നിധിന്‍ വി.എന്‍.
കുന്നോളം സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് 3 വയസ്സ് തികയുന്നു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം.
1999-ലാണ് അഗ്നിചിറകുകള്‍ പുറത്തിറങ്ങുന്നത്. ഒരു ശാസ്ത്രജ്ഞന്റെ പുസ്തകം രാജ്യം ഒന്നാകെ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം പിന്നെ കണ്ടത്. ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷരംഗത്തിലേക്ക് ‘ഐ എസ് ആര്‍ ഒ’യെയും ഇന്ത്യന്‍ മിസൈല്‍ ശാസ്ത്ര മേഖലയെയും വാര്‍ത്തെടുക്കുന്നതിനു പിന്നിലുള്ള അധ്വാനവും ത്യാഗങ്ങളും അഗ്നിചിറകുകളില്‍ വിവരിക്കുന്നു. ഒരുപാടു പേരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാം, ശാസ്ത്രത്തിന്റെയും നയതന്ത്രജ്ഞത്തിന്റെയും രാജ്യത്തിന്റെ പ്രഥമപൗരന്റെയുമൊക്കെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുമ്പോഴും മികച്ച എഴുത്തുകാരനും വായനകാരനുമായ വ്യക്തിയാണ്. കുട്ടികളോടൊപ്പം സമയം ചിലവിടാനും, സംവദിക്കാനും ശ്രമിച്ചിരുന്ന അദ്ദേഹം അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയായിരുന്നു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ ആണവായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞു. ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്
2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.