വിഭാഗം ഇലത്താള പ്രമാണിയുമായ ഏഷ്യാഡ് ശശി പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ പൂരത്തിന്റെ മാറ്റ് കൂട്ടുന്നു. അദ്ദേഹത്തോടൊപ്പം യുവ തലമുറയിലെ ശ്രദ്ധേയനായ കലാകാരൻ കല്ലൂർ ശബരി വലംതല പ്രമാണത്തിനും, കാഞ്ഞിലശ്ശേരി അരവിന്ദൻ കുറും കുഴൽ പ്രമാണത്തിനും, കൊരയങ്ങാട് സാജു കൊമ്പ് പ്രമാണത്തിനും എത്തുന്നു എന്നതും ബഹറിനിലെ മേള പ്രേമികൾക്ക് ആവേശം നൽകുന്നു.
പൂരത്തിന്റെ മറ്റൊരു ആവേശമായ കുടമാറ്റത്തിന് ഇരു വിഭാഗങ്ങളിലുമായി 210 കുടകളാണ് വർണ്ണവിസ്മയം തീർക്കാനായി അണിയറയിൽ ഒരുങ്ങുന്നത്. പാരമ്പര്യ കുടകൾക്ക് പുറമേ രണ്ടും മൂന്നും തട്ടുകളുളള കുടകളും, അലങ്കാര കുടകളും ഇരു വിഭാഗങ്ങളും മത്സരബുദ്ധിയോടെ അണിനിരത്തും.
അതോടൊപ്പം പൂര നഗരിയിലെ വഴിവാണിഭങ്ങളും ചന്തകളുമെല്ലാം ഇവിടെ പുനർസൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസക്കാലമായി സംസ്കാരയിലെ മുഴുവൻ അംഗങ്ങളും സംഘങ്ങളായി തിരിഞ്ഞ് പകലും രാത്രിയുമായി പൂരം വിജയിപ്പിക്കാനുളള പരിശ്രമത്തിലാണ്. ഏതായാലും ബഹറിനിലെ തൃശൂർ നിവാസികൾക്കും മറ്റ് ദേശങ്ങളിലെ പൂര പ്രേമികൾക്കും തഥാർത്ഥ തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം ബഹറിനിലെ പൂരത്തിൽ പങ്കെടുക്കുന്നതോടെ മാറിക്കിട്ടും എന്ന കാര്യത്തിൽ സംശയമില്ല.