സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങളും സംശയങ്ങളും തുടരുന്നു. അവാര്‍ഡ്‌ദാന ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പറഞ്ഞു ഇന്നലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഭീമ ഹര്‍ജി വന്നിരുന്നു.
“അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥി വേണ്ട”- സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ട്
അതിനിടെയാണ്, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണു അഭിപ്രായം പറയുകയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കുകയാണെങ്കില്‍ ക്ഷണം സ്വീകരിക്കുമെന്നും എ.എം.എം.എ യുടെ അധ്യക്ഷന്‍ കൂടിയായ മോഹന്‍ലാല്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഔദ്യോഗീക വിശദീകരണവുമായി മന്ത്രി എ.കെ ബാലന്‍ രാവിലെ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്നും കമല്‍ പറഞ്ഞു.
തങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആ പ്രസ്താവന കണ്ട് മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിച്ചത് ആണെന്നും സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട സിനിമാ പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. ബിജു. താന്‍ മോഹന്‍ലാലിന് എതിരെ ഒപ്പ് ഇട്ടിട്ടില്ലെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിന് എതിരെ ഒപ്പിട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലാ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ഡോ. ബിജു പറഞ്ഞു.