അനുഭവക്കുറിപ്പ്
മുംതാസ്. സി. പാങ്ങ്
അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ ഏറ്റവുമാദ്യം മനസ്സിൻ വിരൽതുമ്പിൽ തടയുന്നു.!!!
ഗ്രേസ് വാലിയിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയതിന്റെ രണ്ടാമത്തെ ആഴ്ചയിലാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്. കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തി പതിനാറ് ഡിസംബറിൽ ഒരു മധ്യാഹ്നത്തിൽ ‘ ഡിസിപ്ലിൻ ഡ്യൂട്ടി ‘ക്കിടയിൽ… അതെ, കുട്ടികളുടെ വികൃതിത്തരത്തിന്റെ രൂപഭേദങ്ങളായ വരാന്തയിലൂടെയുള്ള ഓട്ടത്തെയും അടിപിടിയേയുമെല്ലാം തുരത്തിയോടിച്ച് സ്കൂളിനെ അച്ചടക്കത്തിന്റെ വിളനിലമാക്കാൻ യത്നിക്കുകയാണ് ഞങ്ങൾ നാലഞ്ചധ്യാപികമാർ… തളിക്കാൻ യഥേഷ്ടം കരുതിയിരിക്കുന്നു കണ്ണുരുട്ടലുകളും ശകാരചിന്തുകളും ചൂരൽ കഷായവും…
പെട്ടന്നാണ് ഒരുപറ്റം കുരുന്നുകൾ വരാന്തയിലൂടെ വരിയായി നടന്നടുക്കുന്നത് കണ്ടത്. ഓ… എൽ. കെ. ജി. യിലെ കുട്ടികൾ മൂത്രമൊഴിക്കാൻ പോവുകയാണ്. ആഞ്ഞുവീശിയ വാത്സല്യക്കാറ്റിൽ എന്റെ ഗൗരവത്തിന്റെ ധൂളികൾ പാറിവീണത് എത്ര വിദൂരത്താണ്!!! അവർ എറിഞ്ഞുതന്ന പുഞ്ചിരിപ്പൂക്കളും ‘മാഡം ‘ വിളികളും ഹൃദയം ചാടിപ്പിടിച്ചു. അവരോരോരുത്തർക്കും മീതെ ചിറക് വീശിയ കണ്ണുകൾ ഒടുവിൽ അവനിൽ പറന്നിറങ്ങി..ദൈവമേ… മുക്കാൽ ഭാഗം മാത്രമുള്ള ഇടതു കൈത്തണ്ട… അതിന്റ തുടർച്ചയായി കൈപ്പത്തിയില്ല താനും…!പിന്നെ കുട്ടികൾ വരാന്തയിലൂടെ കുതിച്ചോടുന്നതും തമ്മിലടിക്കുന്നതുമൊക്കെ കാഴ്ചയിൽ നിന്നകന്നകന്നുപോയെങ്കിലും വരിയിലെ കുട്ടികളുടെ എണ്ണം കുറയുന്നതും തന്റെ ഊഴമെത്തിയപ്പോൾ അവൻ ശുചിമുറിയിലേക്ക് കയറിപ്പോകുന്നതും ഞാൻ ശരിക്ക് കണ്ടു. അവൻ ശൗച്യം ചെയ്യുന്നതെങ്ങനെയാകുമെന്ന ചോദ്യം എന്റെ തലച്ചോറിൽ മൂളിപ്പറന്നുകൊണ്ടിരുന്നു.
വരി തെറ്റിക്കാതെ ഒരുപാട് ദിനങ്ങൾ കടന്നുപോയി. ഞാൻ വാട്സ്ആപ്പിലും സ്റ്റാഫ് റൂമിലെ തമാശകളിലും പുതുതായിറങ്ങുന്ന പുസ്തകങ്ങളിലും മൂക്കുകുത്തിവീണപ്പോൾ മനസ്സിൽ നിന്ന് ആ കുഞ്ഞു കൈത്തണ്ട തെറിച്ചുപോയി. പിന്നീടവനെ ഓർമ്മയിലേക്ക് കൊണ്ട് വന്നത് ക്ലാസ്സ് ടീച്ചർ ഐശ്വര്യ ടീച്ചരുടെ ഒരു ഒഴിവുസമയത്തെ വിശേഷം പറച്ചിലാണ്.. ” ഇന്ന് ഞാൻ ക്ലാസ്സിൽ അഡിഷൻ പഠിപ്പിച്ചു. കുട്ട്യോൾക്ക് കുറച്ച് പ്രോബ്ലംസും കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ശിബിൽ ചോദിക്കുന്നു ” മാഡം, ഞാൻ ഇനി എങ്ങനെയാ ആഡ് ചെയ്യാന്ന് “…. നോക്കുമ്പോ അവൻ അഞ്ചു വിരലും മടക്കിപിടിച്ച് ഇരിക്കാ. ബാക്കി നമ്പേഴ്സ് കൂട്ടാനായിട്ട് മടക്കാൻ വിരലുകളില്ലല്ലോ “… ടീച്ചർ വിഷമത്തോടെ പറഞ്ഞു.ഞാൻ നടുങ്ങി. ടീച്ചറുടെ ചുവപ്പുമഷിപ്പേനയിൽ നിന്നൊഴുകുന്ന ‘ വെരി ഗുഡിനെയും സ്റ്റാറിനെയും ‘ നൊബേൽ സമ്മാനത്തെക്കാളുയരത്തിൽ പ്രതിഷ്ഠിച്ചു നൊടിയിടയിൽ കണക്ക് ചെയ്തു തീർക്കുന്ന കുട്ടികൾക്കിടയിൽ മടക്കാനിനിയും വിരലുകൾ തേടുന്ന ആ നിസ്സഹായത മനക്കണ്ണിൽ തെളിഞ്ഞു.ഏറ്റവും ദയനീയമായി അവൻ വിളിച്ചുചോദിക്കുകയാണ്..”മാഡം, ഞാനിനി എങ്ങനെയാണ്….”
“അപ്പോൾ ഞാൻ ഡെസ്കിൽ ചോക്ക് കൊണ്ട് അഞ്ചു വരകൾ വരച്ചുകൊടുത്തു. ഇനി ആഡ് ചെയ്തോന്നും പറഞ്ഞു.” ലളിതമായൊരു സങ്കലനക്രിയയുടെ ഉത്തരം കണ്ടെത്തുന്ന അനായാസതയിൽ അവന്റെ സങ്കടം പരിഹരിച്ചിരിക്കുന്നു ടീച്ചർ. അന്നേവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും ആസ്വാദ്യകരമായ ശബ്ദശകലങ്ങളിലൊന്നായി ശിബിൽ അറിഞ്ഞ ആ വാക്കുകൾക്കൊപ്പം അവന്റെ ആശ്വാസം കലർന്ന നിശ്വാസവും മനസ്സിന്റെ കാതിൽ മുഴങ്ങുന്നു .വഴിയടഞ്ഞവന്, മുന്നിൽ തെളിയുന്ന ഇടവഴിപോലും രാജപാതയാണല്ലോ…
മുഖം നിറയെ ചിരിയുമായി സിക്സ്, സെവൻ എന്ന് ഡെസ്കിലെ വരകളെ കുനിഞ്ഞിരുന്നെണ്ണുന്നൊരു കുഞ്ഞുരൂപം പിന്നീട് അവന്റെ ക്ലാസ്സിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഉള്ളിന്നുള്ളിലാരോ അദൃശ്യമായൊരു ചോക്ക് കൊണ്ട് വരച്ചിട്ടു.
** ** **
വളക്കൂറുള്ള മണ്ണ് പോലെയാണ് ചില ശരീരങ്ങൾ. ചെറുതും വലുതുമായ ഒട്ടനവധി രോഗങ്ങൾ അവയിൽ അതിവേഗം കാടുപിടിക്കും. നോവ് പൂക്കുകയും കണ്ണീർ കായ്ക്കുകയും ചെയ്യും. ഫാൻ കറക്കത്തിന് കീഴിൽ ലോകം സുഖമായുറങ്ങുന്ന പാതിരാവിൽ പോലും അവർ വേദന കൊണ്ട് പിടയുന്നതും ആർത്തുകരയുന്നതും കണ്ട്, കായ്കനികളെയെന്നപോലെ ആ കഷ്ടതകളെയും അരിഞ്ഞെടുക്കാനോ പൊട്ടിച്ചെടുത്ത് കുട്ടയിലിടാനോ കഴിഞ്ഞിരുന്നെങ്കിലെന്ന് ഉറ്റവർ കണ്ണ് നിറക്കും.
വൃക്കരോഗം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങി സകല രോഗങ്ങളുടെയും കൂടായിരുന്ന ഒരു ബന്ധു എനിക്കുമുണ്ടായിരുന്നു. വിരലുകൾക്കരികിൽ പ്രത്യക്ഷപ്പെട്ട പഴുപ്പ് മുകളിലേക്ക് പടരാതിരിക്കാനായി അദ്ദേഹത്തിന്റെ കാൽപാദം ഏതാനും മാസങ്ങൾക്കു മുമ്പ് മുറിച്ചു മാറ്റി.
വർഷങ്ങളായി ആ കാൽപാദം കൊണ്ട് അദ്ദേഹത്തിന് കാര്യമായൊരു ഗുണവുമുണ്ടായിരുന്നില്ല. ഒരടി നീങ്ങിയിരുന്നത് പോലും പലരുടെയും താങ്ങിലായിരുന്നു.
എങ്കിലും, ശസ്ത്രക്രിയാനന്തരം ബോധം തെളിഞ്ഞപ്പോൾ ഉപ്പൂറ്റിയുടെ സ്ഥാനത്ത് പ്ലാസ്റ്ററും പഞ്ഞിക്കെട്ടുമൊക്കെ കണ്ട് അദ്ദേഹം മണിക്കൂറുകളോളം ശബ്ദമറ്റിരുന്നുപോയി. പാവം, ഒരിക്കൽ അത്യോർജത്തോടെ ആ കാൽപാദം ആഗ്രഹിച്ചിടത്തെല്ലാം ഓടിച്ചെന്നെത്തിയിരുന്നതിന്റെയും പന്ത് തട്ടിക്കളിച്ചിരുന്നതിന്റെയും, ഏറെനേരം പലതും മാറി മാറിയണിഞ്ഞു നോക്കി മനോഹരമായൊരു ചെരുപ്പ് വാങ്ങിയിട്ടതിന്റെയുമൊക്കെ ഓർമ്മകൾ ആ മനസ്സിനെ അമർത്തിച്ചവിട്ടി വേദനിപ്പിക്കുന്നുണ്ടാവും.
സൂര്യന്റെ ചോര പരന്നുതുടങ്ങിയ പടിഞ്ഞാറൻ മാനത്തെ മാത്രം സാക്ഷിയാക്കി മകൻ ആ കാൽപാദം പള്ളിക്കാട്ടിൽ ഖബറടക്കിയത്രേ…
മരുന്നുകുറിപ്പടികളും പഥ്യവും ‘ വാട്ടർ ബെഡു ‘മില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായതും ഒരു സന്ധ്യയിലാണ്. കൂട്ടിക്കെട്ടാൻ രണ്ട് പെരുവിരലുകൾ തികച്ചില്ലാത്തതിനാൽ മൃതദേഹത്തിന്റെ താഴ്ഭാഗത്ത് വെളുത്ത തുണി ചുരുണ്ടുകിടന്നു…യാ അല്ലാഹ്…മരണം കൊണ്ട് പോലും തുല്യത നേടാനാവാത്ത എത്രയെത്ര പാവം മനുഷ്യരാണ്.എല്ലാ ശൂന്യതകളും ചോക്ക് കൊണ്ട് പൂരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
അന്തരാളത്തിൽ പതിഞ്ഞുപോയ വ്യത്യസ്ത പരിസരങ്ങളിലെ രണ്ട്
സമാന അനുഭവങ്ങളെ ഭാവതീവ്രത
ചോരാതെ, മനോഹരവും തെളിമയും തീക്ഷ്ണവുമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ.,,,,..