ആഘാതങ്ങളുടെ ഓര്‍മ്മകള്‍

0
149

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2

ഭാഗം 30

ഡോ. രോഷ്നി സ്വപ്ന

(ക്രിസ്റ്റഫര്‍ കീസ്ലോവ്‌സ്‌കിയുടെ ചലച്ചിത്രലോകം)

ഞാന്‍ സദാ എഴുതിക്കൊണ്ടിരുന്നു എന്ന് മരിയോ വര്‍ഗാസ് യോസ ഒരിക്കല്‍ പറയുന്നുണ്ട്. എങ്ങനെയോ എന്റെ ജീവിതവുമായി ഇപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നഒരു വാക്യമാണിത്. കാഴ്ചകളും നിറങ്ങളും എന്നെ ആവേശിച്ചത് അനുഭവവുമായി ബന്ധപ്പെട്ടാണ്. ഓര്‍മ്മയുടെ നിറമെന്താവാം എന്ന് ഞാന്‍ ഇപ്പോഴും ആലോചിക്കുന്നു. ഉത്തരമില്ലാതെ ആ ചോദ്യം. എന്നെ തുറിച്ചു നോക്കുന്നു. ഉത്തരങ്ങളിലാത്ത ചോദ്യങ്ങള്‍ കൊണ്ടാണ് ജീവിതം കൊരുത്തെടുത്തത് എന്ന് ഞാന്‍ കരുതുന്നു.

I felt very still and empty,
the way the eye of a tornado must feel, moving dully along in the middle of the surrounding hullabaloo.

എന്ന് ഈ അവസ്ഥയെക്കുറിച്ച് സില്‍വിയാ പ്ലാത് പറയുന്നു. സില്‍വിയയുടെ കവിതകളുടെ വിവര്‍ത്തനകാലത്ത് ഞാന്‍ ഏറെ ചിന്തിച്ചിരുന്നത് മരണത്തെക്കുറിച്ചായിരുന്നു. മരണത്തിന്റെ നിറം…. മണം….. ഗന്ധം എന്നിവ വന്നു മൂടിയ ആ കാലം ഞാന്‍ കണ്ടു തീര്‍ത്ത സിനിമകളില്‍ കീസ്ലോവ്‌സ്‌കിയുടെ എല്ലാ സിനിമകളും ഉണ്ടായിരുന്നു. പിന്നീടത് കവി സെബാസ്റ്റ്യന്‍ കാണാന്‍ വേണ്ടി വാങ്ങിക്കൊണ്ട് പോയി. അത് തിരിച്ചു കിട്ടിയോ എന്ന് പിന്നീട് ഞാന്‍ അന്വേഷിച്ചിട്ടില്ല. പക്ഷെ ആ സിനിമകളുടെ ഓര്‍മ്മകള്‍ മരണത്തിന്റെ മണം പോലെ ഇപ്പോഴും കൂടെയുണ്ട്.

അങ്ങനെ കണ്ട എന്റെ തന്നെ ജീവിതങ്ങളാണ് ചിലപ്പോള്‍ കീസ്ലോവസ്‌കികളുടെ സിനിമകള്‍ എന്ന് തോന്നാറുണ്ട്. തന്റെ സിനിമകളിലൂടെ ലോകത്തെ സംബന്ധിച്ച തന്റെ ആശങ്കകള്‍ അദ്ദേഹം മറച്ചു വച്ചില്ല.

ത്രീ കളര്‍സ്, റെഡ്, ബ്ലൂ, വൈറ്റ് എന്നീ ചിത്രങ്ങളിലൂടെയും ഡെക്കാലോഗ് പരമ്പരകളിലൂടെയും A short film. About killing,A short film about love,no end, scar…തുടങ്ങിയ ചിത്രങ്ങളിലൂടെയും കീസ്ലോവ്‌സ്‌കിയുടെ ചലച്ചിത്രസമീപനങ്ങള്‍ഏറെ നിശബ്ദമായ ഒരു ആഘാതമായി എന്നെ ആവേശിക്കുകയായിരുന്നു.

Polishജീവിതങ്ങളുടെ യാഥാര്‍ഥ്യത്തെ ഒട്ടും പൊലിപ്പിക്കാതെയാണ് അദ്ദേഹം തന്റെ സിനിമയുടെ ആഖ്യാന ഭാഷ കണ്ടെത്തിത്. തന്റെ സിനിമകളിലെ സംഗീതത്തിന് പോലും ഈ സൂക്ഷ്മത ഉണ്ടാവാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സംഗീതത്തെ ആധികാരികമായി. സമീപിക്കാന്‍ തനിക്കാവില്ല എന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും മനുഷ്യ മനസിനെ ശുദ്ധീകരിക്കാന്‍ സംഗീതത്തിന് ആകും എന്നദ്ദേഹം വിശ്വസിച്ചു. കാറ്റിന്റെയും പെരുമഴയുടെയും മഞ്ഞുവീഴ്ചയുടെയും ശബ്ദങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ സംഗീതമാകുന്നു.

അവയില്‍ എനിക്കേറെ പ്രിയപ്പെട്ടത് എന്നും ഡെക്കാലോഗ് തന്നെയാണ്. കീസ്ലോവ്‌സ്‌കിയുടെ ഉള്ളിലെ കവിയും എഴുത്തുകാരനും ചലച്ചിത്രകാരനും തത്വചിന്തകനും ഒരു പോലെ സാമന്വയിച്ച കലാസൃഷ്ടിയാണ് ഡെക്കലോഗ്.

ബൈബിളിലെ ആത്മീയപരിസരങ്ങളെ മനുഷ്യനും യുദ്ധവും മരണവുമൊക്കെയായി ചേര്‍ത്ത് വായിക്കുന്ന ഡെക്കാലോഗില്‍ മരണം എന്തെന്ന് ചോദിക്കുന്ന ഒരു കുഞ്ഞുണ്ട്. ഉപനിഷത്തില്‍ മരണമെന്തെന്ന് തിരഞ്ഞു പോകുന്ന ബാലനെ ഓര്‍മ്മിപ്പിക്കുന്ന മഞ്ഞിന്റെ തണുപ്പ് ഡെക്കാലോഗില്‍ ഉണ്ട്.

ബൈബിളിലെ പത്തു കല്പനകള്‍ 10 എപ്പിസോഡുകള്‍ ആയി കാവ്യാത്മകമായ നിശബ്ദതയിലൂടെ കീസ്ലോവ്‌സ്‌കി ആവിഷ്‌കരിച്ചു. മുമ്പും ദൈര്‍ഘ്യമേറിയ ചലച്ചിത്ര സൃഷ്ടികള്‍ ഉണ്ടായിരുന്നു എങ്കിലുംഡെക്കാലോഗില്‍ആവിഷ്‌കരിക്കപ്പെട്ട ജീവിതം മുമ്പ് നാം കണ്ടവയായിരുന്നില്ല. മനുഷ്യാസ്തിത്വത്തെക്കുറിച്ച് ഇത്രയേറെ തത്വചിന്താപരമായി, ആഴങ്ങളില്‍ നിന്നു കുഴിച്ചെടുക്കുന്ന സത്യത്തെ എന്നപോല്‍ വെളിപ്പെട്ട യഥാര്‍ത്ഥ്യങ്ങള്‍ക്ക് എന്റെ മുറിവുകള്‍ക്ക് ഏറെ ഉപ്പ് പകരാന്‍ പറ്റി.

”I’m not someone who remembers dreams for long.
I forget them as soon as I wake up-
if I’ve had any,
that is.’

എന്ന് കീസ്ലോവ്‌സ്‌കി തന്നെ ഒരിക്കല്‍ പറയുന്നുണ്ട്. ആര്‍ട്ട് ഹൗസ് പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരെ സംബന്ധിച്ചിടത്തോളം, കീസ്ലോവ്‌സ്‌കി ബര്‍ഗ്മാന്റെയും തര്‍ക്കോവ്‌സ്‌കിയുടെയും വംശപരമ്പരയില്‍ ആണ് പെടുന്നത്. അതീന്ദ്രിയമായ കാവ്യദര്‍ശനത്തോടെ, വിട്ടുവീഴ്ചയില്ലാത്ത കലാദര്‍ശനത്തെ അദ്ദേഹം സംയോജിപ്പിച്ചു.1970കളിലും 1980കളിലും പോളണ്ടിലെ ദൈനംദിന ജീവിതത്തിലെ കഠിനമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ട് കൈകാര്യം ചെയ്യുന്ന സിനിമകള്‍ ആണ് കീസ്ലോവ്‌സ്‌കി നിര്‍മ്മിച്ചത്. എന്നാല്‍ ദി ഡെക്കലോഗിന്റെ കൂടുതല്‍ അമൂര്‍ത്തമായ ധാര്‍മ്മിക ആശങ്കയാണ് അദ്ദേഹത്തെ ലോകഭൂപടത്തില്‍ പ്രധാനപ്പെട്ട ഒരാളായി അടയാളപ്പെടുത്തിയത്.

കലയെ സംബന്ധിച്ച അസാധ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ കീസ്ലോവ്‌സ്‌കി തന്റെ സിനിമകളിലൂടെ ശ്രമിച്ചു .ഒരിക്കലും ഉത്തരങ്ങള്‍ ആഗ്രഹിക്കാത്ത ചോദ്യങ്ങളായിരുന്നു അദ്ദേഹമുന്നയിച്ചത്. ഒരിക്കലും ഉത്തരം നല്‍കാന്‍ ശ്രമിച്ചില്ല എന്നത് ആ ചോദ്യങ്ങളുടെ പ്രസക്തി ഏറ്റുന്നു.

നിസ്സാരമായ വിശദാംശങ്ങളുടെ ആഴത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ദൈനംദിന സംഭവവികാസങ്ങളില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു ‘ഡെക്കലോഗ് 2’ ലെ തേനീച്ചയുടെയും അല്ലെങ്കില്‍ ‘ഡെകലോഗ് 10’ ലെ മത്സ്യത്തിന്റെയും ദൃശ്യാവിഷ്‌കാരം ഓര്‍ക്കൂ. വിധി എന്നത് നാം ചെയ്യുന്ന തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണെന്ന് അദ്ദേഹം പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ വാദിച്ചത് ജീവിതം പരിഹരിക്കാന്‍ കഴിയാത്ത ഒന്നാണ് എന്നാണു. അതിനെ അംഗീകരിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ജീവിതം സ്വയം ഒരു പരിഹാരമായി മാറുകയാണെങ്കില്‍,എത്രയും നല്ലത് എന്ന് കീസ്ലോവ്‌സ്‌കി പറയുന്നു.

ആഖ്യാനത്തിന്റെയും ദൃശ്യങ്ങളുടെയും ചലനങ്ങളുടെയും നിഴലുകളുടെയും വെളിച്ചങ്ങളുടെയും ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ഡെക്കലോഗ് എന്ന 10 ഭാഗങ്ങളുടെ / 10സ്വപ്നങ്ങളുടെ സിനിമ.

ചലച്ചിത്ര ഭാഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കീസ്ലോവ്‌സ്‌കി. അവ്യവസ്ഥിതമായ ഒരു സ്വപ്നം പോലെ വളരെ അപൂര്‍വമായി മാത്രം പകര്‍ത്താന്‍ സാധിക്കുന്ന ദൃശ്യങ്ങളാണ് കീസ്ലോവ്‌സ്‌കിയുടെ സിനിമകളുടെ പ്രത്യേകത. അപൂര്‍വ്വമായ ഒരു പ്രപഞ്ചികാനുഭവം സമ്മാനിക്കുന്ന ഒരു രേഖീയതയിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിലുണ്ട്. ‘എല്ലാ മനുഷ്യര്‍ക്കും വേണ്ടി” കാണുന്നതും വിശാലവും നിസ്സംഗവുമായ ഒരു പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനം തിരിച്ചറിയുന്നതും ഒരു വലിയ കാര്യമാണ്. മറ്റൊരു അര്‍ത്ഥത്തില്‍,ഒരു ചെറിയ തലത്തില്‍ കാര്യങ്ങളെ കാണുകയും മനുഷ്യന്റെ അസ്തിത്വത്തിന്റെ അഹങ്കാരവുമായി കലഹിച്ചു കൊണ്ട്, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ യാഥാര്‍ത്ഥ്യത്തിലേക്ക് ആഴത്തില്‍ ഖനനം ചെയ്യുകയും ചെയ്യുക എന്നതാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ ചെയ്തത് എന്ന് പറയാം.

പത്ത് കല്‍പ്പനകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡെകലോഗ് ചിത്രീകരിച്ചതെങ്കിലും അവയുടെ അര്‍ത്ഥത്തെക്കുറിച്ച് ഒരിക്കലും യാതൊരു വിധ ആശങ്കകള്‍ക്കും കീസ്ലോവ്‌സ്‌കി ഇടകൊടുത്തില്ല.

‘ഡെകലോഗ്’ നിലവിലുണ്ടായിരുന്ന കനത്ത മത ഉടമ്പടിയില്‍ നിന്ന് വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കലാത്മകതയെ ദൃശ്യാവിഷ്‌കാരത്തിന്റെ പരിധിയിലേക്ക് കൊണ്ട് വന്നപ്പോള്‍ വെളിപ്പെടുന്ന ആത്ഭുതമാണ് ഈ സിനിമ പകരുന്നത്. വാസ്തവത്തില്‍, ചില എപ്പിസോഡുകളുടെ വിഷയം പഴയ നിയമ തിരുവെഴുത്തുകളുടെ ഒരു വരിയില്‍ ഭംഗിയായി പുനരാഖ്യാനം ചെയ്യാന്‍ കഴിയുമെങ്കിലും,ഈ കഥകളെല്ലാം തന്നെ അവയില്‍ ജീവിക്കുന്ന, അവ സംവിധാനം ചെയ്ത അസാമാന്യനായ മനുഷ്യനെപ്പോലെ സാമാന്യ ഭാവനകളെ റദ്ദാക്കുന്നവയാണ്. ജീവിതത്തിന് അനുയോജ്യമാണെന്ന് നടിക്കാന്‍ കഴിയാത്തവിധം അസ്തിത്വത്തിന്റെ സങ്കീര്‍ണ്ണതകളെ വിശകലനം ചെയ്യുന്നു ഈ പത്ത് ചിത്രങ്ങളും. മനുഷ്യനും മതവും നിബന്ധനകളും അടങ്ങുന്ന മുഷിപ്പുകളില്‍ നിന്ന് മരണം പോലെ ഒരു മോക്ഷം ആഗ്രഹിക്കാത്തവരുണ്ടാകുമോ?

പത്ത് കഥകളിലും ഉള്ള മനുഷ്യര്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന കഥാപാത്രങ്ങളാണ്. ഡെക്കാലോഗ് എട്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ഒന്നും പറയാതെയും ചിലപ്പോള്‍ സങ്കടത്തോടെ കണ്ണടയ്ക്കുകയും ചെയ്യുന്ന ഗൗരവമുള്ള ഒരാള്‍. ഒരുപക്ഷേ അവന്‍ ക്രിസ്തുവിന്റെ പ്രാതിനിധ്യമെന്നു പറയാവുന്ന സൂചനകള്‍ സംവിധായകന്‍ നമ്മുടെ കാഴ്ചയിലേക്ക് തരുന്നുണ്ട്.പക്ഷേ അയാളെക്കുറിച്ച് കീസ്ലോവ്‌സ്‌കി,പറയുന്നത്.

‘അയാള്‍ ആരാണെന്ന് എനിക്കറിയില്ല;
വെറും ഒരു മനുഷ്യന്‍ വന്ന് നമ്മളെ,
നമ്മുടെ ജീവിതത്തെ നിരീക്ഷിക്കുന്നു.
അവന്‍ നമ്മില്‍ അത്ര സംതൃപ്തനല്ല.’ എന്നാണ്.
കഥാപാത്ര സൃഷ്ടിയില്‍ കീസ്ലോവ്‌സ്‌കി പുലര്‍ത്തിയിരുന്ന നിലപാടുകളുടെ വ്യതിരിക്തത ഇവിടെ പ്രകടമാണ്. തന്റെ അഭിനേതാക്കള്‍ താന്‍ ചൂണ്ടിക്കാട്ടുന്ന രേഖകളില്‍ മാത്രം സഞ്ചരിക്കുന്നവരാകരുത് എന്നദ്ദേഹത്തിന്റെ സംവിധായക പക്ഷം (directorial )നിഷ്‌കര്‍ഷിച്ചിരുന്നു.

ഡെക്കാലോഗിലെ 10 സിനിമകള്‍ ദാര്‍ശനിക സംഗ്രഹങ്ങളല്ല,മറിച്ച് നമ്മെമുഴുവനായി ഉള്‍ക്കൊള്ളുന്ന വ്യക്തിപരമായ സ്പര്‍ശങ്ങളാണ്. ഈ സീരീസ് കണ്ട ശേഷം,കീസ്ലോവ്‌സ്‌കിയെക്കുറിച്ച് സ്റ്റാന്‍ലി കുബ്രിക്ക് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്

‘വളരെ പതിഞ്ഞു കഥപറയുന്ന ഒരാള്‍ ,നാടകീയതയെ കലയുടെ ആത്യന്തികമായ സ്പര്‍ശമാക്കി മാറുന്ന ഒരാള്‍; കല്‍പ്പനകളെക്കുറിച്ചോ ധാര്‍മ്മിക പ്രശ്നങ്ങളെക്കുറിച്ചോ സംസാരിക്കുന്ന ഒരു നിമിഷവുമില്ല അദ്ദേഹത്തില്‍, പക്ഷെ,യഥാര്‍ത്ഥ ജീവിതത്തിലെ ധാര്‍മ്മിക വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ പ്രതിനിധാനങ്ങളാണ് അദേഹത്തിന്റെ കഥാപാത്രങ്ങള്‍.’

ഡെക്കാലോഗ് രണ്ടിലെ സ്ത്രീയുടെ കഥാപാത്രാവിഷ്‌കാരം നോക്കൂ. രോഗിയായ ഭര്‍ത്താവ്, മറ്റൊരാളുടെ ഗര്‍ഭം പേറുന്ന അവളുടെ ചിന്തകളുടെ തെരഞ്ഞെടുപ്പുകള്‍ക്ക് സവിശേഷതയുണ്ട്. ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ അവള്‍ ആ കുഞ്ഞിനെ പ്രസവിക്കും. ഭര്‍ത്താവ് രോഗവിമുക്തനായാല്‍ അവള്‍ ഗര്‍ഭ ചിദ്രം നടത്തും. ഒരു പക്ഷെ കീസ്ലോവ്‌സ്‌കിക്ക് മാത്രം നടത്സാന്‍ സാധിക്കുന്ന ചില കഥാപാത്ര കല്‍പ്പനകളില്‍ ഒന്നാവാം ഇത്. അത്രയേറെ ആന്തികമായ ചുഴികളെ സാധാരണമനുഷ്യര്‍ക്ക് പേറാന്‍ ആകില്ലല്ലോ! അത് ഒരു ധാര്‍മ്മിക പ്രഹേളികയായി മാറുന്നു,ഒടുവില്‍ ഡോക്ടറുടെ സ്വന്തം വേദനാജനകമായ ഭൂതകാലത്തിലേക്ക് ഒരു ഫ്‌ലാഷ്ബാക്കിലൂടെ ചിത്രം കടന്നു പോകുന്നു. അപ്പോഴും പരിഹാരം പരോക്ഷമാണ്,കാരണം സംഭവങ്ങള്‍ ആരും പ്രതീക്ഷിക്കുന്നത് പോലെ നടക്കുന്നില്ല .ധര്മ്മികതയല്ല സംവിധായകന്റെ പ്രശ്‌നം. അതിന്റെ ആവിഷ്‌കാര വെല്ലുവിളികളാണ്.

‘ഡെക്കലോഗ് 6’, അലഞ്ഞു നടക്കുന്ന ഏകാകിയായ ഒരു സ്ത്രീയുടെ ലൈംഗിക ജീവിതത്തെ ആവിഷ്‌കരിക്കുന്നു. ചാരപ്പണി ചെയ്യാന്‍ ദൂരദര്‍ശിനി ഉപയോഗിക്കുന്ന ഏകാകിയായ കൗമാരക്കാരനെക്കുറിച്ചാണ് ഈ ഭാഗം പറയുന്നത്. കാഴ്ചയുടെ നോണ്‍ ലീനിയര്‍ ആവിഷ്‌കാരങ്ങളിലേക്ക് പടര്‍ത്തുന്ന ചിന്തകളാണ് ഈ ഭാഗത്ത് കാണാന്‍ കഴിയുക കീസ്ലോവ്‌സ്‌കി തന്റെ എല്ലാ സിനിമകളിലും കൊണ്ടുവരുന്ന മൂര്‍ച്ചയുള്ളതും എന്നാല്‍ വിശ്വസനീയവുമായ നാടകീയമായ സംവിധാന തന്ത്രങ്ങളില്‍ ഒന്നാണ് ആറാം ഭാഗത്ത് വെളിപ്പെടുന്നത്. കൗമാരക്കാരനുമായുള്ള സ്ത്രീയുടെ ബന്ധം, അതിലെ ധാര്‍മ്മികതകള്‍, പാപം, പാപി, ഇര തുടങ്ങിയ ചിന്തകള്‍ എന്നിവ ആഖ്യാനത്തിന്റെ ഭാഗമായി കടന്നു വരുന്നു. പോളണ്ടിലെ ദൈനംദിന ജീവിത വസ്തുതകള്‍ കീസ്ലോവ്‌സ്‌കി മനഃപൂര്‍വ്വം ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാരണം അവ ശ്രദ്ധ വ്യതിചലിപ്പിക്കുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. നിയമങ്ങള്‍, കുറവുകള്‍,ബ്യൂറോക്രസി എന്നിങ്ങനെ നിത്യ ജീവിതവുമായി , ജീവിതത്തിന്റെ സാര്‍വത്രികമായ ഭാഗങ്ങളുമായി അദ്ദേഹം ഇടപെടുന്നു.

‘ഡെക്കലോഗ് ഒന്നാം ഭാഗത്ത് അച്ഛനും മകനും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് പറയുന്നു. സമീപത്തെ കുളത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിന്റെ അളവും നിരക്കും കണക്കാക്കാന്‍ അവര്‍ ഒരുമിച്ച് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നു.സുരക്ഷിതമായി സ്‌കേറ്റ് ചെയ്യാന്‍ ഐസ് കട്ടിയുള്ളതായിരിക്കനമെന്നാണ് കുഞ്ഞിന്റെ വാദം. എന്നാല്‍ കുളങ്ങളെയും പ്രവാഹങ്ങളെയും എല്ലായ്‌പ്പോഴും ഒരുപോലെ ലളിതമായി മനസിലാക്കാന്‍ കഴിയില്ല എന്ന ഫിലോസോഫിയാണ് ഇവിടെ വിജയിക്കുന്നത്.ഒരുപക്ഷേ കമ്പ്യൂട്ടര്‍ ഒരു വ്യാജ ദൈവമായിരിക്കാം. വെളുപ്പും കറുപ്പും കലര്‍ന്ന കാഴ്ചയുടെ ലളിതവും ഗഹനവുമായ ആവിഷ്‌കാരങ്ങളാണ് ‘ഡെക്കലോഗ് അഞ്ചാം ഭാഗം ‘ ഒരു കൊലപാതകിയെ കുറിച്ചാണ് ഈ ചിത്രം.

‘അവനെ മനസ്സിലാക്കുക എന്നാല്‍ അവനോട് ക്ഷമിക്കുക എന്നല്ല’എന്ന് ചിത്രം പറയുന്നു. ഒരു യുവാവ് തന്റെ കേസ് നിരീക്ഷിക്കുകയും വധശിക്ഷയെ ആവേശത്തോടെ എതിര്‍ക്കുകയും ചെയ്യുന്നു.നീതിയും നിയമവും വിധിയും ഒരേ രേഖയിലാണ് ഇവിടെ.

‘ഡെക്കലോഗ് ഒന്‍പതില്‍’ തന്റെ ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തുന്ന ഒരു പുരുഷനെക്കുറിച്ചാണ് പറയുന്നത്. അവന്‍ അവരെ രഹസ്യമായി നിരീക്ഷിക്കുന്നു. അവള്‍ കാമുകനുമായി എന്നന്നേക്കുമായി വേര്‍പിരിയുന്നതാണ് അയാള്‍ കാണുന്നത്. അവന്റെ ചാരപ്രവര്‍ത്തനം അവളുടെ വിശ്വാസത്തിന്റെ ലംഘനമായി മാറുന്നു. കല്‍പ്പനകള്‍ ശാസ്ത്രം പോലെയല്ല,കലയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവസാനം കാണാം. നമ്മുടെ ജീവിതവുമായി ചേര്‍ന്ന് ഒരു ഛായാചിത്രം എങ്ങനെ വരയ്ക്കാം എന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് അവ.

കീസ്ലോവ്സ്‌കിയും പീസ്വിക്സും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ദൃശ്യ ശൈലികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കീസ്ലോവ്‌സ്‌കി 10 ചിത്രങ്ങളും വ്യത്യസ്ത ഛായാഗ്രാഹകരെ ഉപയോഗിച്ച് സംവിധാനം ചെയ്തു. നിറങ്ങളുടെ തെരെഞ്ഞെടുപ്പും ആംഗിലുകളുടെ വ്യത്യസ്ത സമീപനങ്ങളും അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം.
ക്രമീകരണങ്ങള്‍ ഏറെക്കുറെ സമാനമാണ് എങ്കിലും, ശൈത്യകാലത്തെ ചാരനിറത്തിലുള്ള പുറംഭാഗങ്ങള്‍,ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍,ഓഫീസുകള്‍. സിനിമകളുടെ ജീവന്‍ കുടികൊള്ളുന്നത് ഈ വ്യത്യാസ്ത മുഖങ്ങളിലാണ്.

ഹോളിവുഡ് പ്ലോട്ടുകളുടെ ലളിതമായ പോരാട്ടങ്ങളില്‍ ഉള്‍പ്പെടുന്ന കഥാപാത്രങ്ങളല്ല ഇവയില്‍ ഉള്ളത്. അവര്‍ മുതിര്‍ന്നവരാണ്.മിക്കവാറും സംഘടിത മതത്തിന് പുറത്തുള്ളവരാണ്,അവരുടെ സ്വന്തം ജീവിതത്തില്‍ ധാര്‍മ്മിക തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. പല തവണയുടെ കാഴ്ച ഡെക്കലോഗിന്റെ ആസ്വാദനം വ്യത്യസ്തമാക്കും.കീസ്ലോവ്സ്‌കിയുടെ പല കഥാപാത്രങ്ങളും ചെയ്യുന്നതുപോലെ നിങ്ങള്‍ അവരുമായും അവര്‍ നിങ്ങളുമായും പരസ്പരം കലരും. ദൃശ്യപരമായി പ്രോസൈക് സ്വഭാവമുള്ള ആഖ്യാനമാണ് ഈ പത്ത് ഭാഗങ്ങള്‍ക്കും. കവിതയോ, കവിതയല്ലാത്ത ഗദ്യമോ എന്ന നിലയിലാണ് ഭാഷയും ആഖ്യാനവും കലരുന്നത്. സീരീസിന് അവ്യക്തമായ പ്രതീകാത്മകതയും പേസിംഗിന്റെ ആകര്‍ഷണവും ഉണ്ടായിരുന്നു. എങ്കിലും ഒരേ സമയം തത്വചിന്താപരമായ ഒരു തലം ഡെക്കലോഗ് സൂക്ഷിക്കുന്നു. മരണമെന്താണ് എന്ന് ചോദിക്കുന്ന ആ കൊച്ചു കുഞ്ഞിനെപ്പോലെ ഈ സിനിമകള്‍ ഓരോ കാലങ്ങളില്‍ ഓരോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

തന്റെ പ്രേക്ഷകരുമായുള്ള ബന്ധത്തെക്കുറിച്ച്,കീസ്ലോവ്‌സ്‌കി ഒരിക്കല്‍ പറഞ്ഞു

‘ഞാന്‍ ഒരു സിനിമയുടെ ഏത് ഘട്ടത്തിലാണെങ്കിലും, ഞാന്‍ തിരക്കഥയെഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുകയാണെങ്കിലും,കാഴ്ചക്കാരന്റെ വീക്ഷണകോണില്‍ നിന്നാണ് ഞാന്‍ എപ്പോഴും നോക്കുന്നത്. അവന്‍ എന്താണ് പ്രതീക്ഷിക്കുന്നത്? ഞാന്‍ അവനെ അതിലേക്ക് കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു.
അവന്‍ ആഗ്രഹിക്കുന്ന രീതി… അവന്‍ ആശ്ചര്യപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍, ചിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, കരയാന്‍ ആഗ്രഹിക്കുമ്പോള്‍, കെണിയില്‍ നിന്ന് മോചിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ അതാകാന്‍ ആഗ്രഹിക്കുന്നു. കാഴ്ചക്കാരനുമായുള്ള ഒരു കളിയായി നിങ്ങള്‍ക്ക് എന്റെ ജോലിയെ വിവരിക്കാം.
അയാള്‍ക്ക് ആവശ്യമുള്ളത് കൊടുക്കുക,എന്നാല്‍ അതേ സമയം അവന്‍ പ്രതീക്ഷിക്കാത്ത എന്തെങ്കിലും രഹസ്യമായി കാണിക്കുക.’ മറഞ്ഞിരിക്കുന്ന ഒരാള്‍ സങ്കല്‍പ്പിക്കുന്നത്, അതീന്ദ്രിയമായ ഒരു അനുഭൂതിയുടെ അര്‍ത്ഥമാണ്. അദ്ദേഹത്തിന്റെ കാഴ്ചക്കാര്‍ അന്വേഷിക്കുന്നു, അദ്ദേഹം അത് കാഴ്ച വക്കുന്നു. അത് ഒരു പ്രത്യേക സിനിമ കാരണമല്ല. കാഴ്ചക്കാരുടെ മനസ് അദ്ദേഹം വായിക്കുന്നു. അത് ആവശ്യമാണെന്ന് താന്‍ കരുതുന്നു എന്നാണദ്ദേഹം പറയുന്നത്.

കാരണം ദൈനംദിന ജീവിതത്തില്‍ അവരുടെ ചര്യകള്‍, അപര്യാപ്തമായ ജീവിതം രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ പ്രവര്‍ത്തിക്കുന്ന ബോധം,അതിന്റെ ചരിത്രബോധം, ചിലപ്പോള്‍ മതത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ,ഭയാനകമായ ഒരു ബോധം, ഇതെല്ലാം അവരുടെ ജീവിതത്തെ ചിലയിടങ്ങളില്‍ കൊളുത്തിയിടുന്നുണ്ട്. കീസ്ലോവ്‌സ്‌കി അവരെ മോചിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍. തന്റെ സൃഷ്ടിയുടെ നിഗൂഢമായ ഘടകത്തെയാണ് കീസ്ലോവ്സ്‌കി ഏറിയ കൂറും ചിത്രീകരിച്ചത്. സിനിമ നിര്‍മ്മിക്കുക എന്നതാണ് എന്റെ ജോലി. സിനിമയില്‍ എന്തെങ്കിലും കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ഭാഗം,
അല്ലെങ്കില്‍ ഒരുപക്ഷേ നാളെ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചക്കാരുടെ വ്യാഖ്യാനങ്ങള്‍ കേള്‍ക്കുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്. അവ എന്റെ ഉദ്ദേശ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായി മാറുന്നു. ഞാന്‍ എന്റെ ഉദ്ദേശ്യങ്ങള്‍ മറച്ചുവെക്കുന്നില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിക്കുന്നു- പക്ഷേ എന്റെ വ്യാഖ്യാനങ്ങളെക്കുറിച്ചല്ല.’

എന്നാണ് കീസ്ലോവ്സ്‌കി പറഞ്ഞത്. ജീവിതത്തിന്റെ നിഗൂഢമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് വേണ്ടി വീണ്ടും വീണ്ടും പോയി നോക്കാനുള്ള. ഇടങ്ങളായി ചിലര്‍ക്ക് ആ സിനിമകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം മറ്റൊന്നല്ല. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആ സിനിമകളുടെ അവബോധങ്ങള്‍ കൊണ്ടാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here