ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം 15)
ഡോ രോഷ്നി സ്വപ്ന
(ടേക്കിങ് സൈഡ്സ് – ഇസ്‌ത് വാൻ സബോ )
“A conflict begins and ends in
the hearts and minds of people,
not in the hill tops ”
അമോസ് ഓസ് എഴുതിയതാണ്. മനുഷ്യന്റെ ആന്തരികതകളെക്കുറിച്ചും സംഘർഷങ്ങളെക്കുറിച്ചും അവയെ മനുഷ്യർ മറികടക്കുന്നതിന്റെ അനക്കങ്ങളെക്കുറിച്ചും ഈ വരികൾ ഓർമ്മിപ്പിക്കുന്നു. ഇസ്‌ത് വാൻ സാബോയുടെ ടേക്കിങ് സൈഡ്സ് അത്തരമൊരു സിനിമയാണ്. നാടുകടത്തലിന്റെയും തൂക്കുമരത്തിന്റയും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു മനുഷ്യൻ. നിശബ്ദനായി തന്റെ സംഗീതം നെഞ്ചോട് ചേർത്ത് നടക്കുന്നു. ടെയ്ക്കിംഗ് സൈഡ്സ് ഒരു യഥാർത്ഥ കഥയാണ്. ബെർലിൻ ഫിൽ ഹാർമണിക് സംഗീതസഭയുടെ തലവനും ജർമ്മനിയിലെ മുൻനിര സംഗീതസംവിധായകനുമായ ഡോ. വില്യം ഫുട് വാങ്ലറി ന്റെ ജീവിതകഥയാണ് ടെയ്ക്കിംഗ് സൈഡ്സിന് ആധാരം. യുദ്ധവും പൊട്ടിത്തെറികളും അവശിഷ്ടങ്ങളും നിറഞ്ഞ ലോകത്ത്, സംഗീതം കൊണ്ട് മറയ്ക്കാൻ, മായ്ക്കാൻ കഴിയുന്ന മുറിവുകളെക്കുറിച്ച് പറയുകയാണ് സംവിധായകൻ.
ചുവട്ടിലേക്ക് നീളമേറെയുള്ള പിരിയൻ കോവണി. പാതി തകർന്ന കെട്ടിടത്തിനകം. താഴേക്കിറങ്ങും തോറും കാഴ്ചക്കാരന്റെ കാഴ്ചയിൽ ഏറിവരുന്ന പടവുകൾ. തലയുയർത്തിപ്പിടിച്ച് അയാളിറങ്ങുമ്പോൾ, അയാൾക്കു പിന്നിൽ അയാളുടെ സംഗീതം, ആയിരങ്ങളുടെ അകമ്പടി പോലെ അയാൾ അധികാരത്തിനപ്പുറം നിശ്ശബ്ദമായി സംഗീതത്തെ പ്രതിഷ്ഠിക്കുന്നു.
ടെയ്ക്കിംഗ് സൈഡ്സ് ൽ നിന്ന് ഈ രംഗം എന്നോടൊപ്പം കൂടി. അധികാരവുമായും ഭരണകൂടവുമായും എക്കാലവും കലഹിച്ചു നിൽക്കുന്ന കലയുടെ കാഴ്ചാരൂപമായ സിനിമയ്ക്ക് വാക്കുകൾക്കപ്പുറം സംവദിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് ഈ രംഗം. കാഴ്ചക്കാരന്റെ ദൃശ്യബോധത്തിൽ സാരമായ പരിഷ്കരണങ്ങൾ ആവശ്യപ്പെടുന്നുണ്ട് ഈ ചിത്രം. ദൃശ്യവിന്യാസത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം. സാങ്കേതിക സങ്കൽപ്പങ്ങളിൽ നിന്നുമാറി ഈ ചിത്രത്തിന്റെ ഫ്രെയിമുകളിൽ നിശ്ശബ്ദതയെ എടുത്തുകാട്ടുന്ന നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. അഭിനേത്രിയായ ലെനി റീഫെൻസ്റ്റാളിന്റെ മരണം നമ്മെ നാസി ഭരണത്തെ ഓർമ്മപ്പെടുത്തുന്നുണ്ടല്ലോ.
അശാന്തിയുടെയും ഹിംസയുടെയും സമ്മാനമായ കലയുടെ അടയാളമായാണ് ലെനി റീഫൻസ്റ്റാളിനെ ചലച്ചിത്രചരിത്രം ഓർക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊലകളുടെ, ഹിംസകളുടെ ചരിത്രമായ ഹിറ്റ്ലറിനെയും കൂട്ടാളികളെയും അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഡോക്യുമെന്റ് ചെയ്ത ചലച്ചിത്രകാരി ആയിരുന്നു ലെനി. നാസികളുടെ ആദർശങ്ങളെ ലോകം മുഴുവൻ വെറുത്തുവെങ്കിലും
ഡോക്യുമെൻററി സിനിമകളുടെ ചരിത്രത്തിൽ ലെനിയുടെ സിനിമകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. എന്നുമാത്രമല്ല, എങ്ങനെയാണ് യാഥാർത്ഥ്യത്തെ അതിൻറെ പ്രാധാന്യത്തിലും വ്യക്തതയിലും സ്വാഭാവികാനുഭവത്തിലും പകർത്തുക എന്നത് വിസ്മയകരമായ ഒരു പ്രവർത്തിയാണ് എന്ന് ലിനിയുടെ ഡോക്യുമെന്ററികൾ ഇന്നും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും ഹിംസയെ പകർത്തുകയും അക്രമോത്സുകതയ്ക്ക് കൂട്ട് നിൽക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ കുറ്റക്കാരിയായി ചിത്രീകരിക്കുകയും ചെയ്ത കലാകാരിയാണ് ലെനി. മാനുഷികതയും കലയും ആദ്യം ഏറ്റുമുട്ടിയത് ലെനിയിൽ ആയിരിക്കും. നാസിയുമായുള്ള ബന്ധം ലെനിയിലെ കലാകാരിയെ തളർത്തി. എങ്കിലും, ” ട്രയംഫ് ഓഫ് ദി വിൽ “”എന്ന സിനിമ ആർക്കു മറക്കാൻ സാധിക്കും! വിക്ടറി ഓഫ് ഫെയ്ത് എന്ന ഡോക്യുമെൻററി ക്രൂരതയുടെ, ആധിപത്യത്തിന്റെ, അടിച്ചമർത്തലിന്റെ പര്യായമായ ഒരു വലിയ ജാഥയുടെ ചിത്രീകരണമായിരുന്നു.
ലെനിയെ അറിയപ്പെടുന്ന ഒരു ചലച്ചിത്രകാരിയാക്കിയത് “”ദി ട്രയംഫ് ഓഫ് ദ വില്ലാ”ണ്. നാസിയുടെ പ്രചാരണ സിനിമയാണെങ്കിലും, ദൃശ്യഭാഷയുടെ സാധ്യതകളുടെ, ദൃശ്യാഖ്യാന സാധ്യതകളുടെ,
സാങ്കേതിക മികവിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായി ലെനയുടെ ഡോക്യുമെൻററികൾ അടയാളപ്പെടുത്തപ്പെട്ടു. പ്രത്യേകിച്ച് “ദി ട്രയംഫ് ഓഫ് ദി വിൽ “. ലോകം മുഴുവൻ ഹിറ്റ്ലറേ വെറുത്തപ്പോഴും ലെനിയുടെ സിനിമകൾ/ ഡോക്യുമെൻററികൾ ചരിത്രത്തെ കാത്തുകിടന്നു. പക്ഷേ ലെനി ചലച്ചിത്രകാരി എന്ന രീതിയിൽ സ്വയം നിഷ്കാസിതയാവുകയായിരുന്നു. ലെനിയെക്കുറിച്ച് പിന്നീട് ചിത്രീകരിച്ച
“The wonderful horrible life of Leni Reifeñstall”” എന്ന ഡോക്യുമെന്ററി ഇത് സാക്ഷ്യപ്പെടുത്തുന്നു.
1936 ലെ ഒളിമ്പിക്സ് ലൊക്കേഷനുകൾ ലെനി “ഒളിമ്പിയ” എന്ന പേരിലുള്ള ഡോക്യുമെൻററിയാക്കി. മനുഷ്യ ശരീരങ്ങളുടെയും ചലനങ്ങളുടെയും ഏറ്റവും തീവ്രമായ ചലച്ചിത്ര ഭാഷയായി അത് മാറി. നാസികളുടെ
രാഷ്ട്രീയവുമായി താൻ മനസ് കൊണ്ട് അടുപ്പത്തിലായിരുന്നില്ല എന്ന് അവർ അവകാശപ്പെട്ടുവെങ്കിലും ലോകം അത് ചെവിക്കൊണ്ടില്ല. അത് അത്തരത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഹിറ്റ്‌ലറുമായി ഏറെ അടുപ്പമുള്ള ഒരാൾ എന്ന രീതിയിൽ ലോകം ലെനിയെ വെറുക്കുകയായിരുന്നു. ഹിറ്റ്ലറോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ലെനി ഒരുപാട് വർഷം ജയിൽവാസം അനുഷ്ഠിച്ചു. ജയിലിൽനിന്ന് പുറത്തുവന്ന ശേഷം മനുഷ്യരെക്കുറിച്ച് ലെനി തന്നെയാണ് സിനിമകൾ ചെയ്തത്. സുഡാനിലെ ഗോത്രവർഗമായ ന്യൂബയെ കേന്ദ്രീകരിച്ചു കൊണ്ടു രണ്ട് പുസ്തകങ്ങൾ അവർ എഴുതി. പിന്നീടവർ ജലത്തിനടിയിലെ ജീവിതങ്ങളെയും പ്രകൃതിയേയും പരിസ്ഥിതിയേയും പകർത്തി. അണ്ടർവാട്ടർ ഇംപ്രഷൻ എന്ന് ഒരു ഡോക്യുമെൻററി സംവിധാനം ചെയ്തു. നൂറ്റി മൂന്നാമത്തെ വയസ്സിലാണ് (2003) അവർ മരിച്ചത്. എന്തൊക്കെ പറഞ്ഞാലും ഹിംസയുടെ രാജ്ജ്ഞിയെന്ന് ഇകഴ്ത്തപ്പെട്ടാലും ലെനിയുടെ ഡോക്യുമെൻററി ചിത്രങ്ങളുടെ സൗന്ദര്യബോധത്തെ കാണാതെ പോകാൻ ഒരു ചലച്ചിത്രപ്രേമിക്കും ചലച്ചിത്ര വിദ്യാർത്ഥിക്കും സാധിക്കില്ല എന്നതാണ് വാസ്തവം.
അന്ന് ആ ക്യാമ്പിൽ ഉണ്ടായിരുന്നവർ ആരും കുററവാളികളായിരുന്നില്ല, എന്നിട്ടും അവർ വിചാരണകൾക്ക് വിധേയരായി. നിരപരാധികളായ അവർ ഒന്നുകിൽ അധികാരമോ സ്വാധീനമോ ഉള്ള ജർമ്മൻ പൗരന്മാരായിരുന്നു,.യുദ്ധത്തിൽ അവർ എന്താണ് സംഭാവന ചെയ്തത്?
ഈ ചോദ്യത്തിന് ഇന്ന് പ്രസക്തിയുണ്ട്.
നാസികളുമായി ചേർന്നിട്ടില്ല എന്ന് പറയുമ്പോഴും സ്വന്തം സേവനം അവർക്ക് വേണ്ടി കൊടുത്ത മനുഷ്യരുമുണ്ട്. അങ്ങനെ ഒരു മനുഷ്യനാണ് വിൽഹേം ഫർട് വാങ്ലർ. ബെർലിൻ ഫിൽ ഹാർമണികിന്റെ സംശോദകനാണ് അദ്ദേഹം. ഹിറ്റ്ലരുടെ ഏറെ പ്രിങ്കരനായ സംഗീതസംവിധായകൻ എന്നറിയപ്പെട്ട ആളാണ് അദ്ദേഹം. ഹിറ്റ്ലർക്ക് റെനിയെപ്പോലെ തന്നെ പ്രിയപ്പെട്ടവനായിരുന്നു വിൽഹേം ഫർട് വാങ്ലർ. യുദ്ധാനന്തരം ഫർട് വാങ്ലർ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യു. എസ് ആർമി മേജറും ഇൻഷുറൻസ് ഉദ്യോഗസ്ഥനുമായിരുന്ന സ്റ്റീവ് അർനോൾഡിന്റെ നേതൃത്വത്തിലാണ് ഈ ചോദ്യം ചെയ്യൽ നടന്നതും രേഖപ്പെടുത്തിയതും. ഇതിന്റെ സാക്ഷ്യമാണ് ടേക്കിങ് സൈഡ്സ് എന്ന ചലച്ചിത്രo.
അധികാരം, ഭരണം, കല, കലാകാരൻ എന്നീ സമസ്യകളെ സത്യസന്ധമായി അപഗ്രഥിക്കാൻ ശ്രമിക്കുകയാണ് ടെയ്ക്കിംഗ് സൈഡ്സ്. ഏറെ സമയം നീണ്ടുനിൽക്കുന്ന ഒരു സംഗീതശകലത്തോടൊപ്പമാണ് ചിത്രം ആരംഭിക്കുന്നത്. സൂക്ഷ്മദൃശ്യങ്ങളുടെ ചിത്രീകരണത്തോടൊപ്പം സംഗീതത്തിന്ന് ഓരോ നോട്ടും വിളംബത്തിൽ നിന്ന് ദ്രുതത്തിലേക്ക് കയറി കയറിപ്പോകുന്നു. ഒപ്പം തന്നെ, മറ്റൊരു സമാന്തരരേഖ കൂടി സംവിധായകൻ വരയ്ക്കുന്നുണ്ട് ഈ രംഗത്തിൽ. പ്രകാശമയമായ ഒരു ഹാളാണ് രംഗത്തിൽ. അലങ്കാരവിളക്കുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും വെളിച്ചത്തിന്റെ ഒരു സമുദ്രമാകുന്നു ഈ ഇടം. ലോക മഹായുദ്ധശേഷമാണ് സന്ദർഭം. യഹൂദരും അല്ലാത്തവരുമായ നിരവധി ജർമ്മൻ കലാകാരന്മാർ ഹിറ്റ്‌ലറുടെ വരവോടെ തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്തു. തകർന്നു വീണ് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തിരക്ക് കൂട്ടി രക്ഷപ്പെടുന്ന മനുഷ്യർ. മരണം ഭയം.
ഫർട്ട്‌വാങ്‌ലറുടെ സമകാലികനും പ്രധാന പ്രതിയോഗിയുമായിരുന്ന ഓട്ടോ ക്ലെമ്പറർ ഫിൽ ഹാർമോണിക്‌സിൽ പോഡിയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. എന്നാൽ ഫർട് വാങ്ലർ അവിടം. വിട്ടു പോകുന്നില്ല. മരണം മുന്നിൽ വന്നു എന്നറിഞ്ഞിട്ടും അദ്ദേഹം സംഗീതം കൈവിടുന്നില്ല. തന്റെ സംഗീതത്തോടും ഓർക്കസ്ട്രയോടും രാജ്യത്തോടുമുള്ള വിശ്വസ്തത കൊണ്ടാണ് താൻ ഇത് ചെയ്തതെന്ന് അർനോൾഡിനോടയാൾ പറയുന്നുണ്ട്. അദ്ദേഹത്തിന് സ്വന്തം കല രാഷ്ട്രീയത്തിനതീതമായിരുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും നാസി പാർട്ടിയിൽ ചേരുകയോ നാസികൾക്ക് സല്യൂട്ട് നൽകുകയോ ചെയ്തിട്ടില്ല.” എന്ന് അർനോൾഡ് പറയുന്നുണ്ട്. പക്ഷേ ഹിറ്റ്‌ലറുടെ ജന്മദിന പാർട്ടിയിൽ സംഗീതവിരുന്നിൽ അദ്ദേഹം സ്വന്തം സംഗീതം അവതരിപ്പിക്കുന്നുണ്ട്. ആരും ഒരിക്കലും ഹിറ്റ്ലറെ ഇഷ്ടപ്പെട്ടിട്ടില്ല, നാസികളെ ഇഷ്ടപ്പെട്ടില്ല, ജർമ്മനിയുടെ ഭൂതകാലത്തിന്റെ മാന്യമായ പാരമ്പര്യങ്ങളോട് വിശ്വസ്തനായിരുന്നു താൻ എന്നതാണ് അദ്ദേഹം നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷേ നാസികൾ വിജയിച്ചിരുന്നെങ്കിൽ — അവർ ഏതെങ്കിലും സുരക്ഷിത താവളത്തിലേക്ക് തെന്നിമാറാൻ ശ്രമിക്കുമായിരുന്നോ എന്ന് ചരിത്രം അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ലെനി റീഫെൻസ്റ്റാളിനോടും ചരിത്രത്തിനുള്ള വലിയ ചോദ്യം അതാണ്. യുദ്ധാനന്തരം നാസികളോടുള്ള അവരുടെ അനിഷ്ടം അവരുടെ തോൽവിക്ക് കൂടുതൽ ആക്കം വർധിച്ചുവെന്ന് സംശയിക്കാതിരിക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ലല്ലോ.
അത്രമേൽ ക്രൂരവും പീഡിതവുമായ ആ ചരിത്രം ഇപ്പോഴും നമുക്ക്. കണ്ണടച്ചാൽ പേടി സ്വപ്നങ്ങളോടെ കാണാമല്ലോ!
ജർമ്മൻ വംശജനായ സംഗീത സംവിധായകന്റെയുള്ളിലെ ദേശീയതക്കെതിർമുഖം നിൽക്കുന്ന അധിനിവേശത്തിന്റെ ദുർമ്മുഖം അദ്ദേഹത്തിന്റെ സംഗീതത്തെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു ചിത്രത്തിൽ. ആദ്യരംഗത്തിൽ, പടർന്നുകയറുന്ന സംഗീതത്തിന്റെ സ്വരസ്ഥാനങ്ങൾ ഇടറുന്ന സൂക്ഷ്മനിമിഷങ്ങളുണ്ട്. പിന്നീട് നാം കാണുന്നത് തകർന്നടിഞ്ഞ കെട്ടിടമാണ്. ഇസ്തവാൻ സബോയുടെ കയ്യൊതുക്കമുള്ള സംവിധാനം. ലോകമഹായുദ്ധം, നാസിചരിത്രം, ജർമ്മൻ വംശീയത തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുമ്പോഴും ചിത്രം ഒരു സ്പെക്ടക്ക്ൾ എന്ന നിലയിലേക്ക് പടരാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. റോണാൾഡ് ഹാർവുഡിന്റെ നാടകത്തെ ആസ്പദമാക്കിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സകലകാലങ്ങളിലും സംഗീതമെന്നത് മനുഷ്യന്റെ ആന്തരിക ചോദനകളെയും അന്തർഭാവങ്ങളെയും പ്രകടിപ്പിക്കുമെന്ന സന്ദേശമുണ്ട് ഈ ചിത്രത്തിൽ. നിശ്ശബ്ദതയുടെ സംഗീതത്തിനാണ് ചിത്രം മുൻതൂക്കം നൽകുന്നത്. ലാജോസ് കോട്ടാളിന്റെ ഛായാഗ്രഹണ വശ്യതകൾ കൊണ്ട് സമ്പന്നമാണീ ചിത്രം. വൈരുദ്ധ്യങ്ങളെയാണ് ലാജോസ് തന്റെ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
“തകർന്ന കെട്ടിടങ്ങളിൽ നിന്ന് ജീവിതത്തിന്റെ മുളപ്പച്ചകൾ ഉയരുന്നത്. “അവശിഷ്ടങ്ങളിലേക്ക് തുറക്കുന്ന വിശാലമായ ജനദൃശ്യങ്ങൾ, പാതകളുടെ സമാന്തര കാഴ്ചകൾ. ഒരു പതനത്തിനുശേഷം ഉയിർത്തെണീക്കാൻ വെമ്പുന്ന ജനസമൂഹം. തെരുവിൽ കെട്ടി ഉയർത്തുന്ന ചന്തയുടെ ദൃശ്യം ഈ ചിത്രത്തെ മനോഹരമാക്കുന്നു. ഋജുവെങ്കിലും ലളിതമായ ആഖ്യാനം. റൊണാൾഡ് ഹാർവുഡിന്റെ ശക്തമായ തിരക്കഥ ഒരിടത്ത് ഇങ്ങനെ പറയുന്നു.
“ഇത് ഏത് കാലത്തും സംഭവിച്ചേക്കാം. വർഷങ്ങൾക്കു പിന്നിൽ, വർഷങ്ങൾക്കുശേഷം,
പക്ഷെ, സംഗീതത്തിന്റെ രാഷ്ട്രീയത്തെ ഒരു ചെറുവിരൽ കൊണ്ടു പോലും തകർക്കാൻ ആർക്കും കഴിയില്ല.”
ഭരണവർഗ്ഗത്തിന്റെ നീണ്ട ചോദ്യം ചെയ്യലുകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന ജർമ്മൻ വംശജനായ കഥാപാത്രത്തിലൂടെ ഇസ്തവാൻ പറയാനാഗ്രഹിക്കുന്നത് ഈ ഒരൊറ്റ പ്രമേയമാണ്. എല്ലാ അധികാരങ്ങൾക്കുമുപരിയായി അവസാനരംഗത്ത് സംഗീതം ഉയർന്നു കേൾക്കുമ്പോൾ ചോദ്യങ്ങൾ മുടങ്ങിപ്പോകുന്ന അവസ്ഥയിൽ അധികാരത്തിന്റെ മേൽക്കോയ്മ രാഷ്ട്രീയം മുടങ്ങിപ്പോകുകയാണ്. ബീഥോവന്റെ അഞ്ചാം സിംഫണി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വേദിയുടെ ദൃശ്യമാണ് ഈ ചലച്ചിത്രത്തിലെ ഏറ്റവും സുന്ദരമായ ദൃശ്യം.
നിറഞ്ഞുകവിഞ്ഞിരിക്കുന്ന സദസ്സ്,
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലേക്ക്
ചിതറിവീഴുന്ന ബോംബുകൾ.
പശ്ചാത്തലത്തിൽ, സംഗീതത്തോടൊപ്പം കേൾക്കുന്ന സൈറനുകൾ.
സദസ്സ് ചിന്നിച്ചിതറുന്നു.
പക്ഷെ ഫുട് വാങ്‌ലർ സംഗീതത്തിൽ മുഴുവനായും മുഴുകിയിരിക്കുകയാണ്.
സമഗ്രാധിപത്യത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ കലാകാരന്‍ തന്റെ യഥാർത്ഥ സ്ഥാനമെന്തെന്ന് നിർവ്വചിക്കാൻ ശ്രമിക്കുന്ന ഒരു ചിത്രമാണ് ടെയ്ക്കിംഗ് സൈഡ്സ്. നാസി ഭരണത്തിനു കീഴിൽ യഥാർത്ഥ കലാകാരനനുഭവിക്കുന്ന സംഘർഷത്തെ തിരിച്ചറിയാൻ സിനിമയിൽ ഫുട് വാങ് ലർ പറയുന്ന ഒരു സംഭാഷണശകലമുണ്ട്.
“I walked a light rope between exile and the gallows”.
നാടുകടത്തലിന്റെയും തൂക്കുമരത്തിന്റെയും ഇടയിലുള്ള ഒരു നൂൽപ്പാലത്തിലൂടെയാണ് ഞാൻ നടക്കുന്നത്. നാസി ആധിപത്യം സമൂഹത്തിനു സമ്മാനിച്ച വൈരുദ്ധ്യാത്മകതയിൽ ജീവിക്കുന്ന പ്രതിബദ്ധനായ ഒരു കലാകാരന്റെ സാക്ഷ്യപ്പെടുത്തലാണീ വാക്കുകൾ. കലാകാരന്റെ പ്രതിബദ്ധതക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ് ഈ സമഗ്രാധിപത്യം. അക്രമാസക്തമായ ഒരു രാഷ്ട്രീയ വ്യവസ്ഥ സ്വന്തം മാതൃരാജ്യത്തെ അടക്കിഭരിക്കുമ്പോൾ കലാകാരന്റെ മനസ്സിൽ ജനിക്കുന്ന സാസ്കാരിക സംഘർഷം ഈ ചിത്രത്തിലെ പ്രധാനവിഷയം. ഉപേക്ഷിക്കണോ വേണ്ടയോ, കല അരങ്ങേറണോ വേണ്ടയോ, ഇടപെടണോ വേണ്ടയോ, സമരം ചെയ്യണോ വേണ്ടയോ തുടങ്ങിയ ചോദ്യങ്ങൾ സമൂഹത്തിലെ കലാകാരന്മാരടക്കമുള്ള നല്ല മനുഷ്യരുടെ മനസ്സുകളിൽ പടരുന്നതിന്റെ ദൃശ്യഭാഷ, ചലച്ചിത്രം വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ജർമ്മനിയിൽത്തന്നെ നിലനിൽക്കുകയെന്ന ഫുട് വാങ്‌ലറുടെ തീരുമാനത്തെ നാസികൾ വൈരുദ്ധ്യാത്മക മനസ്സോടെയാണ് കാണുന്നത്. അധികാര രാഷ്ട്രീയത്തിനെതിരെ സംഗീതത്തിന്റെ പ്രതിരോധശക്തി ഉപയോഗിക്കുന്ന അത്യന്തം നിശ്ശബ്ദ സമരഗീതികളാണ് ടെയ്ക്കിംഗ്സൈഡ്സിനെ വ്യത്യസ്തമാക്കുന്നത്. കലയുടെ രാഷ്ട്രീയം മനുഷ്യനെ നിലനിൽപ്പിന്റെ അലിഖിത രേഖകളിലൂടെ ജീവിപ്പിക്കുന്നുവെന്ന സന്ദേശം പകരുന്നു ഈ ചലച്ചിത്ര കാവ്യം.
ഓർമ്മയെയും രേഖപ്പെടുത്തലുകളെയും മറികടന്ന് എന്തൊക്കെയോ കാഴ്ചയിലുണ്ട്. വിശദീകരണങ്ങളില്ലാത്ത എന്റെ ചില അവ്യവസ്ഥിതങ്ങൾക്ക് എനിക്ക് എന്റെയുള്ളിൽ മാത്രം കിട്ടുന്ന ഉത്തരങ്ങളായി ചില സിനിമയോർമ്മകൾ ഉണ്ട്. രേഖപ്പെടുത്താനാവില്ല ഇതൊന്നും എന്നു പറഞ്ഞ് എന്റെയുള്ളിൽത്തന്നെ കുടിയിരിക്കുകയാണ് ഇവ. എന്നാലും ഞാൻ കാണാനാഗ്രഹിക്കുന്ന ഒരു വാക്കോ, ദൃശ്യമോ ശബ്ദമോ… അതിനിയും നിർവ്വചിക്കപ്പെട്ടിട്ടില്ല എന്നു സ്വപ്നം കാണുക തന്നെയാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല