(ലേഖനം)
കാവ്യ എം
ആകാശവാണി തന്നെയാണ് പതിവ് തെറ്റിക്കാതെ ഇന്നത്തെ ദിവസത്തെ ആദ്യം അടയാളപ്പെടുത്തി തന്നത്. ജോണ്‍സണ്‍ മാഷുടെ ഓര്‍മദിനം. മലയാളിയുടെ ഗാനപ്രപഞ്ചത്തില്‍ നിന്ന് മലയാളി ഹൃദയം കൊണ്ട് ചേര്‍ത്ത് പിടിക്കുന്നവയില്‍ നിന്ന് ഒരു പത്തു പാട്ടുകളെ തിരഞ്ഞെടുക്കുമ്പോള്‍ അവയില്‍ അഞ്ചു പാട്ടുകളില്‍ അധികവും ഇദ്ദേഹത്തിന്റെ ഈണങ്ങളാവുന്നത് സ്വാഭാവികമാണ്. കടലാസിലേക്ക് പകര്‍ത്തുന്ന വരികള്‍ക്ക് ജീവനുണ്ടാവുന്നത് അതിനു നല്‍കുന്ന ഈണങ്ങളുടെ മാസ്മരികത കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ജോണ്‍സണ്‍ മാഷ് നല്‍കിയിട്ടുള്ള പശ്ചാത്തല സംഗീതമാവട്ടെ, ഗാനങ്ങളുടെ ഈണമാവട്ടെ അവിടെയെല്ലാം വിതുമ്പി നില്‍ക്കുന്ന മൗനവും പ്രണയവും ഭക്തിയും വീണയിലാരോ മീട്ടി വച്ച ഹൃദയഗീതവുമുണ്ടായിരുന്നു.വയലാറിനെ കുറിച്ചെഴുതുമ്പോള്‍, ഒ എന്‍ വി യെ കുറിച്ച് എഴുതുമ്പോള്‍ ഏതേതു വരികള്‍ എടുത്തെഴുതണം എന്ന് കരുതും പോലെ ഇവിടെയും ജോണ്‍സണ്‍ മാഷുടെ ഹൃദയം മീട്ടിയ ഈണങ്ങള്‍ നമ്മുടെ കരളു കീഴടക്കാന്‍ തുടങ്ങിയ കാലം മുതല്‍ അത് അനു സ്യൂതം തുടരുന്നു.
ഞാന്‍ ഗന്ധര്‍വനിലെ ഈണങ്ങള്‍ എടുക്കുക, രാഗങ്ങളെ കുറിച്ചോ സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചോ ധാരണ ഇല്ലാത്ത ഒരാളെ പോലും ദേവാങ്കണ ങ്ങളിലും ദേവിയിലും പിടിച്ചിരുത്തുന്ന എന്തോ ഒന്നാവാം ജോണ്‍സണ്‍ മാജിക്. ആദ്യമായ് കണ്ടനാള്‍ എന്ന്പ്രണയപൂര്‍ണമായി കൈതപ്രം എഴുതി ചേര്‍ത്തപ്പോള്‍ ഈണമായതും ഇദ്ദേഹത്തിന്റെ തംബുരു തന്നെയാണ്. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന നേരിയ പരിഭവത്തിന്റെ കൂട്ടിനുണ്ടായതും ഈ ഈണം തന്നെ. സോഫിയ തന്റെ വെള്ളാരം കണ്ണുകള്‍ കൊണ്ട് ചിരിക്കുമ്പോള്‍ പ്രിയപ്പെട്ട ഒരാളെ ചേര്‍ത്ത് നമ്മളും മുന്തിരി തോപ്പുകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കൂടെ പശ്ചാത്തലത്തില്‍ ആ ഈണമുണ്ടായിരുന്നു. സ്വര്‍ണ മുകിലേ പോലൊരു പാട്ട് തിരഞ്ഞ് കണ്ടെത്തുക ഒരു പക്ഷെ അസാധ്യമാവാം. പ്രണയഗാനങ്ങളില്‍ അത്രയേറെ പ്രണയം നിറച്ചു വയ്ക്കുന്നത് തന്ന ഈണങ്ങള്‍ എല്ലാം. ചന്ദന ചോലയില്‍, പൊന്നില്‍ കുളിച്ചു നിന്നു, പാലപൂവേ, പാതിരാ പുള്ളുണര്‍ന്നു, പവിഴം പോല്‍.. പട്ടിക വലുതാവുകയല്ലാതെ ചുരുങ്ങുകയില്ല. ഒരു നാള്‍ ശുഭ രാത്രി നേര്‍ന്നു എന്ന ഗാനത്തിലെ വരികളെ പോലെ ഒരു നാള്‍ നമ്മളോട് ശുഭ രാത്രി നേര്‍ന്നു പോയതെന്ന് കരുതാം. ഈണങ്ങള്‍ ഇങ്ങനെ നിലയ്ക്കാതിരിക്കുമ്പോള്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല