റസീന കെ. കെ.
ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, സാമൂഹ്യ ക്ഷേമ വകുപ്പ്ന്റെ സഹകരത്തോടെ, ഒരു സിറ്റിംഗ് എം. എൽ. എ യെ പ്രധാനവേഷത്തിൽ അഭിനയിപ്പിച്ചുകൊണ്ട് 2017 ൽ പുറത്തിറക്കിയ സ്പർശം എന്ന പേരിലുള്ള ഷോർട് ഫിലിം ലിങ്ക് ആണ് കൂടെ.
അടുത്ത ബന്ധുവിൽ നിന്നും ലൈഗിക പീഡനത്തിനിരയാവുന്ന ഒരു ബാലൻ സ്കൂൾ കൗൺസിലറോട് കാര്യങ്ങൾ തുറന്നു പറയുന്നതും കൗൺസിലർ പ്രതിയെ വിളിച്ചു വരുത്തി സാരോപദേശം നടത്തി തിരിച്ചയകുന്നതും ഒക്കെയായി മനോഹരമായ ഒരു ഗുണപാഠ കഥയാണിത്. മോശം പറയരുതല്ലോ ഉപദേശത്തിനടയിൽ പോക്സോ എന്നോ മറ്റോ കൗൺസിലർ പറയുന്നുണ്ട്. ‘ഇത്രടം കൊണ്ട് തീർന്നില്ലേ!’ എന്ന മാതാപിതാക്കളുടെ കിടപ്പറ ആശ്വാസവർത്തമാനത്തോടെ ആ വിഷയം തീർപ്പാകുന്നതായാണ് ഫിലിം അവസാനിക്കുന്നത്. കേസ് എടുക്കാവുന്ന കുറ്റമാണിതെന്ന് കൗൺസിലറുടെ അഴകൊഴമ്പൻ ചിരിയോടെയുള്ള ഒറ്റ ഡയലോഗോട് കൂടി സംഭവം സ്കൂൾ കൗൺസിലറുടെ മുറിക്കകത്തു തീർപ്പാക്കപ്പെടുന്നു. പ്രധാന കഥക്ക് സമാന്തരമായി കാണിക്കുന്ന മറ്റൊരു പീഡന വീരനെ നാട്ടുകൂട്ടം കയ്യേറ്റം ചെയ്യുന്നതാണ് അവസാന ഷോട്ട്.
സ്ഥിരനിയമനം ലഭ്യമായിട്ടില്ലാത്ത ഒരു തസ്തിക ആണ് സ്കൂൾ കൗൺസിലറുടേത്. അത്തരം ഒരു തസ്തികയിൽ ഇരുന്ന് കൊണ്ട്, “ഇരുത്തം” വന്ന അദ്ധ്യാപക കൂട്ടത്തോടൊപ്പം നിന്ന് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുക നിലവിൽ തന്നെ അങ്ങേയറ്റം പ്രയാസം നിറഞ്ഞതാണ്. ആകെ കൂടി ചെയ്യാൻ ആവുക കുട്ടികൾ ധൈര്യ സമേതം
പരാതിപ്പെടുന്ന പ്രശ്നങ്ങൾ ആ മുറക്ക് നേരിട്ട് പോലീസിൽ പരാതിപ്പെടുക എന്നതാണ്.
കേസും വഴക്കും ഒന്നും വേണ്ടാ എന്ന് കൃത്യമായി സൂചിപ്പിക്കുന്നത് ഏതെങ്കിലും തട്ടുപൊളിപ്പൻ സിനിമയിലല്ല, പൊതു ഖജനാവിലെ പണം മുടക്കി കൊണ്ട്, സദുദ്ദേശപരമായി ‘ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്’ പുറത്തിറക്കിയ ഒരു ഷോർട് ഫിലിമിലാണ്. പല ബോധവത്കരണ ക്ലാസ്സുകളിലും (എന്റെ വിദ്യാലയത്തിലും) പ്രദർശിപ്പിച്ചിട്ടുള്ള, പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന, ഇനിയും പ്രദര്ശിപ്പിക്കാനിടയുള്ള ഒന്നാണ് ഇത്.
പ്രസ്തുത കൗൺസിലർ ആയി അഭിനയിച്ചിരിക്കുന്നതാവട്ടെ ഒരു യുവ ‘എം. എൽ. എ.’! എണ്ണം പറഞ്ഞ സർവകലാശാല പ്രോഡക്റ്റ്! എത്ര അപകടകരമായ ഒരു സന്ദേശം ആണ് തന്നിലൂടെ നൽകപ്പെടുന്നത് എന്നദ്ധേഹവും ചിന്തിക്കാഞ്ഞതോ, അതോപ്രായോഗിക രാഷ്ട്രീയത്തിന്റെ ഒത്തുതീർപ്പു സമവാക്യങ്ങളിലിതും പെടുത്തിയതോ? കേസിന്നൊന്നും പോവേണ്ടതില്ല എന്നതിനെകാളും അബദ്ധജടിലമായ മറ്റെന്ത് സൂചന ആണ് ഇത്തരം വിഷയത്തിൽ ഉള്ളത്? പീഡോഫീലിയക്കാർ അരങ്ങു വാഴുന്ന സമൂഹമധ്യത്തിലേക്കാണ് ഒരു കൗൺസിലർ മുഖാന്തിരം ബാലപീഡകനെ വെറുതെ വിടുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഒന്ന് പടച്ചു വിട്ടിരിക്കുന്നത്.
വിദ്യാലയങ്ങളിൽ, മറ്റു ബോധവത്കരണ പരിപാടികളിൽ ഒക്കെ ജനങ്ങളെ ഉല്ബോധിപ്പിക്കാൻ ഇറക്കുമതി ചെയ്ത ഐറ്റം ആണ് ഇത്. നിങ്ങളുടെ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ടാൽ ‘ദാ, ഇതുപോലെ പ്രതികരിച്ചേക്കണം’ എന്ന ആമുഖ വാക്യത്തോടെ എത്ര രക്ഷിതാക്കളുടെ മുൻപിൽ ഈ ഷോർട് ഫിലിം ഇതിനകം പ്രദർശിപ്പിക്കപ്പെട്ടിരിക്കും ?
‘കേസ് ആക്കണ്ട ടീച്ചറെ’, എന്ന കരച്ചിലിനു മുമ്പിൽ നിശ്ശബ്ദതയായി പോയിട്ടുണ്ട് പലകുറി. കേസിനു പോയാൽ ഉള്ള മാനവും പോവില്ലേ എന്ന പരിവേദനം എത്രയോ തവണ കേട്ടിട്ടുണ്ട്. മാനഹാനി ഭയന്നു ഒത്തുതീർപ്പാക്കപ്പെടുന്ന പീഡന കഥകൾ റിപ്പോർട് ചെയ്യപെടുന്നതിലും എത്രയോ ഇരട്ടി. സാധാരണക്കാരിൽ നിലനിൽക്കുന്ന കോടതി ഭയത്തെ (അതിന്റെ കാരണങ്ങൾ വിസ്മരിക്കുന്നില്ല, അത് പരിഹരിക്കപ്പെടേണ്ടതും ആണ്) അപ്പടി ശരിവെച്ചു കൊടുക്കുകയാണോ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ദൗത്യം? നാലാൾ അറിഞ്ഞാൽ നാണക്കേടെന്ന് പോക്സോ കേസുകളെ ഭയത്തോടെ, അപമാന ഭാരത്തോടെ മുഖം ചുളിക്കുന്നവരിൽ അധ്യാപകരും ഉൾപ്പെടും എന്നാണ് സ്വാനുഭവം. അപ്പോൾ ആരാണ് പറയുക, പ്രതി നിയമം മൂലം ശിക്ഷിക്കപ്പെടണം എന്ന്?പിടിക്കപ്പെടുന്ന ഓരോ കുറ്റവാളിയെ കുറിച്ചും കേൾക്കാറുള്ള പൂർവകാല കുറ്റകൃത്യത്തിന്റെ കണക്കുകൾ ഇത്തരം ഒത്തുതീർപ്പുകൾ മൂലം ഉണ്ടാവുന്നതല്ലേ? നിയമം കൊണ്ട് നേരിടേണ്ടുന്ന ഒരു തെറ്റിനെ ആ രീതിയിൽ നേരിടാനുള്ള ആർജവം ഇരക്കും ഒപ്പം നിൽക്കുന്നവർക്കും നൽകുയല്ലേ സ്റ്റേറ്റിന്റെ കടമ?
സ്വന്തം ചോരയിൽ പിറന്ന ബാലനെ നിരന്തര പീഡനത്തിനിരയാക്കിയ ഒരാൾ ഒരൊറ്റ കൗൺസിലർ വഴി മാനസാന്തരം വന്നു മടങ്ങിക്കോളും എന്നാണോ ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ന്റെതായി പുറത്തിറക്കുന്ന ഒരു ഷോർട് ഫിലിം നൽകേണ്ട സന്ദേശം?
സംഗതി ഇങ്ങിനെ ഒക്കെ ആണെങ്കിലും കാലുയർത്തി വെച്ച് ഗോവണിയിലിരുന്ന് ടീവീ കാണുന്ന പെൺകുട്ടിയോട് ‘കാല് മര്യാദക്ക് വെക്കടീ’ എന്ന് അമ്മ കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കാൻ ഒട്ടുമറന്നിട്ടും ഇല്ലാ!
തനിക്കുനേരെ ഉണ്ടായ ലൈഗിക അതിക്രമത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാൻ ഒരു പൊതുപ്രവർത്തക തയ്യാറാവാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ തന്നെ ഇമ്മാതിരി ഒരു കാഴ്ച കണ്ണിൽ തടഞ്ഞത് യാദൃശ്ചികത അല്ലാ, ഇത്തരം കാഴ്ചകളുടെ നിർമിതി ആണല്ലോ ഇല്ലാതാവുന്ന പരാതികളും, ആവർത്തിക്ക പെടുന്ന ഇരയും എല്ലാം.