ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിനുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജെയ്റ്റ്ലിയെ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
ചികിത്സാ രീതികളെല്ലാം പരാജയപ്പെട്ടു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയുംചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2018 ഏപ്രില്‍ മുതല്‍ നാലുമാസം മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇതിനിടെ ഡല്‍ഹി എയിംസില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായി. പിന്നീട് 2018 ഓഗസ്റ്റ് 23-നാണ് അരുണ്‍ ജെയ്റ്റ്ലി മന്ത്രാലയത്തില്‍ തിരികെയത്തി ചുമതല ഏറ്റെടുത്തത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.