
മധു.കെ.
ഫോട്ടോ: ശ്രീ. വരുൺ അടുത്തില
ഉത്തര കേരളത്തിലെ തെയ്യ നഭസ്സിലെ വിസ്മയ സൂര്യൻ അസ്തമിച്ചു. എങ്കിലും ആ കണ്ഠത്തിൽ നിന്നുതിർന്ന തോറ്റംപാട്ടിന്റേയും ഗന്ധർവൻ പാട്ടിന്റേയും കുറുന്തിനി പാട്ടിന്റേയും നാദ നിർഝരിയും, ആ കാലുകളിലൂടെ ഉരുവം കൊണ്ട താളക്രമങ്ങളും ചിലമ്പൊലിയും തലമുറകളിലൂടെ പുനർജ്ജനിച്ചു കൊണ്ടേയിരിക്കും.
നൈമിഷികമായ അനുഭവത്തിനും അനുഭൂതിക്കുമപ്പുറം കാലത്തെ അതിജീവിക്കാൻ കഴിയുന്നവയാണ് യഥാർത്ഥ കല. തന്റെ അറിവും അനുഭവവും ചാലിച്ച് വൈഭവത്തോടെ അതാവിഷകരിക്കാൻ കഴിയുന്നയാൾ യഥാർത്ഥ കലാകാരനും. കാലത്തെ അപ്രസക്തമാക്കുന്ന ഈ പ്രക്രിയ നിർവ്വഹിക്കാൻ കഴിയുമ്പോഴാണ് കലാകാരൻ ദീർഘദർശിയായി മാറുന്നത്. കലാകാരന്റെ അത്തരം ദീർഘദർശിത്വം പലപ്പോഴും സമകാലിക ലോകത്തിനു മനസ്സിലാകാതെ പോയേക്കാം. അതു കൊണ്ടു തന്നെ ദീർഘദർശികളായ കലാകാരന്മാർ എന്നും ക്രൂശിക്കപ്പെട്ടിട്ടുണ്ട്.
അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ശോഭ പ്രസരിപ്പിക്കുന്ന നാമമാണ് അതിയടം പി.പി.കണ്ണപ്പെരുവണ്ണാന്റേത് . അദ്ദേഹം തെയ്യത്തെ വികലമാക്കാതെ പുറം ലോകത്തെത്തിച്ച മനീഷി ആയിരുന്നു. ഇത് എത്രത്തോളം മഹത്തായ ഒരു തുടക്കമായിരുന്നുവെന്ന് ഭാവിചരിത്രം തെളിയിക്കും കല അനുഷ്ഠാനമോ അനുഷ്ഠാനേതരമോ ആകട്ടെ , അവയുടെ മൂല്യമുൾക്കൊണ്ട്
ആസ്വദിക്കാൻ (അനുഷ്ഠാനമാണെങ്കിൽ അനുഭവിക്കാൻ )പ്രാപ്തിയുള്ള ഒരു ജനസമൂഹമുണ്ടെങ്കിലേ അവയ്ക്ക് നിലനില്പുള്ളു. ആ ഒരു ചരിത്ര നിയോഗം അദ്ദേഹത്തിന് ഏറ്റെടുക്കാൻ കഴിഞ്ഞു.ഇതിനു പുറമെ ഇന്ത്യക്കു പുറത്ത് ആദ്യമായി തെയ്യം അവതരിപ്പിച്ച ആൾ,
ഒരേകാവിൽ ഒരു തെയ്യം ഏറ്റവും കൂടുതൽ കാലം അവതരിപ്പിച്ച ആൾ (അതിയടം പാലോട്ടുകാവിൽ 40 വർഷം തുടർച്ചയായി പാലോട്ട് ദൈവത്തിന്റെ കോലമണിഞ്ഞത് അദ്ദേഹമായിരുന്നു. വർത്തമാനകാല ചരിത്രത്തിൽ ഒരേ കാവിൽ ഏറ്റവും കൂടുതൽ കാലം തെയ്യം അവതരിപ്പിച്ചതിന്റെ റിക്കാർഡും അദ്ദേഹത്തിന്റേതായിരിക്കും. അതിയടം പാലോട്ടുകാവിൽ മൊത്തം 50 വർഷം അദ്ദേഹം തെയ്യം കെട്ടിയിട്ടുണ്ട്. 10 വർഷം പുലിയൂർ കാളിയും 40 വർഷം പാലോട്ട് ദൈവവും), ഒരു തെയ്യം ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ അവതരിപ്പിച്ച ആൾ ( കതിവന്നൂർ വീരൻ 1000 ൽ അധികം വേദികളിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് ) , ഏറ്റവും കൂടുതൽ വ്യത്യസ്ത കോലങ്ങൾ അവതരിപ്പിച്ച കോലധാരി (അറുപതോളം വ്യത്യസ്ത തെയ്യങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്) എന്നിങ്ങനെ ഒരു സാധാരണ മനുഷ്യന് അപ്രാപ്യമെന്നു തോന്നുന്ന നിരവധി നേട്ടങ്ങൾക്കുടമയായിരുന്നു ശ്രീ.കണ്ണപ്പെരുവണ്ണാൻ. യുഗാന്തരങ്ങൾക്കിടയിൽ അപൂർവ്വമായി മാത്രം ലഭിക്കുന്നതാണിത്തരം പ്രതിഭകൾ . 1924ൽ പട്ടുവം ശ്രീ .കണ്ണപ്പെരുവണ്ണാന്റേയും ശ്രീമതി. ചിയ്യയിയുടേയും മകനായാണ് ജനനം. അച്ഛനും അമ്മാവൻ ശ്രീ.കോരപ്പെരുവണ്ണാനുമായിരുന്നു ഗുരുക്കന്മാർ. പതിന്നാലാം വയസ്സിൽ കുടിവീരൻ തെയ്യം കെട്ടി അരങ്ങേറി.
അറിയപ്പെടുന്ന തെയ്യക്കാരനാകണമെന്നായിരുന്നു കുട്ടിക്കാലത്തേയുള്ള മോഹം. പതിനേഴാം വയസ്സിൽ കതിവന്നൂർ വീരൻ കെട്ടിപട്ടും വളയും പെരുവണ്ണാൻ സ്ഥാനവും നേടി. അനുഷ്ഠാനത്തിന്റെ കർശനമായ ചിട്ടകളും ആചാരക്രമങ്ങളും സ്വായത്തമാക്കിയത് അമ്മാവനിൽ നിന്നായിരുന്നു. ഈ കണിശതഅദ്ദേഹം തെയ്യം അവസാനിപ്പിക്കുന്നതു വരെ പാലിച്ചിരുന്നുവെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. തെയ്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സൈദ്ധാന്തികവും പ്രായോഗികവുമായ അഗാധജ്ഞാനമുണ്ടായിരുന്ന ഒരു സർവ്വവിജ്ഞാനകോശമായിരുന്നു കണ്ണപ്പെരുവണ്ണാൻ.
കതിവന്നൂർ വീരൻ തെയ്യത്തിന്റെ അവസാന വാക്കായിരുന്നു അദ്ദേഹം. ആ തെയ്യക്കോലം അത്രത്തോളമല്ലാതെ അതിലും മികച്ച രീതിയിൽ ഇനി ആർക്കും അവതരിപ്പിക്കാൻ കഴിയാത്ത വിധം പൂർണ്ണത കൈവന്ന രീതിയിലായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത് എന്നാണ് ഇന്നു ജീവിച്ചിരിക്കുന്ന പരിണത പ്രജ്ഞരായ മുതിർന്ന ആസ്വാദകരുടെ വിലയിരുത്തൽ. തോറ്റംപാട്ടിലും മറ്റുമുള്ള അദ്ദേഹത്തിന്റെ അക്ഷരസ്ഫുടതയും ശ്രുതി മാധുര്യവും അനുപമമായിരുന്നത്രെ. കതിവന്നൂർ വീരനു പുറമെ അപൂർവ്വമായി അവതരിപ്പിക്കപ്പെടുന്ന തെക്കൻ കരിയാത്തൻ , പൂമാരുതൻ , പയ്യമ്പള്ളിച്ചന്തു തുടങ്ങിയ തെയ്യങ്ങളിലുംലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. ഏറെ വൈവിധ്യമാർന്ന കലാശങ്ങളുള്ള പെരുമ്പുഴ അച്ഛൻ തെയ്യം കണ്ണപ്പെരുവണ്ണാൻ അവതരിപ്പിക്കുമ്പോൾ അതിൽ അനനുകരണീയമായ ചില കലാശങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് തെയ്യപ്രേമികൾ സൂചിപ്പിച്ചു കണ്ടു.
ഫ്രാൻസ്, ജർമനി ,റഷ്യ ,ആഫ്രിക്ക എന്നീ നാലു വിദേശ രാജ്യങ്ങളിൽ തെയ്യം അവതരിപ്പിച്ച് അവിടങ്ങളിലെ ആസ്വാദകരെ
വിസ്മയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. അങ്ങനെയാണ് എക്കാലത്തേയും മികച്ച നാടക പ്രതിഭകളിൽ ഒരാളായ ബ്രിട്ടീഷുകാരൻ പീറ്റർ ബ്രൂക്ക് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നേരിട്ടറിയാൻ അതിയടത്തെത്തിയത്. അദ്ദേഹത്തെ തേടിയെത്തി നിരവധി പുരസ്കാരങ്ങൾ
ബഹുമാനിതമായിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാരം, ഗുരുവായൂരപ്പൻ പുരസ്കാരം മുതലായവ അതിൽ ചിലതു മാത്രം.
കുറച്ചു കാലം അദ്ദേഹം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചിട്ടുണ്ട് .
“കഠിന പ്രയത്നം, നിരന്തരമായ നിരീക്ഷണം, അനുഭവങ്ങളിലൂടെയുള്ള പഠനം, ഇച്ഛാശക്തി എന്നിവയാണ് ഒരു തെയ്യക്കാരനുണ്ടാവേണ്ട അടിസ്ഥാന സവിശേഷതകൾ ‘ എന്നാണദ്ദേഹത്തിന്റെ മതം.
” തെയ്യം അനുഷ്ഠാനപരമായ ചടങ്ങാണ് .അതുകൊണ്ട് കോലക്കാരന് വ്രതശുദ്ധി വേണം. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പിന് ഇത് അത്യാവശ്യമാണ്.നിരന്തരമായ കർമ്മ സന്നദ്ധതയിലൂടെയും ഉപാസനയിലൂടെയും മാത്രമെ ഇത് സാധിതമാകൂ” .
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം നിരീക്ഷിച്ച ഇത്തരം അറിവുകളാണ് അദ്ദേഹത്തെ ഔന്നത്യത്തിലേക്ക് നയിച്ചത്.
ഈ ആഗോളീകരണ കാലത്ത് എല്ലാം വിപണിവത്കരിക്കപ്പെടുമ്പോൾ അതിൽ നിന്ന് തെയ്യം രക്ഷപ്പെടണമെങ്കിൽ അനുഷ്ഠാന കലയായി തെയ്യത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണ്ടത് അനിവാര്യമാണ്. ഇതിനു തുടക്കം കുറിച്ച ദീർഘദർശിയായ മഹാപ്രതിഭയായി എന്നുംഅദ്ദേഹം ചരിത്രത്തിൽ തിളങ്ങി നില്ക്കും .
മാനസികമായി ഒരു തിരിഞ്ഞുപോക്കിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന സമകാലിക കേരളീയ സമൂഹത്തിൽ തെയ്യത്തിലടക്കം കൂടുതൽ സങ്കുചിതത്വം കടന്നു വരുന്നത് തെയ്യത്തിന്റെ നിലനില്പിനെപ്പോലും ചോദ്യം ചെയ്യുംവിധം ആശങ്കാജനകമാണ്. അത്തരം ഒരു സാഹചര്യത്തിൽ അനുഷ്ഠാന പരതയിൽ നിന്നു വ്യതിചലിക്കാതെ തെയ്യത്തെ കൂടുതൽ ജനങ്ങളിലെത്തിക്കാൻ മുൻകൈയെടുത്ത
കണ്ണപ്പെരുവണ്ണാന്റെ വിയോഗം അക്ഷരാർത്ഥത്തിൽ തീരാനഷ്ടമാണ്.
“പിന്നെയെന്തേകം,സത്യ , മനശ്വരം ? മൃതിയതേ ,മൃത്യോ ,ജയിക്ക നീ ” എന്ന കവിവാക്യമോർത്ത് നമുക്കാശ്വസിക്കാം. തന്റെ കർമകാണ്ഠം പൂർത്തിയാക്കി വിശ്വ പ്രകൃതിയിൽ വിലയം പ്രാപിച്ച അനുഷ്ഠാന കലയിലെ ഋഷി തുല്യനായ ആചാര്യന്റെ സ്മരണക്കു മുമ്പിൽ പ്രണാമം.