(ലേഖനം)
ഉവൈസ് പി ഓമച്ചപ്പുഴ
ഇന്ന് ജൂലൈ 29, അന്താരാഷ്ട്ര കടുവ ദിനം. വംശനാശ ഭീഷണി നേരിടുന്ന കടുവകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സന്‍ ബര്‍ഗില്‍ വെച്ചു നടന്ന ഉച്ചകോടിയാണ് കടുവ ദിനം എന്ന ആശയം ഉരിതിരിഞ്ഞത്. കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവബോധം നല്‍കുക, കടുവകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക, കടുവകളുടെ എണ്ണം ഇരട്ടിയാക്കുക എന്നിവയാണ് കടുവ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
ഭൂമിയിലെ പ്രതീകാത്മകമായ മൃഗങ്ങളിലൊന്നായ കടുവ കാടിന്റെ സര്‍വ്വ സൗന്ദര്യവും കരുത്തും ഉള്‍വഹിക്കുന്ന ജീവിയാണ്. പാന്ഥറ ട്രൈഗിസ് (Panthera tigris) എന്നാണ് ശാസ്ത്രീയ നാമം. പൂച്ചവര്‍ഗത്തിലെ ഏറ്റവും വലിയ ജീവിയായ കടുവകള്‍ സൈബീരിയന്‍ വനങ്ങള്‍ മുതല്‍ ഇന്ത്യ ഉപഭൂഖണ്ഡം വരെ വ്യാപിച്ചുകിടക്കുന്നു.
ഇത് വരെ ഒമ്പതിനം കടുവകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ തന്നെ കാസ്പിയന്‍, ബാലിയന്‍, ജാവന്‍ എന്നീ മൂന്നിനം കടുവകള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. അവശേഷിക്കുന്നവയാവട്ടെ വംശനാശ ഭീഷണി നേരിടുന്നവയുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നത് ബംഗാള്‍ കടുവ ഇനത്തില്‍പ്പെട്ടവയാണ്. നാലായിരത്തില്‍ താഴെ കടുവകള്‍ മാത്രമേ ഭൂമുഖത്ത് അവശേഷിക്കുന്നുള്ളുവെന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭൂമുഖത്തെ കടുവകളുടെ 95% ത്തിലധികം നഷ്ടപ്പെട്ടുവെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്ത് ഒരു ലക്ഷത്തോളമുണ്ടായിരുന്ന കടുവസമൂഹം രണ്ടായിരത്തിപ്പത്തോടെ 3200 ലെത്തി.
നിലവില്‍ പതിമൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് കടുവകളുടെ സാന്നിധ്യമുള്ളത്.ലോകത്താകമാനെയുള്ള നാലായിരത്തില്‍ താഴെ കടുവകളില്‍ മൂവായിരത്തിലേറെയും ഇന്ത്യയിലാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ പുറത്തുവിടുന്ന ആള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്റെ 2022 ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 3167 കടുവകളുണ്ട്. 2018 ല്‍ ഇത് 2967 ആയിരുന്നു.
1972ല്‍ ഇന്ത്യയുടെ ദേശിയ മൃഗമായി കടുവയെ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് കടുവ സംരക്ഷണം കൂടുതല്‍ ഊര്‍ജിതമായത്.ലോകത്തെ തന്നെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ളത് ഇന്ത്യയിലാണ്. കടുവ സംരക്ഷണത്തിനായി ഇന്ത്യയില്‍ നടപ്പിലാക്കിയ മികച്ച പദ്ധതിയായിരുന്നു 1973 ലെ പ്രൊജക്ട് ടൈഗര്‍. അതിന്റെ രൂപീകരണ വര്‍ഷങ്ങളില്‍ ഒമ്പത് കടുവ സങ്കേതങ്ങള്‍ മാത്രമുണ്ടായിരുന്ന രാജ്യത്ത് നിലവില്‍ അമ്പത്തിമൂന്ന് കടുവ സങ്കേതങ്ങളുണ്ട്.
വേട്ടയാടല്‍, വനനശീകരണം,കടത്ത്, അനധികൃത വ്യാപാര വ്യവസായം തുടങ്ങി നിരവധി പ്രശ്‌നങ്ങളേയാണ് കടുവ സമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കടുവയുടെ വിലയേറിയ അസ്ഥി, തൊലി, മറ്റ് ശരീര ഭാഗങ്ങള്‍ വേട്ടയാടലിലേക്കും കടത്തലിലേക്കും നയിക്കുന്നു. കടുവയുടെ തൊലി അലങ്കാര വസ്തുവായും, എല്ലുകളെ മരുന്നുകളിലും മറ്റും ഉപയോഗിക്കാനാവുന്നത് കാരണം അനധികൃത സംഘങ്ങള്‍ കൊള്ള ലാഭത്തിനായി കടുവക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഇത്തരം വന്‍ ഭീഷണികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നിരവധി ഭീഷണികള്‍ വേറെയും കടുവകള്‍ നേരിടുന്നുണ്ട്. വനനശീകരണം മൂലം അവയുടെ വാസസ്ഥലം നഷ്ടമാകുകയും വേട്ടയാടലിന് ഇരയാവുകയും ചെയ്യുന്നു. വാസസ്ഥലം നഷ്ടമാകുന്നതോടെ കടുവകള്‍ നാട്ടിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. പക്ഷേ കാടിറങ്ങുന്ന കടുവകളുടെ ആക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് വനനശീകരണം നടത്തുന്ന അനധികൃത വ്യാപാരികളല്ല, പകരം കാടിനോരം ജീവിക്കുന്ന സാധാരണ ജനങ്ങളാണെന്നത് സങ്കടകരമാണ്.
കടുവയുടേയും വന്യജീവികളുടേയും നാശം കാടിനെ ആശ്രയിച്ചു കഴിയുന്ന നിരവധി മനുഷ്യരെക്കൂടിയാണ് ബാധിക്കുക. കാടും കടുവയുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പ്രകൃതി. കടുവയെ സംരക്ഷിക്കുകയെന്നത് പ്രകൃതിയെക്കൂടി സംരക്ഷിക്കുകയെന്നതാണ്. വേട്ടയാടല്‍, വനനശീകരണം, വന്യജീവി കടത്ത് തുടങ്ങിയവക്കെതിരെ ശക്തമായ നിയമ നടപടി കൊണ്ട് പ്രതിരോധം തീര്‍ക്കാനായാല്‍ കടുവകളെ വലിയൊരവോളം വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുത്താനാവും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല