മേഘങ്ങളില്‍ നിന്നു നെഞ്ചിലേക്ക് അടര്‍ന്നു വീണ ഓര്‍മ്മയുടെ ഒച്ച

0
136

ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
Part-2
ഭാഗം 26

ഡോ. രോഷ്നി സ്വപ്ന

Can it be you that I hear?
Let me view you, then,
Standing as when
I drew near to the town
Where you would wait for me:
yes, as I knew you then,
Even to the original air-blue gown!

THOMAS HARDY, The Voice

ജെസീക്ക ഒരു ശബ്ദം കേൾക്കുന്നുണ്ട്. നിരന്തരമായി അവളുടെ ഉറക്കത്തെ കീറി മുറിച്ച് ആശബ്ദം അവളെ പിൻ തുടരുന്നു. തെരുവിൽ, നടത്തങ്ങളിൽ, പുഴക്കരയിൽ, സ്വപ്നമെന്നവൾ കരുതുന്ന ഉണർച്ചയുടെ മുറിവുകളിൽ…. ആ ശബ്ദം അവളെ പിൻ തുടരുന്നു. അവൾക്കത് ഓരോ നിമിഷവും അനുഭവിച്ചറിയാനാവുന്നുണ്ട്. പക്ഷെ അതെങ്ങനെയെന്ന് പറയാൻ കഴിയുന്നില്ല. ആ ശബ്ദത്തിന്റെ ഉരുണ്ട ശരീരവും മുഴങ്ങുന്ന ആഴവും ആരെയും. പറഞ്ഞ് ബോധ്യപ്പെടുത്താൻ അവൾക്കാകുന്നില്ല.
അരുവിയിലേക്ക് കാതോർത്ത് അവൾ ആ ശബ്ദം വീണ്ടും വീണ്ടും കേൾക്കുന്നു.
അപ്പോൾ കണ്ടു മുട്ടിയ ഒരാളോട് അവളത് പറയുന്നു. അയാളോടവൾ ചോദിക്കുന്നു

“നിനക്ക് നിന്റെ സ്വപ്നം എനിക്ക് കാണിച്ചു തരാൻ ആകുമോ?””

“എങ്ങനെ”

“ഉറക്കത്തിൽ….. ”

അയാൾ പുൽപ്പരപ്പിൽ മലർന്നു കിടക്കുന്നു. മുകളിൽ ആകാശം. വെള്ളം ചിതറി ഒഴുകുന്ന ശബ്ദം. മരണം പോലൊരു തണുപ്പ്. നിശബ്ദത.

ഓർമ്മകൾ മറ്റൊരു ലോകത്തു നിന്ന് ജെസിക്കയെ കുത്തി ഉണർത്തുന്നു. നീല വിരിപ്പിട്ട കട്ടിലിനടിയിൽ ഒരിക്കൽ താൻ ഒളിച്ചിരുന്നിട്ടുണ്ട് എന്ന് അവൾ ഓർമ്മയിൽ നിന്ന് പരതിയെടുക്കുന്നു.. ആ ശബ്ദം ഇപ്പോൾ കൂടുതൽ വ്യക്തമാണ്.
മറ്റൊരു ലോകത്തു നിന്ന് ജസീക്കയെ തിരഞ്ഞു വന്ന ആ ശബ്ദം അവളുടെ നിലനിൽപ്പിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. സുതാര്യവും സൂക്ഷ്മവുമാണ് ഈ സിനിമയുടെ ഭാഷ. ഒരു നിമിഷത്തിൽ അതിൽക്കൂടുതൽ സമയം Sayombhu Mukdeeprom ന്റെ ക്യാമറ നിൽക്കുന്നു. എന്തിനിത്ര വേഗമെന്ന് ചോദിക്കും പോലെ തന്നെ പതുക്കെയാണ് ജെസീക്കയിലേക്ക് ഓർമ്മകൾ തിരിച്ചു പറക്കുന്നതിന്റെ അടയാളങ്ങൾ തെളിയുന്നത്.

“ഇതെന്താണ്
ജീവിച്ചിരിക്കുന്നവയില്‍ നിന്ന്
വസന്തം പോലെ പടരുന്നത് ?

രോഗാണുക്കളുടെ സുഗന്ധം !
ജീര്ന്നവസ്തുക്കളുടെ ഗന്ധം !

സൂക്ഷ്മാണുക്കളുടെ കാവ്യ കേളി
പുളിരസത്തിന്റെ മുറിവ്

തന്മാത്രകളെന്ന പോലെ കാഴ്ചകള്‍ !
അയയവങ്ങളില്ലാത്ത്ത ഒരുടല്‍
നൃത്തം ചെയ്തു തുളുമ്പുന്ന പോലെ …”

ഇത് പോലുള്ള ഭ്രമിപ്പിക്കുന്ന കവിതയാണ് മെമോറിയയില്‍ പാഠമായി വരുന്നത് . അത് കൊണ്ട് തന്നെ Apichatpong Weerasethakul,എന്ന സംവിധായകൻ എനിക്ക് പ്രിയപ്പെട്ടയാളാകുന്നു. അപിചാറ്റ്പോങ്ങിന്റെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് മെമോറിയ  എന്ന് പറയാനാവില്ല എങ്കിലും, അനുഭവത്തിന്റെ അതി സൂക്ഷ്മമായ എന്തോ ഒരു കൊളുത്ത് എനിക്കും മെമോറിയ എന്ന ചിത്രത്തിനും ഇടയില്‍ ഉണ്ട്
അതാകട്ടെ കവിതയുടെ ഉന്മത്തമായ വിഷം കൊണ്ടു കലങ്ങിയതും

“നീ എന്നെ പ്രലോഭിപ്പിക്കുന്നു
എന്റെ ഈ മോശം സ്പാനിഷ് ഭാഷ കൊണ്ടോ ?
നിന്റെ ഈ സ്പാനിഷ്‌ കവിതക്ക് നല്ലതാണ്
മരക്കഷണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്നു വീര്‍ത്തു പൊങ്ങിക്കിടക്കും
പക്ഷെ അത് അതിന്റെ ചുറ്റുപാടുകള്‍ വിട്ടൊഴിയില്ല .’’

ഇങ്ങനെയാണ് മെമോറിയയിലെ സംഭാഷണങ്ങള്‍ യാത്ര ചെയ്യുന്നത് .
അപിചാറ്റ്പോങ്ങിന്റെ മുന്‍ സിനിമകളില്‍ നിന്ന് വേറിട്ട്‌ മെമോറിയ കുറച്ചു കൂടി ലളിതമായ ആഖ്യാന ഇടം സൃഷ്ടിക്കുന്നുണ്ട്. ജെസീക്കയുടെ  ഉറക്കമില്ലാത്ത രാത്രികളിലേക്ക് നമ്മെക്കൂടി നയിക്കുന്നു സംവിധായകന്‍. തന്റെ അവസ്ഥ  അവൾ ഒരു സാങ്കേതിക വിദഗ്ധനോട് വിശദീകരിക്കുകയും, ആ ശബ്ദത്തെ പുനഃസൃഷ്ടിച്ചു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് അയാൾ അവൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു.

‘’ഇത് ഒരു ശബ്ദമാണ്
വിശദീകരിക്കാന്‍ ഏറെ പ്രയാസമുള്ള
സങ്കീര്‍ണ്ണമായ ഒരു ശബ്ദം !’’

ജെസീക്ക പറയുന്നു

“ഏവിടെ നിന്നാണ് നീയത് കേട്ടത് ?
മുറിയില്‍
അത് …എന്ത് പോലെ എന്ന് ചോദിച്ചാല്‍ ….
ഒരു ..ഒരു വലിയ പന്ത് ..
ഒരു കൊണ്ക്രീട്റ്റ് കൊണ്ടുണ്ടാക്കിയതെന്നു തോന്നിക്കുന്ന ഒരു പന്ത്
ചരല്‍ക്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്ന
ഇടത്തേക്ക് ഊക്കനെ  പതിക്കും പോലെ …’’

അതും കടല്‍ ജലം ചുറ്റിക്കിടക്കുന്ന ഒരിടത്തേക്കെന്ന പോല്‍

എന്നാണവളുടെ മറുപടി. അത് അസംഭാവ്യമാണ് എന്ന് തോന്നാം. ജെസീക്കയുടെ അനുഭവം സിനിമയില്‍ ഉടനീളം മുഴങ്ങുന്ന നിശബ്ദതയായി നിലനില്‍ക്കുന്നു. തന്റെ സിനിമകൾ അനുഭവത്തിലൂടെ പ്രേക്ഷകരിലെക്കെത്തണം എന്നാഗ്രഹിക്കുന്ന സംവിധായകനാണ് അപിചാറ്റ്പൊങ്ങ്. ദൃശ്യങ്ങളും ചലനങ്ങളും തന്റെ ചിത്രങ്ങളുമായി  എങ്ങനെ ഇടപഴകുന്നുവെന്ന് നിരീക്ഷിക്കാനും കാഴ്ചയുടെ വിപുലീകരണത്തിലൂടെ ജീവിതം തന്നെ എങ്ങനെ ഇടപഴകുന്നുവെന്നും ചോദ്യം ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു.

“ Memoria ” ഒരിക്കലും കാഴ്ചയുടെ ബാഹ്യ ശരീരത്തില്‍  നിന്ന് പ്രേക്ഷകരെ  മോചിപ്പിക്കുന്നില്ല .

“ഈ കുന്നിലേക്ക് നോക്കൂ

എന്നിട്ട്  ഈ ശബ്ദം ശ്രദ്ധിക്കൂ

കൂടുതല്‍ ആഴം അനുഭവപ്പെടുന്നു അല്ലെ?.

ചിലപ്പോഴത് 60 ഹെറ്റ്സിനും 100 ഹെറ്റ്സിനുംഇടയിലുള്ള ഒന്നാവാം .
എന്തായാലും നീ  ആ ശബ്ദത്തെ എങ്ങനെ കേള്‍ക്കുന്നു എന്നതിനനുസരിച്ചാണ് അതിന്റെ കനം  അളക്കാനാകുക ‘’

ജെസീക്കയോട് ഒരാള്‍ ഇങ്ങനെ പറയുന്നുണ്ട് .ജെസീക്ക സ്കോട്ട്ലൻഡിൽ നിന്നുള്ളയാളാണെന്നും എന്നാൽ മെഡെലിനിൽ താമസിക്കുന്നതായും ഇപ്പോൾ കൊളംബിയ സന്ദർശിക്കുന്നതായും സിനിമ പറയുന്നു. സിനിമ ആരംഭിക്കുന്നത് ഒരു ശബ്ദത്തോടെയാണ് എന്ന് പറഞ്ഞല്ലോ! തുടർന്ന് ജെസീക്ക കിടക്കയിൽ നിന്ന് ഉണരുന്ന ഷോട്ട് ആണ് . അവൾ ആ ശബ്ദം കേട്ടിട്ടുണ്ടോ അതോ പ്രേക്ഷകർ മാത്രമാണോ അത് കേട്ടത് എന്ന സംശയം ഉയരുന്നു .

പതിയെപ്പതിയെ അവൾ ആ ശബ്ദം  കൂടുതൽ കേൾക്കാൻ തുടങ്ങുന്നു.

“ഈ കല്ല്‌
അവനിരുന്ന ഒരു പാറയുടെ ഭാഗം മാത്രമാണ്

പാറകള്‍ ….
മരങ്ങള്‍ ….
കോന്‍ക്രീറ്റ് …
അവ എല്ലാം ഒപ്പിയെടുക്കുന്നു
എന്റെ ശരീരത്തില്‍ സൂക്ഷിച്ചിരിക്കുന്ന
സ്പന്ദനങ്ങളെ എനിക്കിപ്പോള്‍ അറിയാനാകുന്നുണ്ട് .’’

ജെസീക്ക പറയുന്നു

ജെസീക്കയുടെ യാത്ര കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.
ശബ്ദത്തിന്റെ ഉത്ഭവം കണ്ടെത്താൻ ഒന്നിലധികം തവണ അവൾ മേൽപ്പറഞ്ഞ ടെക്നീഷ്യനെ വീണ്ടും കാണാൻ ശ്രമിക്കുന്നു പക്ഷെ അങ്ങനെ ഒരാള്‍  നിലവിലില്ല. അനിശ്ചിതത്വത്തിന്റെ ഏറ്റവും ആഴമുള്ള അവസ്ഥയാണ് ചിത്രത്തില്‍ .

‘’എനിക്കെല്ലാം ഓര്‍മ്മിക്കാനാവുന്നുണ്ട് .
ഞാന്‍ എന്തൊക്കെ തിന്നു എന്ന് …

ഓരോ ദിവസവും എന്നെ ചൂഴ്ന്നു നില്‍ക്കുന്ന
കാലാവസ്ഥ എങ്ങനെയിരുന്നു എന്നും

എന്റെ കൈകള്‍ ചലിക്കുന്ന വഴികള്‍ …
മീനിന്  മേല്‍ ….
വെളിച്ചത്തിൽ…
എല്ലാം
ഞാന്‍ തിരിച്ചറിഞ്ഞു

എങ്ങോട്ടും പോകാന്‍ എനിക്കാഗ്രഹമില്ല

അനുഭവങ്ങള്‍ നീറ്റലുണ്ടാക്കുന്നു .

അത് കൊണ്ട്  ഞാന്‍ ഈ മണ്ണില്‍ ഒടുങ്ങും  ‘’

എന്നാണു ജെസീക്ക പറയുന്നത്

അവളുടെ മുഴുവൻ അസ്തിത്വത്തില്‍  വിട്ടുപോക്കിന്റെ ചെറിയ സൂചനകളുണ്ട്. നാടുകടത്തപ്പെട്ടതുപോലെയാണ് അത് പ്രകടമാകുന്നത്. ഒടുവിൽ നഗരത്തിന്റെ ശബ്ദത്തിൽ നിന്ന് അകന്നുപോകുന്നതുവരെ അവൾ ബൊഗോട്ടയിലെ തെരുവുകളിൽ അലഞ്ഞുനടക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാനാവാതെ !

“സ്വപ്നത്തെക്കുറിച്ച് ഞാന്‍ ഒരു കവിത കേട്ടിയുണ്ടാക്കിയിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് …
ഇതളുകള്‍ക്ക് അപ്പുറം
വിരിഞ്ഞു നില്‍ക്കുന്ന ചിറകുകള്‍
വായുത്തുളകള്‍
മങ്ങി മങ്ങി വരുന്ന നിഴലുകള്‍ ….”

താൻ ഒരിക്കലും ഈ നഗരം വിട്ടു പോയിട്ടില്ല എന്നാണു ജെസീക്ക പറയുന്നത്.
അവള്‍ക്ക് എല്ലാം ഓർമിക്കാനാവുന്നുണ്ട്. സ്വന്തം കാഴ്ചയുടെ പരിധികളെ ചുരുക്കാനാണ് അവളിപ്പോള്‍ ശ്രമിക്കുന്നത് .

സമൃദ്ധമായ കാടുകളുടെയും ഗ്രാമീണ രംഗങ്ങളുടെയും നീണ്ട, ഷോട്ടുകളുടെയും കലർപ്പില്ലാത്ത ശ്രേണി ഉൾക്കൊള്ളുന്നുണ്ട് ഈ സിനിമ. 2017 ൽ കൊളംബിയയിൽ പരീക്ഷണാത്മകമായി ചിത്രീകരിച്ച ഒരു ചിത്രമാണ് ഇത്. ഒരര്‍ത്ഥത്തില്‍ മെമോറിയ പൂർണ്ണമായും നിശബ്ദമാണ് എന്നു പറയാം. ഓരോ രംഗവും യാത്രയിൽ നിന്നുള്ള സംവിധായകന്റെ കുറിപ്പുകളില്‍നിന്നും നിഗൂഡമായ ഡ്രോയിംഗുകളില്‍ നിന്നും ഉരുവം കൊണ്ടതാണ്.

“ ചിലപ്പോൾ
സ്വപ്നങ്ങളിലല്ലാതെ
രക്ഷപ്പെടാൻ
കഴിയില്ല. ”

എന്ന രീതിയില്‍ ജീവിതത്തെ അങ്ങേയറ്റത്തേക്ക് നയിക്കുന്ന വാക്കുകള്‍ ഈ സിനിമയില്‍ ഉണ്ട് .

മെമ്മോറിയയുടെ കാര്യത്തിൽ ശബ്ദം, ചലനം ഓർമ്മകൾ, സ്വപ്നങ്ങൾ, യഥാര്‍ത്ഥ്യം ” എന്നിവയ്ക്കിടയിലുള്ള അതിരുകൾ എല്ലാം ക്യാമറ പിടിച്ചെടുക്കുന്നുണ്ട്. ഏറെ മെലിഞ്ഞ ഒരു ആഖ്യാന ശരീരമാണ് മേമൊറിയയുടെത് അപിച്ചാറ്റ്പോങ്ങിന്റെ ഏറ്റവും ലളിതമായ ചിത്രം എന്ന് വേണമെങ്കില്‍ ഈ സിനിമയെക്കുറിച്ച് പറയാം.

മനുഷ്യന്‍, നിലനില്‍പ്പ്‌, ലൈംഗികത, ശ്വാസത്തിന്റെ അളവ്, ഒച്ച, തുടങ്ങിയ ഘടകങ്ങളെ ആസ്പദമായി ചിന്തിച്ചാല്‍ ഈ സംവിധായകന്റെ മറ്റു കലാസൃഷ്ടികളെ  അപേക്ഷിച്ച് മെമ്മോറിയക്ക്  ഭാരം കുറവാണ്, പ്രത്യേകിച്ചും പാൽമെ ഡി ഓർ നേടിയ അങ്കിൾ ബൂൺമി,യെ താരതമ്യം ചെയ്യുമ്പോള്‍. ഈ സിനിമയുടെ കോണുകളിൽ പരീക്ഷണാത്മകതയുടെ പല തരത്തിലുള്ള സാനിധ്യങ്ങള്‍ കാണാന്‍ കഴിയും. കൊളംബിയയിലെ ബൊഗോട്ടയിൽ വിദേശത്ത് സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ ജെസീക്ക ഹോളണ്ടായി സ്വിന്റൺ അഭിനയിക്കുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന അവളുടെ സഹോദരിയെ  ( ആഗ്നസ് ബ്രെക്ക് ) സന്ദർശിക്കാൻ അവൾ പോകുന്നുണ്ട്. വിവരണാതീതമായ അവസ്ഥയിൽ നിന്ന് കഷ്ടപ്പെടുന്ന അവളെ ബോധത്തിനു  പുറത്തേക്ക്  വീഴ്ത്താന്‍ ജെസീക്കയുടെ അനുഭവം കാരണമാകുന്നു.

ആദ്യ രംഗത്തില്‍  ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് ജെസീക്ക ഉണർന്നിരിക്കുന്നു. അവൾ അപാര്ട്മെന്റിനു ചുറ്റും ഒരു നോട്ടം കൊണ്ട് അലഞ്ഞുനടക്കുന്നു.താന്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ  ഉറവിടത്തിനായി വെറുതെ തിരയുന്നു. സിനിമയിൽ ആ ശബ്ദം ആവർത്തിക്കുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യുമ്പോൾ ജെസീക്കയുടെ യാത്രയ്ക്ക് ഒരു പാരിമാണിക  ഘടന ഉള്ളതായി തോന്നില്ല.
ശബ്ദത്തെ അന്വേഷിക്കുന്നതിനായി അവൾ ഇറങ്ങുന്നു. അവളുടെ അന്വേഷണത്തില്‍ സംവിധായകന്‍ സങ്കീർണ്ണവും പ്രകോപനപരവുമായ പാറ്റേണുകളിലേക്ക് ക്രമീകരിക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളും ചേര്‍ക്കുന്നുണ്ട് .

ജെസീക്കയുടെ ആദ്യ അനുഭവം അവളുടെ സഹോദരിയുടെ കട്ടിലിനടുത്താണ് സംഭവിക്കുന്നത്. ആ  ശബ്ദം അവളുടെ ജീവിതത്തിലെ നിശബ്ദതയിൽ നിന്ന് വ്യതിചലിച്ചു പോകുന്നു, പക്ഷേ ഇത് ജെസീക്കയ്ക്കും കാഴ്ചക്കാരനും ഒരേ പോലെ പരിഹരിക്കപ്പെടാത്ത ഒരു അനുഭവം തരുന്നു. അവളുടെ സഹോദരി ഒടുവിൽ കോമയില്‍  നിന്ന് ഉണർന്ന് തനിക്ക് ഉണ്ടായ ഭയങ്കരമായ ഒരു സ്വപ്നത്തെക്കുറിച്ച് അവളോട് പറയുന്നുണ്ട് .

അത് കേട്ട്  ജെസീക്ക ഒന്നും പറയുന്നില്ല, അവൾ സ്വന്തം ജീവിതവുമായി മുന്നോട്ട് പോകുന്നു, ഒരു ദിവസം തെരുവ് മുറിച്ചുകടക്കുമ്പോൾ, ഒരു മനുഷ്യൻ നിലത്തു വീഴുന്നത് അവള്‍   നിരീക്ഷിക്കുന്നു, പ്രത്യക്ഷത്തിൽ അവർ രണ്ടുപേരും മാത്രമാണ് ആ ശബ്ദം കേൾക്കുന്നത്. അദ്ദേഹം നിഗൂഡമായി അപ്രത്യക്ഷമാകുന്നു, അവളുടെ വിവരണത്തെ അടിസ്ഥാനമാക്കി ശബ്ദം പുനസൃഷ്ടിക്കാൻ ശ്രമിക്കുന്നയാളും അപ്രത്യക്ഷമാകുന്നുണ്ട്.

“കടൽ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ലോഹത്തിലേക്ക് വീഴുന്ന ഒരു വലിയ പന്ത് കോൺക്രീറ്റ് പോലെ. ” എന്നാണവളുടെ അനുഭവത്തിന്റെ തീവ്രത .

പിന്നീട് ജെസീക്ക ഒരു പുരാവസ്തു ഗവേഷകനായ ആഗ്നസിനെ കണ്ടുമുട്ടുന്നു. ഒരു പ്രാദേശിക നിർമ്മാണ പദ്ധതിയിലൂടെ കണ്ടെത്താത്ത അസ്ഥികൂടത്തിന്റെ രഹസ്യം ആഗ്നസ് അന്വേഷിക്കുന്നുണ്ട്. ഈ രണ്ടു ആഖ്യാനങ്ങളും പലപ്പോഴും സിനിമയില്‍ ഇടകലരുന്നു. അപൂർവ്വമായി ഒരു ചലച്ചിത്രകാരനും നിഗൂഡമായ ഒരു മനസുള്ള കലാകാരനും ഒരു മന്ത്രജാലക്കാരനും ഈ സംവിധായകനില്‍ ഒരു പോലെ പോലെ ഉണ്ട്. അവസാനമെത്തുമ്പോള്‍ സിനിമ കൂടുതൽ പ്രതീകാത്മകവും രേഖീയമല്ലാത്തതുമായി മാറുന്നു. അത് കാഴ്ചക്കാരനെ വല്ലാതെ നിരീക്ഷിക്കുന്നുമുണ്ട്.

“ Memoria ” ഒരു ഐന്ദ്രിയാനുഭവമാണ് ,

സാങ്കേതികതയെ ഏറെ വലിയ തോതില്‍ത്തന്നെ സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിക്കുന്നു .

ഒരു ശബ്ദട്രാക്കിൽ പക്ഷികളെ ഉപയോഗിക്കുന്നത് പെട്ടെന്ന്‍ ആരുടേയും ശ്രദ്ധയില്‍ പെടില്ല. പക്ഷെ, ജെസീക്ക മാത്രം  അത്  കേൾക്കുന്നു. യാതൊരു വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത ഒരു ദൃശ്യഭാഷയാണ്‌ ഇതിലുള്ളത്. സമയത്തെയും സമയവ്യതിചലനങ്ങളെയും കുറിക്കുന്ന ഒന്നായും ഈ സിനിമ കണക്കാക്കാം മനുഷ്യന്റെ സമയ സങ്കല്‍പ്പങ്ങള്‍ക്ക് മറ്റൊരു കാഴ്ച്ചയില്‍ വ്യതിചലനമുണ്ടോ ? സമയവും കാലവും ഒന്ന് തന്നെയോ?

സാമാന്യ ലോകത്ത് നിന്ന് ഏതാണ്ട് വിട്ടു പോകുന്ന ഒരു സ്ത്രീയായ ജെസീക്കയുടെ ജീവിതത്തില്‍ ഈ സമയം എങ്ങനെയാണ് ഇടപെടുന്നത് ?

ഒരേ സമയം ജൈവികമാണെന്ന് തോന്നിക്കുകയും ശാസ്ത്രീയവും സാങ്കേതികവുമായ ഘടകങ്ങള്‍, ഉള്‍പ്പെടുത്തുകയും ചെയ്യുന്ന  ആഖ്യാന ഭാഷയാണ് മെമോറിയയുടേത്. പലപ്പോഴും ഒരു രംഗത്തില്‍, ഒരു സവിശേഷ ബിന്ദുവില്‍  ക്യാമറ കേന്ദ്രീകരിച്ച് ചുരുളഴിച്ചു പോകുന്ന രീതിയാണ് ഈ സിനിമക്ക് സ്വീകരിക്കപ്പെടിട്ടുള്ളത്.

തായ് കലാകാരനും ചലച്ചിത്ര നിർമ്മാതാവുമായ അപിച്ചാറ്റ്പോംഗ് വീരാസെതകുൽ സിനിമയുടെ വ്യാകരണത്തില്‍  സ്വന്തമായ ഒരു ശൈലി മുന്നോട്ട് വച്ചയാളാണ്. സ്വന്തം സിനിമയുടെ അര്‍ത്ഥത്തിലേക്ക് പ്രേക്ഷകരെ ചേര്‍ത്ത് കെട്ടുന്ന ഒരു തരം കാന്തികതയാണ് ഇദ്ദേഹം തന്റെ സംവിധാന കലയില്‍ പ്രകടിപ്പിക്കുന്നത്. കാഴ്ചക്കാരനെ സാകൂതം വീക്ഷിച്ചു കൊണ്ടേയിരിക്കുന്നവയാണ് അപിചാറ്റ് പോങ്ങിന്റെ സിനിമകള്‍ എന്ന തോന്നിപ്പിക്കും വിധം ശാന്തമായ റിയലിസ്റ്റ്, നോൺ-മിസ്റ്റിക് സിനിമാഭാഷയിൽ, ജീവനുള്ളവരും മരിച്ചവരും ഭൂതകാലവും വർത്തമാനവും, ഭൂപ്രദേശവും അദേഹത്തിന്റെ സിനിമകളില്‍ നിലനില്‍ക്കുന്നു .
ടേക്കുകളുടെ നിശബ്ദത, താളം, വേഗം എന്നിവയില്‍ മറ്റെങ്ങും കാണാനാവാത്ത വ്യത്യസ്തതയാണ് ഈ സംവിധായകന്റെ സിനിമകളില്‍ കാണാനാവുക . സയൻസ് ഫിക്ഷൻ പോലുള്ള വ്യത്യസ്ത ഭാഷാ ഇടങ്ങള്‍ ഇദേഹം തന്റെ സിനിമകളില്‍ കലാത്മകമായി കൊണ്ട് വരുന്നു യഥാതത സങ്കല്‍പ്പങ്ങളും യഥാർത്യബോധവും ഭ്രമാത്മക സമീപനങ്ങളും ഭാവനാത്മകതയും കലര്‍ന്ന സംവിധാന കലയാണ്‌ അപിചാറ്റ് പോങ്ങിന്റെത് പരിഹരിക്കപ്പെടാത്ത, നിശബ്ദമായ ചിന്തകള്‍ മനുഷ്യാസ്തിത്വവുമായി കലര്‍ത്തി അദേഹം ആഖ്യാനങ്ങളിലേക്ക് കലര്‍ത്തി
തായ്ലാൻഡിന് പുറത്ത് നിർമ്മിച്ച, തായ് ഇതര അഭിനേതാക്കൾക്കൊപ്പം നിർമ്മിച്ച ആദ്യത്തെ സിനിമയാണിത്. അടുത്തിടെ കണ്ട, എന്നെ  ഏറ്റവും അസ്വസ്ഥമാക്കുന്ന സിനിമകളിലൊന്നാണിത്. ജെസീക്ക കേള്‍ക്കുന്ന ശബ്ദം ലോകത്തിലെ ചില ആഴത്തിലുള്ള മാറ്റങ്ങളുടെ അവതരണങ്ങളോ ലക്ഷണങ്ങളോ ആണെന്ന് തോന്നാം. മാത്രമല്ല അവയെക്കുറിച്ച് അറിയുന്ന ഒരേയൊരു വ്യക്തിയായി അവളെ മാത്രമേ സംവിധായകന്‍ സൂചിപ്പിക്കുന്നുള്ളൂ. മറ്റാര്‍ക്കും ആ  അനുഭവത്തില്‍ പങ്കുമില്ല. നഗരത്തിൽ നിന്ന്  കുഴിച്ചെടുത്ത  പുരാതന അസ്ഥികളുമായി ഈ ശബ്ദത്തിന് എന്തെങ്കിലും ബന്ധമുണ്ടോ? അതോ ജെസീക്ക ചില മാനസിക വിഭ്രാന്തികളിലേക്ക്  പ്രവേശിക്കുകയാണോ? ഈ ചോദ്യങ്ങള്‍ ചിത്രം അവശേഷിപ്പിക്കുന്നു
ഡിജിറ്റല്‍ ആയി പുനസൃഷ്ടിക്കപ്പെടുന്ന ശബ്ദം ജെസീക്കയെ ചില സ്മൃതികളിലേക്ക് നയിക്കുന്നുണ്ട്. പക്ഷെ അടുത്ത ദിവസം ആ യുവാവിനെ അന്വേഷിച്ചു ചെല്ലുന്ന ജെസീക്കക്ക് ലഭിക്കുന്ന മറുപടി “അങ്ങനെ ഒരാള്‍ അവിടെ ഉണ്ടായിട്ടേ ഇല്ല എന്നാണു”.

ഓര്‍മ്മയാണോ മറവിയാണോ ഈ സിനിമയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്ന് മനസിലാകുന്നില്ല പലപ്പോഴും അത്ഭുതപ്പെടുത്തുന്ന ഭാവനയുടെ തലത്തിലാണ് അപിചാറ്റ്പോങ്ങ് എന്ന സംവിധായകന്‍ തന്റെ കലയിലൂടെ സഞ്ചരിക്കുന്നത് .ഘട്ടം ഘട്ടമായി നമ്മുടെ ഓരോ ഇന്ദ്രിയങ്ങളിലെക്കും കടന്നിരുന്നു കൊണ്ട് നമ്മളും ആ ശബ്ദം നമ്മളും കേള്‍ക്കുകയും ജെസീക്കയോടൊപ്പം  അതിന്റെ ഉറവിടം അന്വേഷിച്ചു പോകുകയും ചെയ്യുന്നു.

റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ the sound of tree എന്ന കവിതയില്‍ ഇങ്ങനെ എഴുതുന്നുണ്ട്.

‘’ഞാൻ എങ്ങോട്ടെങ്കിലും പുറപ്പെടും,

ചിലപ്പോള്‍ ഞാൻ അശ്രദ്ധമായ
ചില തിരഞ്ഞെടുപ്പുകള്‍
നടത്തും
ഒരു ദിവസം അവര്‍ ശബ്ദത്തിലേക്ക്
മടങ്ങിയെത്തിയാല്‍
ആ ശബ്ദം എന്നെ ഭീതിയില്‍
ആഴ്ത്തുകയാണെങ്കില്‍ …..
അവരുടെ മേൽ
വെളുത്ത മേഘങ്ങൾ…..പതിയും
എനിക്ക് അത്രയേറെ പറയാനുണ്ടാവില്ല
പക്ഷേ ഞാൻ പുറപ്പെട്ടു പോയിരിക്കും



ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here